UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കര്‍ണാടകയില്‍ ബ്രാഹ്മണര്‍ യാഗത്തിന് ആടിനെയറുത്തു, ചാരായം കുടിച്ചു

അഴിമുഖം പ്രതിനിധി

കര്‍ണാടകയിലെ ഷിമോഗയില്‍ ബ്രാഹ്മണ പുരോഹിതന്‍മാര്‍ എട്ട് ആടുകളെ യാഗത്തില്‍ ബലിയര്‍പ്പിച്ചത് വിവാദമാകുന്നു. സങ്കേതി ബ്രാഹ്മണരാണ് സോമ യാഗം നടത്തി ആടുകളെ ബലിയര്‍പ്പിച്ചത്. ഷിമോഗയ്ക്ക് സമീപത്തെ മാട്ടൂരിലെ ശ്രീകണ്ഠപുരയിലാണ് യാഗം നടത്തിയത്.

ആടുകളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയശേഷം കഷ്ണങ്ങളായി മുറിച്ച് അഗ്നിക്ക് അര്‍പ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. യാഗത്തിനുശേഷം ആട്ടിറച്ചി ബ്രാഹ്മണ പുരോഹിതന്‍മാര്‍ ഭക്ഷിക്കുകയും നാടന്‍ ചാരായം കുടിക്കുകയും ചെയ്തു.

ഏപ്രില്‍ 22-നും 27-നും ഇടയിലാണ് യാഗം നടന്നത്. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 17 പുരോഹിതന്‍മാരാണ് യാഗത്തില്‍ പങ്കെടുത്തതെന്ന് കന്നഡ പത്രമായ പ്രജാവാണി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ യാഗം ബ്രാഹ്മണര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. ഇത് ക്രൂരമായ ആചാരമാണെന്ന് പറഞ്ഞ് നിരവധി സമുദായ നേതാക്കന്‍മാര്‍ അപലപിച്ചിട്ടുണ്ട്. സംസ്‌കൃത പണ്ഡിതനായ ഡോക്ടര്‍ സനദ് കുമാറാണ് യാഗം സംഘടിപ്പിച്ചത്.

13 വര്‍ഷം മുമ്പ് ഇതേ ഗ്രാമത്തില്‍ സമാനമായ യാഗം നടന്നിരുന്നു. അന്ന് കര്‍ണാടക ഭരിച്ചിരുന്ന എസ് എം കൃഷ്ണയെ സ്ഥാനഭ്രഷ്ടനാക്കാണ് യാഗം നടത്തിയതെന്ന് പങ്കെടുത്തവര്‍ പറയുന്നു. ഇത് അന്ന് വിവാദമായതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി സോമയാഗം നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. ലോകത്തെമ്പാടുമായി 25,000-ത്തില്‍ താഴെ മാത്രമാണ് സങ്കേതി ബ്രാഹ്മണരുടെ അംഗസംഖ്യ. മലയാളം, കന്നഡ, തമിഴ് കലര്‍ന്ന ഭാഷയാണ് അവര്‍ സംസാരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍