UPDATES

കേരളം

കരുണ എസ്റ്റേറ്റ്: പടിയിറങ്ങും മുന്‍പ് ഉമ്മന്‍ ചാണ്ടിയുടെ ചില കാരുണ്യ പ്രവര്‍ത്തികള്‍

കോടതിയുടെ അനുവാദമില്ലാതെ ഈ ഭൂമിയുമായി ബന്ധപ്പെട്ട് ഒരു നടപടിയും സ്വീകരിക്കരുതെന്ന നിര്‍ദ്ദേശത്തെ അവഗണിച്ചാണ് സര്‍ക്കാര്‍ കരം അടയ്ക്കാന്‍ അനുമതി നല്‍കിയത്.

Avatar

പി സന്ദീപ്

വികസന, ഉദ്ഘാടന, ഭൂമിദാന മാമാങ്കത്തിനൊടുവില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ നിന്നു മറ്റൊരു വിവാദ ഉത്തരവു കൂടി പുറത്തിറങ്ങിയിരിക്കുന്നു. നെല്ലിയാമ്പതിയിലെ വിവാദ എസ്‌റ്റേറ്റായ കരുണയോട് സര്‍ക്കാര്‍ കാരുണ്യം കാണിച്ചിരിക്കുന്നു. കരുണാ പ്ലാന്റേഷന്‍സിന്റെ (ഇപ്പോള്‍ പോബ്‌സ് എസ്‌റ്റേറ്റ്) 833 ഏക്കര്‍ ഭൂമിയ്ക്ക് കരം അടയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. സെക്രട്ടറിയേറ്റിനെ വരെ യുഡിഎഫ് സര്‍ക്കാര്‍ വിറ്റിട്ടുണ്ടാകാം എന്ന പരിഹാസം ഉയരുമ്പോഴാണ് വിവാദ എസ്റ്റേറ്റ് ഭൂമിയെ സര്‍ക്കാരിന് നഷ്ടമാക്കുന്ന രീതിയുള്ള നീക്കം ഉണ്ടായിരിക്കുന്നത്.

2014-ല്‍ കരുണാ എസ്‌റ്റേറ്റിനു പോക്കു വരവു നടത്താന്‍ അന്നത്തെ നെന്മാറ ഡിഎഫ്ഒ ആയിരുന്ന രാജു ഫ്രാന്‍സിസ് അനുമതി നല്‍കുകയും ഇതു വന്‍ വിവാദമാകുകയും ചെയ്തതിനെ തുടര്‍ന്ന് ഈ അനുമതി സര്‍ക്കാര്‍ റദ്ദാക്കുകയും രാജു ഫ്രാന്‍സിസിനെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഇതിനിടെ റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി മേരിക്കുട്ടിയുടെ നേതൃത്വത്തില്‍ കരുണാ എസ്റ്റേറ്റിനെക്കുറിച്ചു പഠനം നടത്തിയ സംഘം കരുണയുടെ ഭൂമി സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്നു റിപ്പോര്‍ട്ടു നല്‍കി. എന്നാല്‍ ഇതിനെതിരേ പോബ്‌സ് ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചു. ഈ കേസ് നിലനില്‍ക്കെയാണ് തിടുക്കത്തില്‍ കരമടയ്ക്കാന്‍ സര്‍ക്കാര്‍ കരുണാ പ്ലാന്റേഷന് അനുമതി നല്‍കിയത്. പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ തന്നെ തെരഞ്ഞെടുപ്പിന് മുമ്പ് അനുമതി നല്‍കിയെന്നതാണ് ഇൗ വിഷയത്തിലെ ശ്രദ്ധേയമായ കാര്യം.

വെങ്ങുനാട് കോവിലകം 1899-ല്‍ ബ്രിട്ടീഷുകാര്‍ക്ക് കൃഷിക്കായി പാട്ടത്തിനു നല്‍കിയ ഭൂമിയാണ് ഒടുവില്‍ പോബ്‌സ് ഗ്രൂപ്പിന്റെ കൈവശമെത്തിയത്. 1971-ലെ വെസ്റ്റിംഗ് അസൈന്‍മെന്റ് ആക്ട് പ്രകാരം വനംവകുപ്പ് കോവിലകത്തിന്റെ 5,800 ഏക്കറിലധികം ഭൂമി ഏറ്റെടുത്തിരുന്നു. ഇതില്‍ കരുണാ പ്ലാന്റേഷനും (ഇപ്പോള്‍ പോബ്‌സ്) ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഫോറസ്റ്റ് ട്രിബ്യൂണലിലും ഹൈക്കോടതിയിലും നല്‍കിയ ഹര്‍ജികളെത്തുടര്‍ന്ന് കേസ് കരുണയ്ക്ക് അനുകൂലമായതോടെ 1993-ല്‍ ഭൂമി വനംവകുപ്പിന് വിട്ടുകൊടുക്കേണ്ടി വന്നു.

ഒരു കേസില്‍ വിധി വന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ അപ്പീല്‍ നല്‍കണമെന്നിരിക്കെ പത്തു വര്‍ഷത്തിനു ശേഷമാണ് കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. അപ്പീല്‍ നല്‍കിയതിലെ കാലതാമസം ചൂണ്ടിക്കാട്ടി കോടതി അത് തള്ളുകയും ചെയ്തു.

2009-ല്‍ സുപ്രീം കോടതി പുനഃപരിശോധനാ ഹര്‍ജിയും തള്ളിയതോടെ ഭൂമി പോബ്‌സിന്റെ സ്വന്തമായി. പിന്നീട് അഡ്വക്കേറ്റ് ജനറല്‍ 2011-ല്‍ കരുണ കേസില്‍ അപ്പീല്‍ നല്‍കാന്‍ എന്തെങ്കിലും സാധ്യതയുണ്ടോയെന്ന സംശയമുന്നയിച്ച് കത്തയച്ചതോടെയാണ് കേസ് വീണ്ടും പൊങ്ങി വന്നത്. കത്തിന്റെ അടിസ്ഥാനത്തില്‍ അന്നു നെന്മാറ ഡിഎഫ്ഒ ആയിരുന്ന പി ധനേഷ്‌കുമാറാണ് നെല്ലിയാമ്പതി മേഖലയിലെ പാട്ട ഭൂമികളിലെ ക്രമക്കേടിനെക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ടു നല്‍കിയത്.

റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഡെപ്യൂട്ടി കളക്ടറും അഡീഷണല്‍ പിസിസിഎഫും ഡിഎഫ്ഒയും അടങ്ങിയ എട്ടംഗ കമ്മിറ്റിയെ കരുണ വിഷയത്തെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ചു. ഈ കമ്മിറ്റി തയാറാക്കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ കരുണ എസ്‌റ്റേറ്റിന്റെ സ്ഥലങ്ങള്‍ വെങ്ങിനാടു കോവിലകം പാട്ടത്തിനാണ് നല്‍കിയതെന്നും അവകാശ തര്‍ക്കം നിലനില്‍ക്കെ പാട്ടം പുതുക്കിയതിന്റെ പിന്നിലെ നിജസ്ഥിതി പരിശോധിക്കണമെന്നും റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍ സമിതിയുടെ അന്തിമ റിപ്പോര്‍ട്ടു വരുന്നതിനു മുമ്പ് തിരക്കു പിടിച്ചു പോക്കുവരവിന് അനുമതി നല്‍കിയതാണ് അന്നു വിവാദമുണ്ടാക്കിയത്.

ഇതിനു ശേഷം കരുണയുടേത് വനഭൂമിയല്ലെന്നും റവന്യു ഭൂമിയാണോയെന്നു റവന്യൂ വകുപ്പിനു പരിശോധിക്കാമെന്നും പറഞ്ഞ് പൂര്‍ണമായും കൈകഴുകിയ നിലയിലാണ് വനംവകുപ്പിന്റെ അന്തിമ റിപ്പോര്‍ട്ട് പുറത്തു വന്നത്. ഇതിനു ശേഷം റവന്യൂവകുപ്പ് നടത്തിയ പരിശോധനയും പോബ്‌സ് ഗ്രൂപ്പിന് എതിരായിരിക്കെയാണ് തെരഞ്ഞെടുപ്പിനു മുമ്പ് കരം സ്വീകരിക്കാനുള്ള വിവാദ ഉത്തരവ് റവന്യൂ വകുപ്പില്‍ നിന്നുണ്ടായിരിക്കുന്നത്.

കരുണയുമായി ബന്ധപ്പെട്ട ഭൂമിയിലെ നിയമപരമായ ക്രമക്കേടുകള്‍ കണ്ടെത്താനാണ് സര്‍ക്കാര്‍ വനംവകുപ്പിലെ ഒരു ഉപസമിതിയെ നിയോഗിച്ചത്. എന്നാല്‍ ഉപസമിതിയാകട്ടെ ഭൂമിയില്‍ വനംവകുപ്പിന് അവകാശമില്ലെന്ന വിചിത്രമായ കണ്ടെത്തലാണ് നടത്തിയതെന്ന് ഒരു ചില സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

10-05-1971-ല്‍ വനംവകുപ്പ് ഏറ്റെടുത്ത ഭൂമി 1993-ല്‍ തിരികെ വിട്ടുകൊടുക്കുമ്പോള്‍ വിട്ടുകൊടുത്ത ആളിന് രജിസട്രേഡ് ആയ പട്ടയം ഉണ്ടായിരുന്നോയെന്നു പരിശോധിച്ചിട്ടില്ല. ഇതോടൊപ്പം വെസ്റ്റിംഗ് അസൈന്‍മെന്റ് ആക്ട് പ്രകാരം ഒരു ഭൂമി ഏറ്റെടുത്തശേഷം വിട്ടുകൊടുക്കുമ്പോള്‍ മൂന്നു കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണമായിരുന്നു. വനംവകുപ്പ് സെക്ഷന്‍ 3(1) പ്രകാരം ഏറ്റെടുത്ത ഭൂമി വിട്ടുകൊടുക്കേണ്ടത് സെക്ഷന്‍ 3(2)ല്‍ നടത്തുന്നത് വ്യക്തിഗത കൃഷിയായിരിക്കണം. ഇതിന് ഉടമസ്ഥന് രജിസ്‌ട്രേഡ് ആയ ആധാരം വേണമെന്നു നിര്‍ബന്ധമില്ല. എന്നാല്‍ ഭൂമി നല്‍കിയ ആളിനു രജിസ്ട്രേഡായ ആധാരം ഉണ്ടായിരിക്കുകയും വേണം. സെക്ഷന്‍ 3(3) പ്രകാരം ഭൂമി വിട്ടുകൊടുക്കുമ്പോഴാകട്ടെ രജിസ്ട്രേഡായ ആധാരം ഉണ്ടായിരിക്കുകയും വേണം. എന്നാല്‍ പ്രസ്തുത ഭൂമിയില്‍ കൃഷി ഉണ്ടായിരിക്കണമെന്നു നിര്‍ബന്ധമില്ല. മറ്റൊരു ശ്രദ്ധേയമായ കാര്യം പ്രസ്തുത ഭൂമി കേരള ഭൂപരിഷ്‌കരണ നിയമം പറയുന്ന പരിധിക്കകത്താണ് (15 ഏക്കറില്‍ കൂടുതല്‍ സ്വകാര്യ വ്യക്തി കൈവശംവയ്ക്കരുത്) ഭൂമിയെന്ന് ഉടമ വനം ട്രിബ്യൂണലിനെ ബോധ്യപ്പെടുത്തുകയും വേണം. എന്നാല്‍ ഈ പരിശോധനകളൊന്നും നടത്താതെയാണ് 1993-ല്‍ ഭൂമി തിടുക്കത്തില്‍ വിട്ടുകൊടുത്തത്.

ഇതോടൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം 1964-ല്‍ പട്ടയം തീര്‍ന്ന ഭൂമി കോവിലകത്തെ കുടുംബ വ്യവഹാരത്തെ തുടര്‍ന്നു റിസീവര്‍ ഭരണത്തിലായിരുന്നു. റിസീവര്‍ ഭരണത്തിലിരിക്കുമ്പോഴാണ് കോടതിയെ അറിയിക്കാതെ ലീസ് പുതുക്കിയതും പിന്നീട് വെസ്റ്റിംഗ് ആന്‍ഡ് അസൈന്‍മെന്റ് ആക്ട് പ്രകാരം ഏറ്റെടുത്ത കേസ് തീരുന്നതിനു മുമ്പു ഭൂമി വില്‍ക്കുന്നതുമെല്ലാം. ഇത്തരം കാര്യങ്ങളൊന്നും പരിഗണിക്കാതെ തങ്ങള്‍ക്കു ഭൂമിയില്‍ അവകാശമില്ലെന്ന വിചിത്രമായ കണ്ടെത്തല്‍ വനംവകുപ്പ് ഉപസമിതി നടത്തിയതാണ് ഇപ്പോള്‍ 919 ഏക്കര്‍ ഭൂമി സ്വകാര്യ വ്യക്തിയുടെ കൈയിലെത്താനിടയാക്കിയത്- വനംവകുപ്പ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

പോബ്‌സ് ഗ്രൂപ്പിന്റെ ഭൂമിക്ക് കരമടയ്ക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയത് കോടതിയില്‍ നിലനില്‍ക്കുന്ന കേസിനെ ദുര്‍ബലപ്പെടുത്തുമെന്ന ആശങ്കയും ഉയരുന്നുണ്ട്. കോടതിയുടെ അനുവാദമില്ലാതെ ഈ ഭൂമിയുമായി ബന്ധപ്പെട്ട് ഒരു നടപടിയും സ്വീകരിക്കരുതെന്ന നിര്‍ദ്ദേശത്തെ അവഗണിച്ചാണ് സര്‍ക്കാര്‍ കരം അടയ്ക്കാന്‍ അനുമതി നല്‍കിയത്.

കരുണ വിഷയത്തില്‍ തുടക്കം മുതല്‍ ശക്തമായ നിലപാടു സ്വീകരിച്ചിരുന്ന ഹരിത എംഎല്‍എമാരും ഇടതുപക്ഷത്തെ മുന്‍മന്ത്രി എ കെ ബാലനും കരുണ ഭൂമി വിഷയത്തില്‍ ഇപ്പോള്‍ നടന്ന ആസൂത്രിത നീക്കങ്ങള്‍ക്കെതിരേ രംഗത്തു വന്നില്ല എന്നതും ശ്രദ്ധേയം. കരുണയുടെ ഭൂമിക്ക് കരമൊടുക്കാന്‍ അനുമതി നല്‍കിയതും വികസനത്തിന്റെ പട്ടികയില്‍ ഭരണക്കാര്‍ എഴുതി ചേര്‍ക്കുമോയെന്നതു മാത്രമാണ് ഇനി കാത്തിരുന്നു കാണാനുള്ളത്.

(ഫോട്ടോകള്‍ ജോമോന്‍ ജോര്‍ജ്ജ്‌)

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Avatar

പി സന്ദീപ്

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍