UPDATES

ഇന്ത്യ

കാശ്മീര്‍; സംഘര്‍ഷത്തില്‍ പരിക്കേറ്റ 9000 പേരില്‍ 1200 കുട്ടികള്‍

Avatar

അഴിമുഖം പ്രതിനിധി

തെക്കന്‍ കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തിവ്രവാദി ബുര്‍ഹാന്‍ വാനിയെ കൊലപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളെ പോലീസും പട്ടാളവും ചേര്‍ന്ന് അമര്‍ച്ച ചെയ്യുന്നതിനിടെ കുറഞ്ഞത് 15 വയസ്സിന് താഴെ പ്രായമുള്ള 1248 കുട്ടികള്‍ക്കെങ്കിലും പരിക്കേറ്റിട്ടുട്ടള്ളതായി ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശമനുസരിച്ച് താഴ്വരയിലെ വിവിധ ആശുപത്രികളില്‍ നിന്ന് ശേഖരിച്ച കണക്കുനസരിച്ച് നവംബര്‍ 2 വരെ മൊത്തം 9010 പേര്‍ പരിക്കു പറ്റി അഡ്മിറ്റായിട്ടുണ്ട്. അതില്‍ 6205 പേരും പെല്ലറ്റ് ആക്രമണത്തിന് ഇരകളായവരാണ്. 365 പേര്‍ക്ക് വെടിയേല്‍ക്കുകയും 2,436 പേര്‍ക്ക് മറ്റ് പല വിധത്തില്‍ മുറിവേറ്റും ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടു.

2436 പേര്‍ക്ക് മറ്റ് പല വിധത്തില്‍ മുറിവേറ്റു എന്നല്ലാതെ കാരണങ്ങളെ കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങളില്‍ ഇല്ല. എന്നാല്‍ പോലീസിന്റെയും സുരക്ഷ ഉദ്യോഗസ്ഥരുടെയും മര്‍ദ്ദനമേറ്റാണ് ഇവര്‍ക്ക് പരിക്കേറ്റത് എന്ന് ദി ഇന്ത്യന്‍ എക്സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 

പെല്ലറ്റ് ആക്രമണത്തില്‍ കണ്ണുകള്‍ക്ക് പരിക്കേറ്റത് സംബന്ധിച്ച് കൃത്യമായ റിപ്പോര്‍ട്ടില്ലെങ്കിലും ശ്രീനഗറിലെ പ്രധാനപ്പെട്ട മൂന്ന് നേത്രരോഗ യൂണിറ്റുകളില്‍ 1300 പേര്‍ ആക്രമണത്തിന് ഇരകളായി ചികിത്സ തേടി എന്ന് വ്യക്തമാക്കുന്നു. ഇവരില്‍ ഭുരിഭാഗവും ചെറുപ്പക്കാരാണ്. ഇവരുടെയെല്ലാം കാഴ്ച പൂര്‍ണ്ണമായി നഷ്ടപ്പെടുകയോ അല്ലെങ്കില്‍ ഒരു കണ്ണിന്റെ മാത്രം കാഴ്ച നഷ്ടപ്പെടുകയോ ചെയ്തവരാണ് എന്നും വൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്.

പരിക്കേറ്റവരില്‍ 243 കുട്ടികള്‍ 12 വയസ്സിന് താഴെയുള്ളവരും 1005 കുട്ടികള്‍ 12നും 15നും ഇടയില്‍ പ്രായമുള്ളമുള്ളവരും ആണ്. മുറിവേറ്റവരില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ തെക്കന്‍ കാശ്മീരിലെ കുല്‍ഗാം ജില്ലയില്‍ നിന്നാണ്. ഇവരില്‍ 12 വയസ്സില്‍ താഴെയുള്ള 105ും 12നും 15നും ഇടയില്‍ പ്രായമുള്ള 280 കുട്ടികളുമുണ്ട്. പുല്‍വാമ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് മുറിവേറ്റത്. 1571 പേരാണ് അവിടെ നിന്ന് മുറിവേറ്റ് ചികിത്സയ്ക്കായി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 

പെല്ലറ്റ് ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് മുറിവേറ്റത് ബാരാമുളളയില്‍ ആണ്.1078 പേര്‍ക്കാണ് അവിടെ മുറിവേറ്റത്. കുല്‍ഗാം ജില്ലയില്‍ പെല്ലറ്റ് തോക്കുകള്‍ക്ക് പകരമുള്ള പിഎവിഎ ഷെല്‍ ആക്രമണത്തില്‍ നാല് പേര്‍ക്ക് മുറിവേറ്റതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. സെപ്റ്റംബര്‍ മൂന്നിനാണ് പഎവിഎ ഷെല്ലുകള്‍ പെല്ലറ്റുകള്‍ക്ക് പകരം ഉപയോഗിക്കാന്‍ കേന്ദ്രം അനുവാദം നല്‍കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍