UPDATES

പ്രവാസം

തങ്ങളുടെ ജീവന്‍വച്ച് കൊലവിളി നടത്തിയവരോട് പ്രവാസികള്‍ക്ക് പറയാനുള്ളത്

Avatar

അഴിമുഖം പ്രതിനിധി

കരിപ്പൂര്‍ വിമാനത്തില്‍ അരങ്ങേറിയ കൊലപാതകവും സംഘര്‍ഷവും അതിനുശേഷം നാലുദിവസമായി തുടരുന്ന ചര്‍ച്ചകളും സംസ്ഥാനത്ത് കൊഴുക്കുമ്പോള്‍ സോഷ്യല്‍മീഡിയയിലെങ്ങും പ്രവാസി മലയാളികളുടെ രോഷം പതയുന്നു. സുരക്ഷയൊരുക്കേണ്ടവര്‍ ചേരിതിരിഞ്ഞ് തല്ലുകയും കൊല്ലുകയും റണ്‍വേ തൊടാന്‍പോയ വിമാനങ്ങളെ യാതൊരു മനുഷ്യത്വവുമില്ലാതെ ഇറക്കാന്‍ അനുവദിക്കാത്തതും എയര്‍പോര്‍ട്ട് തല്ലികത്തകര്‍ത്തതുമൊന്നും ആയിരക്കണക്കായ പ്രവാസികള്‍ക്ക് ഇതുവരെ വിശ്വസിക്കാനായിട്ടില്ല. മണലാരണ്യത്തില്‍ ജീവിതത്തിന്റെ വലിയൊരു ഭാഗം ഹോമിച്ച് കുടുംബത്തെ ഒരു നോക്ക് കാണാന്‍, അപകടത്തില്‍ മരിച്ച മകന്റെ, അച്ഛന്റെ മൃതദേഹം അവസാനമായിക്കാണാന്‍, രോഗബാധിതരായ രക്ഷിതാക്കളെ കാണാന്‍ ഓടിയെത്തിയവരെ നിലംതൊടീക്കാതെ കൊച്ചിയിലേക്ക് തിരിച്ച് പറത്തിയതും അവിടുന്ന് കുറ്റവാളികളെപ്പോലെ പൊലീസ് ബസ്സില്‍ കോഴിക്കോട്ടേക്ക് തിരിച്ചയച്ചതും അധികാരികളും കുറ്റംചെയ്തവരും എന്തൊക്കെ ന്യായീകരണം നടത്തിയാലും അനുവദിക്കാനാവില്ലെന്നാണ് പ്രവാസികള്‍ കുറിച്ചിട്ടത്. അവരുടെ രോഷവും തേങ്ങലുമെല്ലാം ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും വൈറാലാവുമ്പോഴും രാജ്യത്തെ നടുക്കിയ സംഭവത്തില്‍ നാലുദിവസമായിട്ടും യഥാര്‍ഥത്തില്‍ നടന്നതെന്തെന്നുപോലും വ്യക്തമാക്കാനാവാതെ അന്വേഷണസംഘവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമെല്ലാം ഇരുട്ടില്‍ തപ്പുകയാണ്.

വാട്‌സ് ആപ്പിലുടെ ബഹ്‌റിനില്‍ നിന്നും വൈറലായി പരക്കുന്ന ഒരു കുറിപ്പിലേക്ക്…..

ആകാശപ്പറവയിലെ ദീന രോദനങ്ങള്‍
കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ദേഹ പരിശോധനയുമായി ബന്ധപ്പെട്ട് നിങ്ങള്‍ ഉണ്ടാക്കിയ സംഘര്‍ഷത്തെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടതില്‍ അതിയായ വേദനയും ദുഃഖവുമുണ്ട്. അതില്‍ പ്രതിഷേധിച്ച് ഫയര്‍ എഞ്ചിനുകള്‍ റണ്‍വേയിലിട്ട് റണ്‍വേ ഉപരോധിച്ച് നിങ്ങള്‍ പ്രതിഷേധിച്ചപ്പോള്‍ നിങ്ങളുടെ തലക്കു മുകളില്‍ വട്ടമിട്ട് പറന്ന് നിലത്ത് ഇറങ്ങാന്‍ അനുവാദം ചോദിച്ച് കാത്തിരുന്ന ആ ആകാശപ്പറവകളില്‍ വര്‍ഷങ്ങളോളം മണലാരണ്യത്തില്‍ കഷ്ടപ്പെട്ട് ഉറ്റവരെയും ഉടയവരേയും കാണാനുളള വെപ്രാളത്തില്‍ ടിക്കറ്റ് കടം വാങ്ങി വന്ന എണ്ണമററ സഹോദരങ്ങളുണ്ടായിരുന്നു…മരണം കാത്തു കിടന്ന പിതാവിനെ കാണാന്‍ ഓടി വന്ന ഒരു മകനുണ്ടായിരുന്നു…

മാതാവ് മരിച്ചൂ എന്ന വാര്‍ത്ത കേട്ട് മാനസ്സികമായി തളര്‍ന്ന ഭാര്യയെയും കുട്ടികളെയും താങ്ങിപ്പിടിച്ച് വന്ന അയല്‍വാസി ഉണ്ടായിരുന്നു. പത്താം ക്ലാസ്സില്‍ പഠിക്കുന്ന, തന്റെ ഏക ആശ്രയമായ മകന്‍ കാര്‍ത്തിക് ആക്‌സിഡന്റില്‍ കൊല്ലപ്പെട്ടതറിഞ്ഞ് അവനു വേണ്ടി വാങ്ങി വെച്ച പുത്തനുടുപ്പും, മൊബൈല്‍ ഫോണുമെല്ലാം വലിച്ചെറിഞ്ഞ് ചേതനയറ്റ മകന്റെ മൃതദേഹം അടക്കുന്നതിന് മുന്നേ കിട്ടുന്ന സമയമത്രയും കണ്‍ നിറയെ കാണാനോടി വന്ന ലക്ഷ്മിമിയേച്ചിയുണ്ടായിരുന്നു. അവരെല്ലാം നിങ്ങളോട് കേണപേക്ഷിച്ചു…ഞങ്ങളെയൊന്ന് ഇറങ്ങാനനുവദിക്കൂ..

ഞങ്ങളൊന്ന് നിലത്തിറങ്ങട്ടെ…
കണ്ണീരൊലിപ്പിച്ചു..
കേട്ടില്ല നിങ്ങള്‍..
അവരുടെ കണ്ണുനീര്‍ നിങ്ങള്‍ കണ്ടില്ല..

മാത്രവുമല്ല, അങ്ങകലെ അറേബ്യന്‍ മണലാരണ്യത്തില്‍ നിന്ന് ദൈവത്തിന്റെയും തങ്ങളുടെയും കരങ്ങളില്‍ ഭാരമേല്‍പ്പിച്ച് വിമാനത്തില്‍ കയറിയ യാത്രക്കാരെ സുരക്ഷിതമായൊന്ന് നിലത്തിറക്കാന്‍ വേണ്ടി നിങ്ങളോട് യാചനയുടെ ഭാഷയില്‍ കരഞ്ഞു പറഞ്ഞ പ്രിയപ്പെട്ട പൈലറ്റുമാരായ ഗോകുല്‍ കരം ചന്ദിന്റെയും, കിരണ്‍ പ്രഭാകറിന്റെയും യാചന നിങ്ങളറിഞ്ഞില്ല..വിമാനത്തില്‍ ഇന്ധനം തീരാറായി. അപകടം പതിയിരിക്കുന്നൂ എന്ന് അവര്‍ തന്ന മുന്നറിയിപ്പുകള്‍ നിങ്ങള്‍ പുച്ഛിച്ചു തളളി.

ഇതിനെല്ലാം പുറമെ നീണ്ട കാലത്തിന് ശേഷം പിറന്ന മണ്ണിലേക്ക് വിരുന്നു വരുന്ന തങ്ങളുടെ ഉറ്റവരേയും ഉടയവരേയും സ്വീകരിക്കാന്‍ കാത്തിരുന്ന മാതാപിതാക്കള്‍, ഭാര്യമാര്‍, സഹോദരന്മാര്‍, കുട്ടികള്‍, ബന്ധു മിത്രാദികള്‍ ഇവരെല്ലാം കേണു കെഞ്ചി അപേക്ഷിച്ചു… അവരെയൊന്നിറങ്ങാന്‍ അനുവദിക്കൂ. അവരെയും കൂടി കൊലയ്ക്കു കൊടുക്കല്ലേയെന്ന്. കേട്ടില്ല, ചെവി കൊടുത്തില്ല നിങ്ങള്‍. അവരെ നിങ്ങള്‍ ആട്ടിയോടിച്ചു, അടിച്ചു, തൊഴിച്ചു. എയര്‍പോര്‍ട്ട് ആക്രമണകാരികളോടെന്ന പോലെ പെരുമാറി നിങ്ങള്‍. യാത്രക്കാരില്‍ പലരും മോഹാലസ്യപ്പെട്ടു തുടങ്ങി..

സമയം അതിക്രമിച്ചു….
വിമാനത്തില്‍ കൂട്ട നിലവിളി…
പുറത്ത് അലമുറയിടല്‍…
മണിക്കൂറുകള്‍ ആകാശത്ത് വട്ടമിട്ട് പറന്ന വിമാനത്തില്‍ ഇന്ധനം കുറഞ്ഞു തുടങ്ങി..

ഇല്ല ഇനി കാത്തിരിക്കാന്‍ വയ്യ…കാത്തിരുന്നാല്‍ ഒരു വലിയ ദുരന്തം മുന്നില്‍ കാണുന്നു…..കരിപ്പൂരിന്റെ ആകാശത്ത് അഗ്‌നി ഗോളം പൊട്ടിത്തെറിക്കുന്ന പേടി സ്വപ്നം അലട്ടിയ മനുഷ്യ സ്‌നേഹികളില്‍ പെട്ട ആരോ ഒരു ഉദ്യോഗസ്ഥന്‍
നെടുമ്പാശ്ശേരിയിലേക്ക് ബന്ധപ്പെട്ടു.വിമാനം അങ്ങോട്ട് തിരിച്ചു..പക്ഷേ ഇന്ധനം തികയുമോ എന്ന ആശങ്ക. ഇല്ല…ദൈവം കൈവിടില്ല എന്ന ആ ഒരു വിശ്വാസത്തില്‍ നെടുമ്പാശ്ശേരിയിലേക്ക്… അതേ, എല്ലാവരും മൗന പ്രാര്‍ത്ഥനയില്‍..
സുരക്ഷിതമായി എത്തുമോ..? അതോ ആകാശത്ത് തീ ഗോളമായി ഒടുങ്ങുമോ….?

ഒടുവില്‍ ഇന്ധന ടാങ്കുകളില്‍ നിന്നും കരച്ചില്‍ തുടങ്ങുമ്പോഴേക്കും ആകാശപ്പറവ നിലം തൊട്ടു. അത്ഭുതത്തോട് കൂടി യാത്രക്കാര്‍ പരസ്പരം ആശ്ലേഷിച്ചു! തിരിച്ചു കിട്ടിയ ജീവനുമായി പതിയെ പതിയെ അവര്‍ നടന്നു. മുഖത്ത് നിന്നും ഭീതിയുടെ നിഴല്‍ വിട്ടു പോവാതെ അവര്‍ പുറത്തിറങ്ങി.

നിസ്സാര പ്രശ്‌നങ്ങള്‍ക്ക് പരസ്പരം പോരടിച്ച് സഹപ്രവര്‍ത്തകന്റെ നെഞ്ചിലേക്ക് നിറയൊഴിക്കുന്ന നിങ്ങളാണോ ഈ രാജ്യത്തെ സംരക്ഷിക്കുന്നര്‍…? തന്ത്രപ്രധാന മേഖലയിലെ കാവല്‍ക്കാരായി നില്‍ക്കുന്ന നിങ്ങള്‍ ഒരു രാജ്യത്തെ പൗരന്മാരുടെ ജീവന് തരിമ്പും വില കല്‍പ്പിക്കാതെ സമരംചെയ്തത് ശരിയായിരുന്നു എന്ന് തോന്നുണ്ടോ….?

ഇല്ല കൂട്ടരേ….ഇല്ല…നിങ്ങളുടെ ഈ നെറികേടിന് മാപ്പില്ല…!!!

നിങ്ങളില്‍ ഒരാള്‍ വര്‍ഷങ്ങളായി ഒപ്പം ജോലി ചെയ്തു വരുന്ന കോ-വര്‍ക്കറുടെ നെഞ്ചത്തേക്ക് നിറയൊഴിച്ചപ്പോള്‍ അത് ചെന്ന് പതിച്ചത് ഞങ്ങള്‍ പാവങ്ങളുടെ നെഞ്ചിലാണ്…

നിങ്ങള്‍ തകര്‍ത്തുകളഞ്ഞത് കരിപ്പൂര്‍ എയര്‍പോര്‍ട്ട് നിലനിന്ന് കാണണമെന്നാഗ്രഹിക്കുന്ന പതിനായിരങ്ങളുടെ സ്വപ്നങ്ങളെയാണ്. ആകാശപ്പറവയില്‍ നിന്നുയര്‍ന്ന ദീന രോദനങ്ങളെ അവഗണിച്ച നിങ്ങള്‍ക്ക് ദൈവം മാപ്പ് തരില്ല…

ആര്‍ക്ക് വേണ്ടിയാണോ ഈ തിരക്കഥയാട്ടം നടത്തിയത് അവര്‍ക്കും നിങ്ങള്‍ക്കും കാലം മാപ്പ് തരില്ല. അവരെഴുതിയ തിരക്കഥയിലെ അറിയാത്ത കഥാപാത്രമായി കടന്നു വന്ന മരണമെന്ന വില്ലന്‍ കൊണ്ടുപോയ സി ഐ എസ് എഫ് ഉദ്യോഗസ്ഥന്‍ എസ് എസ് യാദവിന് ആദരാഞ്ജലികള്‍…

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍