UPDATES

രാത്രിയില്‍ ടെന്നീസ് പഠിക്കാന്‍ പോയതെന്തിന്? കൂട്ടമാനഭംഗത്തിന്റെ ഇരയോട് കര്‍ണാടക ആഭ്യന്തരമന്ത്രി

അഴിമുഖം പ്രതിനിധി

ടെന്നീസ് ക്ലബിലെ സെക്യൂരിറ്റി ജീവനക്കാരാല്‍ കൂട്ടബലാത്സംഗത്തിന് ഇരയായ സ്ത്രീയെ വീണ്ടും അപമാനിച്ചു കൊണ്ട് കര്‍ണാടക ആഭ്യന്തരമന്ത്രിയുടെ പരാമര്‍ശം. ആഭ്യന്തര വകുപ്പിന്റെ ചുമതല പുതിയതായി ഏറ്റെടുത്ത ജി പരമേശ്വരയാണ് ഇരയായ സ്ത്രീയെ പരോക്ഷമായി കുറ്റപ്പെടുത്തുന്നത്. കര്‍ണാടക പിസിസി പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം.

രാത്രി ഒമ്പതരയോടെ തുങ്കൂറില്‍ നിന്നുള്ള ഒരു സ്ത്രീ ടെന്നീസ് ക്ലബില്‍വച്ച് മാനഭംഗത്തിന് ഇരയായത് നിര്‍ഭാഗ്യകരമാണ്. അവര്‍ ടെന്നീസ് പഠിക്കാന്‍ ആഗ്രഹിച്ചിട്ടുണ്ടാവും, പക്ഷേ അത്രയും രാത്രിയാകുന്നതുവരെ അവര്‍ ടെന്നീസ് പഠിക്കാന്‍ ക്ലബിനു സമീപം കാത്തു നിന്നത് എന്തുകൊണ്ടാണെന്നാണ് ചോദ്യം? പരമേശ്വരയുടെ പരമാര്‍ശം ഇപ്രകാരമായിരുന്നു.

ഇരയെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള പരമാര്‍ശം മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായത് വാര്‍ത്തയായതോടെ തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന ആക്ഷേപവുമായി പരമേശ്വര രംഗത്തെത്തി. രാത്രിയിലാണ് സംഭവം നടന്നതെന്നാണ് ഞാന്‍ ഉദ്ദേശിച്ചതെന്നും അതിനെ മാധ്യമങ്ങള്‍ മറ്റൊരുതരത്തിലേക്ക് മാറ്റിയെടുക്കുകയായിരുന്നുമെന്നും മന്ത്രി തന്റെ ഭാഗം ന്യായീകരിക്കുന്നു. 

കഴിഞ്ഞ ബുധനാഴ്ച്ചയാണ് ബംഗളൂരുവിലെ പ്രശസ്തമായ കബ്ബോണ്‍ പാര്‍ക്കിലെ ടെന്നീസ് ക്ലബില്‍ അംഗത്വമെടുക്കാന്‍ എത്തിയ മുപ്പതുകാരി പീഡനത്തിന് ഇരയായത്. രാത്രി ഒമ്പതുമണിയോടെയാണ് ഈ യുവതി ക്ലബില്‍ അംഗത്വമെടുക്കുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എത്തുന്നത്. എന്നാല്‍ സമയം വൈകിയതിനാല്‍ നാളെ വരാന്‍ പറഞ്ഞ് ക്ലബ് അധികൃതര്‍ യുവതിയെ മടക്കി. അധികൃതരുമായി സംസാരിച്ചു പുറത്തിറങ്ങിയ യുവതിക്ക് ക്ലബിനു പുറത്തേക്കുപോകാനുള്ള സഹായം ചെയ്തുകൊടുക്കാമെന്നു പറഞ്ഞ് കൂടെ കൂടിയ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ലൈംഗികമായി പീഢിപ്പിക്കുകയായിരുന്നു. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

അതേസമയം ഇരയെ അപമാനിച്ച കര്‍ണാടക ആഭ്യന്തര മന്ത്രി ഉടന്‍ രാജിവയ്ക്കണമെന്ന ആവശ്യവുമായി കേന്ദ്ര വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധി രംഗത്തെത്തി. തെറ്റായ സന്ദേശമാണ് മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. ചെയ്യുന്ന ജോലിയില്‍ താത്പര്യമില്ലെങ്കില്‍ രാജിവച്ചുപോകണം; മനേക ഗാന്ധി പ്രതികരിച്ചു. 

എന്നാല്‍ ലൈംഗികക്രൂരതകള്‍ക്ക് ഇരകളാകുന്നവരോട് ഭരണാധികാരികളുടെ ഭഗത്തു നിന്നുണ്ടാകുന്ന ആക്ഷേപങ്ങള്‍ ഇതാദ്യത്തേതല്ല കര്‍ണാടകയില്‍. രണ്ടു മാസങ്ങള്‍ക്കു മുമ്പാണ് പരമേശ്വരയുടെ മുന്‍ഗാമിയായിരുന്ന കെ ജെ ജോര്‍ജ് ഇരുപത്തുരണ്ടുകാരിയായ കോള്‍ സെന്റര്‍ ജീവനക്കാരി മാനഭംഗത്തിനിരയായ സംഭവത്തില്‍ വിവാദപരമായ മറ്റൊരു പരാമര്‍ശം നടത്തിയത്. രണ്ടു പേര്‍ ചേര്‍ന്നു നടത്തുന്ന മാനഭംഗത്തെ എങ്ങനെ കൂട്ടമാനഭംഗം എന്നു പറയുമെന്നായിരുന്നു മുന്‍ ആഭ്യന്തര മന്ത്രിയുടെ ചോദ്യം. കുറഞ്ഞത് മൂന്നോ നാലോ പേരെങ്കിലും ഉണ്ടെങ്കില്‍ അല്ലേ കൂട്ടമാനഭംഗം ആകൂ എന്നും മന്ത്രി സംശയം പ്രകടിപ്പിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍