UPDATES

എന്റെ അച്ഛനെ കൊന്നത് പാകിസ്താനല്ല, യുദ്ധമാണ്; കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍

അഴിമുഖം പ്രതിനിധി

കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികന്‍റെ മകള്‍ ഗുര്‍മേഹര്‍, യുദ്ധത്തിനെതിരായ നിലപാടുകള്‍ പറയുന്നു. ഗുര്‍മേഹര്‍ ഒരു വാക്കുപോലും മിണ്ടാതെ ഇംഗ്ലീഷിലെഴുതിയ 36 പ്ലക്കാര്‍ഡുകളിലൂടെ യുദ്ധത്തിനെതിരായ സന്ദേശം നല്‍കുന്ന വീഡിയോ വീണ്ടും വൈറലാകുന്നു. നാല് മാസം മുമ്പാണ് ഗുര്‍മേഹര്‍ പാകിസ്ഥാനും ഇന്ത്യയ്ക്കും സമാധാനം വേണമെന്ന  സന്ദേശവീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ആക്രമണ പ്രത്യാക്രമണങ്ങള്‍ ശക്തമായ പശ്ചാത്തലത്തില്‍ ഗുര്‍മേഹറിന്‍റെ വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

19കാരിയായ ഗുര്‍മേഹര്‍ കൌറിന്‍റെ പിതാവ് ക്യാപ്റ്റന്‍ മന്‍ദീപ് സിങ് 1999ലെ യുദ്ധത്തിലാണ് കൊല്ലപ്പെട്ടത്. ഗുര്‍മേഹറിന് രണ്ടു വയസുള്ളപ്പോഴായിരുന്നു പിതാവിന്‍റെ മരണം. അച്ഛനെ കൊന്നത് പാകിസ്ഥാനികളായതുകൊണ്ട് പാകിസ്ഥാനികളെ വെറുത്തിരുന്നെന്ന് ഗുര്‍മേഹര്‍ പറയുന്നു. എല്ലാ മുസ്‌ലീങ്ങളും പാകിസ്ഥാനികളാണെന്ന ധാരണയില്‍ മുസ്‌ലീങ്ങളെയും വെറുത്തു. ആറുവയസുള്ളപ്പോള്‍ ബുര്‍ഖ ധരിച്ച ഒരു സ്ത്രീയെ മുസ്ലിങ്ങളോടുള്ള വെറുപ്പ് കാരണം കുത്താന്‍ ശ്രമിച്ചിരുന്നു. എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് അച്ഛന്റെ മരണത്തിന് അവരും ഉത്തരവാദിയാണെന്ന് താന്‍ കരുതിയിരുന്നതായി ഗുര്‍മേഹര്‍ പറയുന്നു. പാകിസ്ഥാനല്ല യുദ്ധമാണ് എന്റെ അച്ഛനെ കൊന്നതെന്ന് മനസിലാക്കി തന്നത് അമ്മയാണ്. ആ വാക്കുകള്‍ ഉള്‍ക്കൊള്ളാന്‍ കുറച്ചുകാലമെടുത്തു. പക്ഷെ ഇന്ന് വിദ്വേഷത്തെ കെടുത്താന്‍ പഠിച്ചു കഴിഞ്ഞു. അത് എളുപ്പമുള്ള കാര്യമല്ല, പക്ഷെ നടക്കാത്ത കാര്യവുമല്ല. തനിക്കതിനു കഴിഞ്ഞിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്കും കഴിയുമെന്നാണ് ഗുര്‍മേഹറിന്‍റെ വീഡിയോ പറയുന്നത്.

ഇന്ന് അച്ഛനെപ്പോലെ താനും ഒരു പോരാളിയാണ്. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ സമാധാനത്തിനുവേണ്ടി പോരാടുന്നത്. കാരണം രാജ്യങ്ങള്‍ക്കിടയില്‍ യുദ്ധമില്ലാതിരുന്നെങ്കില്‍ എന്റെ അച്ഛന്‍ ഇപ്പോഴും ഇവിടെയുണ്ടാകുമായിരുന്നു. ഇരുരാജ്യങ്ങളുടെയും ഭരണകൂടങ്ങള്‍ നാട്യങ്ങള്‍ അവസാനിപ്പിക്കണമെന്ന താല്‍പര്യത്തോടെയാണ് വീഡിയോ തയ്യാറാക്കുന്നതെന്ന് ഗുര്‍മേഹര്‍ കൂട്ടിച്ചേര്‍ക്കുന്നു. പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ഗുര്‍മേഹര്‍ ആവശ്യപ്പെടുന്നു. രണ്ടു ലോകമഹായുദ്ധങ്ങള്‍ക്കുശേഷവും ഫ്രാന്‍സിനും ജര്‍മ്മനിക്കും മിത്രങ്ങളാകാമെങ്കില്‍ എന്തുകൊണ്ട് നമുക്കതിനു പറ്റില്ല കഴിഞ്ഞതെല്ലാം മറന്ന് ജപ്പാനും അമേരിക്കയ്ക്കും സൗഹൃദത്തോടെ ഒന്നിച്ച് പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു. പിന്നെ എന്തുക്കൊണ്ട് നമുക്ക് കഴിയില്ലെന്ന ചോദ്യവും ഉയര്‍ത്തുന്നുണ്ട് ഗുര്‍മേഹര്‍. സാധാരണക്കാരായ ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും ആഗ്രഹിക്കുന്നത് യുദ്ധമല്ല, സമാധാനമാണ്. ഇരുരാഷ്ട്രത്തലവന്മാരുടെയും കഴിവാണ് താന്‍ ചോദ്യം ചെയ്യുന്നത്. പിതാവിനെ നഷ്ടപ്പെട്ടതില്‍ വേദനിക്കുന്ന ഗുര്‍മേഹര്‍ കൗറുകള്‍ ഇല്ലാത്ത ഒരു ലോകത്ത് ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും വീഡിയോയിലൂടെ ഗുര്‍മേഹര്‍ പറയുന്നു.

“ഞാനൊറ്റയ്ക്കല്ല. എന്നെപ്പോലുള്ള ഒരുപാട് പേര്‍ ഇവിടെയുണ്ട്. ഇത് സമാധാനത്തിനു വേണ്ടിയുള്ള സന്ദേശമാണ്.”-  ഇങ്ങനെയാണ് വീഡിയോ അവസാനിക്കുന്നത്.

വീഡിയോ കാണാം


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍