UPDATES

ട്രെന്‍ഡിങ്ങ്

കഴുകന്‍മാര്‍ റാകി പറക്കുന്ന ബംഗളൂരുവിലെ ഇൗഗിള്‍ടണ്‍ റിസോര്‍ട്ട്

റിസോര്‍ട്ട് രാഷ്ട്രീയത്തിന്റെ പേരില്‍ അടുത്തിടെ പ്രസിദ്ധി നേടിയ ബംഗളൂരുവിലെ ഇൗഗിള്‍ടണ്‍ ഗോള്‍ഫ് ക്ലബ് റിസോര്‍ട്ടാണ് ഇത്തവണയും നിയുക്ത എംഎല്‍എമാരെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് തിരഞ്ഞെടുത്തിട്ടുള്ളത്

കര്‍ണാടകയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപി നീക്കങ്ങള്‍ ശക്തമാക്കുമ്പോള്‍ തങ്ങളുടെ എംഎല്‍എമാര്‍ക്ക് സംരക്ഷണമൊരുക്കാന്‍ റിസോര്‍ട്ടുകള്‍ ഒരുക്കി കോണ്‍ഗ്രസും ജെഡിഎസും. റിസോര്‍ട്ട് രാഷ്ട്രീയത്തിന്റെ പേരില്‍ അടുത്തിടെ പ്രസിദ്ധി നേടിയ ബംഗളൂരുവിലെ ഇൗഗിള്‍ടണ്‍ ഗോള്‍ഫ് ക്ലബ് റിസോര്‍ട്ടാണ് ഇത്തവണയും നിയുക്ത എംഎല്‍എമാരെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് തിരഞ്ഞെടുത്തിട്ടുള്ളത്.

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ അട്ടിമറി തടയാന്‍ ഗുജറാത്തില്‍ നിന്നും തങ്ങളുടെ എംഎല്‍എമാരെ എത്തിച്ച കോണ്‍ഗ്രസ് തന്നെയാണ് ഇത്തവണയും ഈഗിള്‍ടണ്‍ തിരഞ്ഞെടുത്തത്. ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥിയായ അഹമ്മദ് പട്ടേലിന് വോട്ടുറപ്പിക്കുന്നതിനായി അന്ന് റിസോര്‍ട്ട് ഒരുക്കിയ ഡി കെ ശിവകുമാര്‍ തന്നെയാണ് ഇത്തവണയും ചരടുവലികള്‍ക്ക് മുന്നില്‍. അഹമ്മദ് പട്ടേലിന്റെ ജയത്തിന് വഴിയൊരുക്കിയ മികച്ച നീക്കമായിരുന്നു കഴിഞ്ഞ വര്‍ഷത്തേത്.

അതേസമയം, കര്‍ണാടകയില്‍ പ്രതിസന്ധി രൂക്ഷമായതോടെ ബിജെപി തങ്ങളുടെ പ്രതിനിധികളെ സമീപിക്കുന്നുണ്ടെന്നും എന്തു വിലകൊടുത്തും ഇതിനെ ചെറുക്കുമെന്നും നേരത്തെ തന്നെ ഡികെ ശിവകുമാര്‍ പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസിനു പുറമേ ജെഡിഎസും എംഎല്‍എമാര്‍ക്കായി ഈഗിള്‍ടണില്‍ മുറികള്‍ ബുക്ക് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബംഗളൂരു – മൈസൂരു റോഡില്‍ സ്ഥിതിചെയ്യുന്ന റിസോര്‍ട്ടില്‍ തായ് ക്വസീന്‍ മുതല്‍ തനത് കന്നട വിഭവങ്ങള്‍ അടക്കമുള്ള ഭക്ഷണവും അത്യാഡംബര സൗകര്യവുമാണ് എംഎല്‍എമാര്‍ക്കായി ഒരുക്കിയിട്ടുള്ളതെന്നാണ് വിവരം.

ഇന്ത്യയില്‍ റിസോര്‍ട്ട് രാഷ്ട്രീയ നീക്കങ്ങള്‍ ഏറ്റവും കൂടുതല്‍ നടന്നിട്ടുള്ളതും കര്‍ണാടക കേന്ദ്രീകരിച്ചാണെന്നതും പ്രത്യേകതയാണ്. 1983ല്‍ അന്നത്തെ കര്‍ണാടക ജനതാദള്‍ മുഖ്യമന്ത്രി രാമകൃഷ്ണ മഹാബലേശ്വര്‍ ഹെഡ്‌ഗേയാണ് ഇത്തരമൊരു നീക്കത്തിന് തുടക്കമിടുന്നത്. കോണ്‍ഗ്രസില്‍ നിന്നും തങ്ങളുടെ എംഎല്‍എമാരെ സംരക്ഷിക്കുകയായിരുന്നു ഹെഡ്‌ഗേയുടെ ലക്ഷ്യം.

ഒരു വര്‍ഷത്തിനു ശേഷം തെലുങ്കു ദേശം പാര്‍ട്ടിയില്‍ ഉരുത്തിരിഞ്ഞ ആഭ്യന്തര പ്രശ്‌നത്തില്‍ എന്‍ ടി രാമറാവും തന്റെ അനുഭാവികളെ സംരക്ഷിക്കാന്‍ ആദ്യം തിരഞ്ഞെടുത്തതും ബംഗളൂരുവിനെയായിരുന്നു. ഇവരെ പിന്നീട് ഡല്‍ഹിയിലേക്കും മാറ്റി.

1995ല്‍ സമാനമായ സാഹചര്യം നേരിട്ട ചന്ദ്രബാബു നായിഡുവും 2002ല്‍ മഹാരാഷ്ട മുഖ്യമന്ത്രി വിലാസ് റാവും ദേശ്മുഖും പ്രതികൂല സാഹചര്യങ്ങള്‍ നേരിടാന്‍ എംഎല്‍എ മാരെ മൈസൂരുവിലെത്തിച്ചിരുന്നു.

ജയലളിതയുടെ മരണത്തെ തുടന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ ശശികലാ വിഭാഗം തങ്ങളുടെ എംഎല്‍എമാരെ ചെന്നൈക്കു സമീപത്തുള്ള റിസോര്‍ട്ടിലേക്ക് മാറ്റിയതും കഴിഞ്ഞ വര്‍ഷമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍