UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാങ്ക് വിദ്യാഭ്യാസ വായ്പ അനുവദിച്ചില്ല; മുസ്ലിം പെണ്‍കുട്ടി മോദിക്ക് കത്തെഴുതി; പത്തു ദിവസത്തിനുള്ളില്‍ വായ്പ ശരിയായി

പഠിക്കാന്‍ ആഗ്രഹിക്കുന്ന ഒരു മകളെ സഹായിക്കണമെന്നായിരുന്നു ബിബിയുടെ അഭ്യര്‍ത്ഥന

പഠിക്കണമെന്ന ആഗ്രഹം ഉപേക്ഷിക്കാന്‍ കഴിയാതിരുന്നതുകൊണ്ടാണ് ബിബി സാറ എന്ന മുസ്ലിം പെണ്‍കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയത്. എംബിഎയുടെ കോഴ്‌സ് ഫീസായി ഒന്നരലക്ഷം രൂപ വേണം. ഇതിനായാണു സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ വിദ്യാഭ്യാസ വായ്പ്പയ്ക്ക് അപേക്ഷിച്ചത്. എന്നാല്‍ ബിബിയുടെ ആവശ്യം ബാങ്ക് നിഷേധിച്ചു. മുന്‍ വായ്പ കുടിശ്ശിക ഉള്ളതിനാല്‍ അത് അടച്ചു തീര്‍ക്കാതെ പുതിയ വായ്പ അനുവദിക്കാന്‍ ആകില്ലെന്നായിരുന്നു ബാങ്ക് അധികൃതര്‍ പറഞ്ഞത്.

ബിബിയുടെ പിതാവിനാകട്ടെ എട്ടുമാസമായി യാതൊരു വരുമാനവുമില്ല. ഇത്തരമൊരു സാഹചര്യത്തിലാണു കര്‍ണാടകയിലെ മാണ്ഡ്യ സ്വദേശിയായ ബിബി സാറ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയത്. പ്രധാനമന്ത്രിയുടെ ‘ബേട്ടി ബച്ചാവോ, ബേട്ടി പഠ്ഹാവോ’ പദ്ധതിയിലേക്കാണു ബിബി കത്തെഴുതിയത്. പഠിക്കാന്‍ ആഗ്രഹിക്കുന്ന ഒരു മകളെ സഹായിക്കണമെന്നായിരുന്നു ബിബിയുടെ അഭ്യര്‍ത്ഥന.

വെറും പത്തുദിവസത്തിനുള്ളില്‍ ബിബിക്ക് മോദിയുടെ മറുപടി കിട്ടി. ഒപ്പം വിജയ ബാങ്കില്‍ നിന്നും വിദ്യാഭ്യാസ വായ്പ അനുവദിക്കുമെന്നുള്ള ഉറപ്പും.

ബിബി സാറയുടെ പിതാവ് പ്രധാനമന്ത്രിയുടെ കത്തുമായി ബങ്കിനെ സമീപിക്കുകയും അതിന്‍പ്രകാരം ബാങ്ക് അവരുടെ പശ്ചാത്തലം അന്വേഷിക്കുകയും വായ്പയ്ക്ക് അര്‍ഹരാണെന്നു കണ്ടു വിദ്യാഭ്യാസ വായ്പ ഇനത്തില്‍ അപേക്ഷിച്ച തുക പാസാക്കുകയും ചെയ്‌തെന്നു വിജയ ബാങ്കിന്റെ മാണ്ഡ്യ ബ്രാഞ്ച് മാനേജര്‍ ക്ഷേമ കുമാര്‍ ടൈംസ് ഓഫ് ഇന്ത്യ പത്രത്തിനോട് പറഞ്ഞു.

മോദിയുടെ ഇടപെടലില്‍ തനിക്കുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണെന്നു ബിബി സാറ പറഞ്ഞു. ഇത്രവലിയൊരു ജനസംഖ്യയുള്ളൊരു രാജ്യത്ത് മോദിജി എനിക്കു മറുപടി അയച്ചതു തന്നെ വലിയ കാര്യമാണ്. അദ്ദേഹം മഹനായൊരു നേതാവാണ്; ബിബി സാറ പറഞ്ഞു.

അതേസമയം ബിബിക്കു ലോണ്‍ നിഷേധിച്ചതിനെ കുറിച്ച് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അന്വേഷിക്കാന്‍ കര്‍ണാടക ചീഫ് സെക്രട്ടറിയോട് പ്രധാനമന്ത്രിയുടെ ഓഫിസ് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ വിദ്യഭ്യാസ വായ്പയടക്കം ലോണ്‍ കുടിശിക തിരിച്ചുപിടിക്കുന്ന സമയമായതിനാല്‍ പുതിയ വായ്പകളൊന്നും അനുവദിക്കരുതെന്നു മുകളില്‍ നിന്നും നിര്‍ദേശിച്ചിരിക്കുന്നതിനാലാണു ബിബി സാറയ്ക്കു വായ്പ അനുവദിക്കാന്‍ കഴിയാതിരുന്നതെന്നു സെന്‍ട്രല്‍ ബാങ്ക് മാണ്ഡ്യ ബ്രാഞ്ച് മാനേജര്‍ ചന്ദ്രഗൗഡ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍