അഴിമുഖം പ്രതിനിധി
കശ്മീര്‍ പ്രക്ഷോഭകര്‍ക്ക് എതിരെ സൈന്യം നടത്തിയ വെടിവെപ്പില്‍ മൂന്ന് പേര്‍ കൂടി മരിച്ചതായി പോലീസ്. ബര്‍ഹാന്‍ വാണിയുടെ മരണത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ 42 ആയി. താഴ്വരയില്‍ നിരോധനാജ്ഞ തുടരുകയാണ്. ആയുധങ്ങള്‍ തട്ടിയെടുത്ത് വാഹനങ്ങള്‍ക്ക് തീ വെക്കാന്‍ ഒരുങ്ങിയവര്‍ക്ക് സൈന്യം താക്കീത് നല്‍കിയെങ്കിലും പിന്മാറാത്ത സാഹചര്യത്തില്‍ വെടിവെക്കുകയായിരുന്നു. രണ്ട് സ്ത്രീകള്‍ സംഭവ സ്ഥലത്തു വച്ചുതന്നെ കൊല്ലപ്പെട്ടു. മൂന്നാമത്തെ വ്യക്തി ആശുപത്രിയിലാണ് മരിച്ചത്.
എന്നാല്‍ അക്രമം കടുത്തതോടെ ഏതാണ്ട് 600 കാശ്മീരി പണ്ഡിറ്റുകള്‍ താഴ്വരയില്‍ നിന്നും രക്ഷപ്പെട്ട് ജമ്മുവില്‍ അഭയം തേടി. ഇവരില്‍ 24 പേര്‍ സര്‍ക്കാര്‍ ജോലിക്കാരാണ്. ഇത്തരത്തില്‍ ജോലി ഉപേക്ഷിച്ച് പോന്നവരുടെ കണക്കുകള്‍ ഉദ്യോഗസ്ഥര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതിനുമുന്‍പ് 1996-97 കാലഘട്ടത്തില്‍ നാഷനല്‍ കോണ്‍ഫറസ് സര്‍ക്കാര്‍ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോഴാണ് കാശ്മീരി പണ്ഡിറ്റുകളുടെ കുടിയേറ്റം ഉണ്ടായത്. ‘എത്ര കാശ്മീരി പണ്ഡിറ്റുകള്‍ ജമ്മുവിലേക്ക് വന്നു എന്ന്‍ വ്യക്തമല്ല. എന്നാല്‍ കുറച്ച് പേര്‍ എത്തിയിട്ടുണ്ട്’- ജമ്മു ദുരിതാശ്വാസ കമ്മിഷണര്‍ ആര്‍കെ പണ്ഡിറ്റ് പറഞ്ഞു. കഴിഞ്ഞ ദിവസം 250ഓളം വരുന്ന ജീവനക്കാര്‍ ജമ്മുവിലേക്ക് തങ്ങളെ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ കമ്മിഷണറുടെ ഓഫിസിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു.