UPDATES

സിനിമ

നഗ്നതയെന്നാല്‍ അശ്ലീലം; കഥകളിക്ക് ‘എ’ സര്‍ട്ടിഫിക്കറ്റ്

Avatar

അഴിമുഖം പ്രതിനിധി

സൈജോ കണ്ണനായ്ക്കല്‍ സംവിധാനം ചെയ്ത കഥകളിക്ക് ഒടുവില്‍ പ്രേക്ഷകര്‍ക്കു മുന്നിലേക്ക്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് സെന്‍സര്‍ ബോര്‍ഡ്  ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയിരിക്കുന്നത്. എ സര്‍ട്ടിഫിക്കറ്റോടു കൂടിയായിരിക്കും ചിത്രം തിയേറ്ററുകളില്‍ എത്തുക. അതേസമയം വിവാദമായ ക്ലൈമാക്‌സ് രംഗം ഒഴിവാക്കിയിട്ടില്ല.

ചിത്രത്തിന്റെ അവസാനം നായകനായ കഥകളി നടന്‍ വേഷങ്ങള്‍ അഴിച്ചുവച്ച് പൂര്‍ണനഗ്നനായി നടന്നുപോകുന്നുണ്ട്. ഇതു നഗ്നത പ്രദര്‍ശനം ആണെന്ന് ആരോപിച്ചാണ് ബോര്‍ഡ് ചിത്രത്തിനെതിരെ വന്നത്. ഈ രംഗം ഒഴിവാക്കാതെ പ്രദര്‍ശനാനുമതി നല്‍കാനാവില്ലെന്നു റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ് ഓഫിസര്‍ പ്രതിഭ ഐ എ എസ് വ്യക്തമാക്കി. സിനിമയുടെ കാതലായ ഭാഗം ഒഴിവാക്കുന്നത് മൊത്തത്തില്‍ സിനിമയെ നശിപ്പിക്കുന്നതിനു തുല്യമാകുമെന്നു പറഞ്ഞ് സംവിധായകന്‍ സൈജോ ബോര്‍ഡിന്റെ ആവശ്യത്തിനെതിരെ നിന്നതോടെ ഈ കൊച്ചു സിനിമ പ്രദര്‍ശനാനുമതി കിട്ടാതെ പെട്ടിയിലായി.

തനിക്ക് നീതി നിഷേധിക്കപ്പെട്ട വിവരം പ്രേക്ഷക സമൂഹത്തെ അറിയിക്കാനായി ചിത്രത്തിലെ രംഗങ്ങള്‍ ഉള്‍പ്പെടുത്തി ‘ന്യൂഡ് സോങ്ങ് ഫോര്‍ ജസ്റ്റിസ് ഓഫ് കഥകളി മൂവി’എന്ന വീഡിയോ സൈജോ യുട്യുബില്‍ അപ്‌ലോഡ് ചെയ്തിരുന്നു. ഇതു സിനിമ പ്രവര്‍ത്തകരുടെയും പ്രേക്ഷകരുടെയും ശ്രദ്ധയില്‍ എത്തിയതോടെയാണു വീണ്ടുമൊരു ചിത്രം കൂടി സദാചാര കത്രിക വച്ച് വികൃതമാക്കാനുള്ള സെന്‍സര്‍ ബോര്‍ഡ് ശ്രമങ്ങള്‍ വാര്‍ത്തയാകുന്നത്. 

ആങ്കയിലോസിങ്‌സ് പൊണ്ടലേറ്റിസ്രോഗം എന്ന രോഗം മൂലം 60% ശാരീരിക വെല്ലുവിളി നേരിടുന്ന സൈജോ ശാരീരികാവശതകള്‍ക്കിടയിലും വലിയ സാമ്പത്തിക പ്രതിസന്ധികള്‍ നേരിട്ടാണു ചിത്രം പൂര്‍ത്തികരിച്ചത്. വാണിജ്യ സ്വഭാവമുള്ള ഒരു ചിത്രമല്ല കഥകളി. കലാമൂല്യമുള്ള, ആത്മീയ പ്രമേയം കൈകാര്യം ചെയ്യുന്ന ഒരു സൃഷ്ടി. തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു ലാഭത്തിനുവേണ്ടിയല്ല ഞാനീ സിനിമ ഉണ്ടാക്കിയത്. ചിത്രത്തിന്റെ കാതല്‍ ക്ലൈമാക്‌സ് രംഗങ്ങളാണ്. അതുവെട്ടി മാറ്റി എനിക്കീ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ സെന്‍സര്‍ ബോര്‍ഡിന്റെ നിലപാടിനെതിരെ പോരാടുന്നതെന്നും സൈജോ പറഞ്ഞിരുന്നു. ജര്‍മ്മന്‍ നടി ഐറീന ജേക്കബി നായികയാകുന്ന ചിത്രത്തില്‍ ബിനോയ് നമ്പാലയാണ് നായകനായെത്തുന്നത്.

സൈജോയെ പിന്തുണച്ച് ഫെഫ്കയുടെ നേതൃത്വത്തില്‍ സംവിധായകരും സിനിമാപ്രവര്‍ത്തകരും രംഗത്തുവരികയും പ്രത്യക്ഷസമരം നടത്തുകയും ചെയ്തിരുന്നു. ചലച്ചിത്രപ്രവര്‍ത്തകര്‍ സമരം നടത്തിയെങ്കിലും തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും വേണമെങ്കില്‍ കോടതിയില്‍ പോയി അനുകൂല തീരുമാനം നേടിയെടുത്തോളാനുമായിരുന്നു സെന്‍സര്‍ബോര്‍ഡിന്റെ വെല്ലുവിളി.

ഇപ്പോള്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കുമ്പോഴും അവര്‍ നല്‍കിയിരിക്കുന്ന എ സര്‍ട്ടിഫിക്കറ്റ് മറ്റുപലവിധത്തിലും ഈ ചിത്രത്തെ ബാധിക്കും. എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രങ്ങള്‍ക്ക് സാറ്റ്‌ലൈറ്റ് റൈറ്റ് കിട്ടുക ബുദ്ധിമുട്ടാണ്. ടെലിവിഷന്‍ ചാനലുകളില്‍ എ സര്‍ട്ടിഫിക്കറ്റുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും തടസമുണ്ട്. 

നഗ്നതയെന്നാല്‍ അശ്ലീലം മാത്രമാണെന്ന് കരുതുന്ന സെന്‍സര്‍ബോര്‍ഡ് ഓഫിസര്‍മാരുടെ സദാചാര പിടിവാശികള്‍ നശിപ്പിക്കുന്നത് ഒരു കലാസൃഷ്ടിയും അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആത്മവിശ്വാസത്തെയുമാണെന്നത് പലപ്പോഴും പരിഗണിക്കപ്പെടാത്ത വിഷയമായി മാറുകയാണ്. നേരത്തെ രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന സിനിമയ്ക്കും അമിതമായ വയലന്‍സ് ഉണ്ടെന്ന കാരണത്താല്‍ സെന്‍സര്‍ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയിരുന്നത്.

കച്ചവടതാത്പര്യം മാത്രമല്ലാതെ പുറത്തിറക്കുന്ന സിനിമകള്‍ ഇത്തരം ദുര്യോഗങ്ങള്‍ നേരിടുമ്പോള്‍ കേവലം മസാലപ്പടങ്ങള്‍ എന്ന നിലയില്‍ നിര്‍മിക്കപ്പെടുന്ന സിനിമകള്‍ക്ക് സെന്‍സര്‍ബോര്‍ഡുകളുടെ യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നതാണ് വിചിത്രം. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍