UPDATES

സിനിമ

നീ എന്തിനാ സിനിമ എടുക്കുന്നത്, വേറെ വല്ല പണിയ്ക്കും പൊയ്ക്കൂടെ?

Avatar

കഥകളി കലാകാരന്റെ ജീവിതം ആസ്പദമാക്കി സൈജോ കണ്ണനായ്ക്കല്‍ സംവിധാനം ചെയ്ത കഥകളി എന്ന ചിത്രത്തില്‍ നഗ്‌നത പ്രദര്‍ശനം ഉണ്ടെന്ന കാരണത്താല്‍ പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുകയാണ് സെന്‍സര്‍ ബോര്‍ഡ്. ജനനേന്ദ്രിയങ്ങളോ, സ്ത്രീകളുടെ നഗ്‌നതയോ ദൃശ്യവത്കരിക്കാത്ത സിനിമയില്‍ ഒരു പുരുഷന്റെ നഗ്നമായ പിന്‍ഭാഗം കാണിക്കുന്നു എന്നും ഒരു തെറിവാക്ക് ഉപയോഗിച്ചു എന്നതും ആണ് ബോര്‍ഡ് ചൂണ്ടിക്കാട്ടുന്ന അശ്ലീലത. അനുകൂലവിധി നേടിയെടുക്കാന്‍  ഹൈക്കോടതിയെ സമീപിച്ചോളൂ എന്ന നിലപാടിലാണ് റീജ്യണല്‍ സെന്‍സര്‍ ബോര്‍ഡ് ഓഫീസര്‍ പ്രതിഭ ഐ.എ.എസ് . ഇതേക്കുറിച്ച് ചിത്രത്തിലെ നായകവേഷം കൈകാര്യം ചെയ്ത ബിനോയ്‌ നമ്പാല സംസാരിക്കുന്നു.

സെന്‍സര്‍ ബോര്‍ഡിന്റെ തെറ്റായ നടപടിക്കെതിരെ ഫെഫ്കയുടെ നേതൃത്വത്തില്‍ സമരം മുന്നോട്ടു കൊണ്ടുപോവുകയാണ്‌. നിലവില്‍ ഹൈക്കോടതിയില്‍ കേസ് നല്‍കിയിട്ടുണ്ട്. സംവിധായകന്‍ സൈജു തന്നെയാണ് കേസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ കേസ് മുന്നോട്ടു കൊണ്ടുപോകുന്നത് ഫെഫ്കയാണ്. ഇന്ന് ചിത്രാഞ്ജലിയുടെ മുന്നില്‍ ഫെഫ്കയുടെയും മാക്ടയുടെയും നേതൃത്വത്തില്‍ നടന്ന സമരം അതിന്റെ ഭാഗമായാണ്.

കൊമേഴ്സ്യല്‍ സിനിമകളും സെന്‍സറിംഗിന് വിധേയമായിട്ടുണ്ട്. എന്നാല്‍ സാമ്പത്തിക പിന്‍ബലവും പിടിപാടും ഉള്ളവര്‍ക്ക് അതിലൂടെ കടന്നു വരാന്‍ എളുപ്പത്തില്‍ കഴിയും. എന്നാല്‍ കലാമൂല്യമുള്ള സിനിമകള്‍ക്ക് നിരവധി പ്രശ്നങ്ങളാണ് നേരിടേണ്ടി വരുന്നത്.

സര്‍ട്ടിഫിക്കേഷന്‍ ആണല്ലോ സെന്‍സര്‍ബോര്‍ഡിന്റെ ഉത്തരവാദിത്വം. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് അവരുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് ഓരോ തീരുമാനങ്ങള്‍ എടുക്കുകയാണ്. ഇത് വേണ്ട, ഇത് ഇരിക്കട്ടെ എന്ന മട്ടിലാണ് അവരുടെ പല തീരുമാനങ്ങളും. 

കഥകളിയുടെ കാര്യത്തില്‍ സംഭവിക്കുന്നതും അതുതന്നെയാണ്. നടപടികള്‍ എല്ലാം പൂര്‍ത്തിയാക്കിയശേഷം സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ചെല്ലുന്ന സമയമാണ് പ്രിസൈഡിംഗ് ഓഫീസര്‍ സിഡി ഒന്നുകൂടി കാണണം എന്ന് തീരുമാനിക്കുന്നത്. ഇത്ര കാര്യങ്ങള്‍ മാറ്റണം എന്ന് ആവശ്യപ്പെടുന്നത്. മാര്‍ച്ചില്‍ ആണ് സര്‍ട്ടിഫിക്കറ്റിനായി ബോര്‍ഡിനെ സമീപിക്കുന്നത്. ക്ലൈമാക്സ് സീന്‍ ബ്ലര്‍ ചെയ്യാം എന്നും ഒഴിവാക്കണം എന്നാവശ്യപ്പെട്ട വാക്ക് മ്യൂട്ട് ചെയ്യാം എന്നും ഞങ്ങള്‍ പറഞ്ഞെങ്കിലും സീന്‍ കട്ട് ചെയ്തേ മതിയാകൂ എന്നാണ് പ്രിസൈഡിംഗ് ഓഫീസര്‍ പറഞ്ഞത്. നിങ്ങള്‍ കോടതിയില്‍ പൊക്കോളൂ എന്നാണ് അവരുടെ മറുപടി. ശാരീരികമായ അസ്വസ്ഥത അനുഭവിക്കുന്ന സൈജുവിനോട്‌ അവര്‍ നീ എന്തിനാ സിനിമ എടുക്കുന്നത് വേറെ വല്ല പണിയ്ക്കും പൊയ്ക്കൂടെ എന്നാണ് ചോദിച്ചത്. അയാളെ മാനസികമായി തകര്‍ത്ത ഒന്നാണ് ആ സംഭവം. സെന്‍സറിംഗിനു മാത്രമായി ചിത്രാഞ്ജലി സ്റ്റുഡിയോ യില്‍ 60000 രൂപയാണ് ചിലവായത്. ചെന്നൈയില്‍ കൊണ്ടു പോകണം എങ്കില്‍ അതിനു ചെലവ് വേറെ.

ഇപ്പോള്‍ നടന്ന സമരം പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ സിനിമ എടുത്തതോ പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിച്ചതോ പബ്ലിസിറ്റി സ്റ്റണ്ട് ആയല്ല. വലിയ പ്രതീക്ഷ ഒന്നും ഇല്ലാത്ത ഒരു അവസ്ഥയാണ് ഇപ്പോഴുള്ളത്.   

(ബിനോയ് നമ്പാലയുമായി അഴിമുഖം പ്രതിനിധി സംസാരിച്ച് തയ്യാറാക്കിയത്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍