UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: കാര്‍ഗില്‍ വിജയ ദിനവും ക്യൂബന്‍ വിപ്ലവവും

Avatar

1999 ജൂലായ് 26
കാര്‍ഗില്‍ വിജയദിനം

ഇന്ത്യന്‍ മണ്ണിലേക്ക് അതിക്രമിച്ചു കയറാനായി പ്രകൃതി പ്രതികൂലമായ നവംബര്‍-ഡിസംബര്‍ മാസങ്ങള്‍ തന്നെ പാക്കിസ്ഥാന്‍ തിരഞ്ഞെടുത്തു. പാക്കിസ്ഥാന്‍ പട്ടാളത്തിന്റെ അതീവ രഹസ്യമായ ഓപ്പറേഷന്‍ ബാദര്‍ ആയിരുന്നു 1998ല്‍ നടപ്പാക്കിയത്. തീവ്രവാദികളുടെ വേഷത്തില്‍ പട്ടാളക്കാരെ അതിര്‍ത്തി കടത്തി തര്‍ക്ക പ്രദേശമായ സിയാചിന്‍ മേഖലയുമായി ബന്ധിപ്പിക്കുന്ന ശ്രീനഗര്‍-കാര്‍ഗില്‍-ലെ ഹൈവേ ഉള്‍പ്പെടെ നിര്‍ണ്ണായക പ്രദേശങ്ങള്‍ അധീനതയിലാക്കുകയായിരുന്നു പാക്കിസ്ഥാന്‍ പട്ടാളത്തിന്റെ ലക്ഷ്യം.1999ലാണ് അവിചാരിതമെന്നു പറയാവുന്ന തരത്തില്‍ ഇന്ത്യന്‍ പട്ടാളത്തിന് പാക്കിസ്ഥാന്റെ നുഴഞ്ഞു കയറ്റത്തെക്കുറിച്ച് വിവരം കിട്ടുന്നത്.അപ്പോഴേക്കും പാക്കിസ്ഥാന്‍ സൈന്യം അതിര്‍ത്തിക്കിപ്പുറത്ത് ശക്തമായി നിലയുറപ്പിച്ച് കഴിഞ്ഞിരുന്നു. തുടര്‍ന്ന് നടന്നത് നഷ്ടപ്പെട്ട പ്രദേശം വീണ്ടെടുക്കാനുള്ള യുദ്ധമായിരുന്നു. 50 ദിവസം ഏറ്റുമുട്ടല്‍ നീണ്ടു നിന്നു. ടെലിവിഷനിലൂടെ നമ്മള്‍ കണ്ട ആദ്യത്തെ ഇന്ത്യ-പാക് യുദ്ധം പാക്കിസ്ഥാന്‍റെ പിന്‍വാങ്ങലോടെ 1999 ജൂലൈ 26ന് യുദ്ധം ഔദ്യോഗികമായി അവസാനിച്ചു.

ഓപ്പറേഷന്‍ വിജയ് എന്ന് പേരിട്ട ഈ യുദ്ധത്തില്‍ രാജ്യത്തിന് നഷ്ടമായത് 527 ജവാന്മാരെ. പാക്കിസ്ഥാന്‍റെ ഭാഗത്തും വന്‍ നാശം സംഭവിച്ചു. എന്നാല്‍ നുഴഞ്ഞു കയറ്റത്തിലെ തങ്ങളുടെ പങ്ക് പാക്കിസ്ഥാന്‍ പട്ടാളം നിഷേധിക്കുകയായിരുന്നു. സത്യം പിന്നീട് കാലം തന്നെ തെളിയിച്ചു. കാര്‍ഗില്‍ യുദ്ധ സമയത്തെ സേന തലവനായിരുന്ന പര്‍വേസ് മുഷറഫിനെ ഈ അതിസാഹസത്തിന്റെ കാരണക്കാരനായി ചൂണ്ടിക്കാണിക്കപ്പെട്ടു.  പര്‍വേസ് മുഷറഫിനെ കൂടാതെ അന്നത്തെ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ലഫ്റ്റനന്റ് ജനറല്‍ ജാവേദ് ഹസന്‍, റാവല്‍പിണ്ടി ആസ്ഥാനമായുള്ള പത്താം ബറ്റാലിയന്റെ കമാന്‍ഡര്‍ ആയിരുന്ന ലഫ്റ്റനന്റ് ജനറല്‍ മഹമ്മൂദ് അഹമ്മദ് എന്നിവരുടെ ഗൂഢാലോചനയായിരുന്നു കാര്‍ഗിലില്‍ നടപ്പാക്കി തിരിച്ചടി ഏറ്റുവാങ്ങിയത്. തങ്ങള്‍ക്ക് 450 സൈനികരെ നഷ്ടപ്പെട്ടു എന്നാണ് പാകിസ്ഥാന്‍ സമ്മതിക്കുന്നതെങ്കിലും യഥാര്‍ത്ഥ നാശം ഇതില്‍ എത്രയോ കൂടുതലാണ്.

കാര്‍ഗിലില്‍ വിജയം കുറിച്ച ജൂലൈ 26 ഇന്ത്യ പിന്നീട് വിജയ് ദിവസ് എന്ന പേരില്‍ ആചരിക്കാന്‍ തുടങ്ങി. 

1953 ജൂലായ് 26
എം-26-7

മഹത്തായൊരു വിപ്ലവത്തിന് തുടക്കം കുറിച്ച ദിവസമായിരുന്നു 1953 ജൂലൈ 26. സാന്തിയാഗോ ഡി ക്യൂബയിലെ മോണ്‍കാഡ പട്ടാളത്താവളം വിപ്ലവകാരികളാല്‍ ആക്രമിക്കപ്പെട്ട ദിവസം. എന്നാല്‍ ക്യൂബന്‍ ഏകാധിപതി ഫുല്‍ജെനിഷ്യോ ബാറ്റിസ്റ്റയ്ക്ക് തന്റെ പട്ടാളത്തെ ഉപയോഗിച്ച് ആ ആക്രമണം അമര്‍ച്ച ചെയ്യാന്‍ സാധിച്ചു. ക്യൂബന്‍ വിപ്ലവത്തിന് തുടക്കം കുറിച്ച മോണ്‍കോഡ ആക്രമണം നടന്ന ആ ദിവസത്തെ എം-26-7 എന്ന് ചരിത്രം പിന്നീട് വിശേഷിപ്പിച്ചു.കാലം ഇതിഹാസമായി വാഴ്ത്തിയ ഫിഡല്‍ കാസ്‌ട്രോ, അദ്ദേഹത്തിന്റെ അനുജന്‍ റൗള്‍ കാസ്‌ട്രോ, കാമിലോ സീന്‍ഫ്യുഗോസ്, ഹബര്‍ മാറ്റോസ്, ജുവാന്‍ അല്‍മെയ്ഡ ബോസ്‌കോ എന്നീ വിപ്ലവകാരികളുടെ ഒത്തുചേരലിലേക്കും ഇത് വഴിതെളിച്ചു. ബാറ്റിസ്റ്റയെ അട്ടിമറിക്കുകയായിരുന്നു അവരുടെ ലക്ഷ്യം.

പിന്നീട് 1956 ഡിസംബര്‍ 2ന് വെറാക്കസിലെ ടക്‌സ്പാനില്‍ നിന്ന് ഗ്രാന്‍മ എന്ന ബോട്ടില്‍ കാസ്‌ട്രോ ഉള്‍പ്പെടെ 82 വിപ്ലവകാരികള്‍ ക്യൂബന്‍ തീരത്തേക്ക് തിരിച്ചെത്തി. അവര്‍ വിപ്ലവത്തിന്റെ അഗ്നി പടര്‍ത്തി. ആ ചൂടില്‍ പിടിച്ചു നില്‍ക്കാന്‍ ബാറ്റിസ്റ്റ എന്ന ഏകാധിപതിക്ക് സാധിച്ചില്ല. അയാള്‍ സ്‌പെയിനിലേക്ക് പലായനം ചെയ്തു. ഇതേ സമയം വിപ്ലവകാരികള് ഹവാനയിലേക്ക് മാര്‍ച്ചു നടത്തുകയായിരുന്നു; പുതിയൊരു ഉദയത്തിന് ഒരു നാടിനെ തയ്യാറാക്കിക്കൊണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍