UPDATES

വിദേശം

കാശ്മീര്‍ സംഘര്‍ഷഭൂമിയാകുമ്പോള്‍ ഇന്ത്യയും പാക്കിസ്ഥാനും വാക്പോരില്‍

Avatar

അഴിമുഖം പ്രതിനിധി

കാശ്മീരില്‍ ഇന്ത്യ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നു എന്നാരോപിച്ച പാകിസ്ഥാനോട് താഴ്വരയിലെ പ്രശ്നങ്ങളേക്കാള്‍ പാക് അധീന കാശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആകുലരാകാന്‍ കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു തിങ്കളാഴ്ച്ച മറുപടി നല്കി.

“ജമ്മു കാശ്മീരിലേതിനെക്കാള്‍ പാക് അധീന കാശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അവര്‍ തലപുകയ്ക്കട്ടെ. ജമ്മു കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്.”

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ യുവപോരാളി ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തിന് ശേഷം കാശ്മീരില്‍ ഇന്ത്യ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നു എന്ന പാകിസ്ഥാന്‍ ആരോപണത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു റിജ്ജു.

കാശ്മീരിലെ പ്രതിഷേധക്കാരെ കൊല്ലുന്നതിനെക്കുറിച്ച് മൌനം പുലര്‍ത്തുന്നു എന്ന പ്രതിപക്ഷ ആരോപണം നേരിട്ട പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്ത്യന്‍ സുരക്ഷാ സേനയുടെ നടപടികളെ അപലപിച്ചു.

“കാശ്മീരി നേതാവ് ബുര്‍ഹാന്‍ വാനിയേയും നിരവധി സാധാരണക്കാരെയും കൊന്ന ഇന്ത്യന്‍ സൈന്യത്തിന്റെയും അര്‍ദ്ധ സൈനിക വിഭാഗത്തിന്റെയും നടപടിയില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി അഗാധമായ ഞെട്ടല്‍ പ്രകടിപ്പിക്കുന്നു,” ഷെറീഫിന്റെ കാര്യാലയം ഒരു പ്രസ്താവനയില്‍ പറഞ്ഞു.

വാനിയുടെ മരണത്തില്‍ പ്രതിഷേധിക്കുന്ന സാധാരണക്കാര്‍ക്കെതിരെ ‘അമിതവും നിയമവിരുദ്ധവുമായ ബലപ്രയോഗം നടത്തുന്നതിനെ’ അപലപിക്കുന്നതായും ഷെരീഫ് പറഞ്ഞു.

“ഇത്തരം അടിച്ചമര്‍ത്തല്‍ നടപടികള്‍ കൊണ്ടൊന്നും  യു എന്‍ രക്ഷ സമിതി പ്രമേയങ്ങളനുസരിച്ച് തങ്ങളുടെ സ്വയം നിര്‍ണയാവകാശം ഉപയോഗിക്കുന്നതിനായി പോരാടുന്ന ജമ്മു കാശ്മീരിലെ ധീരരായ ജനതയെ തടയാനാകില്ല.”

ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതി പ്രമേയങ്ങളോടുള്ള പ്രതിബദ്ധതയും മനുഷ്യാവകാശ കടമകളും ഇന്ത്യ പാലിക്കണമെന്ന് കാശ്മീരിലെ വിഘടനവാദി നേതാക്കളെ തടങ്കലില്‍ വെച്ച ഇന്ത്യന്‍ നടപടിയില്‍ ആശങ്ക പ്രകടിപ്പിച്ച ഷെരീഫ് പറഞ്ഞു.

പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 23-ആയി. വെള്ളിയാഴ്ച്ച നടന്ന ഏറ്റുമുട്ടലില്‍ വാനിയുടെ കൊലപാതകത്തെ തുടര്‍ന്ന് നിശാനിയമവും വിഘടനവാദികളുടെ പണിമുടക്കും താഴ്വരയില്‍ സാധാരണ ജനജീവിതം തടസപ്പെട്ടിരിക്കുന്നു.

സായിദ് അലി ഷാ ഗിലാനി, മിര്‍വായിസ് ഉമര്‍ ഫാറൂഖ്, മുഹമ്മദ് യാസീന്‍ മാലിക് തുടങ്ങിയ മിക്ക വിഘടനവാദി നേതാക്കളും കസ്റ്റഡിയിലോ  വീട്ടുതടങ്കലിലൊ ആണ്.

ഷരീഫ്-മോദി സൌഹൃദം കാശ്മീര്‍ വിഷയത്തില്‍ പരിഹരിക്കാനാകാത്ത കുഴപ്പങ്ങളുണ്ടാക്കുന്നു എന്നാണ് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി അദ്ധ്യക്ഷന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി ആരോപിച്ചത്.

“ലോകമെങ്ങും മുസ്ലീങ്ങള്‍ ഈദ്-ഉല്‍-ഫിതര്‍ ആഘോഷിച്ചപ്പോള്‍ കാശ്മീരിലെ നമ്മുടെ സഹോദരങ്ങളുടെ ആഘോഷദിനം  ഇന്ത്യന്‍ സേനയുടെ അക്രമത്തിനിടയിലാണ്  കടന്നുപോയത്,” ബിലാവല്‍ പ്രസ്താവനയില്‍ പറഞ്ഞു.

നരേന്ദ്ര മോദിക്ക് സൌഹൃദത്തിന്റെ സാക്ഷ്യപത്രം നല്കി ഷരീഫ് വിദേശനയത്തെ നശിപ്പിച്ചുവെന്നും ബിലാവല്‍ കുറ്റപ്പെടുത്തി. 

“ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ബന്ധം വളര്‍ത്തി ഷരീഫ് കാശ്മീര്‍ വിഷയത്തെ തകിടം മറിക്കുകയാണ്.” 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍