UPDATES

സിനിമ

കാതലും കടന്തു പോഗും; ജീവിതം കൊറിയയിലും ചെന്നൈയിലും (അടിച്ചുമാറ്റിയതല്ല)

Avatar

സഫിയ ഒ സി 

‘കാതലും കടന്തു പോഗും’ ഇപ്പോള്‍ തമിഴ്നാട്ടില്‍ മികച്ച വിജയം നേടി പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ അത്ര പുതുമയൊന്നും പറയാനില്ലാത്ത, സ്ഥിരം തമിഴ് സിനിമാ ഫോര്‍മുലയില്‍-റൌഡി നായകനും വിദ്യാസമ്പന്നയായ നായികയും-എടുത്തിട്ടുള്ള ഈ ചിത്രം എങ്ങിനെയാണ് ഇത്ര ജനപ്രിയമായത്?

അതിനു മൂന്നു പേരാണ് കാരണം. ആദ്യത്തെയാള്‍ നളന്‍ കുമാരസ്വാമി തന്നെ. 2011ല്‍ ദക്ഷിണ കൊറിയയില്‍ ഇറങ്ങി പ്രദര്‍ശന വിജയവും അവാര്‍ഡുകളും കരസ്ഥമാക്കിയ കിം ക്വാങ് സിക്കിന്റെ ‘മൈ ഡിയര്‍ ഡെസ്പരാഡോ’ എന്ന ചിത്രം ചെന്നൈയുടെ ഒരു പ്രാന്ത പ്രദേശത്ത് നടക്കുന്ന ഒരു അതിസാധാരണമായ കഥയായി പുനഃസൃഷ്ടിച്ചതിന്. ‘സൂദു കാവ്’ എന്ന വിജയ ചിത്രത്തിന് ശേഷം നളന്‍ കുമാരസ്വാമി എടുക്കുന്ന ചിത്രമാണ് ‘കാതലും കടന്തു പോഗും’. വിജയ് സേതുപതി തന്നെയായിരുന്നു ‘സൂദു കാവി’ലെയും നായകന്‍. 

രണ്ടാമത്തെയാള്‍ നായകന്‍ വിജയ് സേതുപതി. തമിഴിലെ ഇപ്പോഴത്തെ ശ്രദ്ധാ കേന്ദ്രമായ ഈ നടന്‍ നേരത്തെ ഹൊറര്‍ ത്രില്ലര്‍ ‘പിസ’യിലാണ് പ്രേക്ഷകരുടെ കയ്യടി നേടിയത്. പിന്നീട് ‘പന്നൈയരും പത്മിനിയും’ എന്ന ഓഫ്ബീറ്റ് സിനിമയിലൂടെ ചലച്ചിത്രോത്സവങ്ങളില്‍ കറങ്ങി നടന്നു. അതിനു ശേഷം നളന്‍ കുമരസ്വാമിയുടെ തന്നെ ‘സൂദു കാവു’ എന്ന ചിത്രത്തിലൂടെ സൂപ്പര്‍ ഹിറ്റ് സിനിമയിലെ നായകനും ആയി. ‘കാതലും കടന്തു പോഗു’വിലെ ലോക്കല്‍ ഗുണ്ട ഈ അടുത്ത കാലത്തൊന്നും തമിഴില്‍ കണ്ടിട്ടില്ലാത്ത ഒരു ഐറ്റമാണ്.

മൂന്നാമത്തെയാള്‍ നായിക മലയാളി താരം മഡോണ സെബാസ്റ്റ്യന്‍ തന്നെ. സൂപ്പര്‍ മെഗാഹിറ്റ് ചിത്രമായ ‘പ്രേമ’ത്തില്‍ മൂന്നു നായികമാരില്‍ ഒരാള്‍ എന്ന നിലയില്‍ നിന്നും തമിഴിലിലേക്ക് ചേക്കേറിയ മഡോണ തമിഴ് നാട്ടിലെ ഉള്‍നാടില്‍നിന്നും ചെന്നൈയില്‍ എത്തുന്ന യാഴിനി എന്ന ഐ ടി പ്രൊഫഷണലിനെ വളരെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു. 

സ്വന്തമായി ഒരു ബാര്‍ നടത്തണമെന്നാണ് കതിരിന്റെ ആഗ്രഹം. പ്രാദേശിക ഗുണ്ടാ രാഷ്ട്രീയക്കാരന് വേണ്ടി ചെയ്യാത്ത കുറ്റം ഏറ്റെടുത്ത് 5 വര്‍ഷം അയാള്‍ ജയിലിലായിരുന്നു. ജയിലില്‍ നിന്നു പുറത്തിറങ്ങിയതിന് ശേഷം ഒരു ഹൌസിംഗ് കോളനിയില്‍ മുഷിപ്പന്‍ ജീവിതം നയിക്കുകയാണ് അയാള്‍. മെച്ചപ്പെട്ട പണിയൊന്നും കൊടുക്കാതെ പോസ്റ്റര്‍ ഒട്ടിക്കല്‍ പോലുള്ള ചെറുകിട ജോലികള്‍ മാത്രമാണ് നേതാവ് ഇയാളെ ഏല്‍പ്പിക്കുന്നത്. അതില്‍ ആകെ അസ്വസ്ഥനാണ് കതിര്‍.

വില്ലുപുരത്തുകാരിയാണ് യാഴിനി. മാതാപിതാക്കളുടെ ഇഷ്ടത്തിന് വിരുദ്ധമായി ചെന്നൈയില്‍ ഒരു ഐ ടി കമ്പനിയില്‍ ജോലിക്കു ചെരുകയാണ് അവള്‍. നിര്‍ഭാഗ്യമെന്നു പറയട്ടെ അപ്രതീക്ഷിതമായി കമ്പനി പൂട്ടിപ്പോവുകയും യാഴിനി തൊഴില്‍ രഹിതയാവുകയും ചെയ്യുന്നു. വീട്ടിലേക്ക് തിരിച്ചു പോകാന്‍ അവളുടെ അഭിമാനം സമ്മതിക്കുന്നില്ല. തുടര്‍ന്ന് കതിര്‍ താമസിക്കുന്ന ഹൌസിംഗ് കോളനിയില്‍ അയാളുടെ തൊട്ടടുത്ത മുറിയില്‍ താമസം തുടങ്ങുകയാണ് യാഴിനി.

ഇവരുടെ ഇടയില്‍ രൂപപ്പെടുന്ന കലഹത്തിന്റെയും സൌഹൃദത്തിന്റെയും നിമിഷങ്ങളാണ് തുടര്‍ന്ന് സിനിമയെ മുന്നോട്ട് നയിക്കുന്നത്. സാധാരണവും അതേസമയം പരുക്കനുമായ ജീവിത സന്ദര്‍ഭങ്ങള്‍ സിനിമയെ ജീവസുറ്റതാക്കുന്നു.

നഗര ജീവിതതത്തിന്റെ ഒറ്റപ്പെട്ട തുരുത്തുകളാണ് കൊറിയന്‍, തായ് സിനിമകളുടെ പൊതു സ്വഭാവം. വല്ലാതെ കമ്പോള വത്ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ലോകത്ത് ഓരോരുത്തരും അതിജീവനത്തിനായുള്ള കഠിന പ്രയത്നത്തിലാണ്. നഗരത്തിന്റെ അധോലോകം മുതല്‍ സമ്പന്നരുടെ വര്‍ണ്ണ പ്രപഞ്ചം വരെ ഈ മാത്സര്യത്തില്‍ നിന്നു വിമുക്തമല്ല. അവിടെ കള്ളനും കൊലപാതകിയും ലൈംഗിക മനോരോഗിയും അനാഥനും തൊഴിലാളിയും വിദ്യാര്‍ത്ഥിയും പ്രണയികളും എല്ലാമുണ്ട്. സംഘര്‍ഷത്തോടൊപ്പം ഇവരുടെ ഇടയില്‍ രൂപപ്പെടുന്ന പാരസ്പര്യത്തിന്റെ മനോഹര നിമിഷങ്ങളുമുണ്ട്. അത് സിയൂളിലായാലും ചെന്നൈയിലായാലും ഒരു പോലെ തന്നെ.

കാതലും കടന്തു പോഗുവില്‍ നായകന്റെയും നായികയുടെയും ജീവിതത്തില്‍ അതിനാടകീയമായി ഒന്നും സംഭവിക്കുന്നില്ല. പ്രണയത്തിന്റെ ആടിപ്പാടലുകളോ നായകന്റെ ശത്രു സംഹാരമോ ഇല്ല. നളന്‍ കുമാര സ്വാമിയുടെ മിനിമലിസ്റ്റ് ആയ അവതരണ രീതിതന്നെയാണ് സിനിമയെ ആസ്വാദ്യമാക്കുന്നത്. ഒപ്പം ഹൃദ്യമായ നര്‍മ്മ മുഹൂര്‍ത്തങ്ങളും.

ജീവിതത്തോട് സംവിധായകന്‍ കാണിക്കുന്ന തികഞ്ഞ സത്യസന്ധതയ്ക്ക് നിരവധി ഉദാരണങ്ങള്‍ സിനിമയിലുണ്ട്. നായിക ജോലി ചെയ്യുന്ന സൂപ്പര്‍ മാര്‍ക്കറ്റില്‍ വെച്ചു സ്ലമ്മില്‍ താമസിക്കുന്ന രണ്ടു കുട്ടികള്‍ സാധനം മോഷ്ടിച്ചതിന്റെ പേരില്‍ പിടിക്കപ്പെടുന്നു. അവിടേക്ക് കയറി വരുന്ന നായകന്‍ ഇതില്‍ ഇടപെടുന്നു. കുട്ടികളെ കടക്കാരന്‍റെ കയ്യില്‍ നിന്നു അയാള്‍ രക്ഷപ്പെടുത്തുന്നു. ഇനി കടയുടെ സമീപത്ത് കണ്ടു പോകരുത് എന്നു കുട്ടികളോട് പറയുന്ന കടയുടമയെ കതിര്‍ തിരുത്തുന്നു. കടയുടെ അടുത്തു കണ്ടു പോകരുത് എന്നല്ല, മോഷ്ടിക്കരുത് എന്നു പറയാനാണ് കതിര്‍ ആവശ്യപ്പെടുന്നത്.  

മൈ ഡിയര്‍ ഡെസ്പരാഡോ

വില്ലനെ കൊല്ലാന്‍ ഒരു സഹായിയുമായി കതിര്‍ പോകുന്ന രംഗവും ഹൃദയസ്പൃക്കാണ്. കതിര്‍ അയാളെ കൊല്ലുകയും സഹായി കൂറ്റം ഏറ്റെടുക്കുകയും ചെയ്യും എന്നതാണ് പ്ലാന്‍. എന്നാല്‍ പാതി വഴിയില്‍ വെച്ച് കതിര്‍ സഹായിയെ പറഞ്ഞയക്കുന്നു. ജയിലില്‍ പോയി ജീവിതം കളയേണ്ട എന്നും നല്ല എന്തെങ്കിലും ജോലി ചെയ്തു ജീവിക്കാനും പറഞ്ഞാണ് അയാള്‍ സഹായിയെ പറഞ്ഞയക്കാന്‍ ശ്രമിക്കുന്നത്. പോകാന്‍ വിസമ്മതിച്ച അയാളെ മുഖത്തടിച്ചു ഓടിക്കുകയാണ് കതിര്‍.  

തിയറ്ററില്‍ കേട്ടത്: 40 ലക്ഷം രൂപ കൊടുത്താണ് കൊറിയന്‍ സിനിമയുടെ റിമെയ്ക്ക് റൈറ്റ് നളന്‍ കുമാരസ്വാമി സ്വന്തമാക്കിയത് പോലും. എന്തായാലും മലയാളത്തിലെ പല സംവിധായകരും ചെയ്യുന്നത് പോലെ കൊറിയന്‍  സിനിമ അടിച്ചുമാറ്റാനൊന്നും ശ്രമിച്ചില്ല. അതാണ് തമിഴന്‍റെ സത്യസന്ധത.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ്  സഫിയ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍