UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാശ്മീര്‍: പെല്ലറ്റ് പ്രയോഗത്തിലേക്ക് നയിച്ചത് ഉദ്യോഗസ്ഥ വൃന്ദം സൃഷ്ടിച്ച ചുവപ്പ്നാട

Avatar

അഴിമുഖം പ്രതിനിധി

കശ്മീരിലെ തെരുവ് സംഘര്‍ഷത്തിനിടെ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍പ്പിച്ച പെല്ലറ്റുകള്‍ക്കു പകരം അത്രത്തോളം മാരകമല്ലാത്ത മറ്റു കലാപ നിയന്ത്രണോപകരണങ്ങള്‍ വാങ്ങാന്‍ സര്‍ക്കാരിനു കഴിയാതെ പോകുന്നതിനു പിന്നില്‍ ഉദ്യോഗസ്ഥ വൃന്ദം സൃഷ്ടിക്കുന്ന ചുവപ്പുനാട കുരുക്കുകള്‍.

പെല്ലറ്റുകള്‍ക്കു പകരം ഉപയോഗിക്കാവുന്ന മാരകമല്ലാത്ത മറ്റൊരായുധം 2012-ല്‍ ജമ്മു കശ്മീര്‍ പൊലീസും കേന്ദ്ര സേനയും പരീക്ഷിക്കുകയും അനുമതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ഉപകരണം വാങ്ങുന്ന നടപടികള്‍ ചുവപ്പുനാട കുരുക്കുകളില്‍ അകപ്പെടുകയായിരുന്നു. 2010-ലെ കശ്മീര്‍ സംഘര്‍ഷ കാലയത്ത് പൊലീസിന്റെ വെടിയേറ്റ് 110 പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും നടന്നില്ല. 570 പ്രതിഷേധക്കാര്‍ക്ക് പരിക്കേല്‍ക്കുകയും 20-ലേറെ പേര്‍ പൂര്‍ണമായോ ഭാഗികമായോ അന്ധരാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇപ്പോള്‍ സേന ഉപയോഗിക്കുന്ന ലെഡ് പെല്ലറ്റുകള്‍ വിവാദമായത്.

പ്രതിരോധത്തിന്റെ ആദ്യപടിയായി പൊലീസിന് ഉപയോഗിക്കാവുന്ന അത്ര മാരകമല്ലാത്ത ഉപകരണങ്ങളുടെ ഒരു പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് നിയോഗിച്ച കേന്ദ്ര സര്‍ക്കാര്‍ സമിതി തിങ്കളാഴ്ച നിര്‍ദേശിച്ചു. അസ്വസ്ഥതയുണ്ടാക്കുന്ന നോനിവാമൈഡ് പെല്ലറ്റുകള്‍, ഗ്രനേഡുകള്‍, ജനക്കൂട്ടത്തെ അകറ്റുന്ന രൂക്ഷ ഗന്ധമുള്ള ഒരു തരം ദ്രാവകം, ജനക്കൂട്ടത്തെ തള്ളിയകറ്റാന്‍ സഹായിക്കുന്ന ഉയര്‍ന്ന ശബ്ദമറ തീര്‍ക്കുന്ന സ്പീക്കറുകള്‍, ലെഡ് പെല്ലറ്റുകള്‍ക്കു പകരം റബര്‍ പെല്ലറ്റുകള്‍ ഉപയോഗിക്കുന്ന 12 ഗേജ് ഷെല്ലുകള്‍ തുടങ്ങിയവായ് കമ്മിറ്റി തയാറക്കിയ പട്ടികയിലുള്ളത്.

ഇക്കൂട്ടത്തില്‍ അസ്വസ്ഥതയുണ്ടാക്കുന്ന പെല്ലറ്റുകളും റബര്‍ ഷെല്ലുകളും 2012-ല്‍ ശ്രീനഗറില്‍ പരീക്ഷിച്ചതാണെന്ന് രേഖകള്‍ പറയുന്നു. ഈ പരീക്ഷണത്തിന് അന്നത്തെ കശ്മീര്‍ ഐ ജി, എസ് എം സാഹി, ഡിഐജി അബുല്‍ ഗനി മിര്‍, സിആര്‍പിഎഫ് ഐജി ബി.എന്‍ രമേശ്, ഡിഐജി നളിന്‍ പ്രഭാത് എന്നിവര്‍ ദൃക്‌സാക്ഷികളായിട്ടുമുണ്ട്. ഈ പരീക്ഷണങ്ങളുടെ വീഡിയോ ദൃശ്യങ്ങളില്‍ പൊലീസുകാരോട് പിന്തിരിഞ്ഞോടാതിരിക്കാന്‍ ഉത്തരവിടുന്നതും അനുസരിച്ചാല്‍ പാരിതോഷികം വാഗ്ദാനം ചെയ്യുന്നതും വ്യക്തമാണ്. അസ്വസ്ഥതയുണ്ടാക്കുന്ന ഒരു പുകമറ സൃഷ്ടിച്ചുകൊണ്ട് പെല്ലറ്റുകള്‍ അവര്‍ക്കു തൊട്ടടുത്തായി പൊട്ടിത്തെറിക്കുമ്പോള്‍ ചിതറിയോടുന്നതും കാണാം. 50 മീറ്റര്‍ ദൂരെ നിന്ന വെടിവച്ച റബ്ബര്‍ പെല്ലറ്റുകള്‍ ശരീരത്തിലുണ്ടാക്കിയ ആഴമില്ലാത്ത മുറിവുകള്‍ പൊലിസ് വളണ്ടിയര്‍മാര്‍ കാണിക്കുന്നതും വീഡിയോയിലുണ്ട്. എങ്കിലും ഏതാനും ഉദ്യോഗസ്ഥര്‍ക്കിടയില്‍ ബാക്കിയായ സംശയങ്ങള്‍ കൂടി ദൂരീകരിക്കാന്‍ ആ വര്‍ഷം ഒരിക്കല്‍ കൂടി പരീക്ഷണം നടത്താന്‍ കേന്ദ്ര ആഭ്യന്ത മന്ത്രാലയം ആവശ്യപ്പെട്ടു. 2011 നും ശേഷം നാലാമത്തേതായിരുന്നു ഇത്. എന്നാല്‍ ഔദ്യോഗിക രേഖകളിലൊന്നും വ്യക്തമല്ലാത്ത എന്തോ കാരണത്താല്‍ ഈ പരീക്ഷണം ഒരിക്കലും നടന്നില്ല. അതു കാരണം വീര്യം കുറഞ്ഞ ഈ ആയുധങ്ങളുടെ സംഭരണ നീക്കം യാതൊരു വിശദീകരണവുമില്ലാതെ 2012-ല്‍ അവസാനിപ്പിച്ചു.

ഇവ വാങ്ങാന്‍ ഇത്തവണയും വ്യക്തമായ ഒരു നടപടിക്രമങ്ങള്‍ നിശ്ചയിക്കുന്നില്ല എങ്കില്‍ പുതിയ നിര്‍ദേശങ്ങളും ഇതേ രീതിയില്‍ കലാശിക്കാനെ തരമുള്ളൂവെന്നാണ് ആഭ്യന്തര മന്ത്രാലയ സമിതിയിലെ വിദഗ്ധര്‍ പറയുന്നത്. ‘അഭിമുഖീകരിക്കേണ്ട കുറെ ചോദ്യങ്ങളുണ്ട്. എത്രത്തോളം ആയുധങ്ങള്‍ ശേഖരിക്കണം, അവ എങ്ങിനെയൊക്കെ വിന്യസിക്കപ്പെടണം, ഇവ പ്രയോഗിക്കേണ്ട ശരിയായ സമയം തീരുമാനിക്കുന്നതെങ്ങനെ, എല്ലാത്തിലുമുപരി ഇവ ഉപയോഗിക്കാന്‍ പൊലീസ് സേനയ്ക്ക് എങ്ങനെ പരിശീലനം നല്‍കണം?  തുടങ്ങി പല ചോദ്യങ്ങളുമുണ്ട്.’

എങ്കിലും വ്യത്യസ്ത ദൂരപരിധികളില്‍ നിന്ന് ഈ ആയുധത്തെ എങ്ങനെ ഉപയോഗിക്കാമെന്നടക്കം ഒരു പരിശീലനവും കശ്മീരിലെ പൊലീസിനു ലഭിച്ചിട്ടില്ല. പ്രക്ഷോഭകരുടെ മാറിടത്തിലും മുഖത്തും പെല്ലറ്റ് പതിക്കുന്നത് തടയാന്‍ പരിശീലനം അത്യാവശ്യമാണ്. മറ്റു സാഹചര്യങ്ങളില്‍ ഉപയോഗിക്കാനായി ബദല്‍ ആയുധശേഖരവും ഉണ്ടായിരുന്നില്ല. രേഖകളില്‍ പറയുന്നത് കലാപ നിയന്ത്രണത്തിനായി മേഖലയില്‍ വിന്യസിച്ചിട്ടുള്ള എല്ലാ യൂണിറ്റുകള്‍ക്കുമായി നടത്തപ്പെടുന്ന ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന ജോയിന്റ് ലോ ആന്റ് ഓഡര്‍ ട്രെയ്‌നിങ് മൊഡ്യൂള്‍ എന്ന പരിശീലന പരിപാടിയില്‍ കശ്മീരിലെ പൊലീസും സിആര്‍പിഎഫും  പങ്കെടുത്തിരിക്കണം എന്നു മാത്രമാണ്. ഷോട്ട്ഗണ്‍ പ്രയോഗ പരിശീലനവും കേസ് സ്റ്റഡീസുമാണ് ഈ പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. 2014-ല്‍ വെള്ളപ്പൊക്കവും തെരഞ്ഞെടുപ്പുകളും മേഖലയിലെ സേനാ വിന്യാസം താറുമാറാക്കിയതോടെ ഈ കോഴ്‌സ് അവസാനിക്കുകയും ചെയ്തു.

ഏറ്റവും മികച്ച സാങ്കേതിക തികവുള്ള ഉപകരണം പോലും മതിയായ പരിശീലനമില്ലാതെ ഉപയോഗിച്ചാല്‍ അപകടകാരിയാകുമെന്നതിന് ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നുമുള്ള ഉദാഹരണങ്ങളുണ്ട്. ഉദാഹരണത്തിന് 2005ല്‍ യുഎസ് നഗരമായ ബോസ്റ്റണില്‍ എഫ്എന്‍303 തോക്കില്‍ നിന്ന് അലക്ഷ്യമായി ഉതിര്‍ത്ത പെപ്പര്‍ പെല്ലറ്റ് ഏറ്റ് ഒരു സ്ത്രീ കൊല്ലപ്പെടുകയുണ്ടായി. മാരകമല്ലാത്ത, പ്രഹരശേഷി കുറഞ്ഞ വൈദ്യുത തോക്ക് എന്നറിയപ്പെടുന്ന ഇവ എട്ടു വര്‍ഷത്തിനിടെ 334 പേരുടെ മരണത്തിനിടയാക്കിയിട്ടുണ്ടെന്ന് പിന്നീട് 2009-ല്‍ യുഎസ് ജസ്റ്റിസ് ഡിപാര്‍ട്ട് നടത്തിയ പുനഃപരിശോധനയില്‍ കണ്ടെത്തിയത്. ‘തോക്കുകളെ അപേക്ഷിച്ച് പ്രഹര ശേഷി കുറഞ്ഞ ആയുധങ്ങള്‍ ഗുരുതരമായ പരിക്കേല്‍പ്പിക്കുകയോ മരണ കാരണമാകുകയോ ചെയ്യില്ലെങ്കിലും അവയുടെ ഉപയോഗം കാര്യമായ മുറിവേല്‍പ്പിക്കുന്നതിനിടയാക്കും,’ അവര്‍ മുന്നറിയിപ്പു നല്‍കി.

കലാപ നിയന്ത്രണത്തിന് പ്രഹര ശേഷി കുറഞ്ഞ ആയുധങ്ങളുടെ പ്രയോഗം പരിശീലിപ്പിക്കുന്നതിന് രാജ്യത്തെ മുന്‍നിര സ്ഥാപനമായ നാഷണല്‍ പൊലീസ് അക്കാദമിയില്‍ ഉള്‍പ്പെടെ ഒരു പൊലീസ് അക്കാദമികളിലും ഒരു കോഴ്‌സുമില്ല. ഇത്തരം ആയുധങ്ങളുടെ ഉപയോഗത്തിന് നിശ്ചിത മാനദണ്ഡങ്ങളും പ്രോട്ടോകോളും ഒന്നുമില്ലെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ തുറന്നു സമ്മതിക്കുന്നു.

രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം അടുത്തയാഴ്ച് കശ്മീരിലേക്ക്
താഴ് വരയില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍വ കക്ഷി സംഘം സെപ്തംബര്‍ നാലിന് കശ്മീരീലെത്തും. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ കൊലയെ തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന കശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സംഘം നാനാതുറകളില്‍പ്പെട്ട വ്യക്തികളുമായും സംഘടനകളുമായും ചര്‍ച്ച നടത്തും.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ, ധനമന്ത്രി അരുണ്‍ ജെറ്റ്‌ലി, പ്രധാനമന്ത്രിയുടെ ഓഫീസ് കാര്യ മന്ത്രി ജിതേേ്രന്ദ സിംഗ് എന്നിവരുമായി രാജ്‌നാഥ് സിംഗ് ഞായറാഴ്ച ദീര്‍ഘനേരം കുടിക്കാഴ്ച നടത്തുകയും സംഘം ആരൊക്കെയാണ് കാണേണ്ടതെന്നും ഏതൊക്കെ സംഘടനകളുമായി ആശയവിനിമയം നടത്തണമെന്നും സംബന്ധിച്ച് ചര്‍ച്ച നടത്തിയതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. കശ്മീരില്‍ ജൂലൈ എട്ടിനു തുടങ്ങി 51 ദിവസം നീണ്ട കര്‍ഫ്യൂ പിന്‍വലിക്കാനുള്ള തീരുമാനവും ഈ ഉന്നതതല യോഗത്തിലാണുണ്ടായത്.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ ദല്‍ഹിയിലെത്തിയ ജമ്മു കശ്മീര്‍ മുഖ്യമന്തിര മെഹ്ബൂബ മുഫ്തി പല പ്രതിപക്ഷ നേതാക്കളേയും കണ്ട് സര്‍വകക്ഷി സംഘത്തില്‍ ചേരാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. സെപ്തംബര്‍ നാല്, അഞ്ച്, ആറ് തീയതികളിലാണ് സംഘം ജമ്മു കശ്മീരില്‍ പര്യടനം നടത്തുക. സര്‍വകക്ഷി സംഘത്തിന് രൂപം നല്‍കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ വിവിധ പാര്‍ട്ടികളുമായി ബന്ധപ്പെട്ടിട്ടുണ്ട്. സംഘത്തിനു അന്തിമ രൂപം നല്‍കുന്നതിന് പാര്‍ലമെന്ററി കാര്യ മന്ത്രി അനന്ത് കുമാറിനെ ചുമതലപ്പെടുത്തിയതായി അറിയുന്നു. രാജ്യസഭാ പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസിന്റെ ഗുലാം നബി ആസാദ്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവരെ ഇതിനകം ക്ഷണിച്ചിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍