UPDATES

കേരളം

കാസര്‍ഗോഡ് നഗരസഭ കടക്കെണിയില്‍: ഓഡിറ്റ് റിപ്പോര്‍ട്ട്

നഗരസഭയില്‍ കരാര്‍ ഇടപാടുകളിലടക്കം വന്‍ക്രമക്കേടുകളെന്നും കണ്ടെത്തല്‍

മാസങ്ങളായി അഴിമതിയാരോപണങ്ങളും വിജിലന്‍സ് അന്വേഷണവും നേരിട്ടുവരുന്ന കാസര്‍ഗോഡ് നഗരസഭയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത്. ഞെട്ടിക്കുന്ന കണക്ക് വിവരങ്ങളാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കാണിച്ചിരിക്കുന്നത്.

 

മുസ്ലിം ലീഗ് ഭരിക്കുന്ന നഗരസഭയ്ക്ക് നല്ലൊരു ശതമാനം വരുമാനം ലഭിക്കേണ്ടുന്ന പ്രൊഫഷണല്‍ ടാക്‌സ്, എയ്ഡഡ് സ്‌കൂള്‍ ടാക്‌സ്, ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റ് ടാക്‌സ്, തിയേറ്ററുകളുടെ ടാക്‌സ്, വീട്ട് നികുതി തുടങ്ങിയ നികുതി പണങ്ങള്‍ പിരിക്കുന്നതില്‍ മുനിസിപ്പാലിറ്റി വലിയ വീഴ്ച വരുത്തിയതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരസഭയുടെ കീഴില്‍ പൊതുജനങ്ങള്‍ക്ക് അക്ഷയ കേന്ദ്രത്തിന് സമാനമായ സഹായങ്ങള്‍ ചെയ്തു കൊടുക്കുന്ന ജനസേവന കേന്ദ്രത്തിനായി വാങ്ങിച്ച ബാട്ടറികള്‍ മോഷണം പോയതായി വരെ റിപ്പോര്‍ട്ടില്‍ പറയുന്നു.

എട്ട് വാര്‍ഡുകളൊഴികെയുള്ള വാര്‍ഡുകളില്‍ നടന്ന ഗ്രാമസഭ സംബന്ധിയായ റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടപ്പോള്‍ സമയത്തിന് എത്തിക്കാത്തതിനാല്‍, അവിടങ്ങളില്‍ ഗ്രാമസഭകള്‍ കൂടിയിട്ടില്ലാത്തതായി കണക്കാക്കുകയും, കടുത്ത ഭാഷയില്‍ ഇതിനെതിരെ പരാമര്‍ശിക്കുകയും ചെയ്തു. പദ്ധതികളില്‍ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്ന വിഷയത്തിലും, കരാറിടപാടുകളില്‍ ഏര്‍പ്പെടുമ്പോഴും നഗരസഭ കേരള സര്‍ക്കാര്‍ നല്‍കിയ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നടത്തിയതെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ എടുത്തുകാട്ടുന്നു.

ഭവന നിര്‍മാണ പദ്ധതി, ഭവന പുനരുദ്ധാരണ പദ്ധതി, അശരണര്‍ക്കായി നഗരസഭ നടത്തിയ ആശ്രയ പദ്ധതി തുടങ്ങിയ പദ്ധതികളുടെ ഫണ്ട് വിതരണം, ഗുണഭോക്തൃ നിര്‍ണ്ണയം തുടങ്ങിയ നിരവധി വിഷയങ്ങളില്‍ വിജിലന്‍സ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

പദ്ധതികളുടെ നടത്തിപ്പില്‍ സംശയം തോന്നിയ പ്രാദേശിക ജനകീയ സംഘടനയായ ജി.എച്ച്.എം മുന്‍കൈയ്യെടുത്ത് വിജിലന്‍സിന് ആര്‍.ടി.ഐ രേഖകള്‍ സഹിതം നല്‍കിയ പരാതിയിന്‍മേലാണ് നഗരസഭയില്‍ നടന്ന ക്രമക്കേടുകള്‍ നേരത്തെ കണ്ടുപിടിച്ചത്. ഇത് മുനിസിപ്പാലിറ്റിയുടെ കൗണ്‍സില്‍ മീറ്റിംഗുകളില്‍ ഭരണകക്ഷിയായ ലീഗിന്റെ കൗണ്‍സിലര്‍മാരും മുഖ്യപ്രതിപക്ഷമായ ബിജെപിയുടെ കൗണ്‍സിലര്‍മാരും
തമ്മിലുള്ള വാക്കേറ്റത്തിനും കയ്യാങ്കളികള്‍ക്കും ഇടയാക്കിയിരുന്നു.

45,00,000 രൂപ പ്രതിമാസ ചിലവ് കണക്കാക്കുന്ന നഗരസഭ ഇന്ന് നിലനിന്ന് പോകുന്നത് കേരള സര്‍ക്കാരിന്റെ കനിവ് ഒന്നുകൊണ്ട് മാത്രമാണ്. നഗരത്തിലെ പ്രമുഖങ്ങളായ അഞ്ചോളം ആശുപത്രികളിലെ ഡോക്ടര്‍മാരില്‍ നിന്നും തൊഴില്‍ നികുതി പിരിച്ചെടുക്കാത്തതും, പാര്‍ക്കിംഗ് ഏരിയകള്‍ കച്ചവടസ്ഥാപനങ്ങളായി പരിണമിച്ചിട്ടും നടപടികള്‍ കൈക്കൊള്ളാത്തതും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കി.

നഗരസഭയിലെ സി.ഡി.എസ് മെമ്പര്‍ സെക്രട്ടറിക്കും, ഓവര്‍സിയര്‍ക്കുമെതിരെ കേസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും, കേസ് അന്വേഷണത്തിന്റെ മെല്ലെപ്പോക്കില്‍ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. 2014 മുതലുള്ള വിജിലന്‍സ് കേസുകള്‍ ജില്ലയില്‍ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

(മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ദില്‍ന വികസ്വര

ദില്‍ന വികസ്വര

മാധ്യമ പ്രവര്‍ത്തക. കണ്ണൂര്‍ സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍