അഴിമുഖം പ്രതിനിധി
കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ പുത്രന് രാകേഷ് സിദ്ദരാമയ്യ അന്തരിച്ചു. മുപ്പത്തിയൊമ്പതു വയസ് ഉണ്ടായിരുന്നു. ബെല്‍ജിയത്തില്‍ വച്ചായിരുന്നു അന്ത്യം. കരള്‍സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ രാകേഷ് ബെല്‍ജിയത്തിലെ ആശുപത്രിയില്‍ തീവ്രപരിചരണത്തിലായിരുന്നു.
സുഹൃത്തുക്കളുമൊത്തെ ബല്‍ജിയത്തില്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയതിനിടയിലായിരുന്നു രാകേഷ് അസുഖബാധിതനായത്. തുടര്‍ന്ന് ബ്രസല്‍സിലെ ആന്റ്വെര്‍പ് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മകന്റെ രോഗവിവരം അറിഞ്ഞ് മുഖ്യമന്ത്രിയും ഭാര്യയും കഴിഞ്ഞദിവസം അങ്ങോട്ട് പുറപ്പെട്ടിരുന്നു.
സിദ്ദരാമയ്യുടെ മൂത്തപുത്രനായ രാകേഷ് പിതാവിന്റെ പാത പിന്തുടര്ന്ന് രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. മൈസൂര്‍ കേന്ദ്രമാക്കിയായിരുന്നു രാകേഷിന്റെ പ്രവര്‍ത്തനം. 2018 ല്‍ നടക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ വര്‍ണ മണ്ഡലത്തില്‍ നിന്നും മത്സരിക്കാനും രാകേഷ് തയ്യാറെടുത്തിരുന്നു.