UPDATES

വിറകു വെട്ടിയില്ലെങ്കില്‍ ഭക്ഷണമില്ല; കാര്യവട്ടം കാമ്പസില്‍ നടക്കുന്നതിന് ഉത്തരവാദി സര്‍വകലാശാല

എസ്എഫ്ഐക്കെതിരെ ആരോപണങ്ങളുമായി മെസ്സില്‍ നിന്നു പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍

കേരള സര്‍വകലാശാലയുടെ കാര്യവട്ടം യൂണിവേഴ്‌സിറ്റി കാമ്പസിലെ മെന്‍സ് ഹോസ്റ്റലില്‍ ദളിത് വിദ്യാര്‍ത്ഥിക്ക് അടക്കം ഭക്ഷണം നിഷേധിക്കുന്നതായി വാര്‍ത്ത. ഹോസ്റ്റല്‍ കമ്മിറ്റിയാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നു പറയുമ്പോള്‍ ഇതിനു പിന്നില്‍ എസ്എഫ്ഐയും പ്രതിസ്ഥാനത്തു വരുന്നുണ്ട്. എന്നാല്‍ ഇത്തരമൊരു പരാതിയും അതിന്റെ പേരില്‍ എസ് എഫ് ഐക്കെതതിരെ ഉണ്ടാകുന്ന ആരോപണങ്ങളും വസ്തുത വിരുദ്ധമാണെന്ന നിലപാടുമായി കാമ്പസിലെ എസ്എഫ്‌ഐ യൂണിറ്റും രംഗത്തു വന്നു കഴിഞ്ഞു.

മെസിലേക്ക് ആവശ്യമായ വിറക് ശേഖരിക്കാന്‍ വിസമ്മതിച്ചതിന്റെ പേരിലാണ് ആന്ധ്രപ്രദേശ് സ്വദേശിയായ പിജി വിദ്യാര്‍ത്ഥി അടക്കം പത്തോളം വിദ്യര്‍ത്ഥികള്‍ക്ക് അഞ്ചു ദിവസത്തോളം ഭക്ഷണം നല്‍കേണ്ടതില്ലെന്ന തീരുമാനം ഹോസ്റ്റല്‍ കമ്മറ്റി കൈക്കൊണ്ടത്. ഈ വിവരം അറിയിച്ചുകൊണ്ട് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. നോട്ടീസ് ഇറക്കിയത് ഹോസ്റ്റല്‍ വാര്‍ഡന്റെ ചുമതല വഹിക്കുന്ന അധ്യാപകന്‍ അറിയാതെയാണെന്നും പറയുന്നു. ഭക്ഷണം നിഷേധിക്കുന്നതായി കാണിച്ചു ആന്ധ്രപ്രദേശ് സ്വദേശിയായ വിദ്യാര്‍ത്ഥി രാജേഷ് ബാബു ഹോസ്റ്റല്‍ വാര്‍ഡനു പരാതി നല്‍കിയിട്ടുണ്ട്. അതേസമയം രാജേഷ് ബാബുവിനെതിരെ ഹോസ്റ്റല്‍ കമ്മിറ്റിയും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം ഇത്തരമൊരു അവസ്ഥ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കു സംഭവിച്ചിട്ടുണ്ടെങ്കില്‍ അതില്‍ പ്രധാന കുറ്റവാളി സര്‍വകലാശാല തന്നെയാണെന്നാണു കാര്യവട്ടം കാമ്പസിലെ അവസ്ഥ വ്യക്തമാക്കുന്നത്.

യൂണിവേഴ്‌സിറ്റ് കാമ്പസിലെ ഹോസ്റ്റലുകളില്‍ വിദ്യാര്‍ത്ഥികള്‍ തന്നെയാണു മെസ് ഏറ്റെടുത്തു നടത്തുന്നത്. രണ്ടു ജീവനക്കാര്‍ ഉണ്ടെങ്കിലും ഇവര്‍ക്കു ശമ്പളം കൊടുക്കുന്നതും മെസിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതുമെല്ലാം വിദ്യാര്‍ത്ഥികള്‍ തന്നെയാണ്. ഇതിനായി ഓരോ മാസവും രണ്ടായിരത്തിനും രണ്ടായിരത്തി അഞ്ഞൂറിനും ഇടയില്‍ രൂപ നല്‍കണം. ഓരോ ആഴ്ചയും മൂന്നു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണു മെസ് ഏറ്റെടുത്ത് നടത്തേണ്ടത്. രണ്ടു വര്‍ഷത്തിനിടയില്‍ ഒരു പിജി വിദ്യാര്‍ത്ഥി നാല് ആഴ്ച മെസ് ഏറ്റെടുത്ത് നടത്തണം എന്നാണ് പറയുന്നത്.

വിറക് എടുക്കാന്‍ പോകാത്തവര്‍ക്കു ഭക്ഷണം ഇല്ല
ഇപ്പോള്‍ പത്തോളം വിദ്യാര്‍ത്ഥികള്‍ക്കു മെസില്‍ നിന്നും ഭക്ഷണം നിഷേധിച്ചതായി വരുന്ന വാര്‍ത്തയ്ക്കു കാരണമായി പറയുന്നത് ഇവര്‍ വിറക് ശേഖരിക്കാന്‍ പോയില്ല എന്നതാണ്. മെസിലെ പാചകത്തിനായി ഗ്യാസ് സിലണ്ടറുകള്‍ക്കു പുറമെ കാമ്പസിനകത്ത് വീണു കിടക്കുന്ന മരങ്ങള്‍ വെട്ടിയെടുക്കുന്ന വിറകുകളും ഉപയോഗിക്കാറുണ്ട്. വിറകുശേഖരണം വിദ്യാര്‍ത്ഥികളുടെ ചുമതലയാണ്. രാജേഷ് ബാബു അടക്കം ചിലര്‍ ഇതിനു വിസമ്മതിച്ചതിന്റെ പ്രതികാരമാണ് അവര്‍ക്ക് ഭക്ഷണം നിഷേധിക്കാന്‍ കാരണം പറയുന്നത്.

വിറക് എടുപ്പിക്കുക, രാവിലെ എഴുന്നേല്‍പ്പിച്ചു ചപ്പാത്തി പരത്തിക്കുക എന്നതൊക്കെ പലപ്പോഴും ഭീഷണിയുടെ സ്വരത്തിലായിരിക്കും ചെയ്യിപ്പിക്കുക. ഇപ്പോള്‍ വിറക് എടുക്കാന്‍ പോയില്ല എന്ന കാരണം ആരോപിക്കുന്ന വിദ്യാര്‍ത്ഥികളോടും ഇത്തരത്തില്‍ ഭീഷണി ഉയര്‍ത്തിയിരുന്നു. അതിനെ എതിര്‍ത്താണ് അവര്‍ വിറകുശേഖരിക്കാന്‍ പോകാതിരുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് നിര്‍ബന്ധിച്ച് വിറകു ശേഖരിക്കാനും മറ്റും അയക്കരുതെന്നാണു സര്‍വകലാശാല പറയുന്നത്. ഇപ്പോള്‍ ഹോസ്റ്റല്‍ കമ്മിറ്റിയുടെ ശിക്ഷാനടപടിക്കു വിധേയനായ രാജേഷ് ബാബു എന്ന വിദ്യാര്‍ത്ഥി ആദ്യ വര്‍ഷത്തില്‍ ഹോസ്റ്റലില്‍ നടന്ന റാഗിംഗിനെതിരേ പരാതി നല്‍കുകയും ആ പരാതിയുടെ അടിസ്ഥാനത്തില്‍ രാഹുല്‍ എന്ന വിദ്യാര്‍ത്ഥിയെ പുറത്താക്കുകയും ചെയ്തിരുന്നു. ഈ വിരോധം ഇപ്പോഴും രാജേഷ് ബാബുവിനോട് പലര്‍ക്കുമുണ്ട്– ഹോസ്റ്റല്‍ താമസക്കാരനായ വിദ്യാര്‍ത്ഥി അഴിമുഖത്തോടു പറഞ്ഞു.

വാര്‍ഡനെതിരെ പരാതിയും പന്തം കൊളുത്തി പ്രകടനവും
‘മെന്‍സ് ഹോസ്റ്റലില്‍ സ്ഥിരം അന്തേവാസിയായ ഒരു വാര്‍ഡന്‍ നിലവില്‍ ഇല്ല. അധ്യാപകര്‍ക്ക് വാര്‍ഡന്റെ താത്കാലിക ചുമതല നല്‍കുകയാണ് പതിവ്. ഇപ്പോള്‍ അസി. പ്രൊഫസര്‍ മുഷ്താഖ് ആണ് വാര്‍ഡന്റെചുമതല വഹിക്കുന്നത്. എന്നാല്‍ മുഷതാഖിന്റെ നിയമനം വൈസ് ചാന്‍സിലറുടെ സ്വകാര്യതാത്പര്യമാണെന്നും സിന്‍ഡിക്കേറ്റില്‍ പോലും ആലോചിക്കാതെയുള്ള തീരുമാനമാണെന്നും ആരോപിച്ച് എസ്എഫ്‌ഐ രംഗത്തു വന്നിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. വാര്‍ഡനെതിരെ കാമ്പസിന്റെ അഡിമിനിസ്‌ട്രേറ്റീവ് ചുമതലയുള്ള ജോയിന്റ് രജിസ്ട്രാര്‍ ഓഫിസറുടെ ഓഫിസിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച് നടത്തിയിരുന്നു. ക്ലാസ് ദിവസമായിട്ടുപോലും ഇരുപതോളം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. അന്നു രാത്രി ഹോസ്റ്റല്‍ സെക്രട്ടറിയുടെ മുറിയിലേക്ക് എല്ലാവരെയും വിളിച്ചു വരുത്തി ഭീഷണി മുഴക്കുകയും ഭക്ഷണം തരില്ലെന്ന് അറിയിക്കുകയും ചെയ്തു. ഫെബ്രുവരി 13 നു വാര്‍ഡന്റെ താമസസ്ഥലം ഉപരോധിക്കുമെന്നും അതില്‍ എല്ലാവരും പങ്കെടുക്കണമെന്ന് മുന്നറിയിപ്പു നല്‍കുകയും ചെയ്തു. എന്നാല്‍ അതിലും വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും പങ്കെടുക്കാതിരുന്നു. പക്ഷേ പ്രകടനം നടത്തിയവര്‍ വാര്‍ഡന്റെ താമസ്ഥലത്തു മുന്നില്‍ പന്തംകൊളുത്തി പ്രകടനം നടത്തുകയും വാര്‍ഡന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു. ഹോസ്റ്റലില്‍ വാര്‍ഡന്‍ വിളിച്ചു ചേര്‍ത്ത ജനറല്‍ ബോഡിയില്‍ പങ്കെടുക്കരുതെന്നു ഹോസ്റ്റലിലുള്ളവര്‍ക്കു കര്‍ശന നിര്‍ദേശവും കമ്മിറ്റി നല്‍കിയിരുന്നു. ഇതിനിടയില്‍ ഞായറാഴ്ചയാണു വിറക് എടുക്കാന്‍ പോകാത്തതിനെ തുടര്‍ന്നു വിദ്യാര്‍ത്ഥികള്‍ക്കു ഭക്ഷണം നിഷേധിച്ച സംഭവം നടക്കുന്നതും. ഇതിനെതിരേ വിദ്യാര്‍ത്ഥികളില്‍ ആരൊക്കെ പരാതി നല്‍കിയിട്ടുണ്ടെന്ന് അറിയില്ല. പരാതി കൊടുക്കുന്നവരെ സംരക്ഷിക്കാന്‍ സര്‍വകലാശാലയ്ക്കു പോലും കഴിയില്ല. മെസിന്റെ കാര്യത്തിലടക്കം പലവട്ടം പരാതി കൊടുത്തിട്ടും സര്‍വകലാശാലയുടെ ഭാഗത്തു നിന്നും നീക്കം ഉണ്ടായിട്ടില്ല.’ അങ്ങനെയൊരു അവസ്ഥയില്‍ ഏതു വിദ്യാര്‍ത്ഥിയാണ് പരാതി നല്‍കാന്‍ തയ്യാറാവുക എന്നും ഈ വിവരങ്ങള്‍ പങ്കുവച്ച വിദ്യാര്‍ത്ഥി ചോദിക്കുന്നു.

വിദ്യാര്‍ത്ഥികളുടെ അവകാശം സംരക്ഷിക്കാത്ത സര്‍വകലാശാല
മെസില്‍ നിന്നും ഭക്ഷണം നിഷേധിച്ചതായി പറയുന്ന രജേഷ് ബാബു ഈ വിഷയവുമായി ബന്ധപ്പെട്ട് അഴിമുഖത്തോട് പ്രതികരിച്ചത് ഇങ്ങനെയാണ്; ഒരു പി ജി വിദ്യാര്‍ത്ഥിയായ എനിക്ക് വിദ്യാര്‍ത്ഥി എന്ന നിലയ്ക്കു കിട്ടേണ്ട മൗലികാവകാശങ്ങളോ മനുഷ്യാവകാശങ്ങളോ കേരള സര്‍വകലാശാല പോലെ ബഹുമാനിക്കപ്പെടുന്ന ഒരു സര്‍വകലാശാലയില്‍ നിന്നും കിട്ടുന്നില്ല. ഞാന്‍ ആന്ധ്രയില്‍ നിന്നുള്ള ഒരു ദളിത് വിദ്യാര്‍ത്ഥിയാണ്. സര്‍വകലാശാല ഒരോ വിദ്യാര്‍ത്ഥിക്കും നല്‍കേണ്ട ശ്രദ്ധയോ കരുതലോ എന്റെ കാര്യത്തില്‍ സംഭവിക്കുന്നില്ല എന്നു തന്നെ പറയേണ്ടതുണ്ട്. ഹോസ്റ്റലില്‍ പണം അടച്ചാണു ഞാന്‍ താമസിക്കുന്നത്. അങ്ങനെയുള്ളപ്പോള്‍ തന്നെയാണു നാലുദിവസം എനിക്ക് ഭക്ഷണം നിഷേധിച്ചത്. വിറകു വെട്ടാന്‍ വിസമ്മതിച്ചതായി അവര്‍ പറയുന്നത് ശരിയാണ്. വിറകു വെട്ടാന്‍ പോകാന്‍ ഞാന്‍ തയ്യാറായില്ല. അങ്ങനെ പോകേണ്ട കാര്യമില്ല. സര്‍വകലാശാല അങ്ങനെ പറയുന്നില്ല. അവര്‍ പറയുന്നതനുസരിച്ചുള്ള ഹോസ്റ്റല്‍ ഫീസ് ഞാന്‍ കെട്ടുന്നുമുണ്ട്. ഇതെല്ലാം കാണിച്ചു ഞാന്‍ പരാതി അയച്ചിട്ടും അതിനൊൊരു നടപടിയും ഉണ്ടായില്ല. ഒരു സര്‍വകലാശാലയിലും വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലും മെസും നടത്തുന്നതായി അറിയില്ല. ഇവിടെ അങ്ങനെ നടക്കുന്നുണ്ടെങ്കില്‍ നിയമവിരുദ്ധമാണ്. അതില്‍ ഇടപെട്ട് നടപടി സ്വീകരിക്കേണ്ട ബാധ്യത കേരള സര്‍വകലാശാലയ്ക്കുണ്ട്.

ഭക്ഷണം നിഷേധിച്ചെന്ന വാര്‍ത്ത വാസ്തവവിരുദ്ധം
എന്നാല്‍ ഈ ആരോപണങ്ങളെല്ലാം സംശയലേശമന്യേ നിഷേധിക്കുകയാണ് കാര്യവട്ടം കാമ്പസിലെ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് മനേഷ്. ‘കാര്യവട്ടം കാമ്പസിലെ ഹോസ്റ്റലില്‍ പട്ടികവര്‍ഗ വിദ്യാര്‍ത്ഥി പീഡനം എന്ന തലക്കെട്ടില്‍ പത്രങ്ങള്‍ എഴുതിയിരിക്കുന്ന വാര്‍ത്ത അസംബന്ധവും വസ്തുതാവിരുദ്ധവുമാണ്. ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളോട് ചോദിച്ചാല്‍ യാഥാര്‍ത്ഥ്യം മനസിലാക്കാവുന്നതേയുള്ളൂ. പരാതിക്കാരനായ രാജേഷ് ബാബു എന്ന വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ മറ്റു വിദ്യാര്‍ത്ഥികളോട് ഇടപഴകാന്‍ പോലും തയ്യാറാകാത്തയാളാണ്.
കാര്യവട്ടം കാമ്പസിലെ മെസുകള്‍ എല്ലാം തന്നെ വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്തു നടത്തുന്നതാണ്. പലവട്ടം സര്‍വകലാശാലയോട് മെസിന്റെ നടത്തിപ്പ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഫലം ഉണ്ടായിട്ടില്ല. രണ്ടു ജീവനക്കാര്‍ മെസിലുണ്ട്. ഇവര്‍ക്കുള്ള ശമ്പളം, പച്ചക്കറികളും പലചരക്കു സാധനങ്ങളും പാചകത്തിനായ ഗ്യാസ് സിലണ്ടറുകളുമെല്ലാം വിദ്യാര്‍ത്ഥികളുടെ പക്കല്‍ നിന്നും പണം ഉപയോഗിച്ചാണു വാങ്ങുന്നത്. മൂന്നു വിദ്യാര്‍ത്ഥികള്‍ വീതം ഓരോ ആഴ്ചയും മെസിന്റെ ചുമതല ഏറ്റെടുക്കണമെന്നാണു തീരുമാനിച്ചിരിക്കുന്നത്. ഈ കാര്യങ്ങളെല്ലാം കൃത്യമായി നടത്തിക്കൊണ്ടുപോകാനാണു ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികളുടെ കൂട്ടത്തില്‍ നിന്നും ഒരു കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. ഇതു വിദ്യാര്‍ത്ഥികളുടെ കമ്മിറ്റിയാണു എസ്എഎഫ്‌ഐയുടെ കമ്മിറ്റിയല്ല. ആരെയെങ്കിലും ഭീഷണി പെടുത്താനോ ആഹാരം കൊടുക്കാതിരിക്കാനോ അല്ല ഇങ്ങനെയൊരു കമ്മിറ്റി.

പ്പോള്‍ വാര്‍ത്ത വരുന്നത് പത്തോളം വിദ്യാര്‍ത്ഥികള്‍ക്കു മെസില്‍ നിന്നും ഭക്ഷണം നിഷേധിച്ചെന്നാണ്. വലിയ നുണയാണത്. രാജേഷ് ബാബു എന്ന വിദ്യാര്‍ത്ഥിക്കു മെസ് ഭക്ഷണം കൊടുക്കേണ്ടെന്നു തീരുമാനം ഉണ്ട്. അത് എസ്എഫ്‌ഐയുടെ തീരുമാനമോ അല്ലെങ്കില്‍ ഹോസ്റ്റല്‍ കമ്മിറ്റിയുടെ വൈരാഗ്യമോ അല്ല. സബ്‌സിഡി പോലുമില്ലാതെയാണ് മെസിലേക്ക് ആവശ്യമായ ഗ്യാസ് സിലണ്ടറുകള്‍ എടുക്കുന്നത്. വലിയ സാമ്പത്തികബാധ്യത ഇതുമൂലം ഉണ്ടാകും. അതുകൊണ്ടാണ് കാമ്പസില്‍ നിന്നു തന്നെ വിറകു ശേഖരിക്കാം എന്ന തീരുമാനത്തില്‍ എത്തുന്നത്. എല്ലാവരും കൂടിച്ചേര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതും. ഇല്ലെങ്കില്‍ ഇപ്പോള്‍ ചെലവാകുന്ന രണ്ടായിരം രൂപ മൂവായിരത്തിലേക്കും ഉയര്‍ന്നുപോകാം. ഇങ്ങനെയൊരു തീരുമാനം ഏകകണ്ഠമായി അംഗീകരിച്ചു നടന്നുപോവുമ്പോള്‍ തന്നെ തനിക്ക് വിറക് എടുക്കാന്‍ വരാന്‍ സാധിക്കില്ലെന്നും അതെല്ലാം യൂണിവേഴ്‌സിറ്റിയുടെ ചുമതലയാണെന്നും മാസം എത്ര രൂപയാണു തരേണ്ടതെന്നു പറഞ്ഞാല്‍ അതു തന്നേക്കാമെന്നുമുള്ള ധാര്‍ഷ്ട്യമായിരുന്നു രാജേഷ് ബാബുവിന്. എല്ലാവരും കഷ്ടപ്പെടുമ്പോള്‍ ഒരാള്‍ മാത്രം അതിനൊന്നും തയ്യാറാവാതെ ഭക്ഷണം കഴിച്ചുപോകുന്നതിനോട് യോജിക്കാനാകില്ലെന്നും മറ്റു വിദ്യാര്‍ത്ഥികള്‍ യോജിച്ചെടുത്ത തീരുമാനപ്രകാരമാണ് രാജേഷ് ബാബുവിനെ മെസ് ഔട്ട് ആക്കിയത്. അതല്ലാതെ എസ് എഫ് ഐ യുടെ എന്തെങ്കിലും തീരുമാനം നടപ്പിലാക്കാന്‍ വേണ്ടിയായിരുന്നില്ല.

വാര്‍ഡന്റെ കാര്യത്തില്‍ ഞങ്ങള്‍ക്കു നേരെ ഉണ്ടാകുന്ന ആരോപണവും വസ്തുതാവിരുദ്ധമാണ്. വിദ്യാര്‍ത്ഥിവിരുദ്ധ പ്രവര്‍ത്തനങ്ങളാണു നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. വളഞ്ഞ വഴിയിലൂടെയായിരുന്നു അദ്ദേഹത്തിനു വാര്‍ഡന്റെ ചുമതല നല്‍കിയതു തന്നെ. വിസിയുടെ താത്പര്യമാണത്. മെസിലേക്ക് ആവശ്യമായ സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഹോസ്റ്റലിലെ ഒരു സാമാന്യം വലിപ്പമുള്ള മുറിയാണ് ഉപയോഗിച്ചിരുന്നത്. ഇതു പൂട്ടി താക്കോല്‍ ഹോസ്റ്റല്‍ കമ്മിറ്റിയിലുള്ളവരാണ് സൂക്ഷിക്കുക. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ആരും തന്നെയില്ലാതിരുന്ന സമയത്ത് രണ്ടു സെക്യൂരിറ്റി ജീവനക്കാരുടെ സഹായത്തോടെ പൂട്ട് തല്ലിപ്പൊളിച്ചു അകത്തുണ്ടായിരുന്ന പച്ചക്കറി ഉള്‍പ്പെടെയുള്ളവ ബാത്ത്‌റൂമിനോട് ചേര്‍ന്നുള്ളതും വൃത്തികുറഞ്ഞതുമായ മറ്റൊരു മുറിയിലേക്ക് മാറ്റി. ഇതിനെതിരേ വിദ്യാര്‍ത്ഥികള്‍ ജോയിന്റ് രജിസ്ട്രാര്‍ക്ക് പരാതി നല്‍കി. ഇതു കൂടാതെ മറ്റൊരു വിദ്യാര്‍ത്ഥി വിരുദ്ധ സമീപനം വാര്‍ഡന്റെ ഭാഗത്തുനിന്നും ഉണ്ടായത് യൂണിവേഴ്‌സിറ്റി പരീക്ഷയുടെ തലേന്നു നിര്‍ബന്ധമായി ഹോസ്റ്റലില്‍ ജനറല്‍ ബോഡി വിളിച്ചു ചേര്‍ക്കാന്‍ നിര്‍ബന്ധിച്ചതാണ്. പരീക്ഷയാണെന്ന് അറിഞ്ഞിട്ടും ഇങ്ങനെയൊരു നീക്കം അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായി. ഇതിനെതിരേ പ്രൊ.വിസിക്കു പരാതി നല്‍കി. ഇത്തരത്തില്‍ വിദ്യാര്‍ത്ഥിവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ഒരാളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ നിലപാടുകള്‍ ഉണ്ടാകില്ല. പക്ഷേ വാര്‍ത്തകള്‍ എഴുതുമ്പോള്‍ അതിലെ വസ്തുതകള്‍ മനസിലാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കണം.

വിദ്യാര്‍ത്ഥികള്‍ ഇല്ലാത്ത സമയത്ത് റൂമിന്റെ വാതില്‍ തകര്‍ത്തു സാധനങ്ങള്‍ മാറ്റിയെന്നതും പരീക്ഷ തലേന്നു ജനറല്‍ ബോഡി വിളിച്ചെന്നുമുള്ള ആരോപണങ്ങള്‍ വാര്‍ഡന്‍ മുഷ്താഖ് നിഷേധിക്കുന്നു. ‘ഹോസ്റ്റല്‍ സെക്രട്ടറിയുടെ സാന്നിധ്യത്തിലാണു ആ മുറി തുറന്നത്. സാധനങ്ങള്‍ മാറ്റിയതും വിദ്യാര്‍ത്ഥികളും പുറത്തു നിന്നു വിളിച്ച കൂലിക്കാരും ചേര്‍ന്നാണ്. രണ്ടു സെക്യൂരിറ്റി ജീവനക്കാരുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നതു വാസ്തവമാണെങ്കിലും അതിക്രമിച്ചു കടന്ന് ഒന്നും ചെയ്തിട്ടില്ല. സാധനങ്ങള്‍ മാറ്റിവയ്ക്കാന്‍ രണ്ടു മുറികള്‍ വേറെ വേണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യവും അംഗീകരിച്ചു കൊടുത്തു. പരീക്ഷയുടെ തലേന്നു ജനറല്‍ ബോഡി വിളിച്ചു എന്നതും തെറ്റാണ്. എല്ലാവരുമായി പരിചയത്തിലാകാന്‍ ആദ്യം ഒരു ജനറല്‍ ബോഡി വിളിച്ചതാണ്. പക്ഷേ അതില്‍ ആരും പങ്കെടുത്തില്ല. പിന്നീടും വിളിക്കാന്‍ തീരുമാനിച്ചപ്പോള്‍ പരീക്ഷ കഴിയട്ടെ എന്നു വിദ്യാര്‍ത്ഥികള്‍ പറഞ്ഞതിന്‍ പ്രകാരം തീയതി മാറ്റി മാറ്റി വച്ചു. ഒടുവില്‍ ഫെബ്രുവരി ഏഴാം തീയതി ജനറല്‍ ബോഡി വിളിച്ചെങ്കിലും പത്തില്‍ താഴെ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് വന്നത്. വാര്‍ഡന്റെ ചുമതല പോലും താത്കാലികമാണ്. വിദ്യാര്‍ത്ഥികളെ ഉപദ്രവിക്കാനല്ല, അവര്‍ക്കൊരു സഹായി ആയിട്ടു നില്‍ക്കാനാണ് ആഗ്രഹം. പക്ഷേ അവരില്‍ ചിലരാണ് എന്റെ താമസസ്ഥലത്തിനു മുന്നില്‍ പന്തം കൊളുത്തി പ്രകടനം നടത്തിയതും എന്റെ കോലം കത്തിച്ചതും.’

അതേസമയം റിസര്‍ച്ച്/ മെന്‍സ് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍ കാമ്പസില്‍ നിന്നും വിറകുശേഖരണം നടത്തുന്നതു നിയമവിരുദ്ധമാണെന്നു സൂചിപ്പിക്കുന്ന ഒരു ഉത്തരവ് ജോയിന്റ് രജിസ്റ്റാര്‍ ഇറക്കിയിട്ടുണ്ട്. മതിയായ പണം കെട്ടിയിട്ടല്ലാതെ മരത്തടികള്‍ മുറിച്ചെടുക്കരുതെന്നാണ് ഉത്തരവില്‍ പറയുന്നത്. ലേലത്തിനായി നമ്പര്‍ തിരിച്ചു മാറ്റിയിട്ടിരിക്കുന്ന വലിയ അക്വേഷ്യ മരത്തടികള്‍ ഹോസ്റ്റല്‍ മെസിലേക്ക് വേണ്ട വിറകിനായി മുറിച്ചെടുക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത്തരത്തില്‍ ആവശ്യമായ വിറക് വെട്ടണമെങ്കില്‍ മതിയായ തുക സര്‍വകലാശാലയില്‍ അടയ്ക്കണമെന്നും സെക്യൂരിറ്റി സ്റ്റാഫിന്റെയോ തോട്ടം സൂക്ഷിപ്പുകാരുടെയോ സാന്നിധ്യത്തില്‍ മാത്രമേ വിറകുകള്‍ വെട്ടാവൂ എന്നും ജെആര്‍ഒ യുടെ ഉത്തരവില്‍ പറയുന്നു. ഈ നിര്‍ദേശം അവഗണിച്ചാല്‍ പിഴ ഈടാക്കുമെന്നുമുണ്ട്. വനിത ഹോസ്റ്റല്‍ മെസിലേക്ക് വിറകുകള്‍ ശേഖരിക്കുന്നത് ഈ നിര്‍ദേശം അനുസരിച്ചാണെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

വിറകു വെട്ടലും ചപ്പാത്തി പരത്തലും; സര്‍വകലാശല മറുപടി പറയണം
കാര്യവട്ടം കാമ്പസിലെ ഹോസ്റ്റലിനെതിരെ ഉയരുന്ന പരാതി അതീവ ഗുരുതരമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം നിഷേധിക്കുന്നത് ഏതു ശിക്ഷാനടപടിയുടെ ഭാഗമാണെങ്കിലും പ്രാകൃതമാണ്. ഇത്തരമൊരു നീക്കം വിദ്യാര്‍ത്ഥികളുടെ ഭാഗത്തു നിന്നുണ്ടായതാണെങ്കിലും പ്രതിസ്ഥാനത്ത് സര്‍വകലാശാലയുമുണ്ട്. കാര്യവട്ടം കാമ്പസില്‍ പഠിക്കാനെത്തുന്നവര്‍ ചപ്പാത്തി പരത്താനും വിറകു വെട്ടാനും തയ്യാറാകണം എന്നു പ്രൊസ്പക്റ്റസില്‍ പ്രത്യേകം പറയുന്നുണ്ടോ എന്നു കേരള സര്‍വകലാശാല വ്യക്തമാക്കണം. വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഇത്തരം അനാസ്ഥ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നുണ്ടെങ്കില്‍ അവര്‍ സമാധാനം പറഞ്ഞേ തീരൂ. ഇപ്പോള്‍ പത്തു വിദ്യാര്‍ത്ഥികള്‍ക്കു ഭക്ഷണം നിഷേധിച്ചെങ്കില്‍ അതിനു കാരണം സര്‍വകലാശാല കൂടിയാണ്. അഞ്ചു ദിവസത്തേക്ക് ഇത്രയും വിദ്യാര്‍ത്ഥികളെ മെസില്‍ പ്രവേശിപ്പിക്കേണ്ടെന്നു ഏതു വിദ്യാര്‍ത്ഥി സംഘടന തീരുമാനം എടുത്താലും, അത് എന്തിന്റെ പേരിലാണെങ്കിലും ഇടപെടുകയും നടപടിയെടുക്കുകയും വേണം. ഏറ്റവും പ്രധാനം ഹോസ്റ്റല്‍ മെസുകളുടെ നടത്തിപ്പ് ചുമതല സര്‍വകലാശാല നേരിട്ട് നടത്തുക എന്നതാണ്. നാക് പരിശോധന സംഘം വരുന്നതിനു മുമ്പ് വൈസ് ചാന്‍സിലര്‍ മെസുകളില്‍ വന്നു വിദ്യാര്‍ത്ഥികള്‍ക്കു വാഗ്ദാനങ്ങള്‍ നല്‍കി പോയിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞെന്നു വിദ്യാര്‍ത്ഥികള്‍ പറയുന്നുണ്ട്. മെസുകളുടെയും ഹോസ്റ്റലുകളുടെയും നിയന്ത്രണം സര്‍വകലാശാലയ്ക്കു തന്നെയാകണം. ഒരു വിദ്യാര്‍ത്ഥിയും റാഗിംഗിനും ഭീഷണിപ്പെടുത്തലുകള്‍ക്കും വിധേയരാകാതെ നോക്കാനും വിറകുവെട്ടേണ്ട ഗതികേട് വരാതിരിക്കാനും ഭക്ഷണം നിഷേധിക്കപ്പെടാതിരിക്കാനും ഉത്തരവാദിത്വം കാണിക്കാന്‍ കേരള സര്‍വകലാശാല തയ്യാറാകണം.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍