UPDATES

വായന/സംസ്കാരം

കാറല്‍ മാര്‍ക്‌സ്, കൈലാസം വീട്

Avatar

ജിസ ജോസ്
കാറല്‍ മാര്‍ക്‌സ് ,കൈലാസം വീട് (നോവല്‍)
രാജീവ് ശിവശങ്കര്‍
പൂര്‍ണ പബ്ലിക്കേഷന്‍സ് 
207 pages / 180. 00

സത്യമെന്നത് മനുഷ്യന്‍ പറഞ്ഞ ഏറ്റവും ദൈര്‍ഘ്യമേറിയ നുണയാണ് എന്നു പ്രസ്താവിച്ച നീത്‌ഷെക്ക് ചിത്തഭ്രമം ബാധിച്ചിരുന്നു. സമചിത്തതയെക്കുറിച്ചുള്ള സാമൂഹ്യ ധാരണകളെ തിരസ്‌കരിച്ച ബൗദ്ധിക പ്രതിഭയുടെ ആത്മവിമര്‍ശനവും പ്രതിരോധവുമായിരുന്നു അദ്ദേഹത്തിന്റെ ഈ വാക്കുകള്‍. സത്യം, മര്യാദ, കീഴ്‌വഴക്കങ്ങള്‍, നിയമങ്ങള്‍ തുടങ്ങി സമൂഹത്തെ രൂപപ്പെടുത്തുന്ന സ്ഥാപനങ്ങളെല്ലാം അത്യന്തികമായി ഒരു പെരുങ്കള്ളം മാത്രമാണെന്ന തിരിച്ചറിവില്‍ നിന്നേ അതിനെ തകര്‍ക്കാനുള്ള ഊര്‍ജ്ജവും ഉണ്ടാവുന്നുള്ളൂ. ഒരു ഭ്രാന്തനു മാത്രം സാധ്യമാവുന്ന ധൈര്യവും ആര്‍ജ്ജവവും കൊണ്ടേ അതു സാധ്യമാവു താനും. രാജീവ് ശിവശങ്കറിന്റെ ‘കാറല്‍ മാര്‍ക്‌സ് കൈലാസം വീട്’ എന്ന നോവല്‍ ചെമ്മാനം എന്ന ഗ്രാമത്തെയും വ്യവസ്ഥിതികളെ തകര്‍ക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ച ഒരു അസാധാരണ മനുഷ്യനെയും പരിചയപ്പെടുത്തുന്നു. നിയമങ്ങളനുസരിച്ച് സ്വച്ഛമായും സുരക്ഷിതരായും ജീവിക്കുന്ന ഭൂരിപക്ഷത്തിന്റെ കണ്ണില്‍ അയാള്‍ ഭ്രാന്തനും കോമാളിയും വിഡ്ഡിയുമായി വിലയിരുത്തപ്പെട്ടു. ആള്‍ക്കൂട്ടത്തില്‍ ചേരാതെ വേറിട്ടു നിന്നതിന്, നിയമങ്ങളും ക്രമങ്ങളും പാലിക്കാത്തതിന് അയാള്‍ പലപ്പോഴും ശിക്ഷിക്കപ്പെടുകയും ചെയ്തു. എന്നിട്ടും വ്യതിരിക്തമായ ചിന്തകളുടെയും പ്രവൃത്തികളുടെയും ഉന്മാദമൂര്‍ച്ഛകളായിരുന്നു കൈലാസം വീട്ടിലെ കമലാസനനെ ലഹരി പിടിപ്പിച്ചത്. ഭ്രാന്തന്‍ എല്ലായ്‌പ്പോഴും സന്തുഷ്ടനാണ്, സന്തോഷിക്കുകയാണ്, ജീവിതത്തിന്റെ ലക്ഷ്യം സന്തോഷമല്ലേ എന്ന ദാര്‍ശനികയുക്തി കൊണ്ട് ഭ്രാന്തിനെ ന്യായീകരിക്കാനും അയാള്‍ക്കു കഴിയുന്നു. ചെമ്മാനത്തെ ആസ്ഥാനഭ്രാന്തനായ തൃപ്പാട്ടൂര്‍ മാഷ് ചൂരല്‍ വടി ചൂണ്ടി എല്ലാവരോടും മര്‍മ്മവേധിയായ ചോദ്യങ്ങള്‍ ചോദിക്കുന്നത് ഭ്രാന്തിന്റെ തണലിലാണ്. ഭ്രാന്ത് മരണത്തെ ഭയപ്പെടുന്നില്ല. അത് പ്രച്ഛന്നനായിരിക്കാന്‍ സഹായിക്കുന്ന ഒളിത്താവളം കൂടിയാണ്. കമലാസനന്‍ അതു വ്യക്തമായി തിരിച്ചറിയുന്നു.

നിഗൂഡമായ, തീവ്രമായ ലഹരി പോലെ ജീവിതവും ഭ്രാന്തും അനുഭവിച്ചു തീര്‍ത്ത കമലാസനന്റെ മരണവാര്‍ത്ത അയാളുടെ സുഹൃത്തുക്കളടക്കമുള്ള ഗ്രാമം വ്യത്യസ്തരീതിയിലാണുള്‍ക്കൊണ്ടത്. സുഗുണനത് നിര്‍ത്താത്ത ചിരിയും സണ്ണിക്ക് മരംകയറ്റവും ദേവകിക്കും ശിവരാജനും ജീവിതത്തിലെ ഏറ്റവും ഉന്മാദകരമായ രതിയുമായിരുന്നു… അവരെല്ലാം കമലാസനന്റെ ഉറ്റ സുഹൃത്തുക്കളായിരുന്നിട്ടും. പരമേശ്വരന്‍ മാത്രമാണ് കമലാസനന്റെ ജീവിതത്തെയും മരണത്തെയും സഹാനുഭൂതിയോടെ വിലയിരുത്താന്‍ ശ്രമിച്ചത്. അയാളാവട്ടെ ഏഥന്‍സിനെ പുതുക്കിയെഴുതാന്‍ ശ്രമിച്ച് മരണശിക്ഷയേറ്റു വാങ്ങിയ സോക്രട്ടീസിനെക്കുറിച്ച് ഒരു നോവലെഴുതുന്നത് സ്വപ്നം കാണുന്നവനും. പാതി വഴിക്ക് നിലച്ചുപോയ നോവലിലെ സോക്രട്ടീസിന് കമലാസനന്റെ ഛായ ആണല്ലോ എന്നോര്‍ത്ത് വിസ്മയിക്കുന്നുണ്ടയാള്‍. പ്രവാസത്തിനു ശേഷം സമ്പന്നനായി നാട്ടില്‍ തിരിച്ചെത്തിയ കമലാസനന്‍ തന്റെ ജീവിതവും ചിന്തകളും കൊണ്ട് നാട്ടുകാരെ സദാ അമ്പരപ്പിച്ചു കൊണ്ടിരുന്നു. ആരും കാണാത്ത തനതായ കാഴ്ചകള്‍, ജീവിക്കാന്‍ ഇങ്ങനെയും സാധ്യമാണെന്ന ചിന്തയും ക്രമങ്ങളെ, സാമൂഹ്യശാസനകളെ മറികടക്കുന്ന പ്രവൃത്തികളും അയാളെ ഗ്രാമത്തിനപരിചിതനാക്കി. നേര്‍വരയില്‍ക്കൂടിയുള്ള ഓട്ടമല്ല ജീവിതമെന്നും വളവും തിരിവും കുന്നും മലയും കുസൃതീം കുന്നായ്‌മേം എല്ലാം ചേര്‍ന്നതാണതെന്നും കൂട്ടുകാരെ ഉദ്‌ബോധിപ്പിച്ച കമലാസന്റെ ചെയ്തികളെല്ലാം അത്തരത്തിലുള്ളതായിരുന്നു. രാഷ്ട്രീയ ജീര്‍ണതകളെ പ്രതിരോധിക്കാന്‍ സഖാവ് കെ.പി. ആറിനെ വെല്ലുവിളിച്ചു കൊണ്ട് സ്വന്തം പേരു കാറല്‍ മാര്‍ക്‌സ് എന്നാക്കി മാറ്റി. കാറല്‍ മാര്‍ക്‌സിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന സഖാവിന്റെ ശാസന പുച്ഛിച്ചു തള്ളി ചുവരെഴുത്തു നടത്തി. സ്‌കൂളില്‍ പഠിച്ചിട്ടല്ല മഹാന്മാരാവുന്നതെന്നും ലോകം കീഴ്‌മേല്‍ മറിച്ചിടേണ്ട പ്രായമാണെന്നും കൗമാരക്കാരെയും, ജീവിതത്തിലിനിയും ആനന്ദങ്ങള്‍ ബാക്കിയുണ്ടെന്ന് വ്യദ്ധന്മാരെയും പ്രലോഭിപ്പിച്ചു. നായപിടുത്ത പരിശീലന കേന്ദ്രവും പരദൂഷണമല്‍സരവും വൈരൂപ്യ റാണി മല്‍സരവും യാചകഗാനമേളയും യാചകജാഥയും മഞ്ചാടി മൈതാനത്തെ പ്ലാവിനെയും പേരാലിനെയും ആദരിക്കലുമൊക്കെ അയാളുടെ കൗതുകകരമായ പ്രവര്‍ത്തനങ്ങളായിരുന്നു. ചിലതൊക്കെ ചിലരെ മുറിപ്പെടുത്തുകയും ചെയ്തു. ഇഷ്ടപ്പെട്ടു കൂടെ കൂട്ടിയ പെണ്‍കിടാവിനെ വിവാഹമെന്ന കരാറു കൊണ്ട് ആയുഷ്‌കാലം ബന്ധിക്കാതെ മടുക്കുമ്പോള്‍ പിരിഞ്ഞു പോകാവുന്ന ആരോഗ്യകരമായ സഹജീവനത്തിനു പ്രേരിപ്പിച്ചു. അവള്‍ക്കു മാസം തോറും ശമ്പളവും നിശ്ചയിച്ചു. സംവാദങ്ങള്‍ക്കും തുറന്ന ചര്‍ച്ചകള്‍ക്കും വേണ്ടി കവലയില്‍ മുറി വാടകക്കെടുത്ത് വെടിപ്പുര ആരംഭിച്ചു. യാചകര്‍ക്ക്, വേശ്യകള്‍ക്ക് സ്വന്തം സ്ഥലത്ത് പുനരധിവാസമൊരുക്കി. തന്നെ അപഹസിച്ച തീനാമ്പ് പത്രത്തിന് അതേ നാണയത്തില്‍ ചുട്ട തിരിച്ചടി നല്‍കി. തന്റെ സ്വകാര്യ സ്വത്തായിരുന്ന മഞ്ചാടി മൈതാനം ചതിയിലൂടെ പഞ്ചായത്ത് ഏറ്റെടുത്തത് അയാളെ വിഷമിപ്പിച്ചില്ല. പക്ഷേ അവിടെ കളിസ്ഥലത്തിനു പകരം ഷോപ്പിങ് കോംപ്ലക്‌സ് പണിയാനുള്ള തീരുമാനം കമലാസനനെ പ്രകോപിതനാക്കി. അതു തടയാനായി അയാള്‍ കൊണ്ടുവന്നു കുഴിച്ചിട്ട കരിങ്കല്‍ കഷണം വിഷ്ണൂ മൂര്‍ത്തിയുടെ സ്വയംഭൂ വിഗ്രഹമായതും നാട്ടില്‍ വര്‍ഗ്ഗീയ കലാപം ആളിക്കത്തിയതും പക്ഷേ അയാളുടെ പ്രതീക്ഷിച്ചതായിരുന്നില്ല.. ചെമ്മാനത്തിന്റെ മതമൈത്രിയെക്കുറിച്ചഭിമാനിച്ചിരുന്ന സുഹൃത്തുക്കളോട് മത സൗഹാര്‍ദ്ദം വ്യാമോഹമാണെന്നും ഏതു നിമിഷവും വര്‍ഗ്ഗീയവിദ്വേഷമുണ്ടാകാമെന്നും ചരിത്രത്തിലുടനീളം അത്തരം കലാപങ്ങള്‍ക്കു ദൃഷ്ടാന്തങ്ങളുണ്ടെന്നും അയാള്‍ മുമ്പു പറഞ്ഞതിനു പ്രവചനസ്വഭാവമുണ്ടാവുകയായിരുന്നു. കമലാസനന് വീണ്ടും നാടുവിടേണ്ടി വരുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം മുഴുഭ്രാന്തനായി തിരിച്ചെത്തുന്ന കമലാസനന്‍ തന്റെ ലോകത്തെ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ, എല്ലാ യുക്തികള്‍ക്കുമതീതമായി അനുഭവിച്ചു തീര്‍ക്കുന്നു. ആദ്യത്തെ കമലാസന്റെത് സൗന്ദര്യാധിഷ്ഠിതവും സാഹസികവുമായ ക്രമഭംഗങ്ങളായിരുന്നുവെന്നു മാത്രം. രണ്ടാമത്തേത് വൈരൂപ്യത്തിന്റെ, ഉന്മാദത്തിന്റെ കൂടുതല്‍ തീക്ഷണമായ നിയമ ലംഘനങ്ങളാവുന്നു. ഭ്രാന്തിന്റെ, ഭ്രാന്തന്റെ അപാരമായ സ്വാതന്ത്ര്യവും സാധ്യതയും. ആനന്ദത്തിന്റെ അപരിമേയമായ അനേകം വഴികള്‍. 

ലോകത്തിന്റെ ക്രമബദ്ധമായ വ്യവഹാരങ്ങളെ, പ്രതിനിധാനങ്ങളെ നിരസിക്കുന്ന, സാമൂഹ്യമര്യാദകളെ അതിലംഘിക്കുന്ന സ്വാത്മബോധത്തിന്റെ തീവ്രതയാണു കമലാസനിലുള്ളത്. ഇത്തരം മനുഷ്യരെ മെരുക്കിയെടുക്കാനും നിയമങ്ങള്‍ക്കകത്ത് പരുവപ്പെടുത്തിയെടുക്കാനും സാധ്യമല്ല. അവര്‍ എല്ലാക്കാലത്തുമുണ്ട് താനും. വിമര്‍ശനാത്മകമായ ചോദ്യങ്ങളുന്നയിച്ചുകൊണ്ട് അധികാരത്തിന്റെ വ്യവസ്ഥാപിതത്വങ്ങളെ അവര്‍ നിരന്തരം ചോദ്യം ചെയ്തു കൊണ്ടിരിക്കും. ഭ്രാന്തനെന്നും കോമാളിയെന്നും അവരെ നിസാരീകരിക്കാനാവാത്ത വിധം സംസ്‌കാരത്തെ, സമൂഹത്തെ അവര്‍ പുതുക്കിപ്പണിയുന്നുണ്ട്. സോക്രട്ടീസിന്റെയും മാര്‍ക്‌സിന്റയുമൊക്കെ ചരിത്രപരമായ പ്രാധാന്യവും അതുതന്നെയാണ്. ഒരു പക്ഷേ കമലാസനന്റേതും…

(ഗവണ്‍മെന്‍റ് ബ്രണ്ണന്‍ കോളേജില്‍ മലയാള വിഭാഗം അധ്യാപികയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍