നോവലുകളിലല്ല,ശാസ്ത്രത്തിലാണ് തനിക്ക് വിശ്വാസം എന്ന് കലക്ടര്‍ പറഞ്ഞതായി അംബിക സുതന്‍ മാങ്ങാട്
എന്‍ഡോസള്‍ഫാന്‍ മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കെട്ടുകഥയാണെന്ന പ്രചാരണം ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകുന്നു. കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. സജിത്ത് ബാബുവിന്റെതായി പുറത്തുവന്ന പ്രസ്താവനയാണ് പുതിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ കൈകൊണ്ട് തളിച്ചിട്ടും അസുഖം വരാത്തയാളുകള്‍ കാസര്‍കോടുണ്ടെന്നും, സാഹിത്യത്തിലല്ല ശാസ്ത്രത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്നുമടക്കമുള്ള പരാമര്‍ശങ്ങളാണ് ഡോ. സജിത്ത് ബാബുവിന്റേതെന്ന രീതിയില്‍ പുറത്തുവന്നത്.
വര്‍ഷങ്ങളായി എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ അനുഭവിക്കുന്ന കഷ്ടതകള്‍ക്കും അവഗണനകള്‍ക്കുമൊപ്പം ഉയര്‍ന്നു കേട്ടിട്ടുള്ള, കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തം മിഥ്യയാണെന്ന വാദം വീണ്ടും ആവര്‍ത്തിക്കുകയാണെന്ന് ദുരിത ബാധിതര്‍ക്കായി പ്രവര്‍ത്തിക്കുന്നവരും, ദുരിത ബാധിതരുടെ ബന്ധുക്കളും, വിഷയത്തില്‍ ആദ്യ ഘട്ടം മുതല്‍ ഇടപെട്ടിട്ടുള്ള സാമൂഹിക പ്രവര്‍ത്തകരും ആരോപിക്കുന്നു.
കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഡോ. കെ.എം. ശ്രീകുമാര്‍ അടക്കമുള്ളവര്‍ ഏറെക്കാലമായി ആവര്‍ത്തിക്കുന്ന ഒരു പ്രസ്താവനയാണ് എന്‍ഡോസള്‍ഫാന്‍ ദുരന്തം ഓരു തെറ്റിദ്ധാരണയാണെന്നത്. കണക്കുകള്‍ പ്രകാരം എല്ലാ ജില്ലയിലും ഉള്ളത്ര ഭിന്നശേഷിക്കാര്‍ മാത്രമേ കാസര്‍കോട്ടും ഉള്ളൂ എന്നും, ജനിതക വൈകല്യങ്ങളെ എന്‍ഡോസള്‍ഫാന്റെ അനന്തര ഫലമായി തെറ്റിദ്ധരിക്കുന്നത് കപട പരിസ്ഥിതി വാദികളുടെ ഇടപെടലിന്റെ ഫലമായാണെന്നുമാണ് ഈ വിഭാഗം വിശദീകരിക്കുന്നത്. അതേസമയം, ദുരിത ബാധിതരെ നേരില്‍ക്കാണാതെയും അവരുമായി അടുത്തിടപഴകാതെയും ഇത്തരമൊരു തീര്‍ച്ചപ്പെടുത്തലില്‍ എത്തിച്ചേരുന്നതിനു പിന്നില്‍ മറ്റു പല താല്‍പര്യങ്ങളുമാണുള്ളതെന്ന് അവകാശപ്രവര്‍ത്തകരും തിരിച്ചടിക്കുന്നുണ്ട്. ജില്ലാ കലക്ടറുടെ പ്രസ്താവന അത്തരത്തില്‍ ഏതെങ്കിലും താല്‍പര്യത്തിന്റെ പിന്‍പറ്റിയുള്ളതായിരിക്കണമെന്നാണ് കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാടിന്റെ പ്രതികരണം.
‘എന്‍ഡോസള്‍ഫാന്‍ കൊടും വിഷമാണെന്നതു കണ്ടിട്ടാണ് ലോകത്തിലെ നൂറ്റിയിരുപതോളം രാജ്യങ്ങള്‍ ഇതു നിരോധിക്കുന്നത്. ജനീവ ഉച്ചകോടിയിലടക്കം ഇത് കൊടും വിഷമാണെന്ന് കണ്ടെത്തിയപ്പോള്‍ ഇന്ത്യ പോലും എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ നിര്‍ബന്ധിതരായി. ആയിരത്തിയഞ്ഞൂറോളം ശാസ്ത്രീയ പഠനങ്ങളാണ് എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഡോ. മുഹമ്മദ് അഷീല്‍ ശേഖരിച്ചിട്ടുള്ളത്. അത്രമാത്രം പഠനങ്ങള്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെന്നാണ് ശ്രദ്ധിക്കേണ്ടത്. ഇതെല്ലാം മുന്നില്‍ നില്‍ക്കുന്നുണ്ട് എന്നതു മാത്രമല്ല വിഷയം. കാസര്‍കോട്ടെ അനുഭവം തന്നെയാണല്ലോ പ്രധാനം. വളരെ ഭീതിദമായ ഒരു കാര്യമാണത്. ഈ കുഞ്ഞുങ്ങളെയും ഇരകളെയും രക്ഷിക്കേണ്ട ജില്ലാ കലക്ടറാണ് ഇത്തരമൊരു നിലപാടെടുത്തിരിക്കുന്നത് എന്നോര്‍ക്കണം. ഇന്നേ വരെ ഈ സ്ഥാനത്തിരുന്ന ഒരു വ്യക്തിയും പറഞ്ഞിട്ടില്ലാത്ത കാര്യമാണിത്. എന്‍ഡോസള്‍ഫാന്‍ കെട്ടുകഥയാണ് എന്നൊക്കെയാണ് പറയുന്നത്. കൃഷി വകുപ്പില്‍ നിന്നും വന്നയാളാണ് ഇദ്ദേഹം. കൃഷിയിലാണ് ഇദ്ദേഹം ഗവേഷണങ്ങള്‍ നടത്തിയിരിക്കുന്നത്. കൃഷിശാസ്ത്രമാണ് പഠിപ്പിച്ചുകൊണ്ടിരുന്നത്. കൃഷി വകുപ്പില്‍ നിന്നുമുള്ളവര്‍ പൊതുവേ എന്‍ഡോസള്‍ഫാനെ ന്യായീകരിക്കുന്നവരാണ്. നാലു കൊല്ലമേ ഒരു കീടനാശിനി ഉപയോഗിക്കാവൂ എന്ന നിയമം കാറ്റില്‍പ്പറത്തി ഇരുപത്തിരണ്ടു കൊല്ലത്തോളം എന്‍ഡോസള്‍ഫാന്‍ തളിച്ചത് കാര്‍ഷിക സര്‍വകലാശാല കൂടി ശുപാര്‍ശ ചെയ്തിട്ടാണ്. ആ സര്‍വകലാശാലയുടെ ഭാഗമായിരുന്നു ഇപ്പോഴത്തെ ജില്ലാ കലക്ടര്‍.’
എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ തന്റേതെന്ന പേരില്‍ വന്നിരിക്കുന്ന പ്രസ്താവനകള്‍ പൂര്‍ണമായും നിഷേധിക്കാതെയായിരുന്നു ഈ വിഷയത്തില്‍ ജില്ലാ കലക്ടര്‍ ഡോ. സജിത്ത് ബാബു അഴിമുഖത്തോട് പ്രതികരിച്ചത്. എന്‍ഡോസള്‍ഫാന്‍ അപകടകാരിയല്ലെന്ന തരത്തിലുള്ള പ്രസ്താവന റിപ്പോര്‍ട്ടിലുണ്ടാകാന്‍ സാധ്യതയില്ലെന്നു മാത്രം പ്രതികരിച്ച ഡോ. സജിത്ത് ബാബു, വ്യക്തമായ വിശദീകരണം നല്‍കാന്‍ തയ്യാറായില്ല. എന്നാല്‍, ജില്ലാ കലക്ടറുടെ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ എന്‍ഡോസള്‍ഫാന്‍ വിക്ടിം റെമഡിയേഷന്‍ സെല്‍ യോഗങ്ങളിലുണ്ടായപ്പോള്‍ അവിടെ വച്ചു തന്നെ അതു ചോദ്യം ചെയ്യാന്‍ ശ്രമിച്ചിട്ടുള്ളതാണെന്നും, പ്രസ്താവനകള്‍ നിഷേധിക്കാന്‍ അപ്പോള്‍ അദ്ദേഹം തയ്യാറായിരുന്നില്ലെന്നും അംബികാസുതന്‍ മാങ്ങാട് പറയുന്നു. ‘സെല്‍ യോഗത്തില്‍ ഈ വിഷയം ഞാന്‍ ചര്‍ച്ചയ്ക്കു കൊണ്ടുവന്നിട്ടുള്ളതാണ്. കാസര്‍കോട് അല്ലാതെ മറ്റെവിടെയും പ്രശ്നമുണ്ടായിട്ടില്ലല്ലോ എന്നാണ് ജില്ലാ കലക്ടര്‍ ചോദിക്കുന്നത്. തൊട്ടടുത്തുള്ള കര്‍ണാടകത്തിന്റെ തെക്കന്‍ ജില്ലകളില്‍ ഇതേ അവസ്ഥയില്‍ ആയിരക്കണക്കിന് രോഗികളുണ്ട്. അതൊന്നു പരിശോധിച്ചാല്‍ അദ്ദേഹത്തിന് വസ്തുതകള്‍ ബോധ്യപ്പെടും. എന്‍ഡോസള്‍ഫാന്‍ അപകടകാരിയല്ലെന്ന് അഭിപ്രായപ്പെട്ടിട്ടില്ലെങ്കില്‍ നിഷേധിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ പോലും അദ്ദേഹം നിഷേധിച്ചിട്ടില്ലെന്നു മാത്രമല്ല, തന്റെ അഭിപ്രായമാണതെന്ന് പറയുകയും ചെയ്തിട്ടുണ്ട്. ഇതേ വിഷയത്തില്‍ പ്രതിഷേധമറിയിക്കാന്‍ അഞ്ഞൂറോളം അമ്മമാര്‍ പങ്കെടുത്ത കലക്ട്രേറ്റ് മാര്‍ച്ചും നടന്നിട്ടുള്ളതാണ്. പ്രമുഖര്‍ ഒപ്പിട്ട പ്രസ്താവനയും ഇതിനെതിരെ പുറത്തിറക്കാന്‍ പോകുന്നുണ്ട്.’ അംബികാസുതന്‍ മാങ്ങാട് പറഞ്ഞു
ഗവേഷകര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുന്നതിനേക്കാള്‍ കൃത്യമായി കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഗ്രാമങ്ങളിലെ അവസ്ഥ അവിടത്തെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും മെഡിക്കല്‍ ഡോക്ടര്‍മാര്‍ക്കുമാണ് മനസ്സിലാക്കാനാകുക എന്ന്, എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ ആരംഭകാലഘട്ടം മുതല്‍ ചികിത്സിക്കുന്ന ഡോ. വൈ.എസ്. മോഹന്‍കുമാര്‍ വിശദീകരിക്കുന്നു. 1981ല്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചു തുടങ്ങിയ ഗ്രാമങ്ങളില്‍ മാറാരോഗങ്ങള്‍ പെരുകിയപ്പോള്‍, രണ്ടായിരമാണ്ടോടെയാണ് പ്രദേശവാസികളും ദുരിതബാധിതരും പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നത്. പിന്നേയും ഏറെക്കാലം ആരും ശ്രദ്ധിക്കപ്പെടാതെ മുന്നോട്ടുപോയ, ഇപ്പോഴും അവസാനിച്ചിട്ടില്ലാത്ത സമരമാണ് എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണിയുടേത്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള പ്രദേശങ്ങളോടു ചേര്‍ന്നുകിടക്കുന്ന ഗ്രാമങ്ങളില്‍ മാറാവ്യാധികളും വൈകല്യങ്ങളും പെരുകിയതിനു പിന്നില്‍ കീടനാശിനി പ്രയോഗമായിരിക്കാം എന്ന് ആദ്യമായി തിരിച്ചറിഞ്ഞയാള്‍ എന്ന നിലയില്‍, ഡോ. സജിത്ത് ബാബുവും ഡോ. ശ്രീകുമാറുമടക്കമുള്ളവരോട് തനിക്ക് ചിലത് പറയാനുണ്ടെന്ന് ഡോ. മോഹന്‍കുമാര്‍ അഴിമുഖത്തോട് വ്യക്തമാക്കി
‘കൃഷി ശാസ്ത്രത്തില്‍ പി.എച്ച്.ഡി ഉള്ളവര്‍ എന്‍ഡോസള്‍ഫാന്‍ അപകടകാരിയല്ലെന്നു പറഞ്ഞേക്കും. ലബോറട്ടറി കണ്ടീഷനുകളില്‍ എന്‍ഡോസള്‍ഫാന്‍ അപകടകാരിയല്ലെന്നായിരിക്കും അവരുടെ ബോധ്യം. ഇവിടെ തളിക്കുന്നത് ലബോറട്ടറിയില്‍ ഉപയോഗിക്കുന്നതു പോലെയല്ലല്ലോ. ലാബില്‍ ഒരു തുള്ളിയാണെങ്കില്‍ ഇവിടെ ഒരു ലിറ്ററായിരിക്കും. ഹെലിക്കോപ്റ്ററില്‍ വന്ന് അടിക്കുമ്പോള്‍ ഈ അഞ്ചു മീറ്റര്‍ അമ്പതു മീറ്റര്‍ ചുറ്റളവൊന്നും പാലിക്കപ്പെടില്ല. ഇവിടെ വന്ന് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖല നേരിട്ടു കണ്ടിട്ടാണോ സംസാരിക്കുന്നത് എന്നാണ് ജില്ലാ കലക്ടറോട് ആദ്യം ചോദിക്കേണ്ടത്. കാസര്‍കോടുള്ള എ.സി റൂമില്‍ ഇരുന്നല്ലേ ഇദ്ദേഹം സംസാരിക്കുന്നത്. ഇദ്ദേഹം ഉദ്യോഗസ്ഥനാകുന്നതിനും മുന്‍പു തുടങ്ങിയ പ്രശ്നമാണിത്. അത് വിശദമായി പഠിക്കുകയാണ് വേണ്ടത്. സ്വന്തം വാദത്തിന് തെളിവുകള്‍ കൊണ്ടുവരാതെയാണ് അദ്ദേഹം എന്‍ഡോസള്‍ഫാന്‍ കഥ മാത്രമാണെന്ന് ആരോപിക്കുന്നത്. ലോകം മുഴുവന്‍ വിഷമെന്ന് തെളിയിച്ചു കഴിഞ്ഞ ഒന്നിനെയാണ് ന്യായീകരിക്കുന്നത്. ഇതിനു പിറകില്‍ എന്തെങ്കിലും ഹിഡന്‍ അജണ്ട ഉണ്ടായേക്കാം. സ്ഥാപിത താല്‍പര്യക്കാരും ഉണ്ടായേക്കാം.’
എന്‍ഡോസള്‍ഫാന്‍ ദുരിതം കെട്ടുകഥയാണെന്നതിനേക്കാളേറെ സമരമുഖത്തുള്ളവരെ വേദനിപ്പിച്ചിരിക്കുന്നത് ദുരിതബാധിതയായി മരിച്ച ശീലാവതിയെക്കുറിച്ചുള്ള ഡോ. സജിത്ത് ബാബുവിന്റെ പരാമര്‍ശങ്ങളാണ്. മുപ്പത്തിയഞ്ചു വയസ്സെത്തുന്നതുവരെ അനങ്ങാനാകാതെ ദുരിതബാധിതയായി ജീവിച്ച്, എന്‍ഡോസള്‍ഫാന്‍ സമരത്തിന്റെ മുഖമായി മാറിയ ശീലാവതി കഴിഞ്ഞ വര്‍ഷമാണ് മരിച്ചത്. പൈങ്കിളി വാരികയില്‍ വരുന്ന കഥകള്‍ക്കു സമാനമായി ശീലാവതിയെക്കുറിച്ച് എഴുതിവന്ന വിവരണങ്ങള്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും സജിത്ത് ബാബുവിന്റെ പേരില്‍ വന്ന പ്രതികരണത്തിലുണ്ടായിരുന്നു. രൂക്ഷമായാണ് ഈ പരാമര്‍ശത്തോട് സമരസമിതി പ്രവര്‍ത്തകര്‍ പ്രതികരിക്കുന്നത്. കലക്ടര്‍ മാപ്പു പറയുകയാണ് വേണ്ടതെന്ന ആവശ്യമുന്നയിക്കുകയാണിവര്‍. ‘എന്‍മകജെ നോവല്‍ ഒരു പൈങ്കിളിക്കഥയാണ് എന്നാണ് അദ്ദേഹം പറയുന്നത്. എന്‍മകജെ കഥയല്ല, കാസര്‍കോട്ടെ ഗ്രാമങ്ങളില്‍ മനുഷ്യര്‍ അനുഭവിച്ചിരുന്ന യഥാര്‍ത്ഥ വേദനകളാണ്. ശീലാവതിയെക്കുറിച്ചെഴുതിയ ലേഖനങ്ങള്‍ പൈങ്കിളി കഥയാണെന്ന് കലക്ടര്‍ പറയുന്നു. മുപ്പത്തിയഞ്ചു വര്‍ഷം ഒരേ കിടപ്പു കിടന്ന ശീലാവതിയെക്കുറിച്ച് അങ്ങനെ പറയുമ്പോള്‍, ആ കുട്ടിയെ മാത്രമല്ല, നരകയാതന അനുഭവിക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും അവരുടെ അമ്മമാരെയുമാണ് കലക്ടര്‍ അപമാനിക്കുന്നത്. ഇക്കാര്യത്തില്‍ കലക്ടര്‍ മാപ്പു പറയുകയാണ് വേണ്ടത്. 2011ല്‍ അന്നത്തെ കൃഷിമന്ത്രി കെ.വി തോമസ് ഇവിടെ വന്ന്, എന്‍ഡോസള്‍ഫാന്‍ ദുരന്തത്തില്‍ ആരും മരിച്ചിട്ടില്ല എന്നു പറഞ്ഞതിന് മാപ്പു പറയേണ്ടിവന്നിട്ടുണ്ട്. ഇത്രയേറെ ശാസ്ത്രീയ പഠനങ്ങള്‍ വന്നു കഴിഞ്ഞിട്ടും, എന്‍ഡോസള്‍ഫാന്‍ പച്ചവെള്ളത്തിനു തുല്യമാണെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. എന്‍ഡോസള്‍ഫാനെതിരെ കാസര്‍കോട്ട് ഒരു മാഫിയ പ്രവര്‍ത്തിക്കുന്നു എന്നൊക്കെയാണ് ആരോപണം. ഇദ്ദേഹത്തിന് എന്‍ഡോസള്‍ഫാന്‍ കച്ചവടത്തിലാണ് കണ്ണ്. അല്ലാതെ കാസര്‍കോട്ടെ ജനത അനുഭവിക്കുന്ന ദുരിതത്തിലല്ല. അങ്ങനെയൊരു കലക്ടറെ കാസര്‍കോടിന് ആവശ്യമില്ല. ജില്ലയിലെ അമ്മമാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതും അതാണ്.’
ശീലാവതിയെ ചികിത്സിച്ചിരുന്ന ഡോ. മോഹന്‍ദാസിനു പറയാനുള്ളതും ഇതുതന്നെ. ‘ശീലാവതി ജനിച്ചപ്പോള്‍ മുതല്‍ നോക്കിയ ഡോക്ടറാണ് ഞാന്‍. ശീലാവതി മരിച്ചതിനു ശേഷം മാത്രം കാസര്‍കോട്ടേക്കു വന്ന ഉദ്യോഗസ്ഥനാണ് ഇപ്പോഴത്തെ കലക്ടര്‍. ശീലാവതിയെക്കുറിച്ച് ഒന്നുമറിയാതെ എങ്ങനെയാണ് ഇയാള്‍ അങ്ങനെ പറയുക? അദ്ദേഹം മാപ്പു പറയുകയാണ് വേണ്ടത്. ഇത്രയേറെ കഷ്ടപ്പെടുന്ന ഒരു സമൂഹത്തെ അപഹസിക്കുകയല്ലേ ചെയ്യുന്നത്?’ രാജ്യാന്തര തലത്തില്‍ അപകടകരമായി തിരിച്ചറിയപ്പെട്ടിട്ടുള്ള എന്‍ഡോസള്‍ഫാന്‍, രാജ്യത്ത് നിരോധിക്കപ്പെട്ടതിനു ശേഷവും ഉയരുന്ന ഇത്തരം വാദങ്ങളെ വിമര്‍ശനത്തിനു വിധേയമാക്കുകയും തള്ളിക്കളയുകയും വേണമെന്നാണ് അവകാശപ്രവര്‍ത്തകരുടെ പക്ഷം. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ജില്ലാ കലക്ടറെപ്പോലൊരാള്‍ ഇത്തരമൊരു അഭിപ്രായം പ്രകടിപ്പിക്കാന്‍ പാടില്ലായിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പരാമര്‍ശം കലക്ടര്‍ നിഷേധിച്ചാലും, സമാനമായ നിലപാടുകള്‍ സെല്‍ യോഗങ്ങളിലടക്കം അദ്ദേഹം എടുത്തിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. നിശിതമായിത്തന്നെ ഈ വിഷയത്തില്‍ പ്രതികരിക്കാനാണ് ദുരിത ബാധിതരുടെ സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായുള്ള ഹെല്‍ത്ത് ക്യാംപ് ഭിന്നശേഷിക്കാരുടെ ക്യാംപാക്കാനുള്ള ശ്രമങ്ങളും, ഈ ദുരന്തത്തെ ലഘൂകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗം തന്നെയാണെന്നാണ് ഇവരുടെ നിരീക്ഷണം. കൃഷി വകുപ്പിനോ കാര്‍ഷിക സര്‍വകലാശാലയ്ക്കോ എന്‍ഡോസള്‍ഫാന്‍ പോലുള്ള മാരക കീടനാശിനികളെ തള്ളിക്കളയാനാകില്ലെന്നും, അതിന്റെ ഉദാഹരണമാണ് ജില്ലാ കലക്ടറുടെ നിലപാടെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
നെടുകണ്ടം കസ്റ്റഡി മരണം, കൂടുതല്‍ റിപ്പോര്‍ടുകള്‍ വായിക്കാം: ‘ആത്മവീര്യ’മുണര്‍ത്തുന്ന കൊലപാതകങ്ങള്‍