UPDATES

പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് ഗവര്‍ണര്‍; മൂന്ന് മാസത്തിനുള്ളില്‍ 50,000 കാശ്മീരി യുവാക്കള്‍ക്ക് ജോലി നല്‍കും

ഒരൊറ്റ സിവിലിയന്‍ പോലും ഇതുവരെ മരിച്ചിട്ടില്ല. സമാധാനം ഉറപ്പാക്കാന്‍ കഴിഞ്ഞു.

ജമ്മു കാശ്മീരില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും എല്ലാം ശാന്തമാണെന്നും ഗവര്‍ണര്‍ സത്യപാല്‍ മാലിക്. ജനങ്ങളുടെ ക്ഷേമത്തിനും നന്മയ്ക്കും വേണ്ടിയാണ് കാശ്മീര്‍ താഴ്‌വരയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ സര്‍വീസുകളിലേയ്ക്കും മറ്റും വലിയ തോതില്‍ തൊഴില്‍ റിക്രൂട്ട് ചെയ്തിരുന്നു. ഇത് രണ്ട് – മൂന്ന് മാസത്തിനകം ഉണ്ടാകും. ഒരൊറ്റ സിവിലിയന്‍ പോലും ഇതുവരെ മരിച്ചിട്ടില്ല. സമാധാനം ഉറപ്പാക്കാന്‍ കഴിഞ്ഞു. താഴ്‌വരയില്‍ അധികം വൈകാതെ സാധാരണ നില പുനസ്ഥാപിക്കപ്പെടുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

അതേസമയം കാശ്മീര്‍ താഴ്‌വരയിലെ പ്രതിഷേധക്കാര്‍ക്ക് നേരെ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ചിട്ടുണ്ട് എന്ന് ഗവര്‍ണര്‍ മാലിക് സമ്മതിച്ചു. എന്നാല്‍ പിരിക്കുണ്ടാകാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ട് എന്നും ഗവര്‍ണര്‍ അവകാശപ്പെട്ടു. പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ച് നിരവധി പേര്‍ക്ക് കണ്ണിന് പരിക്കേറ്റതായും പലരുടേയും കാഴ്ചയെ ബാധിച്ചതായും ദ വയര്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റോയിട്ടേഴ്‌സും ബിബിസിയും വാഷിംഗ്ടണ്‍ പോസ്റ്റും അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം നേരത്തെ നിഷേധിക്കുകയാണ് ചെയ്തത്.

അരയ്ക്ക് താഴെ മാത്രമാണ് പെല്ലറ്റ് കൊണ്ട് പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റത് എന്നാണ് ഗവര്‍ണറുടെ വാദം. എന്നാല്‍ ഇത് തള്ളിക്കളയുന്ന റിപ്പോര്‍ട്ടുകളാണ് കാശ്മീരില്‍ നിന്ന് വരുന്നത്. പാകിസ്താന്‍ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യാതിരിക്കാനാണ് ഫോണും ഇന്റര്‍നെറ്റും കട്ട് ചെയ്തത് എന്നും കാശ്മീരില്‍ ഇത് പുതിയ കാര്യമല്ലെന്നും ഗവര്‍ണര്‍ വാദിച്ചു. കാശ്മീരി രാഷ്ട്രീയ നേതാക്കളില്‍ ആരുമായും സംസാരിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ഒമര്‍ അബ്ദുള്ളയുമായും മെഹബൂബ മുഫ്തിയുമായും ഗവര്‍ണര്‍ സംസാരിച്ചു എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍