UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തുടങ്ങാത്ത വിചാരണയും വികസന സ്വപ്‌നങ്ങളും; കാരായിമാര്‍ക്ക് പറയാനുള്ളത്

Avatar

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ ഭരണസമിതികള്‍ അധികാരം ഏറ്റെടുക്കുകയും ചെയ്തു. ഏറെ പ്രത്യേകതകളാണ് ഇത്തവണത്തെ മേയര്‍മാര്‍ക്കും നഗരസഭാദ്ധ്യക്ഷന്‍മാര്‍ക്കും ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും ഉള്ളത്. അവരില്‍ ചിലരേയും അവരുടെ കാഴ്ചപ്പാടുകളേയും അഴിമുഖം പരിചയപ്പെടുത്തുന്നു.

കെ എ ആന്റണി

ഈ നവംബറില്‍ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ കണ്ണൂര്‍ തലശേരിയില്‍ നിന്നുള്ളവരായിരുന്നു. എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ തലശേരിയിലെ മുഹമ്മദ് ഫസല്‍ വധക്കേസില്‍ സിബിഐ പ്രതിപട്ടികയില്‍പ്പെടുത്തി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച കാരായി രാജനും കാരായി ചന്ദ്രശേഖരനും ആണ് ഇതില്‍ രണ്ടുപേര്‍. മറ്റൊരാള്‍ വധിക്കപ്പെട്ട ഫസലിന്റെ ഭാര്യ മറിയു. കാരായിമാര്‍ രണ്ടുപേരും ജയിലില്‍ കിടന്നു കൊണ്ട് ജയിച്ച് കയറിയപ്പോള്‍ തോല്‍ക്കാനായിരുന്നു മറിയുവിന്റെ വിധി.

പുറത്ത് മാധ്യമങ്ങള്‍ കാരായി സഹോദരങ്ങള്‍ എന്ന് കൊട്ടിഘോഷിക്കുന്ന കാരായി രാജനും കാരായി ചന്ദ്രശേഖരനും സഹോദരങ്ങള്‍ അല്ലെന്നുള്ളതാണ് വാസ്തവം. ഇരുവര്‍ക്കും ഒരേ കുടുംബപ്പേര്‍ വീണു കിട്ടിയെങ്കിലും ആ വഴിക്ക് മുള്ളിത്തെറിച്ച ബന്ധം പോലും അവര്‍ക്ക് അറിയില്ല. സിപിഐഎമ്മുകാരായതിനാല്‍ രണ്ടുപേരും പാര്‍ട്ടി ബന്ധുക്കള്‍ തന്നെ.

കാരായി രാജന്‍. വയസ് 55. സ്വദേശം തലശേരിക്കടുത്ത കതിരൂര്‍ പുല്ല്യോട്. തുടക്കം സിപിഐഎമ്മിന്റെ ബാലസംഘത്തിലൂടെ. ബാലസംഘം തലശേരി താലൂക്ക് സെക്രട്ടറി, ജില്ലാ പ്രസിഡന്റ്. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റിയംഗം. സിപിഐഎം തലശേരി ഠൗണ്‍ ബ്രാഞ്ച് സെക്രട്ടറി, ലോക്കല്‍ സെക്രട്ടറി, ഏര്യാ സെക്രട്ടറി. നിലവിലില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം. ഭാര്യ രമ. മക്കള്‍ മേഘ, അഭിജിത്ത് സഫ്തര്‍.

മൊത്തത്തില്‍ ഒരു കാഫ്‌കേയന്‍ ചുവയുണ്ട് രാജന്റേയും ചന്ദ്രശേഖരന്റേയും ഇപ്പോഴത്തെ അവസ്ഥയ്ക്ക്. ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ടിരിക്കുന്നു. എങ്കിലും വിചാരണ തുടങ്ങിയിട്ടില്ല. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനും സത്യപ്രതിജ്ഞ ചെയ്യാനും സിബിഐ കോടതി അനുമതി നല്‍കിയിരുന്നു. പ്രചാരണം ജയിലില്‍ കിടന്നു തന്നെ. അതും വാട്‌സ്ആപ്പിലൂടെ. ഇനിയിപ്പോള്‍ ജയിലില്‍ തന്നെ തങ്ങി പഞ്ചായത്ത് ഭരണത്തില്‍ സജീവമാകാന്‍ അനുവദിക്കണമെന്ന് സിബിഐ കോടതി മുമ്പാകെ ഹര്‍ജി ഫയലില്‍ സ്വീകരിക്കുന്നു. എല്ലാം കോടതിയുടെ കൈയിലാണ്. ചുരുക്കി പറഞ്ഞാല്‍ ഫ്രാന്‍സ് കാഫ്കയുടെ ദി ട്രയല്‍ നോവലിലെ കെയുടെ അവസ്ഥ. എങ്കിലും രാജന്‍ സ്വപ്‌നം കാണുന്നു വികസനത്തെ കുറിച്ച്. ജില്ലയില്‍ സമഗ്ര കാര്‍ഷിക വികസനം എന്നതാണ് പ്രധാന സ്വപ്നം. കൃഷി എന്ന് പറയുമ്പോള്‍ രാജന്‍ ഊന്നല്‍ നല്‍കുന്നത് നെല്‍കൃഷിക്ക് തന്നെ.

‘തരിശു രഹിത കൃഷി വികസനത്തിന് ഊന്നല്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. കൃഷി ഭൂമി തരിശ് ഇടാന്‍ അനുവദിക്കാതെ ഓരോ ഇഞ്ചും കൃത്യമായി വിനിയോഗിക്കുന്നു. കൃഷിയെ ആധുനീകരിക്കും. നിലവിലുള്ള ഫാമുകളില്‍ പുതിയ യന്ത്രങ്ങള്‍ ഏര്‍പ്പെടുത്തും’, കാരായി രാജന്‍ പറയുന്നു.

യന്ത്രവല്‍ക്കരണത്തിനും കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനും എതിരെ പട പൊരുതിയ ഒരു പഴയ ഡിവൈഎഫ്‌ഐ നേതാവ് തന്നയല്ലേ ഇപ്പോള്‍ യന്ത്രവല്‍ക്കരണത്തെ കുറിച്ച് സംസാരിക്കുന്നത് എന്ന ചോദ്യം തികച്ചും സ്വാഭാവികം. എന്നാല്‍ മാറിയ കാലത്തിന് അനുസരിച്ച് സിപിഐഎമ്മും പോഷക സംഘടനകളും കോലം മാറ്റിക്കെട്ടി തുടങ്ങി എന്ന് തന്നെയാണ് രാജന്റെ മറുപടി. വയലില്‍ പണിയെടുക്കാന്‍ ആളെ കിട്ടില്ലെന്ന യാഥാര്‍ത്ഥ്യം അവരും തിരിച്ചറിഞ്ഞ് കഴിഞ്ഞിരിക്കുന്നു.

കൃഷിക്ക് ഊന്നല്‍ നല്‍കുന്നത് കൊണ്ട് ഇതര മേഖലകളില്‍ ഒട്ടും അവഗണിക്കപ്പെടില്ലെന്ന് രാജന്‍ ഉറപ്പ് നല്‍കുന്നു. ‘പ്രാഥമിക കമ്മ്യൂണിറ്റി, താലൂക്ക് ആശുപത്രി മുതല്‍ ജില്ലാ ആശുപത്രിയുടെ ജനോപകാരപ്രദവുമായ വികസനത്തിന് മുന്‍കൈയെടുക്കും. വിദ്യാഭ്യാസ രംഗത്തെ കുറിച്ചും ഉണ്ട് രാജന് ചില സ്വപ്‌നങ്ങള്‍. അതില്‍ പ്രധാനം, കണ്ണൂരിലെ സയന്‍സ് പാര്‍ക്കിന്റെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കുക എന്നത് തന്നെ. സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട കിഡ്‌സ് സയന്റിസ്റ്റ്, ആരൂഢം, മുകുളം, തിളക്കം തുടങ്ങിയ പദ്ധതികള്‍ ഏകോപിച്ച് നടപ്പിലാക്കും’.

ശുദ്ധജല വിതരണ പദ്ധതിയാണ് മറ്റൊന്ന്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയുടെ നീളം സംബന്ധിച്ച പ്രശ്‌നത്തിലും സജീവമായി ഇടപെടും. സ്ഥാനമൊഴിഞ്ഞ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഐഎമ്മിന്റെ തന്നെ നോമിനിയും ആയിരുന്ന പ്രൊഫസര്‍ കെ എ സരളയുടെ മാതൃക പിന്തുടരാന്‍ തന്നെയാണ് രാജനും താല്‍പര്യം. ‘സരള ടീച്ചര്‍ രാഷ്ട്രീയം നോക്കാതെ വികസന പ്രശ്‌നങ്ങളില്‍ ഇടപെട്ടിരുന്നു’. ആ പാത പരമാവധി പിന്തുടരും. രാജന്‍ വിജയിച്ചത് റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് ആണല്ലോയെന്ന ചോദ്യത്തിന് തികച്ചും ഭവ്യത കലര്‍ന്ന മറുപടി. ‘എനിക്ക് കിട്ടിയ 21606 ഭൂരിപക്ഷം പാര്‍ട്ടിക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അര്‍ഹതപ്പെട്ടതാണ്. പ്രശസ്ത ചെറുകഥാകൃത്ത് ടി പദ്മനാഭന്‍ കെട്ടിവയ്ക്കാനുള്ള തുക നല്‍കിയതിനെ കുറിച്ച് രാജന്‍ ഇങ്ങനെ മനസ് തുറക്കുന്നു, പപ്പേട്ടന്‍ തികഞ്ഞ ഗാന്ധിയനാണ്. എങ്കിലും ഞാന്‍ കുറ്റവാളിയല്ലെന്ന ഉറച്ച വിശ്വാസത്തിന്‍മേലാണ് എന്നെ സഹായിച്ചത്. കൊല്ലപ്പെട്ട ഫസലിന്റെ സഹോദരനും സത്യപ്രതിജ്ഞാ ചടങ്ങില്‍ എനിക്കൊപ്പം വന്ന് നില്‍ക്കുന്നത് നിങ്ങള്‍ ഏവരും കണ്ടതല്ലേ. കുറ്റം ചെയ്യാത്തവന്റെ ഉറച്ച വിശ്വാസത്തില്‍ നിന്നാണ് ഞാന്‍ ഇത്രയൊക്കെ പറഞ്ഞത്.’

കാരായി ചന്ദ്രശേഖരന്‍

വയസ് 60. തലശേരി നഗരസഭ അദ്ധ്യകന്‍. തുടക്കം സിപിഐഎമ്മിന്റെ പഴയ കെഎസ്എഫിലൂടെ. പിന്നീട് സഹകരണ മേഖലയിലേക്ക്. ഒപ്പം കര്‍ഷക സംഘം. അച്ചടക്ക ബോധമുള്ള കമ്മ്യൂണിസ്റ്റുകാരന്‍. നല്ല സഹകാരി. അടിന്തരവാസ്ഥ കാലത്ത് ജയില്‍വാസം. ഭാര്യ അനിത ഇല്ലിക്കല്‍. വടക്കുമ്പാട് സഹകരണ ബാങ്ക്. മകള്‍ ജിന്‍സി, ഭര്‍ത്താവിനൊപ്പം ദക്ഷിണ കൊറിയയില്‍. ഫസല്‍ വധക്കേസില്‍ ഒളിവിലായിരുന്ന ചന്ദ്രശേഖരന്‍ സിബിഐ കോടതിയുടെ നിയന്ത്രണത്തില്‍.

തലശേരി നഗരസഭാ ചെയര്‍മാനായി കാരായി ചന്ദ്രശേഖരന്‍ തെരഞ്ഞെടുക്കപ്പെട്ടു. ചന്ദ്രശേഖരനിലേക്ക് എത്തുന്നതിന് മുമ്പ് അല്‍പം തലശേരി പുരാണവും. ഉത്തര മലബാറിന്റെ പഴയ തിലകക്കുറിയായിരുന്നു പഴയ തിലകക്കുറിയായിരുന്നു തലശേരി. കണ്ണൂര്‍ തലസ്ഥാന നഗരിയാകുന്നതിന് മുമ്പ് തന്നെ തലശേരി കണ്ണൂരിന്റെ ഭരണ സിരാകേന്ദ്രം. പുകള്‍പ്പെറ്റ നഗരം. ഭാഷാ പണ്ഡിതനായ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് വിദ്യാഭ്യാസം സാമൂഹിക സേവനമാക്കി മാറ്റിയ എഡ്വേര്‍ഡ് ബ്രണ്ണന്റേയും ഒരു കാലത്തെ പ്രവര്‍ത്തന മണ്ഡലം. മലബാര്‍ മാനുവല്‍ എഴുതിയ വില്ല്യം ലോഗനും ആസ്ഥാനമായി തെരഞ്ഞെടുത്തത് കണ്ണൂര്‍ ആയിരുന്നില്ല മറിച്ച് തലശേരിയായിരുന്നു. അന്നത്തെ യുദ്ധ കോലാഹലങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ഇതൊക്കെ. പഴശിരാജയെ തളയ്ക്കാന്‍ സായ്പന്‍മാര്‍ കണ്ടെത്തിയ ആദ്യ താവളം തന്നെയായിരുന്നു ചേലത്തൊരുമയോടെ നില്‍ക്കുന്ന തലശേരി. ഒരുഭാഗത്ത് അറബിക്കടല്‍. മറുഭാഗത്ത് കണ്ണൂര്‍ വഴി വയനാട്ടിലേക്കുള്ള യാത്രസംവിധാനം. സായ്പിന് അത്ര മതിയായിരുന്നു. എങ്കിലും ഇതിലേറെയുണ്ട് തലശേരി പെരുമ. ഗൂഗിള്‍ സെര്‍ച്ചുകാര്‍ക്ക് കിട്ടുന്ന വിവര വിദ്യാഭ്യാസം തലശേരി മൂന്ന് സികളുടെ നാടാണ്. ക്രിക്കറ്റ്, കേക്ക്, സര്‍ക്കസ്. പക്ഷേ, സത്യത്തില്‍ പി ഭാസ്‌കരന്‍ പണ്ട് പറഞ്ഞതുപോലെ സുന്ദരിമാരുടേയും സുന്ദരന്മാരുടേയും നാടാകുമ്പോള്‍ കൂടി തല ഉരുളുന്ന നാടാണ് തലശേരി.

ബ്രണ്ണന്‍ കോളെജിന്റെ മഹത്വം ഒരുപാടുണ്ട്. പ്രശസ്ത കവി ഒഎന്‍വി കുറുപ്പ് മുതല്‍ ഒരിക്കല്‍ സിപിഐഎമ്മിന് അഭിമതനും പിന്നീട് അനഭിമതനുമായ എംഎന്‍ വിജയന്റേയും ബ്രണ്ണന്‍ കോളെജ്. എഴുത്തിലും രാഷ്ട്രീയത്തിലും ബ്രണ്ണന്‍ കോളെജിന്റെ സംഭാവന അനസ്യൂതം തുടരുന്നു.

സര്‍ക്കസ് കലയെ പരിചയപ്പെടുത്തിയ കീലേരി കുഞ്ഞിക്കണ്ണന്‍ മാത്രമല്ല കേക്കിന്റെ പേരില്‍ ഊറ്റം കൊള്ളുന്ന മാമ്പള്ളി തറവാട്, ക്രിക്കറ്റിന്റെ പഴയ സ്വപ്‌ന ലോകവും തലശേരിയില്‍ തന്നെ. നമ്മുടെ സാറ ടീച്ചറൊക്കെ പെണ്ണകത്തെ കുറിച്ച് സംസാരിച്ചു തുടങ്ങുന്നതിന് ഏറെ മുമ്പ് തന്നെ ഇന്ദുലേഖയിലൂടെ പെണ്ണൊരുക്കങ്ങള്‍ നടത്തിയ ഒ ചന്തുമോനോന്റെ നാടും തലശേരി തന്നെ. തീര്‍ന്നില്ല തലശേരി വിഷേശങ്ങള്‍. കേരളത്തിലെ അറിയപ്പെടുന്ന മുസ്ലിം ഭരണവംശമായ അറയ്ക്കല്‍ തറവാട്ടിലേക്ക് കെട്ടിയെഴുന്നെള്ളിക്കപ്പെടുന്ന ബീവിമാരും തലശേരിയിലെ കേയി കുടുംബത്തില്‍ നിന്ന് തന്നെ. പുല്‍പ്പള്ളി പൊലീസ് സ്‌റ്റേഷന്‍ ആക്രമണത്തിന് മുന്നോടിയായി ആദ്യ പൊലീസ് സ്റ്റേഷന്‍ ആക്രമണം അരങ്ങേറിയതും തലശേരിയില്‍ തന്നെ.

തലശേരിക്ക് മറ്റു ഖ്യാതികളും ഉണ്ട്. ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യരെ നിയമസഭയിലേക്കും എസ്‌കെ പൊറ്റക്കാടിനെ പാര്‍ലമെന്റിലേക്കും അയച്ച കഥകള്‍. അതേപോലെ തന്നെ ശ്രീനാരായണ ഗുരുവിന്റെ ഭക്തര്‍ക്ക് ഏറെ വേരോട്ടമുള്ള സ്ഥലവും.

ചുരുക്കി പറഞ്ഞാല്‍ ഇത്തരം ഒരു വല്ലാത്ത ഭൂമികയില്‍ നിന്നാണ് കാരായി ചന്ദ്രശേഖരന്‍ തലശേരി നഗരസഭാ അധ്യക്ഷനായി എത്തുന്നത്. ഇനിയിപ്പോള്‍ ചന്ദ്രശേഖരനിലേക്ക് നേരിട്ട്.

“കാര്യങ്ങള്‍ നിങ്ങള്‍ക്കും അറിയാമല്ലോ. എങ്കിലും എന്റേതായ വികസന സ്വപ്‌നങ്ങള്‍ ഒക്കെയുണ്ട്. പ്രഥമ പരിഗണന മാലിന്യ സംസ്‌കരണത്തിന് തന്നെ. ഒരു പഴയ വലിയ നഗരമായിരുന്നു തലശേരി. ഇന്നാ പ്രൗഢിയൊക്കെ പോയി മറഞ്ഞിരിക്കുന്നു. എന്റുപ്പൂപ്പായ്ക്ക് ഒരു ആനയുണ്ടായിരൂന്നൂന്ന് പറഞ്ഞിട്ട് കാര്യമില്ല. തലശേരിയെ സംബന്ധിച്ചിടത്തോളം മാലിന്യം തന്നെ പ്രധാന പ്രശ്‌നം. ഇതിനൊരു ശാശ്വത പരിഹാരം കാണേണ്ടതുണ്ട്’.

മാഹിക്കും തലശേരിക്കും ഇടയില്‍ പെട്ടിപ്പാലം എന്ന സ്ഥല നിവാസികള്‍ അവിടത്തെ തലശേരി ട്രഞ്ചിങ് ഗ്രൗണ്ടിനെതിരെ നടത്തിയ അടുക്കള സമരത്തെ കുറിച്ചും പറയാനുണ്ട് ചന്ദ്രശേഖരന്. “സമരങ്ങളെ കണ്ണടച്ച് ആക്ഷേപിക്കില്ല. എറണാകുളത്ത് എന്ന പോലെ കൊതുക് കൂത്തരങ്ങുന്ന നടാാണ് തലശേരിയും. പുതിയ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ വേണം. ഉറച്ച ചിന്ത അതിലേക്ക് തന്നെ. നല്ല നഗരമായിരുന്നു. പഴയ നഗരമായിരുന്നു. എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ. കുണ്ടീലെ തഴമ്പ് പറഞ്ഞ് നടന്നിട്ട് കാര്യമില്ല. അടിയന്തര ശസ്ത്രക്രിയ ആണ് ആവശ്യം’.

ചന്ദ്രശേഖരന്റെ പ്രഥമ പരിഗണനയില്‍ പെടുന്ന മറ്റൊരു വിഷയം തലശേരിയിലെ ഗതാഗത കുരുക്ക് തന്നെ. ഇതും എത്രയും വേഗം പരിഹരിക്കാനുള്ള ശ്രമം നടത്തുമെന്ന് ഇദ്ദേഹം. ‘തലശേരി ഇന്ന് അഭിമുഖീകരിക്കുന്ന രണ്ട് പ്രധാന പ്രശ്‌നങ്ങള്‍ ഇവ രണ്ടുമാണ്. ആദ്യം അക്കാര്യങ്ങള്‍. വികസന പാതയില്‍ ഇനിയുമുണ്ട് ഒരുപാട് പദ്ധതികള്‍. അതൊക്കെ പിന്നീടാകാം’, ഇങ്ങനെ ചന്ദ്രശേഖരന്‍ നിര്‍ത്തുന്നു.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍