UPDATES

കേന്ദ്രസര്‍വകലാശാലയില്‍ ആദിവാസികള്‍ ജോലി ചെയ്യുന്നത് അധികാരികള്‍ക്കു നാണക്കേടോ?

കേന്ദ്രസര്‍വകലാശാലയ്ക്കു വേണ്ടി ഭൂമി വിട്ടുകൊടുത്തവര്‍ക്ക് പറയാനുള്ളത് ചതിയുടേയും അപമാനത്തിന്റെയും കഥകള്‍

സ്വന്തം മണ്ണു വിട്ടുകൊടുക്കുമ്പോള്‍ മാളത്തുംപാറ കോളനിക്കാര്‍ക്കു മുന്നില്‍ ജീവിതത്തിന്റെ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴവര്‍ നിരാശരാണ്. വഞ്ചിക്കപ്പെട്ടതിന്റെ നിരാശ. കാസര്‍ഗോട്ടെ കേന്ദ്ര സര്‍വകലാശാലയ്ക്കായി ഭൂമി വിട്ടുകൊടുത്ത ആദിവാസി കുടുംബങ്ങള്‍ അധികാരികള്‍ നല്‍കിയ വാക്കുപാലിക്കണമെന്നാവശ്യപ്പെട്ട് ഒരു മാസക്കാലത്തിലധികമായി അനിശ്ചിതകാല നിരാഹാര സമരത്തിലാണ്. കോളനിയിലെ അമ്മമാരാണ് ഇപ്പോള്‍ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്.

കേന്ദ്രസര്‍വകലാശാലയ്ക്കു വേണ്ടി ഭൂമി ഏറ്റെടുത്തപ്പോള്‍ 16 ആദിവാസി കുടുംബങ്ങളാണ് പതിറ്റാണ്ടുകളായി അധ്വാനിച്ചു സമ്പന്നമാക്കിയ മണ്ണ് പൊതുസമൂഹത്തിനുവേണ്ടി വിട്ടൊഴിഞ്ഞത്. ഭൂമി നഷ്ടപ്പെട്ട കുടുംബങ്ങളിലെ ഒരംഗത്തിനു വീതം അവരവരുടെ യോഗ്യതയ്ക്ക് അനുസരിച്ച് സര്‍വകലാശാലയില്‍ ജോലി കൊടുക്കാമെന്ന് അധികൃതര്‍ രേഖാമൂലം ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ വിവിധ തസ്തികകളിലേക്ക് പുറത്തു നിന്നുള്ളവര്‍ക്കു വരെ ജോലി നല്‍കിയിട്ടും ആദിവാസികളെ പുറത്തു തന്നെ നിര്‍ത്തി. രാജ്യത്തിന് അഭിമാനമായി മാറുന്ന ഒരു ഉന്നത വിദ്യാഭ്യാസ കേന്ദ്രത്തിനായി സ്വന്തം മണ്ണു വിട്ടുകൊടുത്തവര്‍ക്ക് ഇപ്പോള്‍ പറയാനുള്ളത് തങ്ങള്‍ ചതിക്കപ്പെട്ടതിന്റെയും അവഹേളിക്കപ്പെട്ടതിന്റെയും കഥകള്‍.

ജില്ലയില്‍ കേന്ദ്രസര്‍വകലാശാല തുടങ്ങുവാന്‍ വേണ്ടി അധികൃതര്‍ ഈ ആദിവാസികളുടെ ഭൂമി ഏറ്റെടുക്കുമ്പോള്‍ പല ഉറപ്പുകളും നല്‍കിയിരുന്നു. ഏറ്റെടുക്കുന്ന ഭൂമിക്ക് തുല്യമായ ഭൂമി, വീട്, റോഡ് സൗകര്യങ്ങള്‍, കുടിവെള്ള സൗകര്യങ്ങള്‍ തുടങ്ങി മറ്റ് അനുബന്ധ സൗകര്യങ്ങള്‍, ഭൂമി ഒഴിയുന്ന കുടുംബങ്ങളിലെ ഒരാള്‍ക്ക് അവരവരുടെ യോഗ്യതയ്ക്ക് അനുസരിച്ച് സര്‍വകലാശാലയില്‍ ജോലി അങ്ങനെ പലതും ആ ഉറപ്പുകളിലുണ്ടായിരുന്നു. രേഖാമൂലമുള്ള ഉറപ്പില്‍ പറഞ്ഞിരിക്കുന്നതെല്ലാം വിശ്വസിക്കുമ്പോള്‍ പഴയ ദുരിത ജീവിതങ്ങള്‍ക്ക് അറുതി വരുമെന്ന് ആ പാവങ്ങള്‍ കരുതി. എന്നാല്‍ ദുരിതങ്ങളുടെ കാലം കഴിഞ്ഞുന്നില്ലെന്ന് അവര്‍ക്ക് പിന്നീട് മനസിലായി. 16 ആദിവാസി കുടുംബങ്ങളിലെ 3 കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് മാത്രമെ ജോലി ലഭിച്ചിട്ടുള്ളൂ. അതും ഒരുപ്പാട് അലച്ചിലുകള്‍ക്ക് ശേഷം താല്‍ക്കാലിക ജോലി. പുതിയ സ്ഥലവും വീടും നല്‍കാമെന്നു പറഞ്ഞിടത്ത് ഇതുവരെ കുടിവെള്ള സൗകര്യമായിട്ടില്ല. റോഡ് സൗകര്യമില്ല. പുനരധിവസിക്കപ്പെട്ട ഭൂമിയിലെ വീടുകളുടെ നിര്‍മാണം കഴിയാത്തതിനാല്‍ ഇപ്പോഴും മാളത്തുംപാറ കോളനി തന്നെയാണ് താമസം.

സമരരംഗത്തുള്ള പത്താനത്ത് സന്ദീപ് പിയുടെ വാക്കുകള്‍; “എന്റെ പെങ്ങള്‍ പ്ലസ് ടു വരെ പഠിച്ചിട്ടുണ്ട്. അതിനു തക്ക വല്ല ജോലിയും കിട്ടണം. താല്‍ക്കാലികമായിട്ടായലും മതി. ഞങ്ങളുടെ വീടുള്‍പ്പടെ നാല്‍പ്പത് സെന്റ് സ്ഥലമാണ് അവര്‍ക്ക് കൊടുക്കാമെന്നു സമ്മതിച്ചിരിക്കുന്നത്. ഞങ്ങള്‍ക്ക് അനുവദിച്ച പുതിയ ഭൂമിയിലെ വീട് പണി ഇതുവരെ കഴിഞ്ഞിട്ടില്ല. അതുവരെ പഴയ ഇടത്തു തന്നെയാണു താമസം. ഭാഗ്യത്തിന് ഞങ്ങള്‍ക്കു കിട്ടിയ ഭൂമിയിലേക്കു വാഹനങ്ങള്‍ കടന്നുവരാം. വളരെ കുറച്ചു പേര്‍ക്കു കിട്ടിയ ഭൂമിയിലെ ഈ സൗകര്യമുളളൂ. ചിലര്‍ക്ക് വഴിയില്ല. പുതിയ ഭൂമിയില്‍ കുഴല്‍ കിണര്‍ കുഴിച്ചിട്ടും ഇതുവരെ വെള്ളം കണ്ടിട്ടില്ലെന്നാണ് അറിഞ്ഞത്. ജോലിയുടെ കാര്യം അധികൃതരോട് പറയുമ്പോള്‍ അവര്‍ക്ക് അലംഭാവംമാണ്. ഞങ്ങളുടെ കാര്യങ്ങള്‍ ബന്ധപ്പെട്ടവരോട് പറയുവാന്‍ ഇവിടുത്തെ അധികൃതര്‍ തയ്യാറാവുന്നില്ല. അവര്‍ പറഞ്ഞ ഉറപ്പുകള്‍ പാലിക്കാത്തടത്തോളം ഞങ്ങള്‍ സമരവും പ്രതിഷേധവുമായി മുന്നോട്ട് പോകും.’

7970cc3f-3a8c-40e2-8394-6b706ac3aeeb

ഉറപ്പുകള്‍ പാഴ്വാക്കായപ്പോള്‍ പ്രതിഷേധിക്കാനിറങ്ങിയ കോളനിവാസികളോടു കേന്ദ്ര സര്‍വകലാശാലയില്‍ ജോലി നല്‍കില്ലെന്ന ധിക്കാരപരമായ പഴയ നിലപാട് കൂടുതല്‍ കടുപ്പിച്ചിരിക്കുകയാണ് അധികൃതര്‍. സമരം ഒത്തുതീര്‍പ്പാക്കാന്‍ വേണ്ടി ജില്ല കളക്ടര്‍ വിളിച്ചു ചേര്‍ത്ത അനുരഞ്ജന യോഗത്തിലും തങ്ങളുടെ നിലപാട് ആവര്‍ത്തിക്കുകയാണ് അധികൃതര്‍ ചെയ്തത്. ആദിവാസികള്‍ സമരം ചെയ്യട്ടെ എന്ന മനോഭാവമായിരുന്നു അവര്‍ക്ക്. ഒരു മാസമായി സമരം തുടരുന്ന ഇവര്‍ക്ക് ആശ്വാസമാകുന്ന ഒരു കാര്യം പൊതുസമൂഹത്തിന്റെ പിന്തുണയാണ്. സര്‍വകലാശാല സ്ഥിതി ചെയ്യുന്ന പുല്ലൂര്‍ പെരിയ പഞ്ചായത്തിന്റെ പ്രസിഡന്റ് ശാരദ എസ് നായരുടെ നേതൃത്വത്തില്‍ സമരസഹായ സമിതി രൂപീകരിച്ച് സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു പൊതു സമ്മേളനവും ദേശീയപാത ഉപരോധവും നടന്നിരുന്നു.

തന്ന വാക്ക് പാലിക്കണമെന്നാവശ്യപ്പെട്ട് കോളനിവാസികള്‍ ആദ്യം നടത്തിയത് സാഹസികമായൊരു നീക്കമായിരുന്നു. സര്‍വകലാശാലയിലെ ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. അന്നിവരെ അനുനയിപ്പിച്ച് താഴെയിറക്കിയത് ചര്‍ച്ച ചെയ്ത് പരിഹരിക്കാം എന്ന ഉറപ്പിലായിരുന്നു. എന്നാല്‍ അധികൃതരുടെ ഉറപ്പ് വീണ്ടും പാഴായപ്പോള്‍ ഒരിക്കല്‍ കൂടി മരണഭീഷണി മുഴക്കാന്‍ കോളനിയിലെ യുവാക്കള്‍ തയ്യാറായി. കാമ്പസില്‍ നിര്‍മാണം നടന്നുകൊണ്ടിരുന്ന അക്കാദമിക് ബ്ലോക്കിനു മുകളില്‍ കയറിയായിരുന്നു വീണ്ടും ആത്മഹത്യാഭീഷണി. അന്നും അധികൃതരുടെ മധുരമൊഴികള്‍ തന്നെ വിജയിച്ചു. എല്ലാം ചര്‍ച്ച ചെയ്ത് തീര്‍ക്കാം എന്ന ഉറപ്പ് അധികൃതര്‍ നല്‍കിയതോടെ ആ സമരവും അവസാനിപ്പിക്കാന്‍ കോളനിവാസികള്‍ തയ്യറായി. അതും വെറുവാക്കായിരുന്നുവെന്ന് അവര്‍ അറിഞ്ഞു.

e398c1fb-5773-4f6a-963d-b9d0c756406a

എന്നാല്‍ വീണ്ടും വാക്കു പറഞ്ഞു വഞ്ചിച്ച അധികാരികളെ ഇനിയും വിശ്വസിക്കരുതെന്ന തീരുമാനത്തോടെ ഇത്തവണ കോളനിവാസികള്‍ നിരാഹാര സമരത്തിനായി ഇറങ്ങിയത്. സര്‍വകലാശാല അധികൃതരുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതോടെ കഴിഞ്ഞ മാസം 11ാം തീയ്യതി മുതല്‍ ദേശീയപാതയോരത്ത് കോളനിവാസികള്‍ നിരാഹര സമരം നടത്തി വരുകയാണ്. എന്നാല്‍ ഒരുമാസം പിന്നിടുമ്പോഴും അനുകൂലമായ ഒരു തീരുമാനവും അധികൃതരില്‍ നിന്നും കോളനിവാസികള്‍ക്കായി ഇതുവരെയും ഉണ്ടായിട്ടില്ല. ഇതിനെ തുടര്‍ന്ന് സമരം ഒത്തു തീര്‍പ്പാക്കാന്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിസംബര്‍ 14നു രാവിലെ 10 മണിക്ക് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും രാജ്ഭവനിലേക്ക് വിഎസ് അച്യുതാനന്ദന്‍ ഉത്ഘാടനം ചെയ്യുന്ന മാര്‍ച്ച് നടത്തുന്നുണ്ട്. നീതിക്കുവേണ്ടിയുള്ള പോരാട്ടമാണ് തങ്ങള്‍ നടത്തുന്നതെന്നാണ് കോളനിവാസികള്‍ പറയുന്നത്.

എന്നാല്‍ കോളനി നിവാസികളുടെ സമരത്തില്‍ അധികൃതരുടെ നിലപാട് സര്‍വകലാശാല നിയമം അനുസരിച്ചു മാത്രമെ ജോലി നിയമനം നല്‍കാന്‍ സാധിക്കൂ എന്നാണ്. അതുകൊണ്ടാണ് കോളിനിവാസികളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനാവാത്തതെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഭൂമിയൊഴിഞ്ഞു കൊടുക്കുമ്പോള്‍ നല്‍കിയ വാഗ്ദാനം ഇങ്ങനെയായിരുന്നില്ലല്ലോ എന്നാണു കോളനിവാസികള്‍ ചോദിക്കുന്നത്. താത്കാലിക നിയമനം നല്‍കാന്‍ പോലും സര്‍വകലാശാലയ്ക്ക് കഴിയില്ലേ എന്നും അവര്‍ ചോദിക്കുന്നു. പൊതുസമൂഹത്തിന്റെ കൂടുതല്‍ പിന്തുണ ഇവരുടെ സമരത്തിന് കിട്ടിയാല്‍ മാത്രമെ കോളനിവാസികള്‍ വിജയിക്കുകയുളളൂ. ഇവര്‍ക്ക് വേണ്ടത് കൂടുതല്‍ ജനകീയ പിന്തുണയാണ്. ഈ സമരം വിജയിക്കേണ്ടത് ജനാധിപത്യസമൂഹത്തിന്റെ കൂടി ആവശ്യമാണ്.

(സാമൂഹിക പ്രവര്‍ത്തകനാണ് രതീഷ് അമ്പലത്തറ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍