UPDATES

കേരളം

ഇത് കാസര്‍കോഡ്; മുപ്പത്തിമൂന്നാം വയസിലും മുട്ടിലിഴഞ്ഞ് ഒരു ജില്ല

കാസര്‍ഗോഡ് പാക്കേജിനായി നല്ലൊരു തുക ബജറ്റില്‍ വകയിരുത്തിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണ് ഒരു ജില്ല മുഴുവന്‍.

ഒരു ജില്ല എന്ന നിലയില്‍ സ്വതന്ത്രമായി നടന്നു തുടങ്ങിയിട്ട് മുപ്പത്തിമൂന്നാണ്ട് തികയുമ്പോഴും വികസനകാര്യങ്ങളില്‍ കാസര്‍ഗോഡ് മുട്ടിലിഴയുകയാണ്. ഒന്നിനും കൊള്ളാത്ത മൊട്ടപ്പറമ്പെന്നും, ഓണം കേറാമൂലയെന്നുമൊക്കെ പറഞ്ഞ് തഴമ്പിച്ച ഈ തുളു മണ്ണിനെ വികസനോന്‍മുഖമായ കണ്ണുകളാല്‍ നോക്കിക്കാണുമ്പോള്‍ കാര്‍ഷിക, വാണിജ്യ, വിനോദ സഞ്ചാര കേന്ദ്രമായി വളരാനുള്ള വിഭവങ്ങളുടെ സുലഭത കാണാന്‍ സാധിക്കും. എല്ലാമുണ്ടായിരുന്നിട്ടും, അധികൃതരുടെ നിസ്സംഗതയില്‍ വലിയ വികസനങ്ങളൊന്നും അറിഞ്ഞിട്ടില്ലാത്ത ജില്ലയാണ് ഇന്നും കാസര്‍ഗോഡ്.

ജില്ലാ ആസ്ഥാനമായിരുന്നിട്ടുപോലും കാസര്‍ഗോഡ് നഗരത്തില്‍ പല ട്രെയ്‌നുകള്‍ക്കും സ്റ്റോപ്പുകള്‍ അനുവദിക്കാതെയും, എന്‍ഡോസള്‍ഫാന്‍ രോഗികളുടെ കണ്ണീരുവറ്റാത്ത ഈ മണ്ണില്‍ ഒരു മെഡിക്കല്‍ കോളേജുപോലും പ്രവര്‍ത്തന സജ്ജമാക്കാതതെയും തഴയുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍. പണിഷ്‌മെന്റ് ട്രാന്‍സ്ഫറുകള്‍ക്കായുള്ള ചവറ്റുകൊട്ടയായി ജില്ലയെ കണക്കാക്കുന്ന സര്‍ക്കാര്‍ സമീപനം ഒരു പരിധിവരെ ജില്ലയെ വികസന മുരടിപ്പിലേക്ക് വീണ്ടും വീണ്ടും തള്ളി വിടുന്നുണ്ട്. ഭാഷാ ന്യൂന പക്ഷ ജില്ലയായി പ്രഖ്യാപിച്ച കാസര്‍ഗോഡിനോട് എക്കാലത്തും ഭരണകൂടം ന്യൂന പക്ഷ വിഭാഗങ്ങളോട് കാണിക്കുന്ന അവഗണനയ്ക്ക് സമാനമായ സമീപനം തന്നെയാണ് നാളിതുവരേയും സ്വീകരിച്ചു വരുന്നത്.

കേരളത്തിലെ മറ്റ് ജില്ലകളിലൊന്നും കണ്ടുവരാത്ത തരത്തില്‍ കോട്ടകളാല്‍ സമ്പന്നമായ ജില്ലയാണ് കാസര്‍ഗോഡ്. ഇക്കേരി നായ്ക്കന്‍മാര്‍ പണി കഴിപ്പിച്ച ബേക്കല്‍ കോട്ടയാണ് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ മുന്‍ പന്തിയിലെന്നിരിക്കിലും, ചന്ദ്രഗിരികോട്ട, ആരിക്കാടി കോട്ട, ഹൊസ്ദുര്‍ഗ്ഗ് കോട്ട, പൊവ്വല്‍ കോട്ട തുടങ്ങി സംസ്‌ക്കാര വിനിമയങ്ങളുടെ അടയാളങ്ങളായി നിരവധി അവശേഷിപ്പുകള്‍ കാസര്‍ഗോഡിന്റെ മുക്കിലും മൂലയിലും കിടപ്പുണ്ട്. അധികൃതരുടെ ശ്രദ്ധ വേണ്ടത്ര ലഭിക്കാതെ കോട്ടമതിലിടിഞ്ഞും, കാടുമൂടിയും നശിക്കുകയാണിവ. കാലാന്തരത്തില്‍ കാസര്‍ഗോഡുനിന്നുമുളള കോട്ടകളെ കാണ്‍മാനില്ലെന്ന വാര്‍ത്തകള്‍ പോലും വര്‍ത്തമാന കേരളത്തെ ഞെട്ടിച്ചിരുന്നു. കോട്ടകള്‍ക്ക് ചുറ്റും മനുഷ്യച്ചങ്ങലകള്‍ തീര്‍ത്തും, അധികൃതരോട് പരാതിപ്പെട്ടും വിദ്യാര്‍ത്ഥി സമൂഹം മുന്നോട്ട് വരുന്നുണ്ടെങ്കിലും ഉന്നത തലത്തില്‍ ശ്രദ്ധക്ഷണിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല.

മലബാറിന്റെ ഊട്ടിയെന്ന് വിശേഷിപ്പിക്കാവുന്ന റാണിപുരം വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ മറ്റ് ജില്ലകളിലെന്ന പോലെ ഇനിയും വളര്‍ന്നിട്ടില്ല. പ്രകൃതി സൗന്ദര്യത്തിന്റെ മാസ്മരികതയാസ്വദിക്കാനെത്തുന്ന സഞ്ചാരികളെ തൃപ്തിപ്പെടുത്താനുതകുന്ന തയ്യാറെടുപ്പുകളൊന്നും തന്നെ ടൂറിസം വകുപ്പ് കൈക്കൊണ്ടിട്ടല്ലെന്ന് തന്നെ പറയാം. സ്വകാര്യ വ്യക്തികള്‍ ലാഭക്കൊതിയോടെ റിസോര്‍ട്ടുകള്‍ പണിയുമ്പോള്‍ കുന്നും ചെരിവുകളിടിച്ച് നിരത്തുന്നത് കണ്ടു നില്‍ക്കുക മാത്രമാണ് ജില്ലാ ഭരണകൂടം ചെയ്യുന്നത്. ജില്ലയുടെ ടൂറിസം സാധ്യതകള്‍ കണക്കിലെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ പൊതുജനങ്ങള്‍ക്കിടയില്‍ കടുത്ത ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.

ജില്ലയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന മാടക്കാലും, ഇടയിലക്കാടും ടൂറിസം രംഗത്ത് ജില്ലയുടെ മറ്റൊരു സാധ്യതയാണ്. കൗവ്വായിക്കായലിന്റെ തീരത്തോട് ചേര്‍ന്ന് കിടക്കുന്ന വലയ പറമ്പ് പഞ്ചായത്തിലെ രണ്ട് ദ്വീപുകളാണ് മാടക്കാലും, ഇടയിലക്കാടും. ജനവാസമുള്ള പ്രദേശത്ത് കൂട്ടമായി കുട്ടിക്കുരങ്ങന്‍മാര്‍ താമസിക്കുന്ന കാവും, കണ്ടല്‍ സമ്പന്നതയില്‍ കണ്ണിന് കുളിരേകുന്ന കായല്‍ക്കാഴ്ചയുമാണ് ഇവിടുത്തെ പ്രധാന പ്രത്യേകത. കായല്‍ സൗന്ദര്യമാസ്വദിച്ചുകൊണ്ടുള്ള ജല സവാരിക്കും ഇണങ്ങിയ പ്രദേശമാണ് വലിയപറമ്പ് പഞ്ചായത്തിലെ ഈ ദ്വീപുകള്‍.

ടൂറിസം സാധ്യതകളേറെയുള്ള ഈ നാട് ഭരണകൂടത്തിന്റെ കടുത്ത വഞ്ചനയ്ക്ക് ഇരകളായിട്ടുണ്ട്. അതിന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ കൗവ്വയിക്ക് കുറുകേ ഇന്നും കാണാനാകും. രാജ്യത്തെ ഏറ്റവും നിളം കൂടിയ തൂക്കുപാലം നിര്‍മ്മിച്ച് കാഴ്ചക്കാരെ ആഹ്ലാദിപ്പിച്ച മാടക്കാല്‍ തൂക്കുപാലം ഉദ്ഘാടനം കഴിഞ്ഞതിന്റെ അന്‍പത്തിയെട്ടാം നാള്‍ പൊളിഞ്ഞു വീണിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും, സര്‍ക്കാര്‍ കാണിക്കുന്ന നിസ്സംഗത ജില്ലയോടുള്ള പൊതു സ്വഭാവത്തിന്റെ തനിയാവര്‍ത്തനം തന്നെയാണ്.

ഉത്തര കാസറഗോഡിന്റെ പ്രകൃതി രമണീയമായ മറ്റൊരു പ്രദേശമാണ് പൊസടി ഗുംപെ മലനിരകള്‍. ഒരുപോലുള്ള 3 കുന്നുകളാണ് പൊസടിഗും പെ. മലകളുടെ അടിവാരത്ത് ചരിത്ര പരമായ പ്രത്യേകതകളേറെയുള്ള ഗുഹയും കാണാം. മംഗലാപുരം- കാസര്‍ഗോഡ് നഗരങ്ങളുടെ കാഴ്ചയാണ് ഗുംപെ മലനിരകളില്‍ നിന്നും കാണാന്‍ സാധിക്കുന്നത്. അച്ചാം തുരുത്തി, നെല്ലിക്കുന്ന് ബീച്ച് തുടങ്ങി നിരവധി പ്രദേശങ്ങളാണ് കാസര്‍ഗോഡന്‍ മണ്ണില്‍ വിനോദ സഞ്ചാര മേഖലയിലെ നാഴികക്കല്ലുകളാകാന്‍ കാത്തിരിക്കുന്നത്.

വാണിജ്യ-വ്യവസായ രംഗത്തെ മെല്ലെപ്പോക്കിന് ഇന്നും ജില്ല, സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക സര്‍വേ 2017ന്റെ അടിസ്ഥാനത്തില്‍, ജില്ലയില്‍ ആകെ 7,580 ചെറുകിട -ഇടത്തരം വ്യവസായങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊതു ജനറല്‍ വിഭാഗത്തില്‍ 7,287യൂണിറ്റുകളും, എസ്.സി, എസ്.ടി വിഭാഗങ്ങളില്‍ യഥാക്രമം 189, 101 യൂണിറ്റുകളുമാണ് തുടങ്ങിയത്. 39,543.77 ക്ഷം രൂപയാണ് ജില്ലയിലെ ആകെ നിക്ഷേപം. 39,579 തൊഴില്‍ ദിനങ്ങള്‍ ഈ മേഖലയിലുണ്ടായി. അതേ സമയം തലസ്ഥാനത്ത് 1,72,168 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ജില്ലയിലെ അഞ്ച് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളിലായി 39 ചെറുകിട വ്യവസായ യൂണിറ്റുകളാണ് തുടങ്ങിയത്. ഇതില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന 30 എണ്ണത്തിലായി 54 തൊഴിലവസരം മാത്രമാണുള്ളത്.

കാസര്‍ഗോഡന്‍ ഗ്രാമങ്ങളില്‍ നല്ലൊരു ശതമാനവും കാര്‍ഷിക ഗ്രാമങ്ങളാണ്. പരമ്പരാഗതമായ രീതിയില്‍ നെല്ല്, തെങ്ങ്, കവുങ്ങ്, റബ്ബര്‍, കാപ്പി, കുരുമുളക്, കന്നുകാലി വളര്‍ത്തല്‍ തുടങ്ങി വിവിധ കൃഷികളില്‍ നല്ലൊരു ശതമാനം ആളുകളുണ്ടായിരുന്നിട്ടും ഈ വിഭവങ്ങളെ ഫലവത്തായ രീതിയില്‍ ഇപയോഗിക്കാന്‍ ഇന്നും ജില്ലയ്ക്കായിട്ടില്ല. ഈ മേഖലയില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തിന്റെ ഉദാഹരണമാണ് വോര്‍ക്കാടി കൃഷിവിജ്ഞാന കേന്ദ്രം, ജീവനക്കാരില്ലാത്ത കൃഷിയോഫീസുകളും, മൃഗാശുപത്രികളുമൊക്കെ. മിക്കയിടങ്ങളിലും ഉദ്യോഗസ്ഥര്‍ രണ്ടും അതിലധികവും പഞ്ചായത്തുകളുടേയും, ബ്ലോക്കുകളുടേയും അധിക ചുമതലയേറ്റെടുത്ത് നട്ടം തിരിയുകയാണ്. തുളുനാടന്‍ ഗ്രാമങ്ങളിലെ ഓഫീസുകളില്‍ തെക്കന്‍ ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സേവനമനുഷ്ടിക്കുന്നതിനാല്‍ കൃത്യമായ രീതിയില്‍ ആശയ വിനിമയം നടത്താതെയും, അധിക ചാര്‍ജ്ജ് ഈടാക്കുകയും, വന്‍ തോതില്‍ കൈക്കൂലി വാങ്ങല്‍ വരെ നടക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഏവരെയും കണ്ണീരിലാഴ്ത്തിയ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ വേദനകള്‍ പേറി നീറിക്കഴിയുന്ന നിരവധി ഇരകളുണ്ട് ജില്ലയുടെ പല ഭാഗങ്ങളിലുമായി. ആശ്വസിപ്പിക്കാനും സാന്ത്വന വര്‍ത്തമാനങ്ങള്‍ പറയാനും വിവിധ രാഷ്ട്രീയ നേതാക്കന്‍മാര്‍ എന്നും മുന്‍കൈ എടുക്കുന്നുണ്ടെങ്കിലും അവരുടെ ആരോഗ്യ ക്ഷേമത്തിനും, പുനരധിവാസത്തിനുമായി തയ്യാറാക്കിവെച്ച പാക്കേജുകളെല്ലാം കടലാസുകളില്‍ തന്നെ വിശ്രമിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളിലൊന്നും തന്നെ ഇവര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമല്ല. കൃത്യമായ രീതിയില്‍ പരിചരിക്കാനാവശ്യമായ ഡോക്ടര്‍മാരില്ല. ഇരകളുടെ ചികിത്സയ്ക്കായി ബാങ്കുകളില്‍നിന്നെടുത്ത കടത്തിന്റെ പേരില്‍ ജപ്തി നോട്ടീസുകള്‍ വരെ കൈപ്പറ്റിക്കഴിഞ്ഞ നിര്‍ധന കുടുംബങ്ങള്‍ ചികിത്സ തേടി മംഗലാപുരം ആശുപത്രി ലോബികളുടെ ബലിയാടുകളാകേണ്ടി വരികയാണ്. ഇതിനൊരു പരിഹാരമായാണ് എന്‍ഡോസള്‍ഫാന്‍ ബാധിത പഞ്ചായത്തുകളുടെ സമീപത്തായി മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്. പാതിവഴിയില്‍ അനാഥമായി കിടക്കുന്ന മെഡിക്കല്‍ കോളേജ് സംബന്ധിച്ച് ഈ ബജറ്റില്‍ ഒരു പരാമര്‍ശവും ഉണ്ടായില്ല എന്നത് ജില്ലയോടും, എന്‍ഡോസള്‍ഫാന്‍ ഇരകളോടുമുള്ള കടുത്ത അവഗണന തന്നെയാണ്.

കേരള സംസ്ഥാനത്തിന്റെ വികസനക്കുതിപ്പുകള്‍ക്കെന്നും മുതല്‍ക്കൂട്ടായിരുന്ന പ്രവാസികളുടെ നല്ലൊരു ശതമാനവും കാസര്‍ഗോഡ് ജില്ലയിലുണ്ടായിരുന്നിട്ടും, ഈ അടുത്ത കാലത്താണ് ജില്ലക്ക് സ്വന്തമായൊരു പാസ്‌പോര്‍ട്ട് ഓഫീസ് അനുവദിച്ചത്. ജില്ലയോടൊപ്പം കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചയ്ത മറ്റ് ഓഫീസുകളുടെ പണികള്‍ പുരോഗമിക്കുമ്പോഴും സാമ്പത്തികമായ ചില കാരണങ്ങള്‍ കാരണങ്ങള്‍ കാണിച്ച് പാസ്‌പോര്‍ട്ട് ഓഫീസിന്റെ ഉദ്ഘാടന ചടങ്ങുകള്‍ നീട്ടിക്കൊണ്ടു പോയ്‌ക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ മുഴുവന്‍ പാസ്‌പോര്‍ട്ട് അപേക്ഷകരുടെ കണക്കുവിവരങ്ങള്‍ പരിശോധിച്ചാല്‍ ഏറ്റവുമധികം അപേക്ഷകരുള്ള കാസര്‍ഗോട്ടെ ജനങ്ങള്‍ക്ക് പാസ്‌പോര്‍ട്ട് സംബന്ധിയായ ആവശ്യങ്ങള്‍ക്ക് പയ്യന്നൂരുവരെ യാത്ര ചെയ്യണമായിരുന്നു. ഏറെക്കാലത്തെ കാത്തിരിപ്പിനും, പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍, അനുവദിക്കപ്പെട്ട ഓഫീസിന്റെ സേവനങ്ങള്‍ ലഭിക്കാന്‍ ഒരു ജില്ലമുഴുവന്‍ കാത്തിരിക്കുകയാണ്. ഫണ്ടിന്റെ അഭാവമെന്ന് പറഞ്ഞ് ആഅനുവദിക്കപ്പെട്ട സൗകര്യം അന്യാധീനപ്പെടാതിരിക്കാന്‍ വിവിധ സംഘടനകളുടെ കീഴില്‍ ജില്ലയിലെ പ്രവാസികളെല്ലാം സമരം നടത്തി വരികയാണ്.

യൗവ്വനത്തിന്റെ ഊര്‍ജ്ജസ്വലതയൊന്നും കാസര്‍ഗോഡിന് കാണാനില്ല. ബാലാരിഷ്ടതകളൊഴിഞ്ഞ മേഖലകളൊന്നുമില്ലെന്ന് തന്നെ പറയാം. വേനലിന് മുന്നേ വരള്‍ച്ച നേരിടുന്ന നിരവധി പ്രദേശങ്ങളുണ്ട് ജില്ലയുടെ പലഭാഗങ്ങളിലുമായി. വിവരസാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടം ജില്ലയിലെത്തിയിട്ടില്ല. ചീമേനിയില്‍ ഒരു ഐ.ടി പാര്‍ക്ക് ജില്ലയ്ക്കായി നീക്കിവെച്ചിട്ടുണ്ടെങ്കിലും ഉദ്ഘാടനം കഴിയാതെ കിട്ടിയെന്ന് പറയാന്‍ കഴിയാത്ത ഗതികേടിലാണ് ജില്ല. സര്‍ക്കാര്‍ സ്‌കൂളുകളെ ഹൈടെക്ക് ആക്കുവാനുള്ള കര്‍മ്മ പദ്ധതികളുുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴും, സ്‌കൂളിലെത്തിച്ചേരാന്‍ സാധിക്കാതെയും, പോഷകങ്ങളുടെ അഭാവത്താലും, കാട്ടാന ശല്യത്താലും വലയുന്ന നിരവധി കുട്ടികള്‍ ജില്ലയിലുണ്ട്. വെള്ളവും, ശുചിമുറിയും, സൗകര്യങ്ങളെല്ലാം ചേര്‍ന്ന കെട്ടിടങ്ങളുമില്ലാത്ത വിദ്യാലയങ്ങളുണ്ട്. വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുണ്ട്. ഹൈസ്‌കൂളു പോലും സര്‍ക്കാരിന്റേതായില്ലാത്ത പഞ്ചായത്തുകളുണ്ട്. വികസനം എത്തിനോക്കിയിട്ടില്ലാത്ത മലമ്പ്രദേശങ്ങളും, കുന്നിന്‍ മുകളിലൊറ്റപ്പെട്ട് കഴിയുന്ന കുടുംബങ്ങളുണ്ട്. കാണെകാണെ മരിച്ചില്ലാതായ്‌ക്കൊണ്ടിരിക്കുന്ന പ്രാചീന ഗോത്ര വര്‍ഗ്ഗങ്ങളുണ്ട്. കാസര്‍ഗോഡ് പാക്കേജിനായി നല്ലൊരു തുക ബജറ്റില്‍ വകയിരുത്തിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണ് ഒരു ജില്ല മുഴുവന്‍.

ദില്‍ന വികസ്വര

ദില്‍ന വികസ്വര

മാധ്യമ പ്രവര്‍ത്തക. കണ്ണൂര്‍ സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍