UPDATES

സിനിമ

കറുത്ത ജൂതന്‍; ദൈവത്തെ ആരാധിക്കുന്ന, സാത്താനെ വെറുക്കുന്ന മനുഷ്യരോടുള്ള ചോദ്യം

സലിം കുമാറിന്റെ രണ്ടാം ജന്മം മലയാള സിനിമയ്ക്ക് മുതല്‍കൂട്ടായെന്ന് കറുത്ത ജൂതനിലൂടെ അദ്ദേഹം വീണ്ടും തെളിയിച്ചിരിക്കുന്നു

I don’t stand for black man’s side, I don’t stand for white man’s side, I stand for God’s side.
Bob Marley

അന്ധമായ് വിശ്വസിക്കുന്ന മതത്തിന്റെ പേരില്‍ തമ്മിലടിപ്പിക്കുന്ന ദൈവത്തെ എല്ലാവരും ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുമ്പോള്‍ ഇതിലൊന്നും പെടാത്ത സാത്താനെ വെറുക്കുന്നത് എന്തുകൊണ്ട് ? കറുത്ത ജൂതന്‍.

ഒരു സാധാരണ സിനിമ കാണാന്‍ പോകുന്ന മൂഡിലാണ് സെന്റര്‍ സ്‌ക്വയര്‍ മാളിലെ സിനി പ്ലസില്‍ കറുത്ത ജൂതന്‍ കാണാന്‍ പോയത്. കണ്ടുതുടങ്ങിയപ്പോഴും കടന്നു വരുന്നത് നിസഹായനായ ഒറ്റപ്പെട്ട ഒരു മനുഷ്യാത്മാവിന്റെ ഉള്ളുലയ്ക്കുന്ന കഥയിലേക്കുള്ള പ്രവേശനമാണെന്നെന്നും തിരിച്ചറിഞ്ഞില്ല. ചിത്രം കണ്ട് വീട്ടിലെത്തും മുന്നേ മറന്നു പോകുന്ന കഥയും കഥാപാത്രങ്ങളും നിറഞ്ഞ സമകാലീന സിനിമയില്‍ കറുത്ത ജൂതന്‍ നമ്മളെ പൊള്ളിച്ചുകൊണ്ട് ഉള്ളേറി പോരും. ആദ്യ രംഗത്തിലെ പുസ്തക പ്രകാശന ചടങ്ങ് ഇത്ര വലിയൊരു ചരിത്രമായിരിക്കുമെന്ന് പ്രതീക്ഷിച്ചില്ല. വളരെ ലാഘവത്തോടെ സിനിമ കണ്ടിരുന്ന എനിക്ക്, ബീരാനിക്ക പുസ്തകം വാങ്ങി ബസില്‍ യാത്ര ചെയ്തപ്പോള്‍ ഓര്‍മ്മയില്‍ ചാലിച്ചെടുത്ത ഒരു ചെറിയ ഫ്‌ളാഷ്ബാക്ക് മനസിനെ വല്ലാതെ വ്യാകുലപ്പെട്ടുത്തിയ കറുത്ത ജൂതന്റെ യഥാര്‍ത്ഥ കഥയായിരുന്നുവെന്ന് രണ്ടര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വേദനയോടെ തൊട്ടറിയാന്‍ കഴിഞ്ഞു.

മിക്ക സിനിമകളിലും കാണുന്ന നാട്ടുപ്രമാണി, ഇവിടെ അവറോണി ജൂതന്‍. അദ്ദേഹം മടിഞ്ഞ് മടിഞ്ഞ് പണിയെടുക്കുന്ന പണിക്കാരനെ പിണങ്ങുകയും, മകനോടൊപ്പം വീട്ടിലേയെക്കത്തിയ ദരിദ്ര ബാലന് അവന്റെ ഇല്ലായ്മയില്‍ ഒരു കൈ സഹായം നല്‍കുകയും കൂട്ടുകാരനെയും തന്നെ പോലെ കാണുന്ന ആരോണ്‍ ഇല്യാഹുവിന്റെ സ്‌നേഹ നിധിയായ ഉമ്പച്ചിയാവുകയും ചെയ്യുന്നു. ഹൃദ്യമായ ഒരു കവിത പോലെ മുന്നോട്ടു പോകുന്ന കറുത്ത ജൂതനില്‍ പ്രകൃതിയേയും മനുഷ്യ സ്വഭാവവുമായി സാമ്യമുള്ള ജീവികളേയും ഇണക്കി മുന്നോട്ടു കൊണ്ടു പോകുന്നു. ”കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞാണ്”: മൃതപ്രായയായി കിടക്കുന്ന കാക്ക കുഞ്ഞിനെ രക്ഷിക്കാനെത്തുന്ന കുഞ്ഞു ആരോണിനെ കാക്കകളുടെ നിത്യ ശത്രുവാകുന്ന കാഴ്ച മനോഹരമായി ഈ സിനിമയില്‍ അനുഭവവേദ്യമാക്കുന്നു…

"</p

സ്വതേ അംഗീകാരം കുറഞ്ഞ 2000 വര്‍ഷം പഴക്കമുള്ള കേരളത്തിലെ കറുത്ത ജൂതന്‍മാരുടെ ചരിത്രവും തേടി പുറപ്പെടുമ്പോള്‍ മാള ദേശത്തെ ആദ്യ എംഎക്കാരന്‍ എന്ന ബഹുമതിയും ആരോണെന്ന ഈ ജൂതപ്പയ്യനാണ്.. ജൂതന്മാര്‍ സ്വതേ ആരുടെ കീഴിലും പണിയെടുക്കില്ല, അവരുടെ ബുദ്ധിയും ശക്തിയും നാടിന് സംഭാവന ചെയ്യുന്നതെങ്ങനെയെന്ന് കാറല്‍ മാക്‌സിലൂടെയും, എഡിസനിലൂടെയും ഉദാഹരിക്കുന്നത് കൗതുകമുണര്‍ത്തുന്നു… ഈ ജൂതനും വ്യത്യസ്ഥനായിരുന്നില്ല അതുകൊണ്ടുതന്നെ കോളേജ് അധ്യാപനം ഒഴിവാക്കി കറുത്ത ജൂതന്റെ ചരിത്രമന്വേഷിച്ച് , ഇവര്‍ കേരളത്തിലെത്തിയ വഴികളന്വേഷിച്ച് അമ്മയുടെ അര്‍ദ്ധമനസാലെയുള്ള ആശിര്‍വാദവും രക്ഷയ്ക്കായി അമ്മ നല്‍കിയ മെസൂസയും വാങ്ങി യാത്ര പുറപ്പെടുന്നു.’ ചരിത്രാന്വേഷണം പൂര്‍ത്തിയാക്കി വീട്ടിലേയ്ക്ക് മടങ്ങുമ്പോഴുണ്ടാകുന്ന അപകടം ഒരു ജൂത ജീവനെ മേല്‍കീഴ്മറിക്കുമെന്ന് സ്വപ്‌നേ കരുതുന്നില്ല. മകന്‍ മരിച്ചുവെന്ന വാര്‍ത്തയും മകന്റെ പെട്ടിയും വീട്ടിലെത്തുമ്പോള്‍ അമ്മ ആ വാര്‍ത്ത വിശ്വസിച്ചിരുന്നില്ല. ഒരു പക്ഷേ നൊന്തു പെറ്റ വയറിന് ആ സന്ദേശം എത്തിയിട്ടുണ്ടാവില്ല… ജൂതന്മാര്‍ക്ക് മാതൃരാജ്യത്ത് ഭൂമി കിട്ടുമ്പേള്‍ എല്ലാരും നിറഞ്ഞ മനസോടെ സ്വന്തം വാഗ്ദത്ത നാട്ടിലേയ്ക്ക് മടങ്ങുന്നു. മകനെ കാത്തിരിക്കുന്ന അമ്മയ്ക്കും സഹോദരനെ കാത്തിരിക്കുന്ന സഹോദരിയക്കും ഭൂരിപക്ഷ തീരുമാനത്തിന് വഴങ്ങേണ്ടി വരുന്നു. പഞ്ചായത്തിനെ വിശ്വസിച്ച് തന്റെ പ്രിയപ്പെട്ട ആശ്രിതരെ സാക്ഷി നിര്‍ത്തി കോടികള്‍ വിലപിടുപ്പുള്ള സ്വത്ത് പഞ്ചായത്തിനെ ഏല്‍പ്പിക്കുമ്പോള്‍ ഒരാഗ്രഹം അല്ല അവകാശം രേഖയില്‍ എഴുതി ചേര്‍പ്പിച്ചു. എന്നെങ്കിലും മകന്‍ തിരികെ വന്നാല്‍ ഇതൊക്കെ അവന് നല്‍കണം. മനുഷ്യാര്‍ത്തി തന്ത്രപൂര്‍വ്വം എല്ലാം സമ്മതിച്ചു കൊടുത്തു. സ്വന്തക്കാരെ പോലെയുള്ള ഇവരെ വിശ്വസിച്ച് എല്ലാം ഏല്‍പ്പിച്ച് നാടുവിട്ട് മകന്റെ ഓര്‍മ്മകള്‍ പേറി ഭര്‍ത്താവിന്റെ കല്ലറ ഉപേക്ഷിച്ച് വാഗ്ദത്ത ഭൂമിയിലേക്ക് യാത്രയായി. പിന്നീട് ഈ അമ്മ ഈ ലോകത്തില്‍ നിന്നും യാത്രയായപ്പോള്‍ അബോധാവസ്ഥയില്‍ സന്യാസിമാരുടെ ശുശ്രൂഷയില്‍ കഴിയുന്ന മകന്‍ അമ്മയുടെ വേര്‍പാട് സ്വപ്നത്തില്‍ കണ്ടു. അപകടത്തില്‍ വികലാംഗനായ ജൂത പുത്രന്‍ നാട്ടിലെത്തിയപ്പോള്‍ കണ്ട കാഴ്ചകള്‍, അനുഭവിച്ച വേദനകള്‍ ഹൃദയഭേദകമായിരുന്നു. തിരിച്ചറിഞ്ഞിട്ടും അറിയാത്ത ഭാവം കാണിച്ച് തന്റെ സ്വത്തുക്കളെല്ലാം തട്ടിയെടുത്ത നാട്ടുകാര്‍, സ്വന്തം വീട് തപാലാപ്പീസ് ആക്കി അവിടെ നിന്നും ആട്ടിയിറക്കുന്നു. ആരും തിരിച്ചറിഞ്ഞില്ലെങ്കിലും തന്റെ ശത്രുവിനെ തിരിച്ചറിഞ്ഞ് വൈരനിര്യാതനബുദ്ധിയോടെ കാണുന്ന കാക്കകള്‍ അവറോണിയെ ഉപദ്രവിച്ചുകൊണ്ടേയിരുന്നു… എന്നാല്‍ ഈ തിരിച്ചറിവ് നിയമത്തിനു മുന്നില്‍ തെളിവാകില്ലല്ലോ.. അതു കൊണ്ട് തന്നെ യു പിയിലെ മൃതകന്മാരെ പോലെ ( ജീവിച്ചിരിക്കുന്നവരെ മരിച്ചതായ് രേഖയുണ്ടാക്കി സ്വത്ത് മോഷ്ടിക്കുക അങ്ങനെയുള്ള ആയിരക്കണക്കിന് മൃതകന്‍മാര്‍ യു പി യില്‍ ഉണ്ട് ) ആരോണ്‍, മാളയില്‍ മൃതകനായി ജീവിക്കേണ്ടി വരുന്നു. കേവലം ഒരു പതിറ്റാണ്ടുകൊണ്ടുണ്ടായ മാറ്റം ആ വലിയൊരു മാറ്റം മനസിനെ വല്ലാതെ നീറ്റിപ്പിച്ചു. നാട്ടിലെങ്ങും നില്‍ക്കക്കള്ളിയില്ലാതെ ബാല്യകാല സുഹൃത്തിന്റെ മാത്രം ബലത്തില്‍ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന കോടികളുടെ ഉടമയായ ജൂതന്‍ പൂര്‍വ്വികര്‍ അന്ത്യവിശ്രമം കൊള്ളുന്നിടം ശ്മശാനത്തില്‍ ചെന്ന് അളന്നു കണ്ടു പിടിച്ചു കൊടുക്കുന്നതില്‍ സംതൃപ്തിയടഞ്ഞു. ഈ ജൂതനും കൂടി മണ്ണിനോട് ചേര്‍ന്നാല്‍ ഒരു വംശവും ചരിത്രവുമാണ് മണ്ണടിയുന്നത് എന്ന യാഥാര്‍ത്ഥ്യം ഈ സിനിമ വിളിച്ചറിയിക്കുന്നു.

‘ സിനിമയുടെ ക്ലൈമാക്‌സ് ഏറെ വൈകാരികവും അര്‍ത്ഥ സമ്പുഷ്ടവും നിലവിലെ സാമൂഹ്യ അന്തരീക്ഷത്തില്‍ ചിന്തോദ്ദീപകവുമാണ്. ‘ആരോണ്‍ ഇല്യാഹു തന്റെ എല്ലാമായ ഏക സ്വത്തും മത അടയാളവുമായ മെസൂസ കൈമാറുന്ന രംഗം ഒരു ജൂതന് ഇത് ഒരു മുസല്‍മാന് നല്‍കാനാവുമോ എന്നറിയില്ല… ജൂതന്റെ സ്വത്തില്‍ ഒരു പിടി മണ്ണു പോലും വെട്ടിപിടിക്കാനറിയാത്ത വിഡ്ഢി’ എന്ന പൊള്ളുന്ന വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകനേയും പൊള്ളിച്ചു…നമിച്ചു…

ആരോണ്‍ ജൂതനായുള്ള സലിം കുമാറിന്റെ അഭിനയം ഒരു ദേശീയ അവാര്‍ഡു കൂടി മലയാള സിനിമയ്ക്കു ലഭിക്കുമായിരുന്നു. പക്ഷേ… മനുഷ്യന്റെ എന്തിനൊ വേണ്ടിയുള്ള തമ്മിലടിയും പകയും അതു തട്ടിത്തെറിപ്പിച്ചതാണെന്ന് സിനിമ കണ്ടിറങ്ങുമ്പോഴും പിന്നാമ്പുറകഥകളിലൂടെയും മനസിലാകും. ജൂത പ്രമാണിയായ അവറോണി ജൂതന്റെയു വേറെയും ബീരാനിക്കയുടേയും അഭിനയം പ്രത്യേകം എടുത്തു പറയേണ്ടതാണ്. ടി.എന്‍ പ്രതാപന് ഈ സിനിമയില്‍ അഭിനയിക്കേണ്ടി വന്നില്ല. അദേഹം ജീവിക്കുകയാണ്. സിനിമയിലെ കാലങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സഫിയ ടോണ്‍ തുടങ്ങി പല നിറങ്ങളിലേക്ക് മാറുന്നതും വളരെ മനോഹരമായി ചെയ്തിട്ടുണ്ട്. സിനിമയെക്കുറിച്ച് പഠിക്കുന്ന വിദ്യര്‍ത്ഥികള്‍ക്ക് ഇത് എക്കാലവും സ്മരിക്കേണ്ടി വരുന്ന ക്ലാസിക് ആക്കി മാറ്റിയതില്‍ ഇതിന്റെ സംവിധായകനേയും അണിയറ പ്രവര്‍ത്തകരേയും പ്രത്യേകം ശ്ലാഖിക്കുന്നു. ചില ഭാഗങ്ങള്‍ കുറച്ചൊന്ന് ഇഴഞ്ഞൊ എന്ന് സംശയം, എങ്കിലും വിദഗ്ദ്ധമായ എഡിറ്റിംഗിലൂടെ തരണം ചെയ്തു എന്നഭിമാനിയ്ക്കാമെങ്കിലും, സിനിമയിലെ നാടകം മുഴച്ചു നില്‍ക്കുന്നു അത് എവിടേയും സിങ്കാവുന്നില്ല. സംവിധായകന്‍ എന്താണ് ഉദ്ദേശിച്ചതെന്നറിയില്ല. തുടക്കത്തില്‍ പ്രതാപന്റെ പ്രസംഗം കൂടാതെ മറ്റു ചിലരുടെ സംഭാഷണങ്ങളില്‍ ലിപ് ഔട്ട് ആയി എന്ന സാങ്കേതിക തകരാറും സംഭവിച്ചിട്ടുണ്ട്.

"</p

സലിം കുമാറിന്റെ രണ്ടാം ജന്മം മലയാള സിനിമയ്ക്ക് മുതല്‍കൂട്ടായെന്ന് കറുത്ത ജൂതനിലൂടെ അദ്ദേഹം വീണ്ടും തെളിയിച്ചിരിക്കുന്നു. വര്‍ഷങ്ങളുടെ പരിശ്രമത്തില്‍ മാത്രമെ ഇത്ര ഗൗരവമായൊരു തീമിനെ രണ്ടര മണിക്കൂറില്‍ ഒതുക്കി മികച്ചൊരു കലാസൃഷ്ടിയാക്കാന്‍ കഴിയൂ എന്നതില്‍ സംശയമില്ല. സലിം കുമാര്‍ തന്നെയാണ് കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. സംവിധായകന്‍ അതി മനോഹരമായി കേന്ദ്ര കഥാപാത്രത്തേയും അവതരിപ്പിച്ചിരിക്കുന്നു. 1950 കളില്‍ തുടങ്ങി 2017 നെ വരെ കൂട്ടിയോജിപ്പിക്കുമ്പോള്‍ ദൈവത്തിനായി സൃഷ്ടിച്ച മതങ്ങള്‍ മനുഷ്യരില്‍ പക ജനിപ്പിച്ച് പരസ്പരം കൊല്ലിയ്ക്കുന്നു. അവന്റെ സര്‍വ്വനാശത്തിനു കാരണക്കാരനായ ദൈവത്തെ മനുഷ്യന്‍ എന്തുകൊണ്ടാണ് ആരാധിക്കുന്നത്? സാത്താനെ വെറുക്കുകയും ചെയ്യുന്നത്. എക്കാലവും ചിന്തിച്ച് തിരുത്താനുള്ള ചോദ്യം മൃതദേഹം കാണുന്ന കാഴ്ച്ചക്കാരനായ കുട്ടിയിലൂടെ അവതരിപ്പിക്കുന്ന കറുത്ത ജൂതന്‍ മലയാള സിനിമയിലെ പൊന്‍ മുത്തു തന്നെയാണ്….

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സീന ഭാസ്‌കര്‍

സീന ഭാസ്‌കര്‍

മാധ്യമപ്രവര്‍ത്തക, എഴുത്തുകാരി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍