ഇന്ദു
കസബ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതോടെ മമ്മൂട്ടി ഈയടുത്തകാലത്ത് മറ്റൊരു ചലച്ചിത്ര നടനും ഏറ്റുവാങ്ങിയിട്ടില്ലാത്തയത്ര ട്രോളിന് വിധേയനായി. തുടരെ പലതരത്തിലാണ് മമ്മൂട്ടിയെ ട്രോളന്‍മാര്‍ കളിയാക്കിയത്. ഇതിലെ അത്ഭുതമെന്തെന്നാല്‍, പൊതുവെ ഗൗരവക്കാരനും ദേഷ്യക്കാരനുമെന്ന് പറയപ്പെടുന്ന മമ്മൂട്ടി ഈ ട്രോളുകളെല്ലാം ആസ്വദിക്കുകയും ഇവയൊക്കെ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്യുകയുമുണ്ടായി. അതുമാത്രമല്ല, കസബയുടെ ടൈറ്റില്‍ കാര്‍ഡില്‍ എല്ലാ ട്രോളന്‍മാര്‍ക്കും നന്ദി അറിയിച്ചിട്ടുമുണ്ട്.
മമ്മൂട്ടിക്ക് ഉണ്ടായ സഹിഷ്ണുതയും സഹൃദയത്വവും എന്തുകൊണ്ട് അദ്ദേഹത്തിന്റെ ഫാന്‍സ് എന്നു പറയുന്ന വലിയൊരു വിഭാഗത്തിനില്ലാതെ പോകുന്നു?
കസബയിലെ ഒരു രംഗത്തെ വിമര്‍ശിച്ചും അതുമൂലം അനുഭവിക്കേണ്ടി വന്ന മാനസികപീഡനത്തെ വെളിപ്പെടുത്തിയും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട സുകന്യ കൃഷ്ണ അഴിമുഖത്തില്‍ ഒരു ലേഖനം എഴുതിയിരുന്നു(കസബ; മുഴുനീള ആഭാസങ്ങളുടെ സര്‍വ്വവിജ്ഞാനകോശം-ഒരു ട്രാന്‍സ്‌ജെന്‍ഡറിന് പറയാനുള്ളത്). നിര്‍ഭാഗ്യമെന്നു പറയട്ടെ, സുകന്യയുടെ വികാരത്തെ മാനിക്കാതെ, അവര്‍ ഉന്നയിച്ച പ്രശ്‌നം ചര്‍ച്ച ചെയ്യാതെ കടുത്ത അവഹേളനത്തിനു തയ്യാറാവുകയായിരുന്നു ഒരുപറ്റം ആളുകള്‍. അവര്‍ മമ്മൂട്ടിയുടെ ആരാധകരാണെന്നതാണ് വിഷമിപ്പിക്കുന്ന സംഗതി.
തന്നെ പരിഹസിച്ചവരോടു പോലും നിറഞ്ഞ മനസോടെ ഐക്യപ്പെടാന്‍ താരം കാണിച്ച മാനസികാവസ്ഥ അദ്ദേഹത്തിന്റെ ആരാധകര്‍ എന്നുപറയുന്നവര്‍ക്ക് ഇല്ലാതെപോകുമ്പോള്‍ ഇവിടെ സ്വയമറിയാതെ മമ്മൂട്ടിയും കുറ്റവാളിയാവുകയാണ്.
അനാവശ്യമെന്ന് ആര്‍ക്കും തോന്നാവുന്നതരത്തില്‍ ഒരു രംഗത്തിലേക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ ആയ ഒരു കഥാപാത്രത്തെ കൊണ്ടുവരികയും ആ രംഗത്തിലൂടെ തമാശക്കെന്നപേരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ എന്നാല്‍ ലൈംഗികവാസന മാത്രം നിറഞ്ഞൊരു സാധനമാണെന്നു പറയിക്കുകും ചെയ്യുകയായിരുന്നു ചിത്രത്തിന്റെ രചന കൂടി നിര്‍വഹിച്ച സംവിധായകന്‍ നിധിന്‍ രഞ്ജി പണിക്കര്‍ ചെയ്തതെന്നാണ് സുകന്യ എഴുതിയത്.
തന്റെ അഭിപ്രായം വ്യക്തമായി, ധൈര്യത്തോടെ സുകന്യ പ്രകടിപ്പിക്കുമ്പോള്‍ അതു സിനിമയോടോ നിധിന്‍ എന്ന വ്യക്തിയോടെ അവര്‍ക്കുള്ള പ്രത്യേക വിരോധമായിട്ടല്ല കാണേണ്ടത്. അവര്‍ ചൂണ്ടിക്കാണിച്ചത് സാമൂഹികമായൊരു അനീതിയാണ്. പക്ഷേ അവര്‍ നേരിടേണ്ടി വന്നതോ, ലാല്‍ ഫാന്‍സിനോടെന്ന മട്ടിലുള്ള പ്രതിഷേധവും.
ട്രാന്‍സ്‌ജെന്‍ഡര്‍ എന്നാല്‍ എന്നും മലയാള സിനിമയ്ക്ക് ഒരു അശ്ലീല തമാശയാണ്. അത്തരത്തില്‍ നോക്കിയാല്‍ നിധിനോ കസബയോ മാത്രമല്ല വിമര്‍ശനവിധേയര്‍. എന്നാല്‍ ഇവിടെ ഒരു കുറ്റം തന്നെ ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നു എന്നതാണ് സുകന്യ ചൂണ്ടിക്കാണിക്കുന്നത്. പ്രത്യേകിച്ച് സുകന്യ പറയുന്നതുപോലെ, ആ സിനിമയ്ക്ക് കുടുംബ സമേതം കയറിയതു തന്നെ മമ്മൂട്ടി എന്ന നടന്‍ കാരണമാണ്. മമ്മൂട്ടി പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടാക്കിയെടുത്തിരിക്കുന്ന വിശ്വാസ്യതയാണത് കാണിക്കുന്നത്. അതേ മമ്മൂട്ടിയില്‍ നിന്നു (മമ്മൂട്ടി സിനിമ) പ്രതീക്ഷിക്കാത്ത തരത്തിലുള്ള തിരിച്ചടി കിട്ടുമ്പോള്‍ ഉണ്ടാകുന്ന ഷോക്കാണ് സുകന്യ പങ്കുവച്ചത്. ഒരുപക്ഷേ ഈ കാര്യം മമ്മൂട്ടിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ എന്നറിയില്ല, അല്ലെങ്കില്‍ ഇതിനത്രകണ്ട് ഗൗരവം അദ്ദേഹം കൊടുത്തുകാണില്ല. ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കില്‍ മമ്മൂട്ടി സുകന്യയുടെ ആവശ്യത്തോട് പ്രതികരിക്കേണ്ടതാണ്.
വാണിജ്യ സിനിമകള്‍ക്ക് ചില രസക്കൂട്ടുകളുണ്ട്. നായകന്റെ അതിമാനുഷികത്വം കഴിഞ്ഞാല്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടത് സ്ത്രീകളെ മുന്‍നിര്‍ത്തിയുള്ള അശ്ലീലങ്ങളാണ്. മലയാളിക്ക് ചിരിക്കണമെങ്കില്‍ ലൈംഗിക ചുവയുള്ള തമാശകള്‍ (ദ്വയാര്‍ത്ഥ ഡയലോഗുകള്‍ എന്നും പറയും) വേണമെന്ന അവസ്ഥ സിനിമാക്കാര്‍ ഉണ്ടാക്കിയതാണ്. ഈ പോളിസി തന്നെയാണ് (അല്ലെങ്കില്‍ പിതൃപാരമ്പര്യം) നിധിന്‍ എന്ന യുവസംവിധായകനും പിന്തുടര്‍ന്നിരിക്കുന്നത്. ഇവിടെ സ്ത്രീകളെകൊണ്ടു മാത്രം തൃപ്തനാകാതെ ഒരു ട്രാന്‍സ്‌ജെന്‍ഡറിനെ കൂടി വേണമെന്ന് അയാള്‍ക്ക് തോന്നി. നിധിന്‍ എന്ന ആണ്‍ബോധം എത്ര മ്ലേച്ചമായിട്ടാണ് മൂന്നാംലിംഗ വിഭാക്കാരെ കാണുന്നതെന്നാണ് ഇവിടെ വ്യക്തമാകുന്നത്. ഒരു കലാകാരന്‍ സമൂഹത്തെ നിരന്തരം വീക്ഷിക്കുന്നവനാണെന്നു പറയാറുണ്ട്. എന്നാല്‍ നിധിന്‍ രഞ്ജി പണിക്കര്‍ എന്ന ചലചിത്ര കലാകാരന്‍ ഈയടുത്തകാലത്തൊന്നും കേരള സമൂഹത്തെ നോക്കിയിട്ടേയില്ല എന്നു വ്യക്തമാക്കുന്നതാണ് അയാളുടെ സിനിമ. കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിയില്‍പ്പെട്ട രണ്ടുപേര്‍ പൊലീസുകാരില്‍ നിന്നും ക്രൂരമായ മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടി വന്നതും അതെ തുടര്‍ന്ന് നടന്ന പ്രതിഷേധവുമൊന്നും നിധിന്‍ ശ്രദ്ധിച്ചിട്ടേയില്ലായിരിക്കും. കേരളമാണ് ഈ രാജ്യത്ത് ആദ്യമായി ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി രൂപീകരിച്ചതെന്നും അയാള്‍ക്കറിവുണ്ടാവില്ല. എത്രകണ്ട് മൂന്നാലിംഗ വിഭാഗക്കാരെ അവരിപ്പോള്‍ കഴിയുന്ന ഇരുളില്‍ നിന്നും പുറത്തേക്കു കൊണ്ടുവരാമെന്ന ആലോചനകള്‍ നടത്തുമ്പോള്‍ നിധിനെ പോലുള്ളവര്‍ അവരെയിപ്പോഴും വെറും ‘കുണ്ടന്‍’മാരായാണ് കാണുന്നതെങ്കില്‍, നിധിന്‍ താങ്കള്‍ ഒന്നല്ല, ഒരായിരംവട്ടം ഈ കേരളത്തിനു മുമ്പില്‍ മാപ്പ് പറഞ്ഞേ മതിയാകൂ.
വീണ്ടും ഫാന്‍സിലേക്ക് വന്നാല്‍, അവരാണ് സിനിമയുടെ ഏറ്റവും വലിയ ശാപം എന്ന് ഒരിക്കല്‍ കൂടി പറയേണ്ടി വരികയാണ്. മതത്തിന്റെ പേരില്‍ മനുഷ്യര്‍ ഭ്രാന്തരായി മാറുന്ന കാലത്ത് അതുപോലെ അപകടകാരികളായാണ് മലയാളത്തിലെ താരരാജാക്കന്‍മാരുടെ ആരാധകവൃന്ദം നിലകൊള്ളുന്നത്. മമ്മൂട്ടിയോ മോഹന്‍ലാലോ ഒരു മതമല്ല, ദൈവങ്ങളുമല്ല. അവര്‍ കലാകാരന്‍മാരാണ്. അവരെ ആസ്വദിക്കാം, അവര്‍ വിമര്‍ശനത്തിനും വിധേയരാകണം. അത് നടക്കില്ല എന്നൊക്കെ പറയുന്ന വിവരക്കേടിന് എന്തു ചികിത്സയാണ് ആവശ്യമെന്ന് അറിയില്ല.
മമ്മൂട്ടിയുടെ ശ്രദ്ധയിലേക്കാണ്; സുകന്യ കൃഷ്ണ എഴുതിയ ലേഖനത്തില്‍ താങ്കളെ ഉള്‍പ്പെടെ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. സിനിമയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്ന ഒരു തെറ്റ് അവര്‍ ചൂണ്ടിക്കാട്ടി, അവര്‍ക്കത് എത്രമാത്രം പ്രതിലോമകരമായി ഭവിച്ചു എന്നും എഴുതി. അങ്ങനെ എഴുതാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാലോ അവര്‍ക്കു നേരെ ഉണ്ടായിരിക്കുന്ന പ്രതികരണങ്ങള്‍ എല്ലാം തന്നെ തികച്ചും വ്യക്തിപരവും ക്രൂരവുമാണ്.
സമൂഹിക പ്രതിബദ്ധതയുള്ള ഒരു കലാകാരന്‍ ആണ് താങ്കളെന്ന് നടത്തിയിരിക്കുന്ന ഇടപെടലുകളിലൂടെ വ്യക്തമായിട്ടുള്ളതാണ്. അങ്ങനെയെങ്കില്‍ അങ്ങയുടെ ഫാന്‍സിനോട് പറയയേണ്ടത് ഇത്തരത്തിലും തന്നെ പിന്തുടരണമെന്നാണ്. കാരണം അവരിപ്പോഴും മൂന്നാംകിട കൈയടിത്തൊഴിലാളികളായി തന്നെ നില്‍ക്കുകയാണ്. അതപകടമാണ്. താങ്കള്‍ക്കും സിനിമയ്ക്കും സമൂഹത്തിനും…
( മാധ്യമപ്രവര്‍ത്തകയാണ് ഇന്ദു)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)