UPDATES

ട്രെന്‍ഡിങ്ങ്

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയാലും നമ്മുടെ മനുഷ്യത്വം റദ്ദാക്കരുത്

സര്‍ക്കാരിന്റെ കാശ്മീര്‍ ഉപരോധം ഒരു മാസം പൂര്‍ത്തിയാക്കുമ്പോള്‍ അത് നമ്മെക്കുറിച്ചും അസ്വസ്ഥമായ ചോദ്യങ്ങളുയര്‍ത്തുന്നു.

ഓഗസ്റ്റ് 24 ൻ്റെ ഒരു സായാഹ്നത്തില്‍ ശ്രീനഗറിലെ ഒരു കുടുംബം ടെലിവിഷനിലേക്ക് മാത്രം കണ്ണുകള്‍ നട്ടിരിക്കുന്നത് ഞങ്ങള്‍ കണ്ടു. പാര്‍ലമെന്റ് അംഗങ്ങളുടെ 12 പേരടങ്ങുന്ന ഒരു സംഘത്തെ തങ്ങളുടെ ഉപരോധിക്കപെട്ട നഗരം സന്ദര്‍ശിക്കാന്‍ അനുവദിക്കുമോ എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അവര്‍. എം പിമാര്‍ ‘ പാകിസ്ഥാന്‍ അജണ്ടയാണ് നടപ്പാക്കുന്നതെന്നും’ ”ശാന്തത തകര്‍ക്കുകയാണെന്നുമുള്ള” സര്‍ക്കാര്‍ വാദങ്ങള്‍ ഉന്മത്തനായ ടെലിവിഷന്‍ അവതാരകന്‍ ആവര്‍ത്തിക്കുന്നു. എം പിമാരെ സര്‍ക്കാര്‍ ഡല്‍ഹിയിലേക്ക് തിരിച്ചയച്ചു എന്ന വാര്‍ത്ത വന്നതോടെ ആ മുറിയിലെ മുഖങ്ങള്‍ മ്ലാനമായി. അവിടെയുണ്ടായിരുന്ന ഒരു അദ്ധ്യാപകന്‍ ടെലിവിഷന്‍ അവതാരകനോടായി ”പറഞ്ഞു, ശരിയാണ് കാശ്മീരില്‍ ശാന്തതയാണ്. ശ്മശാനത്തിലെ ശാന്തത പോലെ.”

പാര്‍പ്പിടപ്രദേശങ്ങള്‍ , തെരുവുകള്‍, പാലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കാവല്‍ നില്‍ക്കുന്ന സൈന്യം, പ്രതിഷേധം ഭയന്ന് അടച്ചിട്ടിരിക്കുന്ന വ്യാപാരസ്ഥാപനങ്ങളുടെ നിര, വിദ്യാര്‍ത്ഥികളില്ലാത്ത വിദ്യാലയങ്ങള്‍, കേന്ദ്രസേന കാവല്‍ നില്‍ക്കുന്ന ശൂന്യമായ കോളേജുകള്‍, പുറത്തിറങ്ങുന്നതിനുള്ള കര്‍ശനമായ നിയന്ത്രണങ്ങള്‍, നിര്‍ത്തിവെച്ച ഗതാഗതം, തപാല്‍, കൊറിയര്‍, മൊബൈല്‍, ഇന്റര്‍നെറ്റ് , ടെലിഫോണ്‍ സേവനങ്ങള്‍ എന്നിവയെല്ലാം ഞങ്ങളുടെ ഒരാഴ്ച നീണ്ട കാശ്മീര്‍ സന്ദര്‍ശനത്തില്‍ ‘ശാന്തത’ എന്താണെന്ന് അടയാളപ്പെടുത്തി.

താഴ്വരയിലേക്കുള്ള ഞങ്ങളുടെ വ്യക്തിപരമായ ആവശ്യത്തിനുള്ള സന്ദര്‍ശനം വളരെ മുമ്പേ തീരുമാനിച്ചതായിരുന്നു. അപ്പോഴാണ് ആഗസ്റ്റ് ആദ്യം പഴയ ജമ്മു കാശ്മീര്‍ സംസ്ഥാനത്തേക്ക് സര്‍ക്കാര്‍ അധിക സേനയെ അയക്കുന്നതും നിരോധനാജ്ഞ പുറപ്പെടുവിക്കുന്നതും ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ റദ്ദാക്കുന്നതും ജമ്മു കാശ്മീരിനെ കേന്ദ്ര ഭരണ പ്രദേശങ്ങളായി തരംതാഴ്ത്തി വിഭജിക്കുന്നതും അടക്കമുള്ള പുതിയ സംഭവവികാസങ്ങള്‍ ഉണ്ടാകുന്നത്. സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ പോകുന്നതില്‍ നിന്നും ഞങ്ങളെ നിരുത്സാഹപ്പെടുത്തി. പക്ഷെ ഇത്തരത്തില്‍ ഒരു ഇരുമ്പുമറ താഴ്വരയുടെ മുകളില്‍ ഇട്ട സമയത്ത് അവിടെയുള്ള ആളുകളെ കാണുക എന്നത് കൂടുതല്‍ പ്രധാനമാണെന്ന് ഞങ്ങള്‍ക്ക് തോന്നി. പ്രത്യേകിച്ചും ഞങ്ങളിലൊരാള്‍ ഇപ്പുറത്തുള്ള ഇന്ത്യയില്‍ താമസിക്കുന്ന ഒരു കാശ്മീരി പണ്ഡിറ്റ് കുടുംബത്തില്‍ നിന്നാവുകയും കൂടി ചെയ്യുമ്പോള്‍.
ഞങ്ങള്‍ അവിടെയുണ്ടായിരുന്ന ദിവസങ്ങളത്രയും ആളുകയുമായുള്ള ഇടപെടലില്‍ വേദനയും ദേഷ്യവും അവിശ്വാസവും അവരില്‍ നിറഞ്ഞു നിറഞ്ഞുനിന്നതായാണ് നമുക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ‘വഞ്ചന’ ‘ശ്വാസം മുട്ടല്‍’ എന്നീ വാക്കുകള്‍ ആവര്‍ത്തിച്ചു കേട്ടു. നിശ്ചയദാര്‍ഢ്യവും കറുത്ത ഹാസ്യവും കൊണ്ട് ഈ അരക്ഷിതാവസ്ഥയെ മറികടക്കാന്‍ ശ്രമിക്കുന്നതും ഞങ്ങള്‍ കണ്ടു. ഭയമായിരുന്നു നിറഞ്ഞുനിന്നത്; ഞങ്ങള്‍ കണ്ട 50 ആളുകള്‍ അവരുടെ ആശങ്കകള്‍ പറഞ്ഞപ്പോള്‍ പേരുകള്‍ വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടു.

”ഞങ്ങളുടെ ഹൃദയത്തിലും മനസിലും സമാധാനമേയില്ല. ഭാവിയില്‍ എന്താണ് നടക്കുക എന്നതിനെക്കുറിച്ച് ഞങ്ങള്‍ക്കാകെ ആശങ്കയാണ്,” തെക്കന്‍ കാശ്മീരിലെ ഒരു ആപ്പിള്‍ കര്‍ഷകന്‍ പ്രകടമായ ആകുലതയോടെ ഞങ്ങളോട് പറഞ്ഞു. ”ഞങ്ങളോട് വേദന മനസിലാക്കാനാണ് ഞാന്‍ ഇന്ത്യയിലെ ജനങ്ങളോട് ആവശ്യപ്പെടുന്നത്. ഞങ്ങള്‍ക്കും സമാധാനം വേണമെന്ന് ആഗ്രഹമുണ്ട്.” അയാളുടെ നാലു വയസുകാരി മകള്‍ ഒരു വാക്കു പോലും മിണ്ടാതെ ശൂന്യമായ കണ്ണുകളോടെ ഞങ്ങളുടെ ഒരു മണിക്കൂര്‍ നീണ്ട സംഭാഷണം കേട്ടിരുന്നു.
രാജ്യത്ത് ‘ധീരം ‘ ‘നിര്‍ണായകം’ എന്നിങ്ങനെയൊക്കെ വിശേഷിപ്പിച്ചു പ്രചരിപ്പിക്കുന്ന നടപടി, മനുഷ്യത്വമില്ലാത്ത, ഉത്തരവാദിത്തമില്ലാത്ത, ഭരണകൂടത്തിന്റെ നടപടികളെക്കുറിച്ചോ ഭാവിനീക്കങ്ങളെക്കുറിച്ചോ വിശ്വസനീയമായ വിവരങ്ങള്‍ നല്‍കാത്ത ഒന്നായാണ് ഇവിടുത്തെ ജനങ്ങളുടെ ജീവിതത്തില്‍ പ്രതിഫലിക്കുന്നത്. ”ഞങ്ങളുടെ നേതാക്കളെല്ലാം വീട്ടുതടങ്കലിലോ തടവറകളിലോ ആണ്. ജനങ്ങള്‍ എങ്ങോട്ടാണ് പോകേണ്ടത്? ഞങ്ങളുടെ വേദന ആരോടാണ് പറയേണ്ടത്?” ശ്രീനഗറില്‍ ഒരു യുവതി ഞങ്ങളോട് ചോദിച്ചു. ”ഞങ്ങളെ ഇരുട്ടില്‍ തപ്പാന്‍ വിട്ടിരിക്കുകയാണ്,” മറ്റൊരാള്‍ പറഞ്ഞു.

കുട്ടികളടക്കമുള്ള ആയിരക്കണക്കിനാളുകളെ കരുതല്‍ തടവിലാക്കിയതും (ബി ബി സി, ന്യൂ യോര്‍ക്ക് ടൈംസ്, ക്വിന്റ് തുടങ്ങിയ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി) ആരെയാണ് ഇനി പിടിച്ചുകൊണ്ടുപോവുക എന്ന ഭയവും ജനങ്ങളെയാകെ എന്തുചെയ്യണം എന്ന് നിശ്ചയമില്ലാതാക്കിയിരിക്കുകയാണ്. വാര്‍ത്തകള്‍ നല്‍കുന്നതിനുള്ള നിയന്ത്രണത്തെക്കുറിച്ച് പലരും പറഞ്ഞു. വാര്‍ത്തകളെ തമസ്‌ക്കിരിക്കുന്നതിനെക്കുറിച്ചും നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണിയെക്കുറിച്ചുമാണ് പ്രാദേശിക പത്രപ്രവര്‍ത്തകര്‍ പറഞ്ഞത്. അധികാരകികളും അവരുടെ ന്യൂസ് ഡെസ്‌കുകളില്‍നിന്നുമാണ് ഭീഷണികളും നിയന്ത്രണങ്ങളും ഉണ്ടാകുന്നത്.

തോക്കുകള്‍ കൊണ്ട് നിശ്ശബ്ദരാക്കപ്പെടുന്നതും സര്‍ക്കാര്‍ ഈ തീരുമാനം നടപ്പാക്കിയ സമയവുമെല്ലാംദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്ന ഈ തീരുമാനത്തിലെ അനീതിയോടുള്ള പ്രതിഷേധത്തെ കനപ്പിക്കുന്നു. വിനോദസഞ്ചാരികളുടെ വരവ് ഏറ്റവും കൂട്ടുന്ന ഈ സമയത്ത് അവരെയെല്ലാം ഒഴിപ്പിച്ചതോടെ പ്രാദേശിക വരുമാനം ഇടിഞ്ഞു. ഈദ് ആഘോഷങ്ങള്‍ക്ക് തയ്യാറെടുത്ത പലഹാരക്കടകള്‍ക്കെല്ലാം ലക്ഷക്കണക്കിന് രൂപയുടെ കടവും വില്‍ക്കാനാവാതെ അട്ടിയിട്ട സാധനങ്ങളുമാണ്. വിവാഹങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന ഈ സമയത്ത് അതെല്ലാം നീട്ടിവെക്കുകയോ ചുരുക്കി നടത്തുകയോ ചെയ്യുകയാണ്. പാചകക്കാര്‍ക്കും സഹായികള്‍ക്കും വര്‍ഷത്തില്‍ അവര്‍ക്ക് എന്തെങ്കിലും സമ്പാദിക്കാവുന്ന കാലത്ത് വെറുതെയിരിക്കേണ്ടി വരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആപ്പിള്‍ കൃഷി നടക്കുന്ന സ്ഥലങ്ങളിലൊന്നായ ഷോപ്പിയാനിലെ ഒഴിഞ്ഞുകിടക്കുന്ന പഴച്ചന്തകളും പൊട്ടിക്കാതെ പഴങ്ങള്‍ നിറഞ്ഞ മരങ്ങളുള്ള തോട്ടങ്ങളുമാണ് കണ്ടത്. ചടുലമാകേണ്ട ഒരു പ്രദേശം മുഴുവന്‍ ദിനംപ്രതി കോടികളുടെ നഷ്ടം നേരിടുകയാണ്. നോട്ടു നിരോധനത്തോടെ ദശലക്ഷക്കണക്കിനു മനുഷ്യരുടെ സാമ്പത്തിക നഷ്ടത്തിന് ഒരു കണക്കുമില്ലാതെയായിരിക്കുന്നു.

ഇന്ത്യന്‍ സര്‍ക്കാര്‍ മാത്രമല്ല ജനങ്ങളും തങ്ങളെ ചതിച്ചതായി പലരും കരുതുന്നു. ”ഇങ്ങനെയായിട്ട് 20 ദിവസമായി. എന്തുകൊണ്ടാണ് ഇത്രയും ഇന്ത്യക്കാര്‍ നിശ്ശബ്ദരായിരിക്കുന്നത്? ഈ നുണകളില്‍ അവര്‍ തൃപ്തരാണ് എന്നാണോ?,” ശ്രീനഗറിലെ ഒരു ചെറിയ കൂട്ടം ആളുകള്‍ ചോദിച്ചു. ”സുപ്രീം കോടതി പോലും ശ്രദ്ധിക്കുന്നില്ല,” ഒരാള്‍ ഇടയില്‍ പറഞ്ഞു. പ്രായം അറുപതുകളിലുള്ള ഒരാള്‍ പറഞ്ഞു, ‘ എന്റെ ജീവിതം മുഴുവന്‍ ഞാന്‍ ഇന്ത്യക്ക് അനുകൂലമായിരുന്നു. എന്റെ സുഹൃത്തുക്കളുമായി ജനാധിപത്യത്തിന് വേണ്ടി വാദിക്കുമായിരുന്നു. ഇനിയില്ല…’ ഇന്ത്യന്‍ ജനാധിപത്യം എങ്ങോട്ടാണ് പോകുന്നതെന്ന് പലരും അമ്പരപ്പ് പ്രകടിപ്പിച്ചു.

ഒരു ജനതയെ മുഴുവന്‍ സകലവിധ വാര്‍ത്താവിനിമയ മാര്‍ഗങ്ങളില്‍ നിന്നും വിലക്കിനിര്‍ത്തിയതിന്റെ പ്രായോഗികവും വൈകാരികവുമായ ആഘാതങ്ങള്‍ സര്‍ക്കാരോ നമ്മളില്‍ മിക്കവരുമോ ഒട്ടും ചിന്തിക്കുന്നില്ല. മരണം പോലും സംഭവിക്കാം അവര്‍ക്ക് എന്ന നിലയിലുള്ള നിങ്ങളുടെ ഉറ്റവരുമായി ഒരു ബന്ധവുമില്ലാതെ കഴിയേണ്ടിവരുന്നതിനെക്കുറിച്ച് ആലോചിക്കാനാകുമോ? അല്ലെങ്കില്‍ ഒരാഴ്ച്ച ഫോണും ഇന്റര്‍നെറ്റും ഇല്ലാതെ കഴിയുന്നതിനെക്കുറിച്ച്. ഇതാണ് അടുത്തെങ്ങും ഒരാശ്വാസമുണ്ടാകും എന്ന പ്രതീക്ഷയില്ലാതെ ജമ്മു കാശ്മീരിലെ ദശലക്ഷക്കണക്കിനു ജനങ്ങള്‍ ഒരു മാസമാണ് അനുഭവിക്കുന്നത്. ഒരാള്‍ അയാളുടെ ബാങ്ക് അക്കൗണ്ടില്‍ ഇടാനായി ഞങ്ങള്‍ക്ക് നൂറ് രൂപ തന്നു. അയാളുടെ സഹോദരന് പരീക്ഷാ ഫീസ് അടയ്ക്കാനാണ്. ‘ ഭയം പരക്കുകയാണ്. ഓരോ ദിവസവും ഈ അവസ്ഥയില്‍ നിന്നും എങ്ങനെ പുറത്തുകടക്കും എന്ന പേടിയാണ്. എല്ലാം അടച്ചിട്ടിരിക്കുകയാണ്, കാത്തിരിക്കുകയല്ലാതെ ഒന്നും ചെയ്യാനില്ല,” മറ്റൊരാള്‍ പറഞ്ഞു.
”സര്‍ക്കാര്‍ ഞങ്ങളെ ലോകത്തില്‍ നിന്നും വേര്‍പ്പെടുത്തി,” തന്റെ മകളും പേരമകളുമായി മൂന്നാഴ്ചയായി സംസാരിക്കാന്‍ കഴിയാതിരുന്ന ഒരു സ്ത്രീ ഞങ്ങളോട് പറഞ്ഞു. ”അവര്‍ ഞങ്ങളെ എത്രമാത്രം ഒറ്റപ്പെട്ടവരാക്കി.” തന്റെ പ്രിയപ്പെട്ട ബന്ധു മരിച്ചിട്ട് നാല് ദിവസത്തിനു ശേഷമാണ് തനിക്കറിയാന്‍ കഴിഞ്ഞതെന്ന് ഒരു പ്രായമായ അഭിഭാഷകന്‍ പറഞ്ഞു. പല വീടുകളിലും കാശ്മീരിന് പുറത്തുള്ള മക്കളുടേയും പ്രിയപ്പെട്ടവരുടെയും സന്ദേശങ്ങള്‍ കാണിക്കുന്ന ഒന്നോ രണ്ടോ ഉറുദു ടെലിവിഷന്‍ ചാനലുകള്‍ വെച്ചിരുന്നു. ”ഞങ്ങള്‍ നന്നായിരിക്കുന്നു. ഞങ്ങളെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെടരുത്. ദൈവ നിങ്ങളെ സുരക്ഷിതരായി ഇരുത്തട്ടെ,” എന്നായിരുന്നു മിക്ക സന്ദേശങ്ങളും.

ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഒരിക്കല്‍പ്പോലും ചെറുപ്പക്കാരില്‍ നിന്നുപോലും സന്തോഷമോ പ്രതീക്ഷയോ ഉണ്ടായില്ല എന്നതാണ് ശ്രദ്ധേയം. സര്‍ക്കാര്‍ നടപടി സാധാരണക്കാരെ അരികിലാക്കുകയും തീവ്രവാദികളെ വന്‍തോതില്‍ ഉണ്ടാക്കുകയും ചെയ്യുമെന്നും വീണ്ടും സംഘര്‍ഷവും രക്തച്ചൊരിച്ചിലും കൂട്ടുമെന്നും ഷോപ്പിയാനിലെ ഒരു ഗ്രാമത്തില്‍ ഒരു ചെറുപ്പക്കാരന്‍ ആശങ്കപ്പെട്ടു. നഗരത്തില്‍ താമസിക്കുന്ന കവിതകള്‍ ഇഷ്ടപ്പെടുന്ന ഒരു അദ്ധ്യാപകന്‍ പറഞ്ഞു, ‘ ഞങ്ങളെപ്പോലുള്ളവര്‍ നിശബ്ദരായി ജീവിക്കും, ആരെങ്കിലും കേള്‍ക്കുമോയെന്ന ഭയത്തില്‍, തീവ്രവാദികളും സുരക്ഷാ സേനയും എങ്ങനെ പ്രതികരിക്കുമെന്ന് പേടിയില്‍ ഒരിക്കലും സംസാരിക്കില്ല.” ശ്രീനഗറിലെ ഒരു മുതിര്‍ന്ന കാശ്മീരി പണ്ഡിറ്റ് അദ്ധ്യാപകന്‍ വിലപിച്ചു, ”വ്യക്തമായ ഒരു കാശ്മീര്‍ നയം ഒരിക്കലും ഉണ്ടായില്ല. ഒരിക്കലും അങ്ങനെയൊന്നുണ്ടായില്ല. ഞങ്ങള്‍ കാശ്മീരികളാണ് സഹിക്കുന്നത്.”

ഇപ്പോഴത്തെ അവസ്ഥയില്‍ അവര്‍ക്ക് തിരിച്ചുകിട്ടുന്നില്ലെങ്കില്‍പ്പോലും ഞങ്ങളുമായുള്ള സംഭാഷണങ്ങളില്‍ ആത്മാഭിമാനത്തിനും ബഹുമാനത്തിനും സ്വയംഭരണത്തിനുമുള്ള അഭ്യര്‍ത്ഥനകളിലെല്ലാം കാശ്മീരികള്‍ ഇപ്പോഴും ഇന്ത്യക്കാരെ ഒപ്പമുള്ള മനുഷ്യരായി കാണുന്നു എന്ന് ഞങ്ങളെ ഓര്‍മ്മിപ്പിച്ചു. ഇന്ത്യയിലെ ടെലിവിഷന്‍ ചാനലുകളില്‍ കാശ്മീരിനെ ചിത്രീകരിക്കുന്ന രീതിയെക്കുറിച്ചും സര്‍ക്കാരിന്റെ അനീതിയെക്കുറിച്ചുമെല്ലാം ഞങ്ങളോട് ക്ഷുഭിതരായവരും ഒരു ചായ കുടിക്കാന്‍ ക്ഷണിക്കാന്‍ മറന്നില്ല. ഞങ്ങളിലൊരാള്‍ കാശ്മീരിയാണെന്ന് അറിഞ്ഞതോടെ പലരും ആതിഥ്യമര്യാദ ഒന്നുകൂടി ഉയര്‍ത്തി. ഊഷ്മളമായി കൈപിടിച്ചും സ്‌നേഹത്തോടെ കെട്ടിപ്പിടിച്ചുമാണ് മിക്കവരും പിരിഞ്ഞത്.” സൈനികരോട് പോലും ചിലര്‍ സഹതാപം പ്രകടിപ്പിച്ചു. ‘ അവരുടെ ആശങ്ക നിറഞ്ഞ മുഖത്തേക്കു നോക്കു. ഞങ്ങള്‍ ജയിലിലാണ്, അതുപോലെയാണ് അവരും,” ശ്രീനഗറില്‍ ഒരാള്‍ പറഞ്ഞു.

നമ്മുടെ ജനാധിപത്യത്തെ സാധ്യമാക്കുന്ന സ്ഥാപങ്ങളെക്കുറിച്ചുള്ള കടുത്ത ആശങ്കയിലാണ് ഞങ്ങള്‍ ശ്രീനഗര്‍ വിട്ടത്. എത്ര വേഗമാണ് ഇന്ത്യന്‍ സര്‍ക്കാരും ടെലിവിഷന്‍ ചാനലുകളും ഒരുക്കിയ ഒരു ആഖ്യാനത്തിലേക്ക് ജമ്മു കാശ്മീരിലെ ജനങ്ങളെയും അവരുടെ ആക്രമിക്കപ്പെട്ട ചരിത്രത്തെയും തള്ളിയിടാന്‍ നമ്മള്‍ തയ്യാറായത്. ഞങ്ങളുടെ നിലപാടുകള്‍ ഒട്ടും ജനപ്രിയമല്ലെന്നും മടങ്ങിവരവ് ഞങ്ങളെ ഓര്‍മ്മപ്പെടുത്തി.

സംഭാഷണങ്ങളിലോ അഭിപ്രായ വ്യത്യാസത്തിലോ ഒരു മൂല്യവും കാണാത്ത സര്‍ക്കാര്‍ ഇപ്പോഴും തങ്ങളുടെ എല്ലാ നടപടിയും ഗുണകരമാണ് എന്നാവര്‍ത്തിക്കുകയാണ്. വാര്‍ത്താവിനിമയ നിരോധനം സമാധാനം ഉണ്ടാക്കുന്നു എന്നാണ് ഇപ്പോഴും പറയുന്നത്. താഴ് വരയിലെ ഒരു ദശലക്ഷം സൈനികര്‍, ഏഴു പേര്‍ക്ക് ഒരാള്‍ എന്ന നിലയില്‍, ഭീകരവാദ വിരുദ്ധ നടപടി മാത്രമാണ്. കരുത്തുള്ള ഒരു രാഷ്ട്രത്തെയാണ് ടി ചാനലുകള്‍ കാണിക്കാന്‍ ശ്രമിക്കുന്നത്. ഇതിനെല്ലാം പുറമെ ഉറക്കെ വിളിച്ചുപറഞ്ഞിലെങ്കിലും നിരവധി ഇന്ത്യക്കാര്‍ ഇത് ഒരു ചോദ്യവുമില്ലാതെ സ്വീകരിക്കുകയും ചെയ്യുന്നു.

ഒരു ജനതയെ സൈനിക ഉപരോധം നടത്തി നിശബ്ദരാക്കുകയും അവരുടെ വേദനകളെ കണ്ടില്ലെന്നും ഒരു പ്രദേശത്തെ കൂട്ടിചേര്‍ക്കുമ്പോള്‍ നാം നാം നമ്മുടെതന്നെ മനുഷ്യത്വത്തെയാണ് റദ്ദാക്കുന്നത്

(Aniket Aga is an academic. Chitrangada Choudhury is a journalist and researcher.)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Read: എങ്ങനെയാണ് കാശ്മീര്‍ പ്രശ്‌നം ഇങ്ങനെ കുഴഞ്ഞുമറിഞ്ഞത്? ചരിത്രം പറയുന്നതിതാണ്

 

Avatar

അനികേത് ആഗ, ചിത്രാംഗദ ചൗധരി

ഗവേഷകയാണ് അനികേത് ആഗ. മാധ്യമപ്രവര്‍ത്തകയാണ് ചിത്രാംഗദ ചൗധരി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍