UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അവര്‍ ‘എന്റെ’ ജിഹാദികള്‍- ഷാര്‍ളി ഹെബ്ദോ ആക്രമണത്തെക്കുറിച്ച് ഫ്രെഞ്ച് നോവലിസ്റ്റ് കരീം മിസ്കി എഴുതുന്നു

Avatar

കരീം മിസ്കി

പ്രമുഖ ഫ്രഞ്ച് ഡോക്യുമെന്ററി സംവിധായകനും എഴുത്തുകാരനുമാണ്കരീം മിസ്‌കി. അച്ഛന്‍ പഴയ ഫ്രഞ്ച് കോളനിയായ ആഫ്രിക്കന്‍ രാജ്യം മൗറിത്താനയില്‍ നിന്നുള്ള മുസ്ലീം. അമ്മ ഫ്രഞ്ച് ക്രിസ്ത്യാനി. ഇപ്പോള്‍ പാരീസില്‍ ജീവിക്കുന്നു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ടെലിവിഷന്‍ പരിപാടികളെയും സംസ്‌കാരത്തെയും താരതമ്യം ചെയ്തുകൊണ്ട് രണ്ട് ഡോക്യൂമെന്ററികള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സമീപ കാലത്ത് ആദ്യ നോവലായ ‘അറബ് ജാസ്’ ഫ്രാന്‍സില്‍ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി. പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ഫെബ്രുവരി 15ന് ലണ്ടനില്‍ പ്രകാശനം ചെയ്യും.അറബ് ജാസിലെ കഥാപാത്രങ്ങളും ഷാര്‍ളി ഹെബ്ദോ ആക്രമിച്ച തീവ്രവാദികളും തമ്മിലുള്ള അത്ഭുതകരമായ സാമ്യത്തെക്കുറിച്ചും ഫ്രാന്‍സില്‍ വര്‍ദ്ധിച്ചു വരുന്ന അപരവത്ക്കരണത്തെക്കുറിച്ചും തീവ്രവലതുപക്ഷത്തിന്റെ ശക്തിപ്പെടലിനെക്കുറിച്ചും എഴുതുകയാണ് കരീം. 

ഷാര്‍ളി ഹെബ്ദോയിലെ ആക്രമണത്തെ കുറിച്ച് കേട്ടപ്പോള്‍, പാരീസിലെ ഭൂരിപക്ഷം ആളുകളെ പോലെ ഞാനും അസ്വസ്ഥനായി. ഞാന്‍ കുട്ടിയായിരുന്ന 1970-കള്‍ മുതല്‍ ആരാധിച്ചിരുന്ന കാബു എന്ന കാര്‍ട്ടൂണിസ്റ്റ് കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഒരു തമാശക്കാരനായ അമ്മാവന്‍ നഷ്ടപ്പെട്ടതുപോലെയാണ് എനിക്ക് തോന്നിയത്. വിവാഹസല്‍ക്കാര വേളകളിലും മരണാനന്തര ചടങ്ങുകളിലും ഒരു പോലെ നിങ്ങളെ ചിരിപ്പിക്കുന്ന ഒരാള്‍. പിന്നീട് കൊലയാളികള്‍ എങ്ങനെയാണ പാലസ് ഡ്യൂ കോളോനല്‍ ഫാബിയനില്‍ കാറ് ഇടിച്ച് തെറിപ്പിച്ചതെന്ന് ഞാന്‍ അറിഞ്ഞു. പിന്നീട് അവര്‍ എങ്ങനെയാണ് മറ്റൊരു കാര്‍ തട്ടിയെടുക്കുകയും റൂയി പെറ്റിറ്റിലൂടെ അതിവേഗം ഓടിച്ചുപോവുകയും ചെയ്തതെന്നും ഞാന്‍ അറിഞ്ഞു. പാരിസിലെ 19-ാം അരോണ്‍ഡിസെമെന്റിലുള്ള ഈ സ്ഥലങ്ങളെല്ലാം എന്റെ കുറ്റാന്വേഷണ നോവല്‍ ‘അറബ് ജാസില്‍’ വിവരിക്കുന്ന സ്ഥലങ്ങളുമായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ ആലോചിച്ചു? എന്തിനാണ് ആ ആളുകള്‍ എന്റെ പുസ്തകത്തെ ആക്രമിക്കുന്നത്?

സ്വയം പ്രഖ്യാപിത ഇമാമായ ഫാരിദ് ബെന്യെറ്റോ സൃഷ്ടിച്ച പഴയ ജിഹാദി സംഘത്തില്‍ പെട്ടവരാണ് കൊലപാതകികള്‍ എന്ന് പിന്നീട് ഞാന്‍ മനസിലാക്കി. 2005 ല്‍, യുഎസ് സേനയ്‌ക്കെതിരെ യുദ്ധം ചെയ്യുന്നതിനായി 19ാം അരോണ്‍ഡഡിസെമെന്റില്‍ നിന്നുള്ള മുസ്ലീം യുവാക്കളെ ഈ സംഘം ഇറാഖിലേക്ക് അയച്ചിരുന്നു. ഫല്ലൗജില്‍ നടന്ന ഭീകരമായ യുദ്ധത്തിനിടയിലോ അല്ലെങ്കില്‍ യുഎസ് പരിശോധന കേന്ദ്രങ്ങളില്‍ മനുഷ്യ ബോംബായി പൊട്ടിത്തെറിച്ചോ ഇവരില്‍ ഭൂരിപക്ഷം പേരും കൊല്ലപ്പെട്ടു. എന്നാല്‍ സ്വയം പ്രഖ്യാപിത ഇമാം പാരീസില്‍ തന്നെ തങ്ങുകയായിരുന്നു. യുദ്ധത്തില്‍ പങ്കെടുക്കുക തന്റെ ധര്‍മമല്ലെന്നായിരുന്നു വിചാരണ വേളയില്‍ ഇയാള്‍ പറഞ്ഞത്. 2008ല്‍ വിചാരണവേളയില്‍ ഈ കഥ പത്രങ്ങളില്‍ വന്നപ്പോള്‍, ഇയാള്‍ ശരിക്കും ഒരു ഭീരുവാണെന്ന് എനിക്ക് തോന്നി. മാത്രമല്ല, പാരിസില്‍ ജനിച്ചുവളര്‍ന്ന യുവാക്കള്‍ക്ക് എങ്ങിനെയാണ് സന്തോഷത്തോടെ ഇവിടം വിടാനും രാജ്യത്ത് നിന്നും വളരെ അകലെയുള്ള ഒരു സ്ഥലത്ത് ഉറപ്പായ മരണം തേടിപ്പോകാനും സാധിക്കുന്നതെന്ന് ഞാന്‍ അത്ഭുതപ്പെടുകയും ചെയ്തു.

ആ സമയത്ത് ഞാന്‍ ഈ നോവല്‍ എഴുതി തുടങ്ങിയിരുന്നെങ്കിലും അതില്‍ ചില പോരായ്മകള്‍ ഉണ്ടെന്ന തോന്നല്‍ എന്നില്‍ ശക്തമായിരുന്നു. യാഥാസ്ഥിതികത്വത്തെയും കുറ്റകൃത്യങ്ങളെയും കുറിച്ചായിരുന്നു ഞാന്‍ എഴുതാന്‍ ഉദ്ദേശിച്ച കഥ. എന്നാല്‍ എന്റെ കഥാപാത്രങ്ങള്‍ അത്രത്തോളം യഥാതഥം ആയിരുന്നില്ല. എനിക് വേണ്ടിയിരുന്ന കൃത്യം കക്ഷി ബെന്യെറ്റോ ആയിരുന്നു: സ്വയം പ്രഖ്യാപിത ഇമാമായ അബ്ദുള്‍ഹഖ് ഹഖ്വിഖി (ഹക്കിന് അറബിയില്‍ സത്യം എന്നാണ് അര്‍ത്ഥം) എന്ന കഥാപാത്രത്തിന് രൂപം നല്‍കാന്‍ ബെന്യെറ്റോ എനിക്ക് പ്രചോദനമായി. സകല വൃത്തികെട്ട പണികളും മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കുന്ന ഒരു അപകടകാരിയായ കഥാപാത്രമാണ് ഈ ഇമാം. എന്റെ കഥ ജിഹാദിനെ കുറിച്ചല്ല. സലാഫി മുസ്ലീങ്ങളെ യഥാസ്ഥിതിക ജൂതന്മാരും യഹോവ സാക്ഷികളുമായും അഴിമതിക്കാരായ പോലീസുകാരുമായും ബന്ധപ്പെടുത്തുന്നു എന്ന് മാത്രമല്ല, ഒരു ഹീനമായ കൊലപാതകവും മയക്കുമരുന്ന് കടത്തുമൊക്കെ നോവലില്‍ വിഷയമാകുന്നു. പക്ഷെ 19-ാം അരോണ്‍ഡിസെമെന്റിലെ ഈ ജിഹാദി സംഘം തീര്‍ച്ചയായും എനിക്ക് പ്രചോദനമായി.എല്ലാവരും പഴയ കഥ മറന്നിരുന്നതിനാല്‍ ഇത് നോവലിന് പറ്റിയ വിഷയമായിരുന്നു. ഇപ്പോള്‍ എല്ലാവരും ഐഎസ്‌ഐഎസിനെ കുറിച്ചും ഇസ്ലാമിക് സ്‌റ്റേറ്റിന് വേണ്ടി പോരാടുന്ന ഫ്രഞ്ച് യുവാക്കളെ കുറിച്ചും പറയുന്നു. മാത്രമല്ല ഇപ്പോള്‍ നോര്‍മാന്‍ഡിയില്‍ നിന്നുള്ള ഒരു വെളുത്ത ഫ്രഞ്ചുകാരനും ഐഎസ്‌ഐഎസിന്റെ ആരാച്ചാരന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതായി കേള്‍ക്കുന്നു.

അതുകൊണ്ട് തന്നെ ഷാര്‍ളി ഹെബ്ദോയിലെയും ഖോഷര്‍ സൂപ്പര്‍മാര്‍ക്കറ്റിലെയും കൊലയാളികള്‍ ‘എന്റെ’ ജിഹാദികളാണെന്ന് അറിയുമ്പോഴുള്ള എന്റെ അത്ഭുതം നിങ്ങള്‍ക്ക് ഊഹിക്കാന്‍ സാധിക്കും. അതൊരു വേദനിപ്പിക്കുന്ന യാദൃശ്ചികതയായിരുന്നു. കാരണം, ജയിലില്‍ കുറച്ച് കാലം ചിലവഴിക്കുകയും ഇപ്പോള്‍ മുപ്പതുകളില്‍ എത്തുകയും ചെയ്ത കൗച്ചി സഹോദരന്മാര്‍ മരണത്തിന് പകരം ജീവിതമായിരുന്നു തിരഞ്ഞെടുക്കേണ്ടിയിരുന്നത്. ഇത് വളരെ വേദനാജനകമാണ്. കാരണം, ഫ്രഞ്ച് സമൂഹത്തിന്റെ ഭാഗമായി അവര്‍ ഒരിക്കലും സ്വയം കരുതിയിരുന്നില്ല എന്ന് വേണം ഇതില്‍ നിന്നും മനസിലാക്കാന്‍. എന്നാല്‍ ഏഴ് വര്‍ഷം മുമ്പ് ഉയര്‍ന്നതില്‍ നിന്നും കുറച്ച് വ്യത്യസ്തമാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. കൗച്ചി സഹോദരന്മാരും അമേഡി കൗലിബാലിയും കൊല്ലുന്നതിനും മരിക്കുന്നതിനുമായി ഒരു വിദൂരസ്ഥ സ്ഥലമല്ല തിരഞ്ഞെടുത്തത്. 2012ല്‍ മുഹമ്മദ് മെരാഹ് ചെയ്തത് പോലെ തന്നെ, അവര്‍ ജനിച്ച് വളര്‍ന്ന സ്ഥലമായ പാരീസില്‍ തന്നെ അവര്‍ കൊല്ലുകയും മരിക്കുകയും ചെയ്തു.

ഇനി ഈ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ നിങ്ങള്‍ക്കാവില്ല. അതെ, നിങ്ങള്‍ ഇവിടെയുള്ളവരാണ് എന്ന് പഴയ ഫ്രഞ്ച് കോളനികളില്‍ നിന്നുമുള്ള കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനായി എന്ത് ചെയ്യാന്‍ കഴിയും എന്ന ചോദ്യം ഒഴിവാക്കാന്‍ ഇനി ഫ്രഞ്ച് ജനതയ്ക്കാവില്ല. എന്നാല്‍, തീവ്രവലതുപക്ഷത്തിന്റെ ഉയിര്‍പ്പിന് സാക്ഷ്യം വഹിക്കുന്ന ഇക്കാലത്ത് അറബ് വംശജര്‍ക്കും കറുത്തവര്‍ക്കുമെതിരായ വിവേചനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ ഫ്രഞ്ച് സര്‍ക്കാരിന് സാധ്യമായി എന്ന് വരില്ല. അത്തരം ഒരു സാഹസിക നിലപാടെടുക്കുന്നതിന് മുമ്പ് സര്‍ക്കാരുകള്‍ പുനരാലോചനയ്ക്ക് തയ്യാറാവും. ഇത്തരം വിവേചനങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ സാഹസികമാണെന്ന് പറയാന്‍ കാരണം, സര്‍ക്കോസി സര്‍ക്കാരിന്റെ കാലം മുതല്‍ തന്നെ എഴുത്തുകാരും പത്രങ്ങളില്‍ കുറിപ്പുകള്‍ എഴുതുന്നവരും സാധാരണമായി ഇസ്ലാമോഫോബിയയെ കുറിച്ചും വംശീയ യാഥാസ്ഥിതികത്വത്തെ കുറിച്ചും പരാമര്‍ശിക്കാന്‍ തുടങ്ങിയിരുന്നു. അവരൊന്നും തീവ്ര വലതുപക്ഷ നേതാവായ മരീന്‍ ലെ പെന്നിന്റെ അനുയായികള്‍ അല്ലെങ്കില്‍ പോലും! ഒരു പക്ഷെ ലെ പെന്‍ ഒരു ദിവസം തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചേക്കാം, ആര്‍ക്കറിയാം? അവര്‍ ജയിച്ചാലും ഇല്ലെങ്കിലും അപരന്മാരെ, വെള്ളക്കാരല്ലാത്തവരെ, ക്രിസ്ത്യാനികളല്ലാത്തവരെ ബഹിഷ്‌കരിക്കണമെന്ന അവരുടെ ആശയങ്ങള്‍, ഇടതുപക്ഷ രാഷ്ട്രീയക്കാര്‍ എന്നറിയപ്പെടുന്നവര്‍ക്കിടയില്‍ പോലും വ്യാപക പ്രചാരം നേടുന്ന എന്നതാണ് ഏറ്റവും ഭയാനകം.

സാമൂഹിക സമത്വം കൈവരിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടായില്ലെങ്കില്‍, മുഖ്യധാര മാധ്യമങ്ങളില്‍ ലെ പെന്നിന്റെ ആശയങ്ങള്‍ ദൈനംദിന സംപ്രേക്ഷണം ചെയ്യപ്പെടുകയാണെങ്കില്‍, വരും വര്‍ഷങ്ങളിലും ഷാര്‍ളി ഹെബ്ദോ പോലുള്ള ഭീതിജനകമായ വാര്‍ത്തകള്‍ വരും വര്‍ഷങ്ങളിലും തലക്കെട്ടുകളില്‍സ്ഥാനം പിടിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍