UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാരായി രാജന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവച്ചു

അഴിമുഖം പ്രതിനിധി

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാരായി രാജന്‍ സ്ഥാനം രാജിവച്ചു. കത്ത് സിപിഐഎം ജില്ലാ ആക്ടിങ് സെക്രട്ടറി എം വി ജയരാജന് കൈമാറി. ഇത് സംബന്ധിച്ച തീരുമാനം പാര്‍ട്ടി പുറത്തുവിട്ടിട്ടില്ലെങ്കിലും രാജി അംഗീകരിക്കാന്‍ തന്നയൊണ് സാധ്യത. ഫസല്‍ വധക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത് തടവില്‍ കഴിയുന്ന ആളാണ് കാരായി രാജന്‍. രാജനോടൊപ്പം ഇതേ കേസില്‍ അറസ്റ്റിലായ കാരായി ചന്ദ്രശേഖരന്‍ തലശേരി നഗരസഭ അധ്യക്ഷനാണ്. ചന്ദ്രശേഖരനും രാജി വയ്ക്കുമെന്നാണ് സൂചന.

ഫസല്‍ വധക്കേസില്‍ ജാമ്യം സംഘടിപ്പിച്ചാണ് കാരായിമാര്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതും വിജയിച്ചതും. എന്നാല്‍ എറണാകുളം വിട്ട് പുറത്തു പോകാന്‍ കോടതി അനുവദിക്കാത്തതിനാല്‍ ഇരുവര്‍ക്കും ഭരണഘടനാ പരമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ ആകുന്നില്ല. ഇതുശ്രദ്ധയില്‍പ്പെടുത്തി കണ്ണൂരില്‍ താമസിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് കാരായിമാര്‍ നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് രാജന്റെ പെട്ടെന്നുള്ള രാജി. നേരത്തെ തന്നെ ജില്ലയിലെ യുഡിഎഫ് നേതൃത്വം കാരായിമാരുടെ പ്രസിഡന്റ്, അധ്യക്ഷ സ്ഥാനങ്ങള്‍ ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് സിപിഐഎമ്മിനുള്ളില്‍ തന്നെ രണ്ട് അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ജില്ലാ പഞ്ചായത്തും തലശേരി നഗരസഭയും കാരായിമാരുടെ പേരില്‍ നോക്കുകുത്തിയാക്കി മാറ്റുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പലര്‍ക്കും അതൃപ്തിയുണ്ട്. കാരായി ചന്ദ്രശേഖരന്റെ രാജി സംബന്ധിച്ച തീരുമാനം സിപിഐഎം തലശേരി ഏര്യാ കമ്മിറ്റിയാണ് എടുക്കേണ്ടത്. അതു ഉടന്‍ ഉണ്ടായേക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍