UPDATES

സിനിമ

സെന്‍സര്‍ ബോര്‍ഡിനോട് തന്നെ; നഗ്നത മാത്രം കാണുന്ന മഞ്ഞക്കണ്ണട ഊരിവെക്കുക

Avatar

എയ്ഞ്ചല്‍ മേരി മാത്യു

‘രക്തമെല്ലാം തീരാറായി: ഇനി മുന്നോട്ടുനീങ്ങാന്‍ ശക്തിയില്ല’.കഴമ്പില്ലാത്ത വാദം കൊണ്ട് സെന്‍സര്‍ ബോര്‍ഡ് വഴിമുട്ടിച്ച ഒരു സംവിധായകന്റെ വാക്കുകളാണിത്. കഥകളി കലാകാരന്റെ ജീവിതം ആസ്പദമാക്കി സൈജോ കണ്ണനായ്ക്കല്‍ സംവിധാനം ചെയ്ത കഥകളി എന്ന ചിത്രത്തില്‍ നഗ്‌നത പ്രദര്‍ശനം ഉണ്ടെന്ന കാരണത്താല്‍ പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുകയാണ് സെന്‍സര്‍ ബോര്‍ഡ്. വയലന്‍സും ഗ്ലാമറും കുത്തിനിറച്ച വാണിജ്യ സിനിമകള്‍ക്ക് U/A അല്ലെങ്കില്‍ A സര്‍ട്ടിഫിക്കറ്റ് നല്‍കി പ്രദര്‍ശനാനുമതി നല്‍കുന്നയിടത്താണ്, കലാമൂല്യമുള്ള ഒരുകൊച്ചു ചിത്രത്തിന്റെ വഴിമുടക്കി സെന്‍സര്‍ ബോര്‍ഡ് നില്‍ക്കുന്നത്. ഒരു ചിത്രത്തെ മാത്രമല്ല അവര്‍ തടയുന്നത്, തന്റെ അംഗപരിമിതി പോലും വകവയ്ക്കാതെ നല്ല സിനിമയെന്ന സ്വപ്‌നവുമായി കലാലോകത്തേക്കിറങ്ങിയ ഒരു യുവ സംവിധായകനെ കടുത്ത മാനസിക-സാമ്പത്തിക പ്രതിസന്ധികളിലേക്കു കൂടിയാണ് സെന്‍സര്‍ ബോര്‍ഡ് തള്ളിയിടുന്നത്.

ജനനേന്ദ്രിയങ്ങളോ, സ്ത്രീകളുടെ നഗ്‌നതയോ ദൃശ്യവത്കരിക്കാത്ത സിനിമയില്‍ ഒരു പുരുഷന്റെ നഗ്നമായ പിന്‍ഭാഗം (നടന്നകലുന്ന നായകന്റെ നഗ്നമായ പിന്‍ഭാഗം) കാണിക്കുന്നു എന്നതാണ് സെന്‍സര്‍ ബോര്‍ഡിന്റെ കണ്ണില്‍ പ്രേക്ഷകന്‍ കാണാന്‍ പാടില്ലാത്തതായുള്ള രംഗം. ഈ ക്ലൈമാക്‌സ് രംഗം സിനിമയില്‍ നിന്നും ഒഴിവാക്കണമെന്നാണ് ആവശ്യം. അല്ലെങ്കില്‍ അനുകൂലവിധി നേടിയെടുക്കാന്‍ ഹൈക്കോടതിയെ സമീപിച്ചോളൂ എന്ന നിഷേധാത്മകമായ നിലപാടിലാണ് റീജിണല്‍ സെന്‍സര്‍ ബോര്‍ഡ് ഓഫീസര്‍ പ്രതിഭ ഐ.എ.എസ് എന്നു സംവിധായകന്‍ സൈജോ പറയുന്നു.

നീതി നിഷേധിക്കപ്പെട്ട അവസ്ഥ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ചിത്രത്തിലെ രംഗങ്ങള്‍ ഉള്‍പ്പെടുത്തി ‘ന്യുഡ് സോങ്ങ് ഫോര്‍ ജസ്റ്റിസ് ഓഫ് കഥകളി മൂവി’എന്ന വീഡിയോ യുട്യുബില്‍ അപ്‌ലോഡ് ചെയ്തിരുന്നു. ഇതു സിനിമ പ്രവര്‍ത്തകരുടെയും പ്രേക്ഷകരുടെയും ശ്രദ്ധയില്‍ എത്തിയതോടെയാണു വീണ്ടുമൊരു ചിത്രം കൂടി സദാചാര കത്രിക വച്ച് വികൃതമാക്കാനുള്ള സെന്‍സര്‍ ബോര്‍ഡ് ശ്രമങ്ങള്‍ വാര്‍ത്തയാകുന്നത്.

ആങ്കയിലോസിങ്‌സ് പൊണ്ടലേറ്റിസ്രോഗം എന്ന രോഗം മൂലം 60% ശാരീരിക വെല്ലുവിളി നേരിടുന്ന സൈജോ ശാരീരികാവശതകള്‍ക്കിടയിലും വലിയസാമ്പത്തിക പ്രതിസന്ധികള്‍ നേരിട്ടാണു ചിത്രം പൂര്‍ത്തികരിച്ചത്. വാണിജ്യ സ്വഭാവമുള്ള ഒരു ചിത്രമല്ല കഥകളി. കലാമൂല്യമുള്ള, ആത്മീയപരമായ ഒരു സൃഷ്ടി. തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു ലാഭത്തിനുവേണ്ടിയല്ല ഞാനീ സിനിമ ഉണ്ടാക്കിയത്. ചിത്രത്തിന്റെ കാതല്‍ ക്ലൈമാക്‌സ് രംഗങ്ങളാണ്. അതുവെട്ടി മാറ്റി എനിക്കീ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ സെന്‍സര്‍ ബോര്‍ഡിന്റെ നിലപാടിനെതിരെ എനിക്കു നീതി കിട്ടണം. അതിനുവേണ്ടിയാണ് എന്റെ പോരാട്ടം; സൈജോ പറയുന്നു. ജര്‍മ്മന്‍ നടി ഐറീന ജേക്കബി നായികയാകുന്ന ചിത്രത്തില്‍ ബിനോയ് നമ്പാലയാണ് നായകനായെത്തുന്നത്.

യു ട്യുബിലും മറ്റും എതു സമയത്തും നഗ്നത കാണാമെന്നിരിക്കെ ന്യുഡിറ്റിയിയുടെ പേരില്‍ ചലച്ചിത്രങ്ങളെ വിലക്കുന്നത് അനീതിയാണ്. പ്രമോഷനുവേണ്ടിയാണോ ഈ പ്രശ്‌നം ഉന്നയിക്കുന്നതെന്നു ചോദിക്കുന്നവര്‍ പോലുമുണ്ട്. ഫ്രാന്‍സിലെ നീസ് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ മികച്ച സിനിമയ്ക്കും സിനിമാട്ടോഗ്രഫിക്കും ഔദ്യോഗിക നോമിനേഷനും ന്യുഡല്‍ഹിയിലെ ദാദാസാഹിബ് ഫാല്‍ക്കെ ഫിലിം ഫെസ്റ്റിവലില്‍ പ്രത്യേക ജൂറി പുരസ്‌കാരവും അടക്കം വിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ മികച്ച പ്രതികരണവും പുരസ്‌കാരങ്ങളും നേടിയ ചിത്രമാണ് കഥകളി. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ നീതി നിഷേധത്തെ തുടര്‍ന്ന് സ്വന്തം നാട്ടില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാവാത്ത അവസ്ഥയാണ്; സൈജോ തന്റെ അവസ്ഥ ചൂണ്ടിക്കാണിക്കുന്നു.

സൈജോയുടെ അവസ്ഥ മനസിലാക്കിയതിനെ തുടര്‍ന്ന് ചലച്ചിത്ര സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ഇദ്ദേഹത്തിനു പിന്തുണ അറിയിച്ചു കൊണ്ട് ഹൈക്കോടതിയെ സമീപിക്കാന്‍ തയ്യാറെടുക്കുകയാണ്. നീതി നേടിയെടുക്കാനായി തിരുവനന്തപുരത്ത് നടന്നു വരുന്ന അന്താരാഷ്ട്ര ഡോക്യുമെന്ററി ആന്‍ഡ് ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ പ്രതിഷേധ കാംപയിന്‍ ആരംഭിച്ചിട്ടുണ്ട്.

റീലിസിംഗ് തിയതി നിശ്ചയിച്ചയിച്ച ശേഷം സെന്‍സറിങ്ങിനായി സമര്‍പ്പിക്കുന്ന കച്ചവട ചിത്രങ്ങള്‍ സ്വാധീനം ഉപയോഗിച്ച് വെട്ടുകളോ ഒഴിവാക്കലുകളോ ഇല്ലാതെ തിയേറ്റുകളിലേക്ക് എത്തുന്നു. അതേസമയത്തു തന്നെയാണ് കച്ചവട ചിന്തയില്ലാത്ത കലാമൂല്യമുള്ളൊരു കൊച്ചു ചിത്രവും അതിന്റെ സംവിധായകനും നീതിനിഷേധത്തിന്റെ ഇരകളായി മാറുന്നത്.

രാഷ്ട്രീയ/ ഉദ്യോഗസ്ഥ താത്പര്യങ്ങള്‍ക്കനുസരിച്ച് മുറിച്ചു മാറ്റാനുള്ളതല്ല കലാസൃഷ്ടികളെന്ന് ഉറച്ച ശബ്ദത്തില്‍ വിളിച്ചു പറയേണ്ട കാലമാണിന്നു വന്നിരിക്കുന്നത്. ഉഡ്ത പഞ്ചാബ് എന്ന ചിത്രത്തിനോടു ദേശീയ സെന്‍സര്‍ ബോര്‍ഡ് കാണിച്ച പരാക്രമം പ്രത്യക്ഷത്തില്‍ തന്നെ രാഷ്ട്രീയ താത്പര്യാര്‍ത്ഥമാണെന്നു വ്യക്തമാണ്. സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തങ്ങളുടെ ഇംഗിതത്തിന് വഴങ്ങണമെന്ന് വാശിപിടിക്കുന്ന സെന്‍സര്‍ ബോര്‍ഡ് സിനിമയുടെ വളര്‍ച്ചയ്ക്ക് ശാപമാണ്. ഉഡ്ത പഞ്ചാബിനു വേണ്ടി അനുരാഗ് കശ്യപിനും അയാളുടെ നിര്‍മ്മാണക്കമ്പനിക്കും കോടതിയില്‍ പോകാനുള്ള സാമ്പത്തിക സാഹചര്യങ്ങളുണ്ട്. എന്നാല്‍ സ്വന്തം ശരീരം പോലും തനിക്കനുകൂലമല്ലാത്തൊരു ചെറുപ്പക്കാരന് നീതി തേടിയുള്ള യാത്രകള്‍ ദുഷ്‌കരമാണ്. നഗ്നതയിലെ കലയും അതിന്റെ രാഷ്ട്രീയവും മനസിലാക്കാന്‍ കഴിവില്ലാത്ത, മഞ്ഞക്കണടവച്ച് സദാചരമളക്കാനിരിക്കുന്ന ഐ എഎസുകാരല്ല ഒരു കലാസൃഷ്ടിയ്ക്ക് വിലയിടേണ്ടതെന്ന് ഓര്‍മിപ്പിക്കാന്‍ അതുകൊണ്ട് തന്നെ സൈജോയുടെ ഒപ്പം പ്രേക്ഷസമൂഹം നില്‍ക്കേണ്ടതുണ്ട്.

(മാധ്യമപ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍