UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കളിയല്ല ജീവിതം; പ്രൈംടൈമിലെ ജാനുമാരും റിട്ടയര്‍ ചെയ്ത താരറാണിമാരുടെ വിവരക്കേടുകളും

Avatar

വി കെ അജിത്‌ കുമാര്‍

ജാനു – വരേണ്യവല്‍ക്കരിച്ച എല്ലാ സാഹിത്യത്തിലേയും വേലക്കാരിയുടെ പേരായതിനാല്‍ ഇവിടെയും അതുപയോഗിക്കുന്നു. ഒരു പാവപ്പെട്ട സ്ത്രീയാണവള്‍; മധ്യവര്‍ഗ്ഗത്തിന്‍റെയോ ഉപരിവര്‍ഗ്ഗത്തിന്‍റെയോ പ്രതിനിധിയല്ല. അപ്പോള്‍ പിന്നെ അധോഗതിയുടെ സുചകം മാത്രം. അവരാണ് ഇന്ന് ചാനലില്‍ ഇരിക്കുന്നത്. കുടെയുള്ളത് 80-കളുടെ ആദ്യപകുതിവരെ പുരുഷകേസരികളെ കോള്‍മയിര്‍ കൊള്ളിച്ചുകൊണ്ടിരുന്ന ഏതെങ്കിലും റിട്ടയേര്‍ഡ് നായികയും പിന്നെ കോട്ടും സ്യൂട്ടും അണിഞ്ഞ ചില ‘വൈയാകരണന്മാരും’. ഇവിടെനിന്നും കാര്യങ്ങള്‍ ആരംഭിക്കുന്നു.

സുഹൃത്തെ ഞാനും നിങ്ങളും പിന്നെ നമ്മെപ്പോലുള്ള പലരും വളരെ കരുതലോടെ കൈകാര്യം ചെയ്യുന്ന ചില വിഷയങ്ങളാണ് ഇന്ന് ഇവിടെ അലക്കാന്‍ (അലമ്പാന്‍ എന്നും തിരുത്തി വായിക്കാം) കൊടുക്കുന്നത്. ഒന്നുകൂടി വ്യക്തമാക്കിയാല്‍ നാം രാവിലെ മുതല്‍ പലതരം ജോലികളില്‍ ഏര്‍പ്പെടുന്നതും പെടാപ്പാടുപെടുന്നതും ഈ ഒരു ഉത്തരത്തിനു വേണ്ടി മാത്രം- ജീവിതം എന്ന ഒരുത്തരം. ഇതാണ് ഇവിടെ കശക്കി മറിച്ച് ഇല്ലാതാക്കപ്പെടുന്നത്. 

ജാനുവിന്‍റെ ഭ(ഫ,ബ)ര്‍ത്താവ്‌ കേശു ഒരു മഹാകുടിയനായിരുന്നു. അയാള്‍ അവളെ നിരന്തരം മേലുനോവിച്ചിരുന്നു. അവള്‍ക്ക് (കേശുവിന്‍റെ വിക്ഷണത്തില്‍) നാലു മക്കള്‍ ഉണ്ട്. അതൊന്നും അയാളുടെതല്ലെന്ന് അയാള്‍ക്ക് ബോധ്യമാകുന്നത്‌ അകത്ത് കിടക്കുന്ന കള്ളിന്‍റെ സത്യസന്ധത കൊണ്ടുമാത്രമാണ് (വെറുതേ ബ്രാണ്ടിയെ കുറ്റം പറയരുത്). കുടുതല്‍ സത്യം അകത്ത് ചെല്ലുംതോറും അയാള്‍ അവളെ കുടുതല്‍ മര്‍ദ്ദിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ഒരു ദിവസം അവള്‍ നാലു മക്കളെയുംകൊണ്ട് വീട് വിട്ടിറങ്ങി കുടുംബ കോടതിയില്‍ അഭയം തേടി. പിന്നെ തിരിച്ചും മറിച്ചും വാദവും വിപരീതവാദവും ഇങ്ങനെ പോകുമ്പോഴാണ് ജാനുവിന് ചാനലില്‍ നിന്നും ഒരു ഓഫര്‍ കിട്ടുന്നത്. പിന്നെ താമസിച്ചില്ല ഒന്നുമല്ലെങ്കിലും വേലചെയ്യുന്ന വീട്ടില്‍ പാത്തും പതുങ്ങിയും കാണുന്ന കണ്ണീര്‍ സുന്ദരിമാര്‍ കുടിയിരിക്കുന്ന ചാനലല്ലേ എന്ന് ചിന്തിച്ച്, അവരെയും കാണാം എന്നും നിരൂപിച്ച് നാലു മക്കളെയുംകൊണ്ട് വന്നിറങ്ങിയതാണ് ആ സാധു സ്ത്രീ.

ഇവിടം മുതല്‍ കാര്യങ്ങള്‍ തകിടം മറിയുന്നു. ഒരുത്തന്‍റെയെങ്കിലും  കുടുംബം നന്നാകട്ടെ എന്ന് വെറുതേ പോലും ചിന്തിക്കാത്ത ഈ ചാനല്‍കാരന്മാര്‍ക്കെന്താണ് ജാനുവിന്‍റെ കാര്യത്തില്‍ ഇത്ര താത്പര്യം. കേരളത്തിലെ ശരാശരി വിട്ടമ്മമാര്‍ ചതുര വെളിച്ചത്തിന് മുന്‍പില്‍ മിണ്ടാതെയിരിക്കുന്ന പ്രൈംടൈമില്‍ ഇതാവരുന്നു ജാനുവും സങ്കടങ്ങളും. ആഡംബരത്തിന്‍റെ അങ്ങേയറ്റം നില്‍ക്കുന്ന അവതാരകയുടെ സാരിയുടെയും ആഭരണത്തിന്‍റെയും ചര്‍ച്ചയില്‍ തുടങ്ങി അത് പിന്നെ ജാനുവിന്‍റെ കണ്ണിരില്‍ അവസാനിക്കുമ്പോള്‍ റേറ്റിങ്ങില്‍ പരിപാടി വന്‍കുതിപ്പ് നടത്തുന്നു. ഇതാണ് പാവപ്പെട്ടവന്‍റെ കണ്ണിരിന്‍റെ വില.

ചില കാര്യങ്ങള്‍ അപ്പോഴും സംശയമായി നില്‍ക്കുന്നു.

എന്തുകൊണ്ടാണ് ജാനുമാരുടെ പ്രാരബ്ദങ്ങള്‍ മാത്രം ചര്‍ച്ചചെയ്യുന്നത്?

എന്തുകൊണ്ട് ഉപരിവര്‍ഗ്ഗമോ മധ്യഉപരിവര്‍ഗ്ഗമോ ആയ കക്ഷികളുമായി എത്തുന്നില്ല?

എന്തുകൊണ്ട് ഇതില്‍ റിട്ടയര്‍ ചെയ്ത താരറാണിമാര്‍ മാത്രം അവതാരകരായി എത്തുന്നു?

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കേരളത്തില്‍ ഏറ്റവും കുടുതല്‍ ചര്‍ച്ച ചെയ്യുന്ന കുടുംബശിഥിലീകരണം നടക്കുന്നത് എലീടിസ്റ്റ് സെലിബ്രിറ്റി ക്ലാസുകളിലായിരിക്കെ അവരിലാരെയും ഇത്തരം വേദികളില്‍ കൊണ്ടുവരാന്‍ ചാനല്‍ മുതലാളിമാര്‍ മടിക്കുന്നത് എന്തുകൊണ്ടാണ്? ഒരു പക്ഷെ റേറ്റിങ്ങില്‍ തന്നെ ഒരു ലോകറെക്കോര്‍ഡ്‌ സൃഷ്ടിക്കുമായിരുന്നു അത്. എന്നാല്‍ ഒരിക്കല്‍ പോലും അതിനു മുതിരാതിരിക്കുകയും ആര്‍ക്കും കയറി മേയാവുന്ന പാവപ്പെട്ടവന്‍റെ ജിവിതത്തിലേക്ക് അവര്‍ ക്യാമറാ തിരിച്ചു വയ്ക്കുകയും ചെയ്യുമ്പോഴാണ് ഒരു മാധ്യമം അതിന്‍റെ കാഴ്ചപാട് അറിയാതെ വ്യക്തമാക്കുന്നത്. ഇവിടെ ജനങ്ങളില്‍ നിന്നും പിരിവെടുത്ത് പിറന്നുവീണ ചാനലും ആത്മീയ പരിവേഷമുള്ളമുള്ള ചാനലും നീന്തിക്കടന്ന് കുത്തക മുതലാളിയുടെ ചാനല്‍ വരെയെത്തുമ്പോഴും ഒരു വ്യത്യാസവും കാണിക്കാത്ത നയം വ്യക്തമാകുന്നു.

ഇതാണ് സാക്ഷരകേരളം. അക്ഷരം പഠിച്ചതിന്‍റെ പോരായ്മ ശരിക്കും അനുഭവിക്കുന്ന കേരളം. അല്ലെങ്കില്‍ അക്ഷരങ്ങള്‍ മാത്രം പഠിക്കുകയും വാക്കുകളുടെ അര്‍ത്ഥം എന്ന തിരിച്ചറിവ്  നേടാതിരിക്കുകയും ചെയ്യുന്ന കേരളം. അവിടെ  ജാനു ഒരു രൂപമാതൃകയാണ്. ഭര്‍ത്താവിന്‍റെ മുതല്‍ ‘അവതാരകാ വേഷത്തിന്‍റെ’ വരെ പീഡനം ഒരുപോലെ ഏറ്റുവാങ്ങുന്ന അവളുടെ കരച്ചിലുകള്‍ വില്ക്കപ്പെടുന്നുവെന്ന് അവള്‍ പോലും അറിയുന്നില്ല. പാവപ്പെട്ടവന്‍റെ അവസ്ഥ എവിടെയും ഇങ്ങനെ തന്നെ. അവന്‍ കോടതിയില്‍ നേരിട്ട് ഹാജരാകുന്നു. സര്‍ക്കാര്‍ ‘ക്യു’കളില്‍ നില്‍ക്കാന്‍ വിധിക്കപ്പെടുന്നു. ഒരിക്കലും ലഭിക്കാത്ത സര്‍ക്കാര്‍ അനുകുല്യങ്ങള്‍ക്കായി വരാന്തകളില്‍ കയറിയിറങ്ങുന്നു. സുന്ദര സ്വപ്നമായ ബാങ്ക് അക്കൌണ്ടുകള്‍ സബ്സിഡിക്കായി എടുക്കുന്നു. പൊതുജനസമ്പര്‍ക്ക പരിപാടികളില്‍ ഇരു കൈയും കൂപ്പി നിന്ന് യാചിക്കുന്നു; ഇതാണ് ജനാധിപത്യം. 

വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെ അറിയാതെ ഓര്‍മ്മിച്ചു പോകുന്നു. ‘ഡെമോക്രസിയെപ്പറ്റിയുള്ള എതിരഭിപ്രായം അറിയണമെങ്കില്‍ ഒരു വോട്ടറുമായി വെറും അഞ്ചു മിനിട്ട് സംസാരിച്ചാല്‍ മതിയാകും’.

ഇത്തരം ചുഷണങ്ങള്‍ വളരെ പ്രത്യക്ഷമായി നടക്കുമ്പോള്‍ തന്നെയാണ് അവരുടെ സ്വകാര്യ ജീവിതം എന്ന അവകാശത്തിലേക്കും പുതിയ വരേണ്യ വിഭാഗം കടന്നുചെല്ലുന്നത്. അവരുടെ സങ്കടങ്ങള്‍ക്കും അലമുറകള്‍ക്കും ചെവിയോര്‍ക്കുന്ന പുതിയ പ്രേക്ഷകര്‍ എത്രപേര്‍ അവരുടെ പ്രശ്നങ്ങള്‍ സ്വന്തമായി കാണുന്ന ഒരു എമ്പതറ്റിക്ക് കാഴ്ചപ്പാടില്‍ എത്തിച്ചേരുന്നുണ്ട്. ഇവിടെയാണ് ഇത്തരം പരിപാടികള്‍ ഒരു കുടുംബ കരച്ചില്‍ പരമ്പരയുടെ മാത്രം നിലയില്‍ എണ്ണപ്പെടുന്നത്. ചെലവില്ലാതെ, സെറ്റുകളുടെ ഭാരമില്ലാതെ, നടീനടന്മാര്‍ എന്ന ബാധ്യതയില്ലാതെ, ചുരുങ്ങിയ ചെലവില്‍ ഒരുക്കുന്ന ഒരു ഫാമിലി ഡ്രാമയുടെ സാധ്യതമാത്രമായി മാറുന്നത്. പിന്നെ ഒരു (വിവരക്കേടിന്‍റെ) താര സാന്നിധ്യവും. 

ഒരു സംശയം അപ്പോഴും ബാക്കി നില്‍ക്കുന്നു. ഇതില്‍ പ്രത്യക്ഷരായി  അനുരഞ്ജനത്തിനെത്തുന്ന താരറാണിമാരില്‍ പലരുടെയും ഫ്ലാഷ് ബാക്കില്‍ അവരൊന്നും അത്രമേല്‍ കുടുംബഭദ്രതയുള്ളവരുമല്ലായിരുന്നു. സിനിമകളില്‍ മാത്രമേ പലരും ഉത്തമ കുടുബിനികളായി നിന്നിരുന്നുള്ളു. ഈ ‘ചിരന്തന സത്യം’ ഏതു സ്വര്‍ണ്ണ പാത്രം കൊണ്ടു ചാനല്‍ മുതലാളിമാര്‍ മുടിവയ്ക്കും. അവിടെയും ഉത്തരം അവര്‍ ഇതിന് മുന്‍പില്‍ പടച്ചിരിക്കുന്ന പ്രേക്ഷകരില്‍ നിന്നും കണ്ടെത്തുന്നു. 

‘ഓ അതൊക്കെ പണ്ടല്ലേ? ആര്‍ക്കാ മാറ്റമുണ്ടാകാത്തത്..’

മതി ഇത്രയും മതി, ഇത് തന്നെ അധികമായെന്നു ചിന്തിക്കുമ്പോഴും -കളിയല്ല ജിവിതം- അത് അത്താഴ പട്ടിണിക്കാരന്‍റെതായാലും എന്ന് മനസിലാക്കേണ്ടതാണ്.

(ഐ എച്ച് ആര്‍ ഡിയില്‍ ജോലിചെയ്യുകയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍