UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാസര്‍ഗോഡ് കേന്ദ്രസര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല സമരത്തിലേക്ക്

Avatar

അഴിമുഖം പ്രതിനിധി

ലിംഗവിവേചനപരമായ നടപടികളും ഫാസിസ്റ്റ് നിലപാടുകളും കൊണ്ട് നേരത്തെ തന്നെ  വിവാദത്തില്‍പ്പെട്ട കാസര്‍ഗോഡ്‌ കേന്ദ്ര സര്‍വ്വകലാശാലയില്‍ അന്യായമായ ഫീസ് നിരക്കുകളിലും വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകളിലും പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ടു വര്‍ഷത്തോളമായി ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ അനുകൂലമായ തീരുമാനങ്ങള്‍ ഒന്നും ഉണ്ടാവാത്ത സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ സമരത്തിന് നിര്‍ബന്ധിതരാവുന്നത്. തിങ്കളാഴ്ച്ച മുതല്‍ പെരിയയിലെ മെയിന്‍ കാമ്പസില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉപരോധിച്ച് സമരം ചെയ്യാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.

മറ്റുള്ള പല സര്‍വ്വകലാശാലകളും വിദ്യാര്‍ഥികള്‍ക്ക് സഹായകരമായ രീതിയില്‍ ഫീസ് ക്രമീകരിക്കുമ്പോള്‍ സിയുകെയുടെ ശ്രമം എങ്ങനെ വിദ്യാര്‍ഥികളെ ദ്രോഹിക്കാം എന്നുള്ളതാണ്. മറ്റ് കേന്ദ്ര സര്‍വ്വകലാശാലകള്‍ ഹോസ്റ്റല്‍ ഫീസ് മാസം നൂറു രൂപയില്‍ താഴെ മാത്രം വാങ്ങുകയും പെണ്‍കുട്ടികളെയും ഭിന്നശേഷിയുള്ളവരെയും ഫീസില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യുമ്പോള്‍ ഒരു സെമസ്റ്ററിന് 3000 രൂപയാണ് ഇവിടെ വിദ്യാര്‍ത്ഥികള്‍ അടക്കേണ്ടി വരുന്നത്. 2009ല്‍ സിയുകെയോടൊപ്പം നിലവില്‍ വന്ന കര്‍ണാടക സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി അടക്കം പെണ്‍കുട്ടികളെ ഫീസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ഥികളാണ് സിയുകെ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും. എന്നാല്‍ അതു പരിഗണിക്കാതെ മറ്റു സര്‍വ്വകലാശാലകളെക്കാള്‍ വളരെ ഉയര്‍ന്ന ഫീസ് നിരക്കാണ് കാസര്‍ഗോഡ് കേന്ദ്ര സര്‍വ്വകലാശാലയില്‍ നിലവില്‍ ഉള്ളത്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്നടക്കം ഇതേ ഫീസ് തന്നെയായിരുന്നു സിയുകെ അധികൃതര്‍ ഈടാക്കിയിരുന്നത്. വിദ്യാര്‍ത്ഥികളുടെ നിരന്തരമായ പ്രതിഷേധത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ മുന്‍പ് മാത്രമാണ് എസ് സി/എസ് ടി വിഭാഗത്തെ ഫീസില്‍ നിന്ന് ഒഴിവാക്കി സര്‍ക്കുലര്‍ ഇറക്കിയത്. യു ജി സി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി ഇത്രയും വര്‍ഷം എസ് സി/എസ് ടി വിദ്യാര്‍ത്ഥികളില്‍ നിന്നും ഫീസ് പിരിച്ചതിന്റെ കാരണം ഇതുവരെ സര്‍വ്വകലാശാല വ്യക്തമാക്കിയിട്ടുമില്ല.

അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ അടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ മെസ്സ് ബില്‍ പോലും അടക്കാന്‍ കഴിയാതെ കഷ്ടപ്പെടുകയാണ്. മുന്‍ വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്കു നല്‍കി വന്നിരുന്ന സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയതോടെ അത് കൂടുതല്‍ പരിതാപകരമായ അവസ്ഥയിലായി. നിലവില്‍ സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് പല കുട്ടികള്‍ക്കും മെസ്സില്‍ 4000ല്‍ അധികം രൂപ കുടിശികയുണ്ട്. അതുമാത്രമല്ല സ്റ്റുഡന്റ് മെസ്സ് ആയതിനാല്‍ സര്‍വ്വകലാശാലയില്‍ നിന്നും ഇനിയും സഹായം ലഭിച്ചില്ലെങ്കില്‍ ഒരാഴ്ച്ചയ്ക്കകം മെസ്സ് അടച്ചുപൂട്ടേണ്ടി വരുമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഇതൊന്നും പോരാഞ്ഞിട്ട് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും അന്യായമായി ബസ് ഫീസും അധികൃതര്‍ പിടിച്ചു വാങ്ങുന്നുണ്ട്.

മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ് ആയി ഒരു തുക നല്‍കി വന്നിരുന്ന യൂണിവേര്‍സ്സിറ്റി അത് നിര്‍ത്തലാക്കിയിരുന്നു. മെറിറ്റ് അടിസ്ഥാനത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു നല്‍കി വരുന്ന മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് കൂടി അടുത്ത വര്‍ഷം നിര്‍ത്തലാക്കാനാണ് സര്‍വ്വകലാശാലയുടെ ശ്രമം. അതും നടപ്പിലാവുകയാണെങ്കില്‍ പല വിദ്യാര്‍ത്ഥികള്‍ക്കും പഠനം അവസാനിപ്പിക്കേണ്ടി വരുന്ന അവസ്ഥയാകും ഉണ്ടാവുക.

ഹോസ്റ്റല്‍ ഫീസ് കുറക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് 2014 ഫെബ്രവരി 18 ന് സമരം നടത്തിയപ്പോള്‍ നല്‍കിയ വാഗ്ദാനം രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പാലിക്കപ്പെട്ടിട്ടില്ല. ഫിനാന്‍സ് കമ്മറ്റി ചേര്‍ന്ന് ഇക്കാര്യങ്ങള്‍ തീര്‍പ്പാക്കും എന്നായിരുന്നു അന്ന് അഡ്മിനിസ്‌ട്രേഷന്‍ പറഞ്ഞത്. അതേസമയം ഫീസ് പിരിക്കാന്‍ ഉത്സാഹം കാണിക്കുന്ന സര്‍വ്വകലാശാല അവശ്യസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അലംഭാവം കാട്ടുകയും ചെയ്യുന്നു.

വിദ്യാര്‍ത്ഥി പീഢനവും ഗവേഷണ വിദ്യാര്‍ത്ഥികളുടെ പ്രബന്ധം മോഷ്ടിച്ച് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചതുമടക്കം നിരവധി പരാതികളില്‍ പ്രതിയായ എക്കണോമിക്ക്‌സ് വിഭാഗം തലവന്‍ കൂടിയായ രജിസ്ട്രാര്‍ക്കെതിരെ ഇതുവരെ നടപടിയുണ്ടാവാത്തതും വിദ്യാര്‍ത്ഥികളില്‍ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട് എതിര്‍ ശബ്ദങ്ങള്‍ ഉന്നയിക്കുന്ന വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും വ്യക്തിഹത്യ നടത്തുന്ന നിലപാടുകളും അധികൃതരുടെ ഭാഗത്തു നിന്നുണ്ടാവുന്നു. ഇതിനെല്ലാം പുറമേ കാവിവത്കരണത്തിന്റെ ഭാഗമായി അഡ്മിനിസ്‌ട്രേഷനില്‍ ആര്‍ എസ് എസ് അനുഭാവികളെ തിരുകി കയറ്റലും ഇവിടെ തകൃതിയായി നടക്കുന്നുണ്ട്. മാസങ്ങള്‍ക്കു മുമ്പ് കാമ്പസിനകത്ത് പുതുതായി നിര്‍മിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിന്റെ ഭൂമി പൂജ നടന്നതും യൂണിവേഴ്‌സിറ്റി കലോത്സവ ദിനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കുനേരെ പോലീസ് നടപടിയുണ്ടായതും ഏറെ പ്രതിഷേധങ്ങള്‍ക്കു വഴി തെളിച്ചിരുന്നു. കൂടാതെ വിദ്യാര്‍ഥികള്‍ക്കു സുരക്ഷ നല്‍കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ പോലും അവരുടെ സ്വൈര്യജീവിതത്തിനു വിഘാതമാവുന്ന അവസ്ഥയാണ് സിയുകെയില്‍ ഇപ്പോഴുള്ളത്.

ഇക്കാര്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് എസ് എഫ് ഐ, അംബേദ്ക്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, എന്‍ എസ് യു(ഐ), പ്രോഗ്രസീവ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, എം എസ് എഫ്, എസ് ഐ ഒ, ഭഗത് സിംഗ് സ്റ്റുഡന്റ്‌സ് ഫ്രണ്ട് എന്നീ സംഘടനകള്‍ ചേര്‍ന്ന ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ വൈസ് ചാന്‍സിലര്‍ക്ക് കത്തു നല്‍കുകയുണ്ടായി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ അഡ്മിനിസ്‌ട്രേഷന്റെ ഭാഗത്തു നിന്നും യാതൊരു ഉറപ്പും ലഭിച്ചില്ലെന്നു മാത്രമല്ല സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കും എന്ന് യോഗത്തില്‍ വച്ചു തന്നെ അറിയിക്കുകയും ചെയ്തു. തുടര്‍ന്നു നടന്ന ചര്‍ച്ചകളില്‍ ഒന്നും യാതൊരു ഉറപ്പും നല്‍കാന്‍ അധികാരികള്‍ തയ്യാറാവാത്ത സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ സമരത്തിലേക്കു നീങ്ങുന്നത്.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍