UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാശ്മീര്‍ തിരിച്ചു പോവുകയാണോ?

Avatar

ടീം അഴിമുഖം

ജമ്മു കാശ്മീരിലെ പി ഡി പി-ബി ജെ പി സഖ്യം ജനുവരിയില്‍ മുഫ്തി മുഹമ്മദ് സയ്യിദിന്റെ മരണശേഷം തകര്‍ച്ചയുടെ വക്കിലാണ്. കാശ്മീര്‍ താഴ്വരയില്‍ പ്രാദേശിക തീവ്രവാദം വീണ്ടും ഉയരുകയും ഇന്ത്യ വിരുദ്ധ വികാരം പൊതുജനങ്ങള്‍ക്കിടയില്‍ ശക്തി പ്രാപിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ പുതിയ സംഭവവികാസം.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. വലിയ അത്ഭുതങ്ങളൊന്നും നടന്നില്ലെങ്കില്‍ സഖ്യം ഏതാണ്ട് അവസാനിച്ച മട്ടാണെന്ന് ബി ജെ പി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. താഴ്വരയില്‍ തന്റെ കക്ഷിയുടെ രാഷ്ട്രീയഭാവിക്ക് നിര്‍ണായകമായ വിഷയങ്ങളില്‍ തനിക്ക് ചില ഉറപ്പുകള്‍ കിട്ടണമെന്ന് പി ഡി പി നേതാവ് മെഹബൂബ മുഫ്തി വ്യക്തമാക്കിയപ്പോള്‍ അത്തരം ഉറപ്പുകളുടെ കാര്യത്തില്‍ സമവായത്തിലെത്തിച്ചേരുന്നതിന് ഇരു പക്ഷത്തിനും കഴിഞ്ഞില്ല.

ബി ജെ പി നേതാക്കള്‍ ജമ്മുവിലെ തങ്ങളുടെ അണികളോടുള്ള പ്രതിബദ്ധത ആവര്‍ത്തിക്കുന്നു. അതേസമയം സഖ്യത്തിന്റെ അജണ്ടയില്‍ നിലവിലുള്ള പദ്ധതികള്‍ സമയബന്ധിതമാക്കുന്നതിനെക്കുറിച്ച് ഉറപ്പുനല്‍കാന്‍ ബി ജെ പി വിസമ്മതിക്കുന്നതില്‍ മെഹബൂബ നിരാശയാണെന്ന് പി ഡി പി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ബി ജെ പി പുതിയ ഉപാധികള്‍ സ്വീകരിക്കില്ലെന്നും സയ്യിദുമായി ഉണ്ടാക്കിയ ധാരണയനുസരിച്ച് സഖ്യം മുന്നോട്ടുപോകണമെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള ബി ജെ പി ജനറല്‍ സെക്രട്ടറി രാം മാധവ് പറയുന്നു. പുതിയ ധാരണകള്‍ ഉണ്ടാക്കുന്നെങ്കില്‍ അത് സര്‍ക്കാര്‍ രൂപവത്കരണത്തിന് ശേഷമേ നടക്കുകയുള്ളൂ എന്നും അതൊരു മുന്‍ ഉപാധിയാക്കാന്‍ പറ്റില്ലെന്നും രാം മാധവ് വ്യക്തമാക്കി.

മുമ്പ് സമ്മതിച്ചിരുന്ന കാശ്മീരിലെ ചില പദ്ധതികളില്‍ ബി ജെ പിയില്‍ നിന്നും ഉറപ്പുകളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ വെള്ളിയാഴ്ച്ച നടക്കാനിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ച മെഹബൂബ അവസാനനിമിഷത്തില്‍ റദ്ദാക്കി.

സയിദിന്റെ മരണശേഷം മകളും രാഷ്ട്രീയ അനന്തരാവകാശിയുമായ പി ഡി പി നേതാവ് ഇതുവരെയും അനിശ്ചിതത്വം നീക്കിയിട്ടില്ല. മെഹബൂബ തലസ്ഥാനത്തുതന്നെയുണ്ട് എന്നത് സഖ്യത്തെ പുനരുജ്ജീവിപ്പിക്കാനുള്ള അവസാനശ്രമങ്ങള്‍ നടത്താനും അവ വിജയിക്കാനുമുള്ള സാധ്യതയും ഉയര്‍ത്തുന്നു. എന്നാല്‍ പുതിയ ഉപാധികള്‍ സ്വീകരിക്കാന്‍ ബി ജെ പി ഒട്ടും സന്നദ്ധമല്ലാതിരിക്കുകയും പി ഡി പി ചില വിഷയങ്ങളില്‍ വീണ്ടും ഉറപ്പ് ആവശ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍  അത് വളരെ ദുര്‍ബലമായ സാധ്യതയാണ്. ഏപ്രില്‍ 9-നു ശേഷം ഒരു തീരുമാനത്തിലെത്താന്‍ ആയില്ലെങ്കില്‍ നിയമസഭ പിരിച്ചുവിടേണ്ടിവരും.

സംസ്ഥാന, ദേശീയ പതാകകളുടെ തുല്യതയെ എതിര്‍ക്കുക, പശുവിറച്ചി നിരോധനം നടപ്പാക്കുക തുടങ്ങിയ വിഷയങ്ങളിലെ ബി ജെ പി നിലപാടുകള്‍ താഴവരയിലെ വികാരങ്ങള്‍ക്കെതിരായ കടന്നുകയറ്റമാണെന്ന് പി ഡി പി നേതാക്കള്‍ കരുതുന്നു. ബി ജെ പിയും ആര്‍ എസ് എസും പിടിമുറുക്കുകയാണെന്ന ഒരു കാഴ്ച്ചപ്പാടുണ്ടാകവേ തങ്ങളുടെ രാഷ്ട്രീയ ശക്തിക്കും പ്രതിച്ഛായക്കും ഇടിവ് തട്ടുകയാണെന്നും പി ഡി പിയില്‍ ആശങ്കയുണ്ട്. എന്നാല്‍ ഇതെല്ലാം ന്യായമായ രാഷ്ട്രീയ വിഷയങ്ങളാണെന്ന് കാവിരാഷ്ട്രീയക്കാര്‍ പറയുന്നു.

ജമ്മു കാശ്മീരിന്റെ താത്പര്യങ്ങള്‍ക്കായി അധികമായി എന്തെങ്കിലും ചെയ്യാനും കേന്ദ്രം തയ്യാറാണെന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ പ്രസ്താവനക്കും പ്രതിസന്ധി തീര്‍ക്കാനായില്ല. തന്റെ പിതാവിന്റെ പാരമ്പര്യം പിന്തുടരാന്‍ താന്‍ തയ്യാറാണെങ്കിലും താനുയര്‍ത്തിയ വികസന, രാഷ്ട്രീയ പ്രശ്നങ്ങളില്‍ ഒരു ധാരണയുണ്ടാകണമെന്ന കാര്യത്തില്‍ മെഹബൂബ വിട്ടുവീഴ്ച്ച ചെയ്യാന്‍ തയ്യാറായിട്ടില്ല.

27 എം എല്‍ എ മാരുള്ള പി ഡി പിയും 25 എം എല്‍ എ മാരുള്ള ബി ജെ പിയും ചേര്‍ന്ന് സയിദ് മുഖ്യമന്ത്രിയായി 2015 മാര്‍ച്ചിലാണ് സഖ്യസര്‍ക്കാര്‍ നിലവില്‍ വന്നത്. സംസ്ഥാനത്തിന്റെ അകത്തും പുറത്തുമുള്ള വിഷയങ്ങളെ കൈകാര്യം ചെയ്യാനുള്ള ഒരു പൊതുധാരണ ഈ അജണ്ടയില്‍ ഉണ്ടായിരുന്നു.

എന്നാല്‍ തന്റെ പിതാവിന്റെ മരണത്തിന് ശേഷം ഭരണത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ മെഹബൂബ വിസമ്മതിച്ചതോടെ ജനുവരി 8-നു സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി.

ജമ്മു കാശ്മീരില്‍ ഏറ്റവും മോശമായ ഒരു സമയത്താണ് ഈ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. കാശ്മീര്‍ താഴ്വരയില്‍ പ്രാദേശികമായ തീവ്രവാദം വീണ്ടും ശക്തിയാര്‍ജിക്കുകയാണ്. ചുരുങ്ങിയത് 60 യുവാക്കളെങ്കിലും കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കുളില്‍ തീവ്രവാദപാത തെരഞ്ഞെടുത്തു എന്നാണ് വാര്‍ത്തകള്‍. കൊല്ലപ്പെട്ട തീവ്രവാദികളുടെ ശവസംസ്കാരത്തിന് ആയിരക്കണക്കിന് ആളുകള്‍ കൂടുന്നത് ഇന്ന് പതിവുകാഴ്ച്ചയാണ്. ഏറ്റുമുട്ടലുകള്‍ക്കിടയില്‍ രക്ഷപ്പെടാന്‍ നാട്ടുകാര്‍ തീവ്രവാദികളെ സഹായിക്കുന്നതും ഇപ്പോള്‍ ഏറുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാശ്മീരില്‍ നിന്നും അപ്രത്യക്ഷമായ രീതികളാണ് ഇപ്പോള്‍ മടങ്ങിവന്നിരിക്കുന്നതെന്നത് ഒട്ടും നിസാരമായ കാര്യമല്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍