UPDATES

ഡോ. വീണാ മണി

കാഴ്ചപ്പാട്

ഡോ. വീണാ മണി

ന്യൂസ് അപ്ഡേറ്റ്സ്

ബദാം പൂക്കളെ പോലെ ചിരിക്കുന്ന അവന്റെ കണ്ണുകളെയോര്‍ത്ത്

കുറച്ചു കാലത്തേക്ക് ഇപ്പോള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ നിന്നും മാറി താമസിക്കാന്‍ നിര്‍ബന്ധിതയായിരിക്കുകയാണ്. മുറി ഒഴിഞ്ഞു കൊടുക്കണം. കെട്ടിപ്പൂട്ടിപോകല്‍ എനിക്ക് പുതിയതല്ലെങ്കിലും, ഇങ്ങനെ മൊത്തം ഒഴിഞ്ഞു കൊടുക്കണം എന്ന് പറഞ്ഞപ്പോള്‍ ആകെ ഒരു വല്ലായ്മ. ഒഴിഞ്ഞു കൊടുക്കണ്ട തീയതിയുടെ തലേന്നാണ് ശെരിക്കും അടുക്കി പൊതിയാന്‍ തുടങ്ങിയത്. മൂന്നര കൊല്ലത്തില്‍ എന്തൊക്കെ സാധനങ്ങളാണ് നമ്മള്‍ ശേഖരിച്ചു വെയ്ക്കുന്നത്? ഇഷ്ടമുള്ള വസ്തുക്കള്‍ കൊണ്ടു നമ്മള്‍ പലപ്പോഴും വീടു പണിയാനാണ് ശ്രമിക്കുന്നത്. പരിചിതമായ പലതുമാണു ഒരു ഇടത്തിനെ വീടാക്കുന്നത്.

 

പ്രണയലേഖനങ്ങള്‍, ഛായാപടങ്ങള്‍, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വരകള്‍, കാലിഡോസ്‌കോപ്പ്, ഒരു കുപ്പിക്കുള്ളില്‍ പിടിച്ചിട്ട ഒരു കടല്‍, മെഴുകുതിരികള്‍, ചായക്കോപ്പകള്‍, നദാലിന്റെ പോസ്റ്ററുകള്‍, ഡയറികള്‍ അങ്ങനെ എന്തൊക്കെയോ സാധനങ്ങള്‍. അവയില്‍ ഓരോ സമയവും പല അനുഭവങ്ങളും സൂക്ഷിച്ചുവെച്ചപോലെ. എപ്പോഴൊക്കെയോ ഈ ഹോസ്റ്റല്‍ മുറി വീടായിരുന്നു എന്ന് ഓര്‍ത്തു പോയി. കുറച്ചു കാലത്തേക്ക് വീടുപേക്ഷിക്കുവാണല്ലോ എന്ന് ബോധ്യം വന്നു. വീടിനപ്പുറം സാധ്യതകളാണല്ലോ എന്ന് സാമാധാനിക്കന്‍ ചുളുവില്‍ ഒരു ഡയലോഗ് സ്വയം അങ്ങു കാച്ചി.

 

അതിനിടയിലാണ് ഒരു കൂട്ടുകാരന്‍, പോകുന്നതിനു മുന്നേ ഒന്ന് കാണണം, പുറത്തു പോകാം എന്ന് പറയുന്നത്. എവിടേക്കു എന്ന് ചോദിച്ചപ്പോള്‍ ഒട്ടും പ്രതീക്ഷിക്കാതെ സ്‌പെന്‍സര്‍ പ്ലാസ എന്ന് പറയുന്നത്. അവന്‍ ഇപ്പോള്‍ ലാബിലാണെന്നും വൈകീട്ട് ഇറങ്ങുമ്പോള്‍ വിളിക്കാമെന്നും പറഞ്ഞു. ശരിയെന്നു പറഞ്ഞു ഫോണ്‍ വെച്ചപ്പോള്‍ മുതല്‍ സ്‌പെന്‍സര്‍ പ്ലാസയില്‍ എന്താണിപ്പോ എന്ന് ഞാന്‍ ആലോചിച്ചു. മദ്രാസ് നഗരത്തിലെ പഴയ മാളുകളില്‍ ഒന്നാണ് സ്‌പെന്‍സര്‍ പ്ലാസ. ഭീമാകാരവും പുത്തന്‍ ബ്രാന്‍ഡുകളും ചേര്‍ത്ത് മറ്റു മാളുകള്‍ വന്നപ്പോള്‍ ഗ്ലാമര്‍ മങ്ങിയെന്നു പറയപ്പെടുന്ന പാവം സ്‌പെന്‍സര്‍ പ്ലാസ. ഇത്രേ അടുത്ത് ഫീനിക്‌സ് മാളുള്ളപ്പോള്‍ ഇനി വണ്ടി പിടിച്ചു ഇത്രേം ദൂരം പോണതെന്തിനാണ് എന്ന് മനസിലായില്ല.

 

വൈകുന്നേരം കണ്ടപ്പോള്‍ മെയിന്‍ ഗേറ്റ് വരെ ബൈക്കില്‍ പോകാം പിന്നെ ഓട്ടോ പിടിക്കാം എന്ന് പറഞ്ഞു. പുറത്തേക്കു ബൈക്ക് എടുക്കാത്തത്, പണ്ട് ഗാന്ധി, വീട്ടുകാര്‍ക്ക് എന്തൊക്കെയോ ഉറപ്പു കൊടുത്തതിനു ശേഷം മാത്രം വീട് വിട്ടപോലെ, പയ്യനെക്കൊണ്ടും വീട്ടുകാര്‍ രണ്ടു ഉറപ്പ് വാങ്ങിച്ചുകൊണ്ടാണ് വീട്ടിന്നു വിട്ടത് എന്ന് വിശദീകരിച്ചു. ഒന്ന് ഫുട്‌ബോള്‍ കളിക്കില്ലെന്നും പിന്നെ ബൈക്ക് ഓടിക്കില്ലെന്നും. വീട്ടില്‍ നിന്ന് ഇറങ്ങുന്നതിനു മുന്നേ അമ്മ അവന്റെ പേഴ്‌സില്‍ നിന്നും ഡ്രൈവിംഗ് ലൈസെന്‍സ് കൈപ്പറ്റി എന്നും എന്നെ അറിയിച്ചു. ആ വാക്കിന്റെയും ട്രാഫിക് പൊലീസിന്റെയും ബലത്തില്‍ ഓട്ടൊ പിടിച്ചു. പിന്നെ പോകുന്ന വഴിക്കു തന്നെ സ്‌പെന്‍സര്‍ പ്ലാസയുടെ ഗുട്ടന്‍സ് പിടികിട്ടി. ആ സ്ഥലം അവന് വീടിനെ ഓര്‍മപ്പെടുത്തുമെന്ന്.

 

ഇന്നാട്ടുകാരനല്ലാത്ത ഒരാളുടെ ഗൃഹാതുരത ആയോണ്ട് കൂടുതല്‍ ഒന്നും പറയാനില്ലായിരുന്നു.
സ്‌പെന്‍സര്‍ പ്ലാസയില്‍ എത്തിയപ്പോള്‍ അവന്റെ നാട്ടുകാരുടെ കടയില്‍ നിന്നും എന്തെങ്കിലും എനിക്ക് വാങ്ങിച്ചു തരണമെന്ന് ആഗ്രഹം ഉണ്ടെന്നു പറഞ്ഞു. അവന്റെ നാട്ടുകാരുടെ കുറെ കടകള്‍ അവിടെ ഉണ്ടായിരുന്നു. ആദ്യം ഒരു കടയുടെ മുന്നിലൂടെ നടന്നപ്പോള്‍ അവര്‍ എന്താണ് അവനെ തിരിച്ചറിയാത്തത് എന്ന് അവന്‍ ഒരു കുസൃതിയോടെ പരാതിപ്പെട്ടു. കുറെ കാലം ഇവിടെ ആയതോണ്ട് അവനില്‍ നിന്ന്‍ അവന്റെ നാടിന്റെ അടയാളങ്ങള്‍ ഒക്കെ പോയോ എന്ന് അവന്‍ പരിഭ്രമിച്ചു. ‘ഓ പിന്നെ! എന്ത് നാട്, എന്ത് അടയാളം’ എന്ന ഭാവത്തില്‍ ഞാന്‍ നടന്നു.

അടുത്ത കട എത്തിയപ്പോള്‍ അവിടുത്ത കടക്കാരന്‍ ഞങ്ങളെ എത്തി നോക്കി. എന്നിട്ടു പതിയെ കടയില്‍ നിന്നും പുറത്തു വന്നു. ഒന്നും പറയാതെ പതുക്കെ അവന്റെ കൈ പിടിച്ചു. എന്നിട്ട് എനിക്ക് മനസിലാക്കാത്ത ആ ഭാഷയില്‍ വളരെ പതിയെ സംസാരിച്ചു. അവന്‍ പതിയെ തലകുലുക്കി. എന്നിട്ടു ആ കടക്കാരന്‍ എന്നെ നോക്കി കടയ്ക്കുള്ളില്‍ വന്നു സാധനങ്ങള്‍ നോക്കാന്‍ പറഞ്ഞു. പെട്ടെന്ന് ആ രണ്ടു മനുഷ്യര്‍ക്കിടയില്‍ ഒരു വല്ലാത്ത സാന്ദ്രത വന്നുകൂടിയപോലെ തോന്നി. വളരെ ഭംഗിയുള്ള ആഭരണങ്ങളുടെയും ഷാളുകളുടെയും ചിത്രപ്പണികളുടെയും നടുവില്‍ ഞാന്‍ കണ്ണ് മിഴിച്ചു നോക്കി കൊണ്ടിരുന്നപ്പോള്‍ ഇതായിരുന്നു അവര്‍ എന്താണ് പറഞ്ഞതെന്ന് പിന്നീട് പറഞ്ഞു തന്നു. ആത്തിഫ് അസ്‌ലത്തിനെയും മീഷ ഷാഫിയെയും ഓര്‍മപ്പെടുത്തിയ ഒരു ഭാഷ ആയിരുന്നു അത്. അതല്ല പക്ഷെ അത് പോലെ. ഇത് ആ സീനിന്റെ ഒരു ഏകദേശ പുനരവതരണം തന്നെ ആകുന്നു.

 

 

‘ജുംക്ക ഉണ്ടോ?’

 

കടക്കാരന്‍ വളരെ ഭംഗിയുള്ള വെള്ളി നിറത്തിലെ കൊറേ ജുംക്കകള്‍ നിരത്തുന്നു. ഇനി സീനിനുടനീളം ഞാന്‍ ഈ കലാസൃഷ്ടികളെ നോക്കുകയും തൊടുകയും കാതിലണിഞ്ഞു കണ്ണാടി നോക്കി ആസ്വദിക്കുകയുമാണ്. എന്റെ ആക്ഷന്‍ തല്‍ക്കാലം ഇതൊക്കെയാകുന്നു. 

അവര്‍ പരസ്പരം വീടും സ്ഥലവും എവിടെയാണെന്ന് കുറച്ചു മടിയോടെ തിരക്കി. ശേഷം വളരെ പതുക്കെ, ഭയപ്പെടുത്തുന്ന ഒരു ശാന്തതയോടെ… 

കടക്കാരന്‍: ‘നിങ്ങള്‍ക്ക് ആപത്തൊന്നുമില്ലല്ലോ അല്ലെ?’

കൂട്ടുകാരന്‍: ‘വീട്ടില്‍ കഷ്ടമാണ്. ഇവിടെ കോളേജില്‍ ആയതു കൊണ്ട് വലിയ പ്രശ്‌നമില്ല’

കടക്കാരന്‍: ‘ആരെങ്കിലും മരിച്ചോ? അറിയുന്ന ആരെങ്കിലും?’

കൂട്ടുകാരന്‍: ‘ഇല്ല. നിങ്ങളുടെയോ?’

കടക്കാരന്‍: ‘ഇത് വരേയ്ക്കും ഇല്ല’

കൂട്ടുകാരന്‍: ‘പരിക്കുകളോ?

കടക്കാരന്‍: ‘അത് ചോദിക്കണോ? കുറെയേറെ പേര്‍ക്ക്.’

കൂട്ടുകാരന്‍: ‘എന്റെയും.’

 

പിന്നീട് അവര്‍ എന്തൊക്കെയോ സംസാരിച്ചു. എനിക്ക് അതൊന്നും മനസിലായില്ല. ഇനി ഒട്ടും മനസിലാകുകേം ഇല്ല എന്ന് മനസിലായി. ഇടയ്ക്ക് അവര്‍ എന്നെ നോക്കി ചിരിച്ചു. എന്താണ് ചിരിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ പിന്നീട് പറയാം എന്ന് പറഞ്ഞു. അവന്‍ ചിരിക്കുമ്പോള്‍ അവന്റെ ചെവിയുടെ അറ്റം അവന്റെ വീടിന്റെ മുറ്റത്തുള്ള ബദാം മരത്തിലെ പൂക്കളുടെ നിറമാകും. ആ കാഴ്ച കിട്ടിയത് കൊണ്ടു ഞാന്‍ അപ്പോള്‍ തന്നെ അതറിയണം എന്നു വാശി പിടിച്ചില്ല.

 

ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മടങ്ങി വന്നപ്പോള്‍ ചിരിച്ചത് എന്തിനാണെന്ന് ചോദിക്കാതെ തന്നെ എന്റെ മുഖത്ത് നിന്നുള്ള ആ ചോദ്യം അവന്‍ വായിച്ചറിഞ്ഞു. അതു കടക്കാരന്‍ പറഞ്ഞത് കേട്ടതിന്റെ പ്രതികരണം ആണെന്ന്‍ ഒറ്റ വാക്കില്‍ അവന്റെ മറുപടി. കണ്ണാടിയുടെ മുന്നില്‍ കമ്മലുകള്‍ ഇട്ടു നോക്കുന്ന എന്നെ നോക്കി, കടക്കാരന്‍ അവനോടു പറഞ്ഞത്, ഇപ്പോള്‍ കാശ് തികയുന്നില്ലെങ്കിലും ഇഷ്ടമുള്ളത് വാങ്ങിച്ചു കൊടുത്തോളൂ, പിന്നീട് വന്നു തന്നാല്‍ മതി, നമുക്ക് സമയം വളരെ കുറവാണല്ലോ എന്നായിരുന്നു. 

 

ഞാന്‍ ആ നാട്ടുകാരി അല്ലാത്തതു കൊണ്ടാകും എനിക്കു ഇതിലെ തമാശ മനസിലാകാത്തത്. പക്ഷേ അവന്റെ അങ്ങനെ ചിരിക്കുന്ന മുഖത്ത് നിന്നും ആ വാക്കുകളിലേക്കുള്ള ദൂരം മനസിലാകുന്ന വിധത്തില്‍ അതിപ്പോള്‍ ഉള്ളില്‍ പിടയ്ക്കുന്നുണ്ട്. 

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

ഡോ. വീണാ മണി

ഡോ. വീണാ മണി

കാണുന്നതും കേൾക്കുന്നതും പഠിക്കുന്നതുമായ ഈ ലോകത്തെ എങ്ങനെ നിരന്തരം സൃഷ്ടിക്കുന്നു എന്ന പറച്ചിലുകളാകുന്നു ഈ (അപ)ശബ്ദങ്ങൾ. തികച്ചും എന്നാൽ ഇവയൊക്കെ തികച്ചും അപരമായ ശബ്ദങ്ങളാകുന്നുമില്ല. ഇപ്പോള്‍ ചെന്നൈയില്‍ ഇംഗ്ലീഷ് ആന്‍ഡ് കള്‍ച്ചറള്‍ സ്റ്റഡീസില്‍ അസി. പ്രൊഫസര്‍.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍