UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാശ്മീരില്‍ തീവ്രവാദത്തിന്റെ പുതുതലമുറ; കണ്ണടച്ചിരുട്ടാക്കുന്ന സര്‍ക്കാര്‍

Avatar

ടീം അഴിമുഖം

1980-കളുടെ അവസാനം കാശ്മീരില്‍ തീവ്രവാദ മുന്നേറ്റങ്ങള്‍ തുടങ്ങിയതിനു ശേഷം ഇതാദ്യമായി, ഈ ഞായറാഴ്ച്ചയോടെ താഴ്വര സാധാരണമല്ലാത്ത 100 ദിവസങ്ങള്‍ പിന്നിട്ടു – തുടര്‍ച്ചയായ നിശാനിയമം, അടച്ചിട്ട വിദ്യാലയങ്ങള്‍, സുരക്ഷാ സൈനികരും പ്രതിഷേധിക്കുന്ന ജനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍, ദൈനംദിന ആവശ്യങ്ങള്‍ നടത്താനാകാത്ത അവസ്ഥ, അവശ്യവസ്തുക്കള്‍ കിട്ടാതെ വലയുന്ന കുട്ടികളടക്കമുള്ളവര്‍, ജോലിക്കു പോകാനാകാത്തവര്‍, പുതിയ പ്രതിഷേധ പരമ്പരയെ അടിച്ചമര്‍ത്താന്‍ നിശ്ചയിച്ചുറച്ച സര്‍ക്കാര്‍. ഇതിനിടയില്‍ ദിനംപ്രതിയെന്നോണം താഴ്വരയില്‍ പ്രതിഷേധക്കാര്‍ കൊല്ലപ്പെടുന്നു. സുരക്ഷാ സൈനികരടക്കം നൂറുകണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുന്നു.

അതിനൊപ്പം ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തി നിയന്ത്രണ രേഖയില്‍ നിരന്തരം വെടിവെപ്പും നടക്കുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ 2003-ല്‍ ധാരണയായ വെടിനിര്‍ത്തല്‍ ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. ഞായറാഴ്ച്ച ഒരു ഇന്ത്യന്‍ സൈനികന്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു.

സംഭാഷണത്തിന് പകരം പേശീബലവും, അനുതാപത്തിന് പകരം ആക്രമണോത്സുകതയും നിറയുന്ന ഒരു പുതിയ ഇന്ത്യയുടെ ആഖ്യാനമാണ് കാശ്മീരിന്റെ ദുരിതത്തിലൂടെ നിറയുന്നത്. കാശ്മീരിന്റെ കഷ്ടപ്പാടുകള്‍ക്കെല്ലാം, പാകിസ്ഥാനും ഭീകരവാദികളുമാണ് ഉത്തരവാദികളെന്ന് ന്യൂഡല്‍ഹി ആരോപിക്കുന്നു. അതേസമയം സംസ്ഥാനത്തെ പിഡിപി – ബിജെപി സഖ്യമാകട്ടെ, ജനകീയ പ്രതിഷേധത്തിന്റെ ക്ഷമ അങ്ങേയറ്റം വരെ പരീക്ഷിക്കാനുറച്ചിരിക്കുകയാണ്.

വിഘടനവാദികള്‍ക്കും അവരുടെ അനുയായികള്‍ക്കുമെതിരെ സംസ്ഥാന സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. ഇത് 100 ദിവസം കടക്കുന്ന, സാധാരണ ജനജീവിതം സ്തംഭിപ്പിക്കുന്ന ഈ അടച്ചിടല്‍ പ്രതിസന്ധി മറികടക്കുന്നതിനുള്ള സാധ്യതകളെയും ദുര്‍ബലമാക്കുന്നു.

തെരുവുകളില്‍ പ്രതിഷേധം തുടരുന്നുണ്ടെങ്കിലും 10, 12 ക്ലാസുകളിലേക്കുള്ള വാര്‍ഷിക പരീക്ഷ നവംബറില്‍ത്തന്നെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി നയീം അക്തര്‍ പ്രഖ്യാപിച്ചു. ജൂലായ് 8-ന് തീവ്രവാദി നേതാവ് ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെ തുടര്‍ന്നാണ് താഴ്വരയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്.

വിഘടനവാദികളടക്കമുള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഇപ്പോഴത്തെ പ്രശ്നപരിഹാരത്തിനായി ചര്‍ച്ചകള്‍ ആരംഭിക്കാന്‍ നാഷണല്‍ കോണ്‍ഫറന്‍സ് അടക്കം മിക്ക പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും ആവശ്യപ്പെടുന്നുണ്ട്.

സെപ്റ്റംബര്‍ ആദ്യവാരത്തില്‍ സംസ്ഥാനം സന്ദര്‍ശിച്ച സര്‍വകക്ഷി സംഘത്തെ കാണാന്‍ വിഘടനവാദികള്‍ വിസമ്മതിച്ചതോടെ അവരുമായുള്ള കേന്ദ്രത്തിന്റെ സംഭാഷണ സാധ്യതകളും ഇല്ലാതായി.

“യുവാക്കളുടെ മേല്‍ പൊതു സുരക്ഷാ നിയമപ്രകാരം കേസുകള്‍ ചുമത്താതെ, സംഭാഷണത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്,” സംസ്ഥാന കോണ്‍ഗ്രസ് നേതാവ് ജിഎ മിര്‍ പറഞ്ഞു. വിഘടനവാദി നേതാക്കളായ മിര്‍വായിസ് ഉമര്‍ ഫറൂഖ്, യാസീന്‍ മാലിക്, സായിദ് അലി ഗീലാനി എന്നിവര്‍ ഇപ്പോഴും വീട്ടുതടങ്കലിലാണ്.

ഇത്തവണ വ്യത്യസ്തമായേക്കാം
ഇതിന് മുമ്പ് മൂന്നു വലിയ ജനകീയ പ്രതിഷേധത്തെ ഒതുക്കാന്‍ കേന്ദ്രത്തിന് കഴിഞ്ഞിരുന്നു-2008, 2009, 2010. വിവാദ ഉത്തരവുകള്‍ പിന്‍വലിച്ചും അന്വേഷണ സമിതികളെ നിയോഗിച്ചും ജനങ്ങളുമായി ബന്ധപ്പെടാന്‍ മധ്യസ്ഥ സംഘങ്ങളെ വെച്ചുമൊക്കെയാണ് അത് സാധിച്ചത്. എന്നാല്‍ പഴയ സാധ്യതകള്‍ ഇത്തവണ അടഞ്ഞതിനാല്‍ പുതിയ മാര്‍ഗങ്ങളാണ് ന്യൂഡല്‍ഹിയും വിഘടനവാദികളും ആലോചിക്കേണ്ടത്.

ഇത്തവണ സാഹചര്യം വ്യത്യസ്തമാണ്. യുവാക്കളിലും പൊതുജനങ്ങളിലും ഉള്ള രോഷവും പ്രതിഷേധവും താഴ്വര സന്ദര്‍ശിക്കുന്ന ആര്‍ക്കും പിടികിട്ടും. താഴ്വരയില്‍ നിന്നും പുതിയ തലമുറ തീവ്രവാദികള്‍ ഉയര്‍ന്നുവരുന്നു എന്നതിന് വിശ്വസിക്കാവുന്ന തെളിവുകള്‍ ലഭിക്കുന്നു. വിദേശ തീവ്രവാദികള്‍ പോരാട്ടത്തിനു മുന്നില്‍ നിന്നിരുന്ന വര്‍ഷങ്ങളായുള്ള പ്രവണതയെ മാറ്റുകയാണിത്.

താഴ്വരയിലും നിയന്ത്രണ രേഖയിലും തീവ്രവാദി ആക്രമണങ്ങളും ഏറ്റുമുട്ടലുകളും അതിര്‍ത്തിക്കപ്പുറത്തേക്കും ഇപ്പുറത്തേക്കുമുള്ള വെടിവെപ്പും നിരന്തര സംഭവങ്ങളായി മാറുന്നു. കാശ്മീരില്‍ ഒരു പുതുതലമുറ തീവ്രവാദം ഉയര്‍ന്നുവരികയാണ് എന്നത് വ്യക്തമാണ്. എപ്പോഴാണ് ന്യൂഡല്‍ഹി ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കുകയും മെച്ചപ്പെട്ട ഒരു തന്ത്രം രൂപപ്പെടുത്തുകയും ചെയ്യുക എന്നതാണ് ചോദ്യം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍