UPDATES

കരിപ്പൂര്‍ വിമാനത്താവളത്തിന് ചരമക്കുറിപ്പ് എഴുതുന്നതാര്?

Avatar

സുഫാദ് ഇ മുണ്ടക്കൈ

ഏറ്റവും ചുരുങ്ങിയ വിസ്തൃതിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏക അന്തര്‍ദേശീയ വിമാനത്താവളമാണ് കരിപ്പൂര്‍ വിമാനത്താവളം. ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങളില്‍ പന്ത്രണ്ടാം സ്ഥാനം. എയര്‍പ്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് വരുമാനം നേടിക്കൊടുക്കുന്നതില്‍ നാലാം സ്ഥാനം. ഭൂമിശാസ്ത്രപരമായ പരിമിതികള്‍ ഏറെയുണ്ടെങ്കിലും ഏറ്റവും മനോഹരമായ എയര്‍പ്പോര്‍ട്ടുകളിലൊന്ന്. എന്നിട്ടും അതിന്ന് അടച്ചുപൂട്ടലിന്റെ ഭീഷണിയിലാണ്. റണ്‍വേ റീകാര്‍പ്പറ്റിങ്ങിന്റെ പേരില്‍ ആറുമാസം വിമാനത്താവളം അടച്ചിടുന്നതിന് മുന്‍പുതന്നെ പല പ്രമുഖ വിമാനകമ്പനികളും കരിപ്പൂരില്‍ നിന്നും പിന്മാറിയിരുന്നു. ശക്തമായ ലോബീയിങ്ങും വിമാനത്താവളത്തിനെതിരെ പലഭാഗത്തുനിന്നും പലവിധത്തിലുമുള്ള ചരടുവലികളും നടക്കുന്നതായി വിമാനത്താവള സംരക്ഷണ സമരസമിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.

അന്തര്‍ദേശീയ വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറങ്ങുന്നതിന്റെ ഏക കാരണം അവിടെ സ്ഥിതിചെയ്യുന്ന ഹജ്ജ് ഹൗസാണെന്നിരിക്കെ ആ ഹജ്ജ് ഹൗസ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് എന്തുകൊണ്ടാണ്? അത്തരത്തിലുള്ള പ്രസ്ഥാവനകള്‍ ഉണ്ടായപ്പോള്‍ ഒരു രാഷ്ടീയ പര്‍ട്ടികളും എതിര്‍ക്കാതിക്കുന്നത് എന്തുകൊണ്ടാണ്? നെടുമ്പാശ്ശേരിയിലേയും കണ്ണൂരിലേയുമെല്ലാം സ്ഥലമേറ്റെടുപ്പ് വളരെ സുതാര്യമായി നടത്താന്‍ കഴിഞ്ഞവര്‍ക്ക് കരിപ്പൂരില്‍ മാത്രം എന്തുകൊണ്ട് അതിന് സാധിക്കുന്നില്ല? സ്ഥലമേറ്റെടുപ്പിന് അധിക തുക സ്വരൂപിക്കേണ്ടി വന്നാല്‍ അത് ജനങ്ങളില്‍ നിന്ന് പിരിച്ചു നല്‍കാനും തങ്ങള്‍ തയ്യാറാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണ്? ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങള്‍ നിരവധിയുണ്ട്.

1988-ലാണ് കരിപ്പൂര്‍ വിമാനത്താവളം പ്രവര്‍ത്തനമാരംഭിക്കുന്നത്. മലബാറിന്റെ വികസനത്തിന് അത്യന്താപേക്ഷിതമായ പദ്ധതിയെന്ന നിലയില്‍ ജനങ്ങളതിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. പന്ത്രണ്ട് തവണകളായി 387ഏക്കര്‍ ഭൂമിയാണ് അവര്‍ എയര്‍പോര്‍ട്ടിനായി വിട്ടുനല്‍കിയത്. എന്നാല്‍ ഇത്രയും തവണകളായി ഭൂമി ഏറ്റെടുക്കുമ്പോഴും അവര്‍ ജനങ്ങള്‍ക്ക് നല്‍കിയ ഒരു വാഗ്ദാനം പോലും പാലിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അര്‍ഹമായ നഷ്ടപരിഹാരം നല്‍കാതെ, പകരം ഭൂമി നല്‍കാതെ, വാഗ്ദാനം നല്‍കിയതുപോലെ ഭൂമി നഷ്ടപ്പെടുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് എയര്‍പോര്‍ട്ടില്‍ ജോലി നല്‍കാതെ ഒരു പ്രദേശത്തെ മൊത്തം വഞ്ചിച്ചിട്ട് വീണ്ടും ഇരകളുടെ മുന്നില്‍ ചെന്ന് ഭൂമി ഏറ്റെടുക്കണം എന്ന ആവശ്യം ഉന്നയിക്കുമ്പോള്‍, സമ്മതിക്കില്ലെന്ന് ഇരകള്‍ പറയുമ്പോള്‍ എങ്ങനെ അവരെ വികസന വിരോധികളായി ചിത്രീകരിക്കാന്‍ സാധിക്കും? ഒരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് വേണ്ടത് 1200 ഏക്കര്‍ ഭൂമിയാണ്. കരിപ്പൂരിന് ഈ പദവി നിലനിര്‍ത്തണമെങ്കില്‍ ഏറ്റെടുത്തിട്ടുള്ള ഭൂമിക്ക് പുറമെ എണ്ണൂറോളം ഏക്കര്‍ സ്ഥലം ഇനിയും ഏറ്റെടുക്കേണ്ടിവരും എന്നര്‍ത്ഥം. നിലവിലെ സാഹചര്യത്തില്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള 248 ഏക്കര്‍ ഏറ്റെടുത്താലും കരിപ്പൂരിന് അന്തര്‍ദേശീയ പദവി ലഭിക്കില്ല. എന്നാല്‍ ഹജ്ജ് എംബാര്‍ഗേഷന്‍ പോയിന്റായി നിലനില്‍ക്കുന്നിടത്തൊളം കാലം ഈ വിമാനത്താവളത്തിന് അന്തര്‍ദേശീയ വിമാനത്താവളമെന്ന നിലയില്‍ പ്രവര്‍ത്തിക്കാം. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്ഥാവനയെ വിലയിcpത്തുമ്പോള്‍ കരിപ്പൂരിനെ തേടിവരാന്‍പോകുന്ന അപകടം ബോധ്യപ്പെടും. ഹജ്ജ് ഹൗസ് തന്നെ കരിപ്പൂരില്‍ നിന്നും മാറ്റുന്നതിലൂടെ നഷ്ടപ്പെടാന്‍ പോകുന്നത് വിമാനത്താവളത്തിന്റെ അന്തര്‍ദേശീയ പദവിയാണ്.

“പന്ത്രണ്ടു തവണയാണ് സ്ഥലമേറ്റെടുപ്പ് നടന്നത്. ഇത്രയും തവണ സ്ഥലമേറ്റെടുപ്പ് നടന്നപ്പോഴും ഭൂമി നഷ്ടപ്പെട്ടത് ഒരേ ആളുകള്‍ക്കാണ്. അവരാണ് സമരരംഗത്തുള്ളത്. പ്രഖ്യാപിച്ച പാക്കേജ് നടപ്പിലാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇനി പൊന്ന് തരാമെന്ന് പറഞ്ഞാലും ഞങ്ങള്‍ ഭൂമി വിട്ടുനല്‍കില്ല. കാരണം, ഇവര്‍ ആവശ്യപ്പെടുന്ന സ്ഥലം വിട്ടുനല്‍കിയാല്‍പോലും ഒരു ഇന്റെര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് ആവശ്യമായ സ്ഥലം ലഭിക്കില്ല. അങ്ങിനെ വരുമ്പോള്‍ കൊണ്ടോട്ടി പഞ്ചായത്തിന്റെ നല്ലൊരു ഭാഗവും ഇടിച്ചു നിരത്തേണ്ടി വരും. അത് ഒരിക്കലും സാധ്യമല്ല. മാത്രവുമല്ല, നിലവില്‍ അവര്‍ ഏറ്റെടുത്തിട്ടുള്ള സ്ഥലം ഉപയോഗിച്ച് റണ്‍വേ നവീകരണം നടത്തി എയര്‍പോര്‍ട്ട് പ്രവര്‍ത്തിക്കാവുന്നതാണ്. അപ്പോള്‍ പിന്നെന്തിനാണ് ഈ സ്ഥലമേറ്റെടുപ്പ്. ഇതില്‍ ദുരൂഹതകളുണ്ട്. ജനങ്ങള്‍ എതിര്‍ക്കുന്നു എന്ന പേര് പറഞ്ഞ് ഈ എയര്‍പ്പോര്‍ട്ടിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ നടത്തുന്ന നാടകങ്ങളുടെ അന്തിമ ഫലമാണ് ഇപ്പോള്‍ എയര്‍പ്പോര്‍ട്ട് നേരിട്ടുകൊണ്ടിരിക്കുന്ന ദുരവസ്ഥ”. സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ സമരം ചെയ്യുന്നവരുടെ കൂട്ടായ്മയുടെ ചെയര്‍മാന്‍ ജാസിര്‍ പറയുന്നു.

ഭൂമി ഏറ്റെടുക്കുന്നതിന് 100 കോടി രൂപ മുന്‍കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും സംസ്ഥാന സര്‍ക്കാറിന്അത് ഏറ്റെടുക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ റണ്‍വേ നവീകരണവും സാധ്യമല്ല. എന്നാല്‍ നിലവില്‍ ഏറ്റെടുത്തിട്ടുള്ള ഭൂമി ഉപയോഗിച്ചുകൊണ്ടുതന്നെ കൂടുതല്‍ മെച്ചപ്പെട്ടരീതിയില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടരാം. ഈ സാഹചര്യം നിലവിലുള്ളപ്പോള്‍ എന്തിനാണ് ഹജ്ജ് ഹൗസ് ഇവിടെ നിന്നും മാറ്റുന്നത്? ഭൂമി എറ്റെടുത്തില്ലെങ്കില്‍ വിമാനത്താവളം നഷ്ടപ്പെടുമെന്ന ഭീതിയുണ്ടാക്കി സമ്മര്‍ദ്ദതന്ത്രങ്ങളിലൂടെ ഭൂമിയേറ്റെടുക്കാനുള്ള ശ്രമങ്ങളാണോ നടക്കുന്നത്? അതോ, പൊതു – സ്വകാര്യ പങ്കാളിത്തത്തോടെ കണ്ണൂരില്‍ വരാന്‍പോകുന്ന വിമാനത്താവളത്തിന് പണം മുടക്കിയവരും, നെടുമ്പാശ്ശേരിക്ക് വേണ്ടി പണം മുടക്കിയവരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണോ? ആരോപണങ്ങളും ആശങ്കകളുംഇനിയും ബാക്കിയാണ്. എന്തായാലും നഷ്ടം മലബാറിലെ ജനങ്ങള്‍ക്കാണ്. നിലവിലെ സാഹചര്യംസൃഷ്ടിച്ച പ്രതിസന്ധിതന്നെ വലുതാണ്. പ്രവാസികളെയാണ് അത് കൂടുതല്‍ ബാധിക്കുന്നത്. കരിപ്പൂരിന് പകരം നെടുമ്പാശ്ശേരിയേയും മംഗലാപുരത്തേയുമൊക്കെ ആശ്രയിക്കുന്നതിലൂടെ പതിനായിരം രൂപയോളം അധിക ചിലവും മറ്റു ബുദ്ധിമുട്ടുകളും അവര്‍ നേരിടുന്നു. മലബാര്‍ മേഖലയിലെ ടൂറിസ – വ്യാപാര മേഖലയേയും അത് കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് വിദഗ്ദര്‍ സാക്ഷ്യപ്പെടുത്തുന്നു. കരിപ്പൂര്‍ വിമാനത്താവളം ഇല്ലാതായാല്‍ പകരം മറ്റൊരു വിമാനത്താവളം കോഴിക്കോട്ടോ മലപ്പുറത്തോ വരികയെന്നത് സമീപ ഭാവിയില്‍ പ്രതീക്ഷിക്കാവുന്നതുമല്ല.

ആവശ്യമെങ്കില്‍ ജനങ്ങളില്‍ നിന്നും നേരിട്ട് പണം സ്വരൂപിച്ചു നല്‍കി ഭൂമി ഏറ്റെടുക്കല്‍ പദ്ധതി പൂര്‍ത്തിയാക്കാം എന്ന് പറയുന്ന മുസ്ലിം ലീഗ് ആദ്യം ചെയ്യേണ്ടിയിരുന്നത് പ്രദേശവാസികള്‍ക്ക് പ്രഖ്യാപിച്ച പാക്കേജ് നടപ്പിലാക്കുകയായിരുന്നു. ഭൂമി വിട്ടുനല്‍കില്ലെന്ന് ജനങ്ങള്‍ പറയുന്നതിന്റെ പ്രധാന കാരണം അവരിത്രകാലം കബളിക്കപ്പെട്ടു എന്നുള്ളതാണ്. മലപ്പുറത്തേയും മലബാറിലേയും പ്രമുഖ രാഷ്ടീയ കക്ഷി എന്ന നിലയിലും, പത്തുവര്‍ഷത്തോളം കേന്ദ്ര മന്ത്രി സഭയിലെ സജീവ സാനിധ്യമായിരുന്നു എന്ന നിലയിലും കരിപ്പൂര്‍ നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യാന്‍ അവര്‍ക്കാവുമായിരുന്നു. സ്വകാര്യ പങ്കാളിത്തമുള്ള നെടുമ്പാശ്ശേരിയും വരാന്‍പോകുന്ന കണ്ണൂരും കൂടുതല്‍ ലാഭകരമാകണമെങ്കില്‍ കരിപ്പൂരിന്റെ വാതിലുകള്‍ അടയ്ക്കുകയെന്നത് അവര്‍ക്ക് എളുപ്പം ചെയ്യാവുന്ന കാര്യമാണ്. 

‘സമര സമിതിയിലുള്ള ബഹുഭൂരിപക്ഷം പേരും മുസ്ലിം ലീഗിന്റെ പ്രവര്‍ത്തകരാണ്. എങ്കിലും ഒരു നേതാക്കളും പറയുന്ന കാര്യങ്ങള്‍ ഞങ്ങള്‍ മുഖവിലയ്ക്കെടുക്കില്ല, അതിനി ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവായാലും ശരി. വെറുതേ ചാനല്‍ പ്രസംഗം നടത്താന്‍ ആര്‍ക്കും കഴിയും. എന്നാല്‍ ഇരകളൊട് നേരിട്ട് സംസാരിച്ചിട്ടാണോ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് എന്ന് അന്വേഷിക്കണം. ഹജ്ജ് എംബാര്‍ഗേഷന്‍ പോയിന്റ് താല്‍കാലികമായി നെടുമ്പാശ്ശേരിയിലേക്ക് മാറ്റും എന്ന വാര്‍ത്തവന്ന് മൂന്നാംനാള്‍ തന്നെ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത് സ്ഥിരം ഹജ്ജ് ഹൗസ് നെടുമ്പാശ്ശേരിയില്‍ ഉണ്ടാകുന്നതിനെ കുറിച്ചാണ്. അപ്പോള്‍ ഇവരെല്ലാം അറിഞ്ഞുകൊണ്ടുള്ള കളികളാണ് നടക്കുന്നത് എന്നര്‍ത്ഥം’ ജാസിര്‍ പറയുന്നു.

എന്നാല്‍ മുസ്ലിം ലീഗ് മേഖലാ സെക്രട്ടറി ഉമ്മര്‍ ബാവ പറയുന്നത് ഇങ്ങനെയാണ് ‘മുന്‍പും ഇതുപോലൊരു ആവശ്യം വന്നപ്പോള്‍ വിദേശ രാജ്യങ്ങളിലടക്കം പോയി പണം സ്വരൂപിച്ച് വിമാനതാവളം നിലനിര്‍ത്താന്‍ ഏറ്റവും കൂടുതല്‍ പരിശ്രമിച്ച പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. അതുകൊണ്ട് തന്നെ പ്രസിഡന്റു പറഞ്ഞകാര്യം ഏറ്റെടുത്ത് നടത്താനും പാര്‍ട്ടിക്ക് കഴിയും. വിമാനതാവളം നിലനില്‍ക്കുകയെന്നത് പാര്‍ട്ടിയുടെ ആവശ്യം കൂടിയാണ്. അതുകൊണ്ടുതന്നെ അതിന് വേണ്ടി ഏതറ്റം വരെ പോകാനും ഞങ്ങള്‍ തയ്യാറാകും‘. 

വേണ്ടത്ര സുരക്ഷിതമല്ലാത്ത ടേബിള്‍ ടോപ്പ് റണ്‍വേയാണ് കരിപ്പൂരിലേത്. ഇതുവരെ കാര്യമായ ദുരന്തങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും മംഗലാപുരം ദുരന്തത്തിന് ശേഷം റണ്‍വേ നവീകരണമെന്ന ആവശ്യം കൂടുതല്‍ ശക്തമാണ്. ഒന്‍പതിനായിരത്തോളം ചതുരശ്ര അടി വിസ്തൃതിയുള്ള നിലവിലെ റണ്‍വേ പതിമൂവായിരത്തോളമെങ്കിലും എത്തിക്കണം. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലമാണ് ഇതു നടക്കാത്തതെന്ന് പ്രദേശവാസികള്‍ പറയുന്നു. റണ്‍വേ റീകാര്‍പറ്റിംഗിന് വേണ്ടി ആറുമാസത്തേക്ക് വിമാനത്താവളം അടച്ചിടുമെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ആദ്യം പറഞ്ഞത്. എന്നാല്‍ പണിപൂര്‍ത്തിയാവാന്‍ ഒന്നര വര്‍ഷത്തോളമെടുക്കുമെന്നാണ് ഇപ്പോള്‍ പറയുന്നത്. കേവലം രണ്ടായിരത്തോളം അടി റീകാര്‍പറ്റിംഗ് നടത്താന്‍ എന്തിനാണ് ഒന്നര വര്‍ഷം? ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ മുവ്വായിരത്തോളം അടി റീകാര്‍പറ്റിംഗ് എണ്‍പതു ദിവസം കൊണ്ടാണ് തീര്‍ത്തത് എന്നിരിക്കെ കരിപ്പൂരിന് മാത്രം എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളും ജനപ്രതിനിധികളും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും പൊതുജനങ്ങളും യാഥാര്‍ത്ഥ്യ ബോധത്തോടെ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ കരിപ്പൂര്‍ വിമാനത്തവളത്തിന് ചരമക്കുറിപ്പെഴുതേണ്ടിവരും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍