UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യ-പാകിസ്ഥാൻ: കളിക്കളത്തിലെ രാഷ്ട്രീയവും കാശ്മീരും

Avatar

അമല്‍ ദാസ്

ലോകകപ്പ് ചൂടുപിടിച്ച് തുടങ്ങി. കപ്പിന്  അവകാശികള്‍  ആരാകുമെന്ന പന്തയങ്ങള്‍ മുറുകുകയാണ്. എല്ലാം മറന്ന്‍ ആ സ്വര്‍ണത്തിളക്കം തങ്ങളുടെതാക്കാന്‍ ടീമുകള്‍ ഒന്നടങ്കം മത്സര ബുദ്ധിയോടെ കളത്തിലിറങ്ങുന്നു. പിന്തുടര്‍ച്ചാവകാശം തേടി ഇന്ത്യ, ഒന്നാമന്‍മാരെന്ന ഹുങ്കുമായി ഓസ്ട്രേലിയ, ഫൈനലിസ്റ്റ് എന്ന പേരുമായി ശ്രീലങ്ക, പന്തയക്കുതിരകളായി സൌത്ത് ആഫ്രിക്ക, വന്യതയുടെ ആഘോഷമായി വിന്‍ഡീസ്‌, ബൌളിംഗ് കരുത്തുമായി പാകിസ്ഥാന്‍. അങ്ങനെയങ്ങനെ വിജയസാധ്യതകള്‍ കല്പിക്കുന്ന ടീമുകള്‍ നിരവധിയാണ്‌.

കിരീടപ്പോരാട്ടത്തില്‍ ഒരു പടി മുന്നില്‍ നില്‍കുന്നത് ഇന്ത്യ ആണെന്നത് എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനമുള്ള കാര്യമാണ്. ഇന്ത്യന്‍ ബാറ്റിംഗ് നിര ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും പേരുകേട്ടതാണ്. ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കൊഹ്ളി, സുരേഷ് റെയ്ന എന്നിങ്ങനെ പോകുന്നു നമ്മുടെ ലൈന്‍അപ്പ്‌. എന്തിനും ഏതിനും ഈ യുവനിരയെ മുന്നില്‍ നിന്ന് നയിക്കാന്‍ ധോണിയെന്ന നായകനും. ആരുടേയും ഹൃദയം പിളര്‍ക്കുന്ന ഈ പേരുകള്‍ ഇന്ത്യക്ക് വീണ്ടുമൊരു ലോകകപ്പ് തിളക്കം സമ്മാനിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ക്രിക്കറ്റ്‌ ഇന്ത്യയില്‍ ഏറ്റവും വേരോട്ടമുള്ള ഒരു കായികവിനോദമാണ്‌. ഈ ഉപഭൂഖണ്ഡത്തില്‍ നടന്ന പല കളികളും ഇന്ത്യ വലിയ മാര്‍ജിനില്‍ വിജയിക്കുന്നത് തന്നെ അവരാസ്വദിക്കുന്ന ഈ പിന്തുണ കൊണ്ടാണെന്ന് പറയാതെ പറഞ്ഞുവന്ന ചരിത്രം. ഇന്ത്യന്‍ ബാറ്റ്സ്മാന്‍ പായിക്കുന്ന ഓരോ ഷോട്ടിനും, ബൌളര്‍മാര്‍ പിഴുതെറിയുന്ന ഓരോ വിക്കറ്റിനും, എടുക്കുന്ന ഓരോ ക്യാച്ചിനും ഇവിടെ ലക്ഷങ്ങള്‍ ആര്‍പ്പുവിളിക്കുകയാണ്. ആയിരങ്ങള്‍ അലറുകയാണ്, ഇന്ത്യക്ക് വേണ്ടി…… 

പക്ഷെ നമ്മളറിയാത്ത പലതും ഈ ആരവങ്ങള്‍ക്ക് പിന്നിലുണ്ട്. ഇന്ത്യ കളിക്കുമ്പോള്‍ തോല്‍ക്കാന്‍ പ്രാര്‍ത്ഥിക്കുന്ന, ടീം വരുത്തുന്ന ഓരോ പിഴവിനും കയ്യടിക്കുന്ന, തോല്‍ക്കുമ്പോള്‍ ആര്‍ത്ത് വിളിക്കുന്ന ഒരുകൂട്ടം ജനങ്ങള്‍ ഇവിടെയുണ്ട്. വര്‍ഷങ്ങളായി ഇന്ത്യന്‍ സമൂഹത്തിലെ ‘ഒറ്റുകാര്‍’ എന്ന വിളി കേള്‍ക്കേണ്ടി വരുന്ന കാശ്മീര്‍ ജനത!

പൊതുവേ മുസ്ലിം വിരുദ്ധ പ്രചരണങ്ങളില്‍ ഹിന്ദുത്വ ശക്തികള്‍ ഉപയോഗിക്കുന്ന ഒരു വാദമാണ്, കാശ്മീര്‍ ഉള്‍പ്പെടെയുള്ള മുസ്ലിം അധീന പ്രദേശങ്ങളെല്ലാം പാകിസ്ഥാന്‍ അനുകൂലമാണ് എന്നത്. ഈ വാദത്തിന്റെ സാധുത നമുക്കൊന്ന് പരിശോധിക്കാം. കാശ്മീര്‍ (കാശ്മീര്‍ താഴ്വര) എന്ന വളരെ ചെറിയൊരു വീക്ഷണ കോണിലൂടെ മാത്രമേ ഞാനിവിടെ കാര്യങ്ങളെ കാണാന്‍ ശ്രമിക്കുന്നുള്ളു.

ചരിത്രത്തില്‍ നിന്ന് തുടങ്ങാം
പാകിസ്ഥാന്‍ സെന്റിമെന്‍റസ് എന്ന പേരിലറിയപ്പെടുന്ന ഒരു മനോഭാവം നിലനില്‍ക്കുന്നുണ്ടോ, എങ്കില്‍ അതിന്റെ ചരിത്രമെന്ത് എന്ന് നോക്കാം. കശ്മീരിന്റെ ചരിത്രത്തില്‍ നിന്ന് വേണം ആ ചിന്ത തുടങ്ങാന്‍.

1947ല്‍ ഇന്ത്യ വിഭജിക്കപ്പെടുമ്പോള്‍ കാശ്മീര്‍ ഒരു മുസ്ലിം അധീനജനതയായിരുന്നു. പക്ഷെ ഭരണം രാജാ ഹരിസിംഗ് എന്ന ഹിന്ദു രാജാവിന്റെ കൈവശമായിരുന്നു. നാട്ടുരാജ്യമെന്ന നിലക്ക് അവര്‍ക്ക് ഇന്ത്യയിലോ പാകിസ്ഥാനിലോ ലയിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. പക്ഷെ ഹരിസിംഗ് സ്വതന്ത്രമായി നില്‍ക്കാന്‍ തീരുമാനിച്ചു. പാകിസ്ഥാന്‍ ആര്‍മിയുടെയും, തീവ്ര മതവാദികളുടെയും നുഴഞ്ഞുകയറ്റം ക്രമാതീതമായി വര്‍ധിച്ചതോടെ ഉണ്ടായ ആഭ്യന്തരപ്രശ്നങ്ങളെ തരണം ചെയ്യാന്‍ രാജാവ്‌ ഇന്ത്യന്‍ സൈന്യത്തിന്റെ സഹായം തേടി. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും, അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായി പട്ടേലും ഹരിസിംഗിനെ കൊണ്ട് land of accession act ഒപ്പ് വെപ്പിച്ചു. അങ്ങനെ കാശ്മീര്‍ ഔദ്യോഗികമായി ഇന്ത്യയുടെ ഭാഗമായി. ഈ നീക്കം പാകിസ്താന്റെ വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാനിടയാക്കി.

ഈ സമയം ഷെയ്ഖ് അബ്ദുള്ള കാശ്മീരിനൊരു പ്രത്യേക പദവി നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തി. കാശ്മീരിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ടും, അവിടുത്തെ സവിശേഷ ജനജീവിത രീതി കൊണ്ടും, ഈ ആവശ്യം എന്തുകൊണ്ടും യുക്തിപരമായിരുന്നു. ഈ വാദത്തിനു പെട്ടെന്ന് തന്നെ വേരോട്ടമുണ്ടാവുകയും, ഒരു ദേശീയ പ്രശ്നമെന്ന നിലക്ക് അത് വളരുകയും ചെയ്തു. അങ്ങനെയാണ് 1949-ല്‍ ഭരണഘടന 370-ആം വകുപ്പ് പാസാക്കിയത്. പ്രതിരോധത്തിലും, വിദേശകാര്യത്തിലും, നാണയ കൈമാറ്റത്തിലും ഒഴികെ മറ്റെല്ലാ മേഖലകളിലും സ്വതന്ത്ര അധികാര പദവി നല്‍കപ്പെട്ടു. സ്വന്തമായി ഭരണഘടന, പതാക അങ്ങനെ മറ്റുപലതും.

ക്രമേണ ഈ സ്വതന്ത്ര ഭരണരീതി ഇന്ത്യന്‍ ഭരണകൂടത്തിന് വലിയ പ്രശ്നമായി മാറി. അങ്ങനെയാണ് 1953ല്‍ നെഹ്‌റു ആ വകുപ്പിന്റെ പരിധി മാറ്റി നിശ്ചയിച്ചത്. കാശ്മീരിന്റെ പ്രധാനമന്ത്രിയെ നീക്കം ചെയ്തു, സ്വയംഭരണാവകാശത്തില്‍ വെള്ളം കലര്‍ത്തി. ഈ നടപടികള്‍ എല്ലാം തന്നെ പൊതുജനങ്ങള്‍ക്കിടയില്‍ ഒരു തരം വെറുപ്പ് സൃഷ്ടിച്ചു. തങ്ങളെ വഞ്ചിച്ചുവെന്ന് കശ്മീരികള്‍ കരുതി വന്ന രാജാ ഹരിസിങ്ങിനോട് പുലര്‍ത്തിയ അതെ വിദ്വേഷം, ഇന്ത്യന്‍ ഗവണ്‍മെന്‍റിനോടും അവര്‍ കാണിച്ചുതുടങ്ങി. ചെറിയ തോതില്‍ പാകിസ്താനില്‍ നിന്നും നുഴഞ്ഞുകയറ്റം ഈ സമയത്താരംഭിച്ചു.

പിന്നീട് കുറെക്കാലത്തേക്ക് വലിയ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല. 1987ല്‍ നടന്ന സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പാണ് മറ്റൊരു വഴിത്തിരിവ്. കര്‍ശനമായ നിയന്ത്രണ നടപടികളാണ് കാശ്മീരി ജനതയെ കാത്തിരുന്നത്. സ്ഥാനാര്‍ഥികളെയും കൌണ്ടിംഗ് ഏജന്‍റ്മാരെയും പോലീസ് മര്‍ദിച്ചു. പോളിംഗ് ബൂത്തുകള്‍ കത്തിച്ചു. ബിനാമി സ്ഥാനാര്‍ഥികളെ നിര്‍ത്തി പ്രതിനിധികളായി പ്രഖ്യാപിച്ചു. പ്രതിഷേധിച്ച എല്ലാവരെയും നിയമപാലകര്‍ അടിച്ചമര്‍ത്തി. നിയമവ്യവസ്ഥയുടെ ഈ കാടന്‍ ഇടപെടല്‍ കാശ്മീരി ജനതയെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു തുടങ്ങി. ഇന്ത്യയെന്നത് പീഡനങ്ങളുടെയും അടിച്ചമര്‍ത്തലുകളുടെയും നാടാണെന്ന ചിന്ത അവര്‍ക്കിടയില്‍ വ്യാപകമായി. ഈ തക്കം മുതലാക്കി പാകിസ്ഥാന്‍, അവരുടെ അധീനതയിലുള്ള കാശ്മീരില്‍ സൈനിക പരിശീലന ക്യാമ്പുകള്‍ ആരംഭിച്ചു. ചെറുപ്പക്കാര്‍ കാശ്മീര്‍ താഴ്വരയും കടന്ന് പാകിസ്ഥാനില്‍ ചെന്ന് ഈ ക്യാമ്പുകളില്‍ ചേര്‍ന്നു. സായുധ വിപ്ലവത്തിലൂടെ (ജിഹാദ്) കാശ്മീരിനെ മോചിപ്പിക്കാമെന്ന് യുവാക്കള്‍ സ്വപ്നം കാണാന്‍ തുടങ്ങി. ഈ ആഭ്യന്തര പ്രശ്നത്തെ നേരിടാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കാശ്മീര്‍ താഴ്‌വരയില്‍ ആര്‍മിയെ നിയോഗിച്ചു. അവര്‍ക്കൊരു പ്രത്യേക അവകാശവും കൊടുത്തു. ഇതാണ് കിരാതമായ AFSPA (Armed Forces Special Powers Act). സായുധസേനക്ക് സംശയാസ്പദമായി തോന്നുവരെയെല്ലാം കസ്റ്റഡിയില്‍ എടുക്കാം, ചോദ്യം ചെയ്യാം, വേണമെങ്കില്‍ വെടിവെക്കാം. മാനുഷികമൂല്യങ്ങളെ എല്ലാം തട്ടിത്തകര്‍ത്തുകൊണ്ട് സേന ഇവിടെ അഴിഞ്ഞാടി. കാശ്മീര്‍ തെരുവുകള്‍ ചോരയില്‍ മുങ്ങി. പ്രതിഷേധിക്കാനോ പ്രതികരിക്കാനോ തുനിഞ്ഞ എല്ലാവരെയും തന്നെ അമര്‍ത്തികളഞ്ഞു. സൈന്യത്തിന്റെയും അധികാരസ്ഥാപനങ്ങളുടെയും ഇത്തരം നടപടികള്‍ ജനതക്കിടയില്‍, പ്രത്യേകിച്ച് യുവജനങ്ങള്‍ക്കിടയില്‍ വിദ്വേഷം വലിയ തോതില്‍ വളര്‍ത്തി. അതൊരു ഇന്ത്യന്‍ വിരുദ്ധ വികാരമെന്ന രീതിയില്‍ ചെറിയൊരു വിഭാഗം ജനങ്ങള്‍ക്കിടയിലെങ്കിലും വളര്‍ന്നിട്ടുണ്ട്.

ഈ സന്ദര്‍ഭങ്ങളെ മുതലെടുത്ത് പാകിസ്ഥാന്‍ തങ്ങളുടെ അജണ്ട നടപ്പിലാക്കാന്‍ തുടങ്ങി. കാശ്മീരിന്റെ പൊതു ബോധത്തില്‍ മതമൌലികചിന്തകളും വിഘടനവാദങ്ങളും കയറ്റി വിട്ടു. ചെറിയ തോതിലെങ്കിലും കശ്മീരിന്റെ ഉള്ളില്‍ നിന്ന് പൊട്ടലും ചീറ്റലും കേട്ട് തുടങ്ങി. 1999ല്‍ നടന്ന കാര്‍ഗില്‍ യുദ്ധം ഈ വിഘടനവാദത്തിന്റെയും മറ്റും പേരിലായിരുന്നു.

പുതിയ ചില സംഭവവികാസങ്ങള്‍
*2001ലെ പാര്‍ലമെന്റിനു നേരെയുള്ള ആക്രമണം. ലഷ്കര്‍ ഇ തയിബ എന്ന തീവ്രവാദ സംഘടനയായിരുന്നു ഇതിനു പിന്നില്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഈ സംഭവമുലച്ചു.

*2008ല്‍ പിഡിപിയുടെയും കോണ്‍ഗ്രസിന്റെയും ഗവണ്മെന്റ് ഹിന്ദു തീര്‍ത്ഥാടകര്‍ക്ക് വേണ്ടി ഭൂമി വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത് വലിയ പ്രക്ഷോഭങ്ങള്‍ക്ക് തിരി കൊളുത്തി. 1990നു ശേഷം നടന്ന വലിയ ഒരു സമരമായിരുന്നു അത്.

*2008ല്‍ തന്നെ നടന്ന മുംബൈ ഭീകരാക്രമണം.പാകിസ്ഥാനില്‍ നിന്നുമുള്ള തീവ്രവാദികള്‍ ആയിരുന്നു ആക്രമണത്തിന് പുറകിലെന്ന് പറയപ്പെടുന്നു. കാശ്മീരില്‍ വേരുകളുള്ള ലഷ്കര്‍ ഇ തയിബ ആയിരുന്നു ഈ ആക്രമണത്തിനു പിന്നിലെന്ന് തെളിഞ്ഞു. രാജ്യങ്ങള്‍ക്കിടയിലെ സൌഹൃദ സംഭാഷണങ്ങളെ ഇത് ഇല്ലാതാക്കി.

*ഇന്ത്യന്‍ വിദേശകാര്യാലയത്തിന്റെ അഭ്യര്‍ത്ഥന മാനിക്കാതെ കാശ്മീര്‍ വിഘടനവാദികളുടെ നേതാവുമായി പാക്‌ ഹൈക്കമ്മിഷണര്‍ ചര്‍ച്ച നടത്തിയതില്‍ പ്രതിഷേധിച്ച് 2014ല്‍ ഇന്ത്യ-പാക്‌ വിദേശകാര്യസെക്രട്ടറിമാരുടെ ചര്‍ച്ച റദ്ദാക്കി. 

എന്താണ് ‘പ്രൊ-പാക്കിസ്താന്‍ സെന്‍റിമെന്‍റ്’?
കാശ്മീരില്‍ ഇന്ത്യന്‍ ഭരണത്തെ എതിര്‍ത്തുകൊണ്ട് നിലകൊള്ളുന്ന ജനവികാരം പൊതുവായി അറിയപ്പെടുന്നത് “പാകിസ്ഥാന്‍ അനുകൂലവികാരം”(Pro Pakistan sentiment) എന്ന പേരിലാണ്. സാംസ്കാരികമായും മതപരമായും കാശ്മീരികള്‍ കുറേക്കൂടി അടുത്തിരിക്കുന്നത് പകിസ്ഥാനികളോടാണെന്ന്‍ പറയാറുണ്ട്. അതുകൊണ്ടുതന്നെ മാനസികമായി അവര്‍ അടുപ്പം കാണിക്കുന്നു എന്ന് അടച്ചാക്ഷേപിക്കാന്‍ സാധിക്കില്ല. അടുത്തകാലത്തായി വളര്‍ന്നുവന്ന ചെറിയൊരു അനുകൂല സാഹചര്യം തന്നെ ഇന്ത്യന്‍ ഗവണ്‍മെന്റ് എടുത്ത നിയമനടപടികള്‍ കൊണ്ടും പട്ടാളനീക്കങ്ങള്‍ കൊണ്ടുമാണ്. 1987ല്‍ മുസ്ലിം യുനൈറ്റഡ് ഫ്രണ്ട് എന്ന രാഷ്ട്രീയപാര്‍ട്ടിയെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കാത്തത് ഇത്തരം വാക്കുതര്‍ക്കങ്ങളുടെ ആക്കം കൂട്ടി. രാഷ്ട്രീയവും ചരിത്രപരവുമായ വസ്തുതകള്‍ വെച്ച് നോക്കുകയാണെങ്കില്‍ അവര്‍ അനുഭവിച്ച് കൂട്ടിയത്  അത്തരം ഒരു വിരുദ്ധവികാരം സൃഷ്ടിച്ചില്ലെങ്കിലെ അത്ഭുതം ഉള്ളു. സൈന്യവും നിയമപാലകരും അത്രക്ക് അഴിഞ്ഞാടിയിട്ടുണ്ടിവിടെ.

ക്രിക്കറ്റിലേക്ക് തിരിച്ചു വരാം. ഇന്ത്യയിലെയും പാകിസ്ഥാനിലെയും പ്രധാന കായിക വിനോദങ്ങളില്‍ ഒന്നാണ് ക്രിക്കറ്റ്‌. രണ്ടു രാജ്യങ്ങളും ലോകക്രിക്കറ്റില്‍ തന്നെ അതികായരായ ടീമുകള്‍. ഇരു ടീമുകളും തമ്മിലുള്ള വൈരം പേരുകേട്ടതാണ്. കായികരംഗത്ത് നിലനില്‍ക്കുന്നതാണെങ്കിലും ഇതിനു പിന്നില്‍ ഇത്ര നേരം വിശദീകരിച്ച രാഷ്ട്രിയ പശ്ചാത്തലമുണ്ട് എന്നത് മറ്റൊരു കാര്യം. ഇന്ത്യയുടെ ഏറ്റവും വലിയ ശത്രു മറ്റാരുമല്ല എന്ന് നമ്മളും മറിച്ച് നമ്മളാണ് ഏറ്റവും വലിയ ഭീകരര്‍ എന്നവരും ചിന്തിക്കുന്നു (പൊതു മനോഭാവം ഇങ്ങനെയാണ്). പാകിസ്ഥാനി ക്രിക്കറ്റ്‌ ടീം കാശ്മീരില്‍ പൊതുവേ വലിയ പിന്തുണ ആസ്വദിക്കുന്നു എന്ന് പറയപ്പെടുന്നു. ജാതി മതഭേദമന്യേ എല്ലാ ജനവിഭാഗങ്ങളും ഈയൊരു കാര്യത്തില്‍ ഒന്നിച്ചുനില്‍ക്കുന്നു. 1983ല്‍ വിന്‍ഡീസും ഇന്ത്യയും തമ്മില്‍ കശ്മീരിലെ ഷേര്‍-ഇ-കാശ്മീര്‍ മൈതാനത്തില്‍ വെച്ച നടന്ന മത്സരത്തില്‍ ഇന്ത്യ തോറ്റപ്പോള്‍ “പാകിസ്ഥാന്‍ സിന്ദാബാദ്” എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് ജനങ്ങള്‍ ആഘോഷിച്ചത്. ജനക്കൂട്ടത്തെ ഒഴിപ്പിക്കാന്‍ അവസാനം പോലീസ് ഇടപെടേണ്ടി വന്നു. 2011ലെ ഐസിസി ലോകകപ്പ് സെമിഫൈനലിനു മുന്നോടിയായി കശ്മീരിലെ കടകളും വിദ്യാഭ്യാസസ്ഥാപനങ്ങളും മറ്റും അടച്ചിരുന്നുവെന്ന്‍ ടൈം ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അപകടകരമായ സൂചനകളാണ് ഇതെല്ലാം പുറത്ത് വിടുന്നത്. ഇന്ത്യക്കകത്ത്‌ നിന്നുകൊണ്ട് പ്രതികാരാത്മകമായി ഇന്ത്യയെ വെറുക്കുക എന്നത് വരാനിരിക്കുന്ന ചിലതിന്റെ തുടക്കമാണ്‌ എന്ന് നമ്മെ ഓര്‍മിപ്പിക്കുന്നു.

കായികം എന്നത് ഒരു വിനോദമാണ്‌. വിനോദമെന്നതാകട്ടെ ഒരുപാട് മാനുഷികവ്യാപാരങ്ങളില്‍ ഒന്ന് മാത്രവും. ഇത്തരമൊരു വിരുദ്ധബോധം വിനോദ മാധ്യമമായ ക്രിക്കറ്റിലേക്ക് പടര്‍ന്നിരിക്കുന്നു. ഇന്ത്യയുടെ രാഷ്ട്രീയവും സാംസ്കാരികവുമായ ചുവടുകള്‍ പിഴച്ചതായിരിക്കാം ഈയൊരു ധ്രുവീകരണത്തിലേക്ക് എത്തിച്ചത്. ആര്‍ട്ടിക്കിള്‍ 370ന്‍റെയും AFSPAയുടെയും പേരിലുള്ള വാദ, എതിര്‍വാദങ്ങള്‍ ഇന്നും ഉയര്‍ന്നുകൊണ്ടിരിക്കുന്നു. മതത്തിന്റെ പേരില്‍ മനുഷ്യന്‍ മുദ്രകുത്തപ്പെടുന്ന വളരെ വികൃതമായ ഒരു കാലമാണിത്. രാഷ്ട്രീയമായ വേരോട്ടത്തിനു പൈശാചികമായ മൌലികത ഉപയോഗിക്കുന്ന ഒരു അധികാരവ്യവസ്ഥയാണ് ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. കാശ്മീര്‍ പ്രശ്നത്തെ അതിന്റെ ചരിത്രപരമായ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് കാണാതെ വൈകാരികതയുടെയും വര്‍ഗീയതയുടെയും പേരില്‍ തരംതാഴ്ത്തുന്ന ഇന്നത്തെ കേന്ദ്രഗവണ്മെന്റ് അവിടുത്തെ ജനതയെ വീണ്ടും വീണ്ടും വിഘടനവാദികളാക്കി മാറ്റുകയാണ് ചെയ്യുന്നത്. അപകടകരമായ ഈ അവസ്ഥയെ ഇനിയും സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണെങ്കില്‍, വലിയ വില നല്‍കേണ്ടി വരുമെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. പിഡിപിയുടെയും ബിജെപിയുടെയും നേതൃത്വത്തില്‍ കാശ്മീരില്‍ വന്ന പുതിയ ഗവണ്മെന്റ് ആശ്വാസം നല്‍കുന്ന നടപടികളെടുക്കുമെന്ന് പ്രതീക്ഷിക്കാം.

*Views are Personal

(ഹരിയാന കേന്ദ്ര സര്‍വ്വകലാശാലയില്‍ ജേര്‍ണലിസം വിദ്യാര്‍ഥിയാണ് ലേഖകന്‍. കോഴിക്കോട് സ്വദേശി)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍