UPDATES

രാഷ്ട്രീയ ഉപകരണങ്ങളാക്കപ്പെടുന്നതായി കാശ്മീരികള്‍ക്ക് തോന്നുന്നു: യശ്വന്ത് സിന്‍ഹയുടെ റിപ്പോര്‍ട്ട്

അഴിമുഖം പ്രതിനിധി

അധികാര രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി തങ്ങള്‍ ഉപകരണങ്ങളാക്കപ്പെടുന്നതായി വലിയൊരു വിഭാഗം കാശ്മീരികള്‍ കരുതുന്നുണ്ടെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ യശ്വന്ത് സിന്‍ഹയുടെ റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനുമാണ് യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തിലുള്ള സമിതി റിപ്പോര്‍ട്ട് നല്‍കിയത്. കാശ്മീരികളുടെ ആശങ്ക മാറ്റിയെടുക്കണമെന്ന് യശ്വന്ത് സിന്‍ഹ ആവശ്യപ്പെട്ടു.  

കാശ്മീരിന്‌റെ പ്രത്യേക അവകാശങ്ങള്‍ പോലും അംഗീകരിക്കാത്ത മനോഭാവത്തിലാണ് ഇന്ത്യന്‍ രാഷ്ട്രീയം നീങ്ങുന്നതെന്ന ധാരണ കാശ്മീരിലെ ജനങ്ങള്‍ക്കുണ്ട്. ഹിന്ദു – മുസ്ലീം പ്രശ്‌നം പോലെയോ ജമ്മുവും കാശ്മീര്‍ താഴ്‌വരയും തമ്മിലുള്ള പ്രശ്‌നം പോലെയോ ഒക്കെ ഇത് ചിത്രീകരിക്കപ്പെടുന്നുണ്ടെന്നും ആറ് പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡറായിരുന്ന ബുര്‍ഹാന്‍ വാനിയുടെ സംസ്‌കാര സമയത്ത് സൈനിക, അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ വലിയതോതില്‍ ബലപ്രയോഗം നടത്തിയതും പിന്നീട് പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ചതും സ്ഥിതിഗതികള്‍ വഷളാക്കാന്‍ ഇടയാക്കിയതായി കമ്മിറ്റി വിലയിരുത്തുന്നു.

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലൊന്നും തന്നെ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നില്ലെന്ന് കാശ്മീരി പ്രക്ഷോഭകര്‍ ചൂണ്ടിക്കാട്ടുന്നു. ഹരിയാനയിലെ അക്രമാസക്തമായിരുന്ന ജാട്ട് സംവരണ പ്രക്ഷോഭം, കര്‍ണാടകയിലെ കാവേരി പ്രശ്‌നത്തിന്മേലുള്ള അക്രമസംഭവങ്ങള്‍, ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭം തുടങ്ങിയവയെല്ലാം ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഒക്ടോബര്‍ 25, 27 തീയതികളിലാണ് സമിതി അംഗങ്ങള്‍ കാശ്മീരില്‍ സന്ദര്‍ശനം നടത്തിയത്. മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്കും റിപ്പോര്‍ട്ടിന്‌റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍