UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജാക്കിനെ രക്ഷിക്കാമായിരുന്നു; ഒടുവില്‍ റോസിന്റെ കുറ്റസമ്മതം

അഴിമുഖം പ്രതിനിധി

ഇത് അന്നുതൊട്ടെ എല്ലാവരും പറയുന്ന കാര്യമാണ്. റോസ് വിചാരിച്ചിരുന്നെങ്കില്‍ ജാക് അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ തണുത്തുറഞ്ഞ അടിത്തട്ടിലേക്ക് മാഞ്ഞുപോകില്ലായിരുന്നു. അവര്‍ക്ക് പിരിയേണ്ടി വരില്ലായിരുന്നു. ലോകം ഇത്രമേല്‍ നൊമ്പരപ്പെടില്ലായിരുന്നു. 

റോസിന് ജാക്കിനെ രക്ഷിക്കാമായിരുന്നു. ഞാന്‍ നിന്നെ പോകാന്‍ അനുവദിക്കില്ല…എന്നു പറഞ്ഞതല്ലാതെ അവള്‍ ഒന്നും ചെയ്തില്ലെന്നുമാത്രം.

ആനശ്വര പ്രണയജോടികളെന്നു വാഴ്ത്തിയ ജാക്കും റോസും. ഇതില്‍ അല്‍പ്പനേരത്തേങ്കിലും റോസിന്റെ മനസില്‍ സ്വജീവനെക്കുറിച്ചുള്ള സ്വാര്‍ത്ഥ കടന്നുവന്നിരുന്നോ? 

20 വര്‍ഷങ്ങളായി പലരുടെയും മനസില്‍ ഉണ്ടായിരുന്ന ഈ സംശയം ഇപ്പോഴിതാ റോസ് തന്നെ സമ്മതിക്കുന്നു. അതായത് റോസിനെ അനശ്വരയാക്കി കേറ്റ് വിന്‍സെല്‍റ്റ്!

കേറ്റിന്റെ ഈ കുറ്റസമ്മതം ഉണ്ടായത് ജയിംസ് ക്രിസ്ത്യന്‍ അവതരിപ്പിക്കുന്ന പ്രശസ്ത ചാനല്‍ ഷോയായ ജിമ്മി കിമ്മല്‍ ലൈവിലാണ്.

ഒരവാര്‍ഡ് ചടങ്ങില്‍ ലിയണാര്‍ഡോ ഡി കാപ്രിയയ്‌ക്കൊപ്പം എത്തിയപ്പോഴായിരുന്നു ജെയിംസ് കേറ്റിനോട് റോസിന്റെ സ്വാര്‍ത്ഥതയെ കുറിച്ച് ചോദിച്ചത്.

‘അതേ, ഞാന്‍ നിങ്ങളോട് യോജിക്കുന്നൂ. ഞാനിപ്പോള്‍ വിചാരിക്കുന്നുണ്ട്, ആ വാതില്‍പ്പലകയില്‍ ജാക്കിനും സുരക്ഷിതമായി കിടക്കാമായിരുന്നു’ 

കേറ്റ് തന്റെ കഥാപാത്രത്തിനുവേണ്ടി തെറ്റു സമ്മതിക്കുന്നു.

എന്നാല്‍ റോസിന്റെയും ജാക്കിന്റെയും സൃഷ്ടാവ് സാക്ഷാല്‍ ജയിംസ് കാമറൂണ്‍ ഈ സംശയങ്ങളൊക്കെ മുന്നേ തള്ളിക്കളഞ്ഞതാണ്.

ജാക് ഒരു വിഡ്ഡിയല്ല. അങ്ങനെ രക്ഷപ്പെടാന്‍ കഴിയുമായിരുന്നെങ്കില്‍ അയാള്‍ തണുത്തു മരിക്കാന്‍ നില്‍ക്കില്ലായിരുന്നു. ആ വാതില്‍ പലകയില്‍ തങ്ങള്‍ രണ്ടാളും കയറിയാല്‍ അതു മുങ്ങിപ്പോകുമെന്നും തനിക്കൊപ്പം റോസും മരിക്കുമെന്നും ജാക്കിന് അറിയാമായിരുന്നു. അവിടെയാണ് സ്വയം മരണം തെരഞ്ഞെടുക്കാന്‍ ജാക് തീരുമാനിച്ചത്.

കാമറൂണിന്റെ വിശദീകരണം ഇതാണ്.

ടൈറ്റാനിക്കിന്റെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ഉണ്ടായ നിരന്തരമുള്ള ചോദ്യങ്ങളായിരുന്നു കാമറൂണിനെകൊണ്ട് ഇത്തരമൊരു വിശദീകരണം നല്‍കാന്‍ പ്രേരിപ്പിച്ചത്.

സിനിമ ഇറങ്ങിയ നാള്‍ തൊട്ട് റോസിനൊപ്പം ജാക്കിനും രക്ഷപ്പെടാന്‍ സാധിക്കുമായിരുന്നു എന്ന് ഉറപ്പിച്ചു പറയുകയായിരുന്നു പ്രേക്ഷകരിലെ വലിയൊരു വിഭാഗം. അവരത് വെറുതെ വിളിച്ചു പറയുകയായിരുന്നില്ല. ജാക്കിനും റോസിനും ഒരുമിച്ച് രക്ഷപ്പെടാന്‍ ആ വാതില്‍പ്പാളികൊണ്ട് കഴിയുമായിരുന്നുവെന്ന് അവര്‍ ചിത്രങ്ങള്‍ സഹിതം വെളിവാക്കുന്നു. അതിനുള്ള വീതി ആ പലകയ്ക്ക് ഉണ്ടായിരുന്നു, വേണമെങ്കില്‍ ഇരുവര്‍ക്കും ചീട്ടുകളിച്ചുകൊണ്ട് കരയിലെത്താമായിരുന്നുവെന്നും പ്രേക്ഷകര്‍ തയ്യാറാക്കിയ ചിത്രങ്ങള്‍ പറയുന്നു.

എന്തായാലും റോസിന്റെ പുതിയ കുറ്റസ്സമതം രണ്ടു ദശാബ്ദക്കാലമായി ഈ സംശയം മനസിലിട്ട് നടന്നവര്‍ക്കൊക്കെ അല്‍പ്പം ആശ്വാസം നല്‍കുന്നുണ്ട്.

പക്ഷേ അപ്പോഴും അവര്‍ ചോദിക്കുന്നു;

എങ്കിലും റോസേ…നീ ???

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍