UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാതികൂടം സമരം അട്ടിമറിച്ചതില്‍ ടി എന്‍ പ്രതാപന്‍റെ പങ്കെന്ത്? സമരസമിതി ചെയര്‍മാന്‍ പ്രേംകുമാറിന്റെ വെളിപ്പെടുത്തലുകള്‍

Avatar

ഒരു ജനകീയസമരം ജനപക്ഷത്തു നിന്നുകൊണ്ട് എങ്ങിനെ ഹൈജാക്ക് ചെയ്യാം എന്ന് തെളിയിച്ചാണ് കാതികൂടം സമരം അതിന്റെ ലക്ഷ്യം കാണാനാകാതെ ഇടറിവീണത്. ഒരു ജനതയുടെയും പരിസ്ഥിതിയുടെയും നിലനില്‍പ്പിനെ അപകടത്തിലാക്കുന്ന കമ്പനി ഇപ്പോഴും സുഗമമായി പ്രവര്‍ത്തിക്കുമ്പോള്‍ അതിനെതിരെ സമരം ചെയ്യുകയും പോലീസിന്റെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരകളാവുകയും ചെയ്തവരുടെ മനസ്സ് ഇപ്പോഴും നീറുകയാണ്. ആ നീറ്റല്‍ വീണ്ടുമൊരു പോരാട്ടത്തിനായി അവരെ തയ്യാറാക്കുന്നു. കാതികൂടത്തേക്ക് വീണ്ടും കേരളത്തെ വിളിക്കുകയാണ് അവര്‍. ഇത്തവണ നിയമത്തിന്റെ വഴിയിലൂടെയാണ് പോരാട്ടം. നിറ്റ ജലാറ്റിന്‍ കമ്പനിയ്‌ക്കെതിരെ ശക്തമായൊരു നിയമപോരാട്ടത്തിന് ഒരുങ്ങുന്നത് കാതികൂടം സമരത്തിന് നേതൃത്വം നല്‍കിയ സമരസമിതി ചെയര്‍മാന്‍ പ്രേംകുമാര്‍ ഉള്‍പ്പെടെയുള്ളവരാണ്. കമ്പനിയ്‌ക്കെതിരെ മൂന്നു കേസുകള്‍ കൊടുക്കാനാണ് ഇക്കഴിഞ്ഞ 23 ന് ചേര്‍ന്ന യോഗം തീരുമാനത്തിലെത്തിയത്. റിവ്യൂ ഹര്‍ജി, ഗ്രീന്‍ ട്രിബ്യൂണലില്‍ ഒരു ഹര്‍ജി, ഒരെണ്ണം ഹൈക്കോടതയില്‍ എന്നിങ്ങനെയാണ് തീരുമാനം. ഈ തീരുമാനം അറിയിച്ചുകൊണ്ട് സംസാരിച്ച പ്രേം കുമാര്‍, നിറ്റ ജലാറ്റിന്‍ കമ്പനിക്കെതിരായ ജനകീയ സമരം എങ്ങിനെ പരാജയപ്പെട്ടെന്നു കൂടി പറയുന്നു- തയാറാക്കിയത്- രാകേഷ് നായര്‍

വിജയത്തിന്റെ വക്കില്‍ നിന്ന് തോല്‍വിയിലേക്ക് വീണുപോയതിന്റെ ചരിത്രമാണ് കാതികൂടത്തിന് പറയാനുള്ളത്. വ്യക്തമായ രാഷ്ട്രീയ ഉപജാപങ്ങളാണ് ഈ തോല്‍വിക്ക് കാരണം. ഏതാനും വ്യക്തികള്‍ അവരുടെ സ്വാര്‍ത്ഥത സംരക്ഷിക്കാനായി ബലികൊടുത്തത് ഒരു ജനതയെ ആണ്. നിര്‍ഭാഗ്യമെന്നു പറയട്ടെ, തങ്ങള്‍ വഞ്ചിതരായെന്ന് മനസ്സിലാക്കാന്‍ ആ ജനതയ്ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല.

കാതികൂടത്തേക്ക് ഞാന്‍ എത്തുന്നത് അവിചാരിതമാണ്. എന്റെ പ്രവര്‍ത്തനമേഖല മൂഴിക്കുളം ശാലയിലാണ്. നമ്മുടെ മാധ്യമങ്ങള്‍ പലപ്പോഴും ജനകീയപ്രശ്‌നങ്ങളെ പ്രാദേശികവത്കരിക്കാനാണ് ശ്രമിക്കുന്നത്. തൃശ്ശൂരില്‍ നടക്കുന്നൊരു കാര്യം എറണാകുളത്തുള്ളവര്‍ അറിഞ്ഞുകൂടണമെന്നില്ല. കാതികൂടത്തെ സമരത്തെ സംബന്ധിച്ചും ഈ തടസ്സമുണ്ടായിരുന്നു. അതുകൊണ്ട് അവിടുത്തെ രൂക്ഷമായ ജീവിത പ്രതിസന്ധികളെക്കുറിച്ച് വ്യക്തമമായൊരു ചിത്രം ഞങ്ങളെപ്പോലുള്ളവര്‍ക്ക് കിട്ടിയിരുന്നില്ല. കഴിഞ്ഞവര്‍ഷം മേയ് 29-31 തീയതികളിലാണ് ഈ വിഷയത്തിലേക്ക് കാര്യമായി ശ്രദ്ധപതിയുന്നതരത്തില്‍ പുഴയിലെ മീനുകള്‍ ചത്തുപൊങ്ങാന്‍ തുടങ്ങിയത്. ഇത് കാതികൂടത്തെ കുറിച്ച് കൂടുതല്‍ശ്രദ്ധിക്കാന്‍ നിമിത്തമായി. വൈകാതെ തന്നെ കാതികൂടത്ത് നിന്ന് ഒരു സ്‌നേഹിതന്റെ വിളിയും വന്നു; ഒന്നിവിടം വരെ വരണം- കാതികൂടം എന്നെ ആദ്യമായി വിളിക്കുന്നതപ്പോഴാണ്.

സമരം വഴിത്തിരിവിലേക്ക്
കാതികൂടത്ത് നടക്കുന്നത് ശരിക്കും ഉന്മൂലനമായിരുന്നു. മനുഷ്യനെയും പ്രകൃതിയേയും വിഷം കൊടുത്ത് ഇല്ലാതാക്കുകയാണ്; പോരാട്ടം ഉണ്ടായേ പറ്റൂ, ഈ പ്രദേശത്തിന് വേണ്ടിമാത്രമല്ല, കേരളത്തിനുവേണ്ടിക്കൂടി. ഞങ്ങളൊരു റോഡ് ഉപരോധം സംഘടിപ്പിച്ചു. അത് ഫലം കണ്ടെന്നുവേണം പറയാന്‍. വിഷയത്തില്‍ കളക്ടര്‍ ഇടപെട്ടു. വാട്ടര്‍ അതോറിറ്റിയിലേയും ഫിഷറീസിലേയും ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കു വന്നു. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ജനദ്രോഹപരമമെന്ന് അവര്‍ തന്നെ പറഞ്ഞു. ഇത് സമരത്തിന് പുതിയൊരൂര്‍ജ്ജം പകര്‍ന്നു. അങ്ങനെയാണ് അന്നമനടയില് ഒരു പ്രതിഷേധ റാലി സംഘടിപ്പിച്ചത്. അതിന്റെ ഭാഗമായി ഒരു ജനകീയ കണ്‍വന്‍ഷന്‍ നടത്തുകയും സമരം എങ്ങിനെ മുന്നോട്ടുകൊണ്ടുപോകണമെന്ന് നിശ്ചയിക്കാനായി ഒരു സമര സമിതി രൂപീകരിക്കുകയും ചെയ്തു. സമര സമതിയുടെ ചെയര്‍മാനായി എന്നെ തെരഞ്ഞെടുത്തു. പിന്നീട് മൂഴിക്കുളംശാലയില്‍ ചേര്‍ന്നൊരു യോഗത്തില്‍ ഞങ്ങളൊരു ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി. ഇതനുസരിച്ച് ജൂലൈ ഒന്നിന് കമ്പനി പുഴയിലേക്ക് സ്ഥാപിച്ചിരിക്കുന്ന മാലിന്യ പൈപ്പ് ജനകീയാധികാരമുപയോഗിച്ച് എടുത്തുമാറ്റാന്‍ തീരുമാനിച്ചു. അതുവരെ സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോവുക. കമ്പനിക്കെതിരായ പ്രതിഷേധ പ്രകടനങ്ങളും അനിശ്ചിതകാല നിരാഹരവും പ്രഖ്യാപിച്ചു. സമരത്തിനെ പിന്തുണച്ച് സര്‍ഗ്ഗാത്മകമായ ഇടപെടലുകള്‍ ഉണ്ടായി. പൊതുസമൂഹം കാതികൂടത്തിന് പിന്തുണ നല്‍കി.

പൂട്ടാന്‍ തീരുമാനിച്ച കമ്പനിയെ രക്ഷിച്ചവര്‍
സമരവുമായി ബന്ധപ്പെട്ട് ഒരു സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ കളക്ടര്‍ എംഎസ് ജയ തയ്യാറായി. വിവിധ എംഎല്‍എമാരടക്കം വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സമരസമിതി പ്രവര്‍ത്തകര്‍, കമ്പനി അധികൃതര്‍ എന്നിവരാണ് യോഗത്തിലെത്തിയത്. ആ യോഗത്തില്‍ തെളിവുകളും ആക്ഷേപങ്ങളും നിരത്തി ഞങ്ങള്‍ കമ്പനിയെ തീര്‍ത്തും പ്രതിരോധത്തിലാക്കി, കമ്പനിയുടെ പ്രതിനിധിക്ക് തന്നെ തങ്ങള്‍ ചെയ്യുന്നത് ശരിയല്ലെന്ന് സമ്മതിക്കേണ്ടി വന്നു. ഇതിനൊടുവില്‍ കളക്ടര്‍ തന്നെ പറഞ്ഞു- എങ്കില്‍ ഈ കമ്പനി പൂട്ടാം.

പെട്ടെന്നാണ് രാഷ്ട്രീയക്കാര്‍ക്ക് അപകടം മണക്കുന്നത്. എംഎല്‍എ മാരായ ബി ഡി ദേവസ്യയും ടി യു രാധാകൃഷ്ണനും ഈ സമയം ടി എന്‍ പ്രതാപന്‍ എംഎല്‍എയുടെ സമീപം ചെന്ന്‍ എന്തോ സംസാരിച്ചു. യോഗത്തില്‍ അതുവരെ കമ്പനി പൂട്ടണമെന്ന് നിലപാടെടുത്ത പ്രതാപനില്‍ അപ്രതീക്ഷിതമായൊരു ട്വിസ്റ്റ് ഉണ്ടാവുന്നത് അവിടെവച്ചാണ്. കമ്പനി പൂട്ടാന്‍ പാടില്ല- പ്രതാപന്‍ ചാടിയെഴുന്നേറ്റ് കളക്ടര്‍ക്ക് മറുപടി പറഞ്ഞു. കമ്പനി പൂട്ടിയിട്ടല്ല പരിഹാരം കാണേണ്ടതെന്ന് പ്രതാപന്‍. ഇതിനെ സമരസമിതി എതിര്‍ത്തു. തര്‍ക്കമുണ്ടായി. സമരസമിതി യോഗം ബഹിഷ്‌കരിച്ചു. പിന്നെയവിടെയുണ്ടായിരുന്ന സര്‍വ്വകക്ഷി പ്രതിനിധികളെല്ലാം ചേര്‍ന്നെടുത്ത തീരുമാനപ്രകാരം കമ്പനി പൂട്ടണ്ട, പകരം എക്‌സപെര്‍ട്ട് കമ്മിറ്റിയെവച്ച് പരിശോധന നടത്തുക. ഈ പരിശോധനയ്ക്ക് തയ്യാറായ കമ്പനി അതിനായി 20 ദിവസത്തെ സാവകാശവും തേടി.

സമരസമിതി ഈ തീരുമാനത്തില്‍ ഒട്ടും തൃപ്തരായിരുന്നില്ല. അതിനാല്‍ നിശ്ചയിച്ചപോലെ തന്നെ ജൂലൈ 1 ന് പൈപ്പ് മാറ്റാന്‍ തീരുമാനിച്ചു. ഇതിനിടയില്‍ ചില അഭിപ്രായങ്ങള്‍ ഉയര്‍ന്നു, 20 ദിവസം കൂടി കാത്തിരിക്കുന്നതല്ലേ മര്യാദ. ആ അഭിപ്രായത്തിനുമേല്‍ ചര്‍ച്ചകള്‍ നടത്തുകയും 20 ദിവസം കാത്തിരിക്കാനും നടപടികള്‍ അനുകൂലമല്ലെങ്കില്‍ ജൂലൈ 21 ന് കമ്പനിയുടെ മാലിന്യ പൈപ്പ് എടുത്ത് മാറ്റാനും സമരസമിതി തീരുമാനിച്ചു.

പ്രതാപന്റെ നിലപാടുകള്‍
പ്രതീക്ഷിച്ചതുപോലെ എക്‌സ്‌പെര്‍ട്ട് കമ്മിറ്റി വെറും പ്രഹസനമായിത്തീര്‍ന്നു. അവര്‍ അവിടെയുമിവിടെയുമില്ല എന്ന നിലയിലാണ് നിന്നത്. 21 ാം തീയതിക്കു മുമ്പ് ഏന്തെങ്കിലുമൊരു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അവര്‍ക്ക് സാധ്യമാകില്ലെന്നും മനസ്സിലായി. അതോടെ മുന്‍ തീരുമാന പ്രകാരം തന്നെ 21 ാം തീയതിയിലെ പൈപ്പുമാറ്റലുമായി മുന്നോട്ടുപോകന്‍ സമരസമിതി തീരുമാനിച്ചു. ഈ വിവരം പറയാന്‍ പ്രതാപന്റെ ഓഫിസലേക്ക് ഞങ്ങള്‍ പോയി. എന്നാല്‍ പ്രതാപന്റെ നിലപാടുകള്‍ തീര്‍ത്തും വിരുദ്ധമായിരുന്നു. പൈപ്പ് എടുത്തുമാറ്റല്‍ പോലുള്ള പ്രവര്‍ത്തികളോട് യോജിക്കാനാകില്ലെന്നായിരുന്നു, ആ പ്രദശത്തെ മുഴുവന്‍ ദുരിതവും മനസ്സിലാക്കിയിട്ടുള്ളൊരു വ്യക്തി കൂടിയായ പ്രതാപന്റെ പ്രതികരണം. പ്രതിഷേധവും പ്രകടനവുമൊന്നും വേണ്ട, മുന്‍പത്തെപ്പോലെ സമധാനപരമായ സമരം മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. ആറു വര്‍ഷത്തിനുമേലെയായി അവിടെ ആക്ഷന്‍ കൗണ്‍സലിന്റെ നേതൃത്വത്തില്‍ സമരം നടത്തിവരുന്നുണ്ടായിരുന്നു. പറയത്തക്ക പ്രയോജനമോ, പൊതുസമൂഹത്തിന്റെ പിന്തുണയോ ലഭിക്കാതെ പോയ ആ സമരത്തെയാണ് പ്രതാപന്‍ സമാധാനപരമായ സമരം എന്ന് ഉദ്ദേശിച്ചത്. തന്റെ വാക്കുകള്‍ ധിക്കരിക്കുകയാണെങ്കില്‍ താനിനി അങ്ങോട്ട് വരില്ലെന്നും ഈ പ്രശ്‌നവുമായി യാതൊരു ബന്ധവും ഉണ്ടാകില്ലെന്ന ഒാര്‍മ്മപ്പെടുത്തലും ബഹുമാനപ്പെട്ട എംഎല്‍എയുടെ ഭാഗത്തുനിന്നുണ്ടായി. ഞങ്ങള്‍ ഭയന്നില്ല, പ്രതാപേട്ടന്റെ അഭിപ്രായം ഇന്ന് രാത്രിയില്‍ സമരസമിതി ചര്‍ച്ചയ്ക്കുവയ്ക്കുമെന്നും തീരുമാനം എന്തായാലും അറിയിക്കാമെന്നും പറഞ്ഞ് അദ്ദേഹത്തിന്റെ ഓഫിസ് വിട്ടൂ.

അന്ന് പുലര്‍ച്ചവരെ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ തുടര്‍ന്നൂ, തര്‍ക്കങ്ങളും വാഗ്വാദങ്ങളും അരങ്ങേറി. ആക്ഷന്‍ കൗണ്‍സിലിന് പ്രതാപന്റെ അഭിപ്രായത്തോട് യോജിക്കാനായിരുന്നു താല്‍പര്യം. എന്നാല്‍ സമരസമതിക്ക് അതിനോട് യോജിക്കാനായില്ല. ഈ ജനകീയ മുന്നേറ്റത്തെ പ്രസഹസനമാക്കി അവസാനിപ്പിക്കരുത്. പൊതുസമൂഹത്തെ തൃപ്തിപ്പെടുത്തുന്നൊരു നിലപാടായിരിക്കണം എടുക്കേണ്ടതെന്ന് സമരസമിതിക്കുണ്ടായിരുന്നു. ഒടുവിലെത്തെ തീരുമാനപ്രകാരം, ആദ്യം പോലീസ് ബാരിക്കേഡുവരെ പ്രകടനം നടത്തുക, പിന്നീട് തിരിച്ചുവന്ന് കമ്പനിയെ അനിശ്ചിതകാലമായി ഉപരോധിക്കുക എന്നതിലേക്ക് ഞങ്ങളെത്തി.

ബെസ്റ്റ് ഓഫ് അഴിമുഖം 

കാതിക്കുടം : അനീതി പെരുമഴ പോലെ പെയ്യുമ്പോള്‍
കാതിക്കുടം- കമ്പനി പൂട്ടണം; ഞങ്ങള്‍ക്ക് വേറെ വഴികളില്ല
ഹരിത എം എല്‍ എമാർ പി ടി തോമസിനോട് ചെയ്തതെന്ത്?
കേരളത്തിലെ ഭൂമി സമരങ്ങള്‍ ചിതറിപ്പോയത് എന്തുകൊണ്ട്?
ഒരു ജനതയെ ഇല്ലാതാക്കുമ്പോള്‍ : റോസ് മലക്കാരുടെ ജീവിതം

 

 

പിറ്റേ ദിവസം, ജൂലെ 1നു മൂവായിരത്തോളം ജനങ്ങള്‍ അവിടെയെത്തി. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായാണ് കാര്യങ്ങള്‍ നീങ്ങിയത്. ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമങ്ങള്‍ നടത്തി. ടി എന്‍ പ്രതാപന്റെ വക ഒരു പ്രസംഗം കൂടിയായപ്പോള്‍ ജനങ്ങള്‍ വിഘടിക്കാന്‍ തുടങ്ങി. പ്രശ്‌നത്തിന്റെ രൂക്ഷത കുറച്ചാണ് പ്രതാപന്‍ സംസാരിച്ചത്. സമരസമിതിയുടെ നീക്കളെ തുരങ്കംവയ്ക്കാനുള്ള ശ്രമമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിക്കാര്‍ നടത്തുന്നതെന്ന് ബോധ്യമായി. എങ്കിലും ഉപരോധം തുടങ്ങി. വൈകുന്നേരം നാലുമണിയോടടുത്തപ്പോള്‍ ഏതാനും കോണ്‍ഗ്രസ് നേതാക്കള്‍ പോലീസുമായി ചേര്‍ന്ന് ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടത്താന്‍ തുടങ്ങി. ഉപരോധക്കാര്‍ അറസ്റ്റ് വരിച്ച് ഉപരോധം അവസനാപ്പിക്കാന്‍ അവര്‍ തമ്മില്‍ ധാരണയായി. ഇതനുസരിച്ച് സ്ത്രീകളെ ആദ്യം അറസ്റ്റ് ചെയ്യാനും തിരുമാനമായി. എന്നാല്‍ സമര സമിതി ഈ ഒത്തുതീര്‍പ്പിനോട് യോജിച്ചില്ല.

കേരളം കണ്ട ഏറ്റവും ക്രൂരമായ മര്‍ദ്ദനം
ജൂണ്‍ 30 ന് രാത്രി കമ്പനി പ്രദേശം മുഴുവന്‍ ലൈറ്റുകള്‍ തെളിച്ച് പോലീസ് കരുതിക്കൂട്ടി തയ്യാറായി നില്‍ക്കുകയാണ്. ഈ വഴിപോകുന്നവരെയെല്ലാം ചോദ്യം ചെയ്തിട്ടേ വിടുന്നുണ്ടായിരുന്നുള്ളൂ. ഇതിനിടയിലാണ് ചെറിയൊരു പ്രശ്‌നം ഉണ്ടാവുന്നത്. സമീപവാസിയായ ഒരു ചെറുപ്പക്കാരനെ പോലീസ് തടഞ്ഞു. അവനും പോലീസുമായി തര്‍ക്കമുണ്ടാവുകയും പോലീസ് ആ ചെറുപ്പക്കാരനെ തല്ലുകയും ചെയ്തു. ഇതറിഞ്ഞ് ഏതാനും ബിജെപി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. അവരിലൊരാളെയും പോലീസ് തല്ലി. ഈ ചൊരുക്ക് ബിജെപിക്കാരുടെ മനസ്സില്‍ കിടപ്പുണ്ടായിരുന്നു.

പിറ്റേന്ന്, ജൂലൈ 1 വൈകുന്നേരമാകുന്നു. അറസ്റ്റ് ചെയ്തുനീക്കാനുള്ള ധാരണയില്‍ ചില ഉപജാപങ്ങള്‍ നടന്നുകഴിഞ്ഞു. അവിടെ നിന്നാണ് കേരളം കണ്ട ഏറ്റവും വലിയ അതിക്രമം തുടങ്ങുന്നത്. 1500 ഓളം പോലീസുകാരാണ് സമരക്കാരെ നേരിടാന്‍ നില്‍ക്കുന്നത്. ഇവര്‍ക്കിടയിലേക്ക് തലേദിവസത്തെ വൈരാഗ്യം ഉള്ളില്‍ കിടന്നിരുന്ന ബിജെപിക്കാരില്‍ ചിലര്‍ ഇഷ്ടിക വലിച്ചെറിഞ്ഞു. അതോടെ പോലീസ് ആ ഭാഗത്ത് ലാത്തി ചാര്‍ജ്ജ് തുടങ്ങി. ഇതേസമയം മറ്റൊരു ഭാഗത്ത് സമരത്തെ പിന്തുണയ്ക്കാനെത്തിയ യൂത്ത് ഡയലോഗിലെ പിള്ളേര്‍ പോലീസിനെ പഴത്തൊലിയും ബ്രഡും കൊണ്ടെറിഞ്ഞു. അതോടെ രണ്ടു ഭാഗത്തുമായി പോലീസ് ലാത്തിവീശി. പിന്നീടവിടെ നടന്നത് എന്താണന്ന് കേരളത്തിനറിയാം.

ഇതിനിടയില്‍ സ്ത്രീകളെ അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. എന്നാല്‍ അവര്‍ അവിടെ നിന്ന് പോകാന്‍ വിസമ്മതിച്ചു. ഇത് പോലീസിനെ ധര്‍മ്മസങ്കടത്തിലാക്കി. നൂറോളം സ്ത്രീകള്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കാന്‍ തുടങ്ങിയതോടെ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടു. ഈ സമയം മേധ പട്കര്‍ ഫോണ്‍ ചെയ്ത് ഒരുകാരണവശാലും സ്‌റ്റേഷനില്‍ നിന്ന് പോകരുതെന്നും അവര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി സംസാരിച്ചിട്ടുണ്ടെന്നും അറിയിച്ചു. സമരത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കാനുള്ള സാധ്യതകളാണ് അവിടെ നിലനിന്നിരുന്നത്. എന്നാല്‍ കോണ്‍ഗ്രസുകാര്‍ അതുപൊളിച്ചു. ടി എന്‍ പ്രതാപന്‍ സ്ഥലത്തെത്തി. എല്ലാവരും സ്റ്റേഷനില്‍ നിന്ന് പോകണമെന്ന് അറിയിച്ചു. രണ്ടു ദിവസത്തേക്ക് കമ്പനി അടച്ചിടാന്‍ പോവുകയാണെന്നും അതിനാല്‍ സ്‌റ്റേഷന്‍ ഉപരോധം വേണ്ടെന്നും അറിയിച്ചു. സമരക്കാരുടെ ആരുടെയും അഭിപ്രായം കേള്‍ക്കാന്‍ തയ്യാറാകാതെയും അവരോട് തട്ടിക്കയറാനുമാണ് അദ്ദഹം ശ്രമിച്ചത്. ഇതോടെ ആക്ഷന്‍ കൗണ്‍സിലിന്റെ ജയിംസ് പാനായിക്കുളമടക്കമുള്ള പ്രതിനിധികളും കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തിന്റെ പ്രസിഡന്റും അടക്കം സ്റ്റേഷനിലുണ്ടായിരുന്നവര്‍ പ്രതാപന്റെ വാക്കുകള്‍ അനുസരിച്ച് പുറത്തേക്കിറങ്ങി, കൂടെ സ്ത്രീകളും. അതോടെ സ്‌റ്റേഷന്‍ ഉപരോധം പാളി. കാതികൂടം സമരം പരാജയത്തിലേക്ക് വീഴുന്നത് അവിടെവച്ചാണ്.

ഒരു കേസുപോലും ഇല്ലാതെപോയ ആക്രമം
ഇത്രവലിയ ലാത്തിച്ചാര്‍ജ്ജ് നടന്നിട്ടും അതുസംബന്ധിച്ച് ഒരു കേസുപോലും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? സത്യമതാണ്. ടി എന്‍ പ്രതാപനടക്കമുള്ളവരുടെ ഇരട്ടത്താപ്പ് വ്യക്തമാകുന്നതിവിടെയാണ്. ഏത്രയോ ജനങ്ങളാണ് ക്രൂരമായി മര്‍ദ്ദനമേറ്റത്. എന്തൊക്കെ നാശനഷ്ടങ്ങളാണ് ഉണ്ടായത്. എന്നിട്ടും രേഖപ്പെടാതെപോകുന്നൊരു സംഭവമായി ഇതെങ്ങിനെ മാറി? തല്ലുകൊണ്ടവര്‍ക്കും ഇതില്‍ ബുദ്ധമുട്ടില്ലെന്നതാണ് അത്ഭുതം. ഇന്നും അവിടെയുള്ളവര്‍ വിശ്വസിക്കുന്നത് തങ്ങള്‍ ചെയ്തത് ശരിയാണെന്നാണ്. അവരെ അങ്ങിനെ വിശ്വസിപ്പിച്ചിരിക്കുകയാണ്. കാതികൂടത്തെ ജനങ്ങളെ സംബന്ധിച്ച് അവസാനവാക്ക് ടി എന്‍ പ്രതാപനാണ്; അതിനപ്പുറം അവര്‍ക്ക് സ്വന്തമായി അഭിപ്രായങ്ങള്‍പോലുമില്ല.

സമരം തിരികെ പിടിക്കാനുള്ള ശ്രമങ്ങള്‍
ഈ സംഭവത്തിനുശേഷം കമ്പനി രണ്ടു ദിവസത്തേക്ക് അടച്ചിട്ടു. അതിനുശേഷമാണ് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു യോഗം വിളിച്ചിട്ടുണ്ടെന്ന് അറിയിക്കുന്നത്. എല്ലാ നേതാക്കളും നമ്മുടെ പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും ഈ യോഗത്തില്‍ എല്ലാത്തിനും പരിഹാരമുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രചരിപ്പിച്ചു. ഈ യോഗത്തിനെക്കുറിച്ച് സമരസമിതിക്ക് സംശയമുണ്ടായിരുന്നു. എങ്കിലും ഞങ്ങള്‍ യോഗത്തിനുപോയി. ചര്‍ച്ച വിജയിച്ചാല്‍ ആഹ്ലാദപ്രകടനം, അല്ലെങ്കില്‍ കമ്പനിക്കെതിരെ അനിശ്ചിതകാല നിരാഹരം- ഈയൊരു തീരുമാനത്തോടെയാണ് തിരുവനന്തപുരത്തേക്ക് പോകുന്നത്. സമരസമിതിക്കാരുമായി മാത്രം ചര്‍ച്ചയെന്ന് അറിയിച്ചിരുന്നിടത്ത് കമ്പനിയുടെ മുഴുവന്‍പേരും ഉണ്ടായിരുന്നു. മുഖ്യമന്ത്രിക്കൊപ്പം വി ഡി സതീശന്‍ എംഎല്‍എ, മന്ത്രി കുഞ്ഞാലിക്കുട്ടി തുടങ്ങിയവരുമുണ്ടായിരുന്നു . കാര്യങ്ങള്‍ വിചാരിച്ചപോലെ തന്നെയായിരുന്നു. വെറുമൊരു പ്രഹസനം മാത്രമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്നത്. എല്ലാവരെയുും ചീത്തവിളിച്ച് ഞങ്ങള്‍ പുറത്തിറങ്ങി. കാത്തുനിന്ന മാധ്യമങ്ങളോട് ചര്‍ച്ച പരാജയമെന്നും അനിശ്ചിതകാല നിരാഹരത്തിന് സമരസമിതി തയ്യാറാകുന്നുവെന്നും അറിയിച്ചു. ആദ്യ ഷിഫ്റ്റ് തുടങ്ങുന്ന രാവിലെ ആറു മുതലായിരിക്കും നിരാഹാരസമരം തുടങ്ങുന്നതെന്നും അറിയിച്ചു.

എന്നാല്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടകാര്യം കാതികൂടത്തെ ജനങ്ങളെ അറിയിക്കാതെ ഭംഗിയായി മൂടിവയ്ക്കാന്‍ പ്രദേശത്തെ കോണ്‍ഗ്രസുകാര്‍ക്ക് സാധിച്ചു. പിറ്റേദിവസം ആറു മണിക്ക് നിരാഹരസ്ഥലത്തെത്തിയത് വെറും രണ്ടുപേര്‍! പിന്നെ വിളിച്ചും പറഞ്ഞുമൊക്കെ കുറച്ചുപേര്‍ സ്ഥലത്തെത്തിയപ്പോള്‍ ഉച്ചയോടടുത്തു. ഇതോടെ സമരത്തിന്റെ ഗതിയെന്തെന്ന് അവിടെയുണ്ടായിരുന്ന പോലീസുകാര്‍ക്ക് മനസ്സിലായി. അവര്‍ തന്നെ പ്രചാരണം നടത്തി-കാതികൂടം സമരം പൊളിഞ്ഞിരിക്കുന്നു.

എങ്കിലും പൂര്‍ണമായി തോറ്റുകൊടുക്കാന്‍ ഞാന്‍ തയ്യാറായില്ല. ഹെഡ്മാസ്റ്റര്‍ കുട്ടികളെ ക്ലാസില്‍ പിടിച്ചിരുത്തുന്നതുപോലെ പത്തുപതിമൂന്നുദിവസം നിരാഹാര സമരം മുന്നോട്ടുകൊണ്ടുപോയി. പിന്നെ അതും പ്രാവര്‍ത്തികമാകില്ലെന്ന് മനസ്സിലായതോടെ ജനകീയസഭ രൂപീകരിച്ചു.പിറ്റേദിവസത്തേക്കുള്ള സമര വാളന്റിയര്‍മാരെ നിശ്ചയിക്കുക, സമര സമിതിയുടെ കണക്കുകകള്‍ പരിശോധിക്കുക, ലാത്തിച്ചാര്‍ജ്ജില്‍ മര്‍ദ്ദനമേറ്റവര്‍ക്ക് മൂന്നു ദിവസത്തെയെങ്കിലും മസാജ് ചെയ്യാന്‍ ഏര്‍പ്പാടുണ്ടാക്കുക എന്നിവയൊക്കെ ജനകീയസഭയുടെ മുന്നിലെ ഉത്തരവാദിത്തങ്ങളായിരുന്നു. ഇതൊരു വിജയമായിരുന്നു. ഈ ജനകീയസഭയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആദ്യം പങ്കെടുക്കുകയും പിന്നീട് വരാതാവുകയും ഒടുവില്‍ ഇതും അവര്‍ പൊളിക്കുകയുമാണുണ്ടായത്. വലിയൊരു ഗൂഢാലോചനയായിരുന്നു അവര്‍ നടപ്പാക്കിയത്. ജനകീയസഭയ്ക്കുള്ളില്‍ നുഴഞ്ഞുകയറി അവിടെ മദ്യപാനം പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. സമരപ്പന്തല്‍ കള്ളുകുടി സദസായി മാറി. സംഭാവന കിട്ടുന്ന പണം മോഷ്ടിക്കാന്‍ തുടങ്ങി, പോലീസിനെ തെറിവിളിക്കുക പ്രധാന ഹോബിയായി. തെറിവിളിയും മുണ്ടുപൊക്കിക്കാണിക്കലുമാണ് സമരമുറയെന്ന് അവര്‍ തെറ്റിദ്ധരിച്ചു. എന്തായാലും ഉദ്ദേശിച്ചതുപോലെ കാര്യങ്ങള്‍ നടന്നു. ഇതിനിടയില്‍ ആക്ഷന്‍ കൗണ്‍സിലും സമരസമിതിയും രണ്ടായി പിരിഞ്ഞിരുന്നു.

ഇതിനു പ്രധാന കാരണം അവരുടെ ഉള്ളിലെ ചില സംശയങ്ങളാണ്. ആറു വര്‍ഷത്തോളമായി അവിടെ സമരം നടത്തുന്നവരാണ് ആക്ഷന്‍ കൗണ്‍സില്‍. അവര്‍ക്ക് ചെയ്യാന്‍ പറ്റാത്ത പലതും സമരസമിതി ചെയ്യുന്നതുകണ്ടപ്പോള്‍ ഞാനവിടെയൊരു അധികാരകേന്ദ്രമായി മാറുമെന്ന് അവര്‍ ഭയപ്പെട്ടു. മാത്രമല്ല, എന്റെ ചില നിലപാടുകളോട് അവര്‍ക്ക് യോജിക്കാനും പറ്റിയില്ല. സമരം അവരുടെ ഉപജീവനമായിരുന്നു. കണക്കുകളും കാര്യങ്ങളുമൊക്കെ ജനങ്ങളെ അറിയിക്കുന്നതെന്തിനെന്നായിരുന്നു അവരുടെ ചോദ്യം. എല്ലാംകൊണ്ടും ഞാന്‍ അവര്‍ക്ക് ശല്യമായിരുന്നു. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് ആക്ഷന്‍ കൗണ്‍സില്‍ നേതാവ് അനിലിന്റെ വീട്ടില്‍വച്ച് ഒരു യോഗം നടന്നു. അവിടെവച്ച് വാക്കുകള്‍കൊണ്ട് ഞങ്ങള്‍ ഏറ്റുമുട്ടി പിരിയുകയായിരുന്നു.

കാതികൂടം കേരളമാണ്
2013 സെപ്തംബര്‍ 1 ന് സംഘടിപ്പിക്കാന്‍ ഉദ്ദേശിച്ച വലിയൊരു ക്യാമ്പയിന്‍ ആയിരുന്നു-‘കാതികൂടം കേരളമാണ്’. ഈ ക്യാമ്പയിന്റെ പിന്നിലുണ്ടായിരുന്നവര്‍ പുറത്തുള്ളവരായിരുന്നു. എങ്കിലും സമരസമിതി ഇതിനെ പിന്തുണച്ചു. നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ ദുരിതം പേറുന്ന ആറു പഞ്ചായത്തുകളെയും ചാലക്കുടി മുന്‍സിപ്പാലിറ്റിയേയും ഉള്‍പ്പെടുത്തി വലിയ തോതിലുള്ളൊരു ക്യാമ്പയിനാണ് അവര്‍ ഉദ്ദേശിച്ചത്. കവലകള്‍തോറും ഇതിന്റെ പ്രചാരണയോഗങ്ങള്‍ സംഘടിപ്പിച്ചു. എന്നാല്‍ ക്യാമ്പയിന്‍ കോണ്‍ഗ്രസുകാരും ബിജെപിക്കാരും ചേര്‍ന്ന് പൊളിച്ചു. കാതികൂടത്തുനിന്ന് ആകെയെത്തിയത് 25 പേര്‍. സമരസമിതിയുടെ ഭാഗത്തുനിന്ന് ഞാനുണ്ടായിരുന്നു. പിന്നെ അവിടെയുണ്ടായിരുന്നത്, ചില തീവ്രവിഭാഗങ്ങളുമായിരുന്നു. വന്‍ സാമ്പത്തികബാധ്യത മാത്രമാണ് ‘കാതികൂടം കേരളമാണ്’ ബാക്കിവച്ചത്.

അടുത്ത ക്യാമ്പയിന്‍ സെപ്തംബര്‍ എട്ടിനായിരുന്നു. ക്യാമ്പസ് കാതികൂടത്തേക്ക്. സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണമായിരുന്നു ഈ ക്യാമ്പയിനായി വിദ്യാര്‍ത്ഥികള്‍ നടത്തിയത്. അതിന്റെയും ഭാവി മുന്നത്തേതിന് സമാനമായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തന്നെ രണ്ടുചേരിയുണ്ടാക്കാന്‍ കഴിഞ്ഞു. അതോടെ ആ ക്യാമ്പയിനും പരാജയപ്പെട്ടു.

അങ്ങനെ സെപ്തംബര്‍ എട്ടിന് ഞാനും കാതികൂടത്തുനിന്ന് യാത്ര ചോദിച്ചൂ. എത്ര ഭംഗിയായിട്ടാണ് ഒരു ജനകീയസമരം അട്ടിമറിക്കപ്പെടുന്നതതെന്ന് ഞാന്‍ മനസ്സിലാക്കി. ആരാണ് ജനങ്ങളുടെ യഥാര്‍ത്ഥ ശത്രുക്കളെന്ന് തിരിച്ചറിഞ്ഞു. ഇതിനിടയില്‍ ഉയര്‍ന്ന ചില ആരോപണങ്ങള്‍ എന്നെ മാനസികമായി വേദനിപ്പിക്കുകയും ചെയ്തു. ഞാനൊരു ഏകാധിപതിയെപ്പോലെയാണ് പെരുമാറിയിരുന്നതെന്ന ആരോപണം കാര്യമാക്കിയില്ല, എന്റെ നിലപാടുകള്‍ കര്‍ക്കശമായിരുന്നു, അത് സമരത്തിന്റെ വിജയത്തിനുവേണ്ടിയായിരുന്നു. എന്നിട്ടുപോലും ഞാന്‍ പരാജയപ്പെട്ടുപോയി. അതിലും വലിയ ആരോപണം അവര്‍ ഉന്നയിച്ചത്- ഞാന്‍ കമ്പനിയുടെ കാശുവാങ്ങിച്ചോണ്ടാണ് സമരം നിര്‍ത്തിപ്പോകുന്നതെന്നായിരുന്നു. ആ ആരോപണംകൊണ്ട് ചെറുതായെങ്കിലും എന്നെ മുറിവേല്‍പ്പിക്കാന്‍ അവര്‍ക്കായി.

പക്ഷേ ഞാന്‍ തിരിച്ചുപോന്നത് പരാജിതനായല്ല, കിട്ടിയ അനുഭവങ്ങളില്‍ നിന്ന് പുതിയൊരു പോരാട്ടത്തിന്റെ ഊര്‍ജ്ജവുമായാണ്. ആ ഊര്‍ജ്ജവും ചില സമാനചിന്താഗതിക്കാരുടെ പിന്തുണയുമാണ് ഇപ്പോള്‍ നിയമപരമായി നീങ്ങാനുള്ള തീരുമാനത്തിലെത്തിയത്.

നിയമംകൊണ്ട് കമ്പനിയെ പൂട്ടിക്കാമായിരുന്നു
സമരംകൊണ്ടല്ല നിയമംകൊണ്ട് ഈ കമ്പനിയെ പൂട്ടിക്കാമായിരുന്നു. എന്നാല്‍ അതും അട്ടിമറിക്കപ്പെടുകയായിരുന്നു. ഈ കാലയളവില്‍ ഒരിക്കല്‍പ്പോലും ആക്ഷന്‍ കൗണ്‍സില്‍ ഒരൊറ്റ കേസുപോലും കമ്പനിക്കെതിരെ നടത്തിയില്ല. ചില വ്യക്തികളുടടെ പേരില്‍ പൊതുപണം ഉപയോഗിച്ച് കേസുകള്‍ നടത്തി. എല്ലാം തോറ്റു. ഇപ്പോള്‍ കമ്പനി ഒരു അഫിഡവിറ്റി ഫയല്‍ ചെയ്യുമ്പോള്‍ ഹാജരാക്കുന്നത് അവര്‍ക്കെതിരെ നടത്തി തോറ്റ ഇരുപത്തഞ്ചോളം കേസുകളുടെ കണക്കാണ്. ഇതിനുപുറമെയാണ് പഞ്ചായത്തിന്റെ കള്ളക്കളി കാണേണ്ടത്. പഞ്ചായത്ത് ഇപ്പോഴും ജനങ്ങളെ പറ്റിക്കുന്നത്, കമ്പനിക്ക് പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് കൊടുത്തിട്ടില്ലെന്നു പറഞ്ഞാണ്. എന്തുകാരണം കൊണ്ടാണ് ലൈസന്‍സ് കൊടുക്കാത്തത്? കമ്പനിയുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നമോ ജീവിതപ്രതിസന്ധികളോ അല്ല, ടെക്‌നിക്കല്‍ പ്രോബ്ലങ്ങളും സ്ഥലത്തിന്റെ അതിരു ശരിയല്ലെന്നുമൊക്കെയാണ് പഞ്ചായത്തിന്റെ കാരണങ്ങള്‍. കമ്പനി ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് ഹൈക്കോടതിയുടെ ഇടക്കാല വിധിയനുസരിച്ചാണ്. പഞ്ചായത്ത് ലൈസന്‍സ് നിഷേധിച്ചതിനെതിരെ കോടതിയിലെത്തിയ കമ്പനിക്ക് മറ്റൊരു വിധി വരുന്നതുവരെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കുകയായിരുന്നു. പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് സമയബന്ധിതമായി സമര്‍പ്പിച്ചാല്‍ മതി. ഇത് കൃത്യമായി എല്ലാവര്‍ഷവും കോടതിയില്‍ ഹാജരാക്കി കമ്പനി സുഗമമായി പ്രവര്‍ത്തിക്കുകയാണ്. ഇതിനെതിരെ ഇന്നേവരെ പഞ്ചായത്ത് കോടതിയെ സമീപിക്കാത്തതെന്താണ്?

ചോദ്യങ്ങള്‍ നിരവധി ബാക്കി കിടക്കുകയാണ്. ഒരു ജനതയുടെയും ഈ പ്രകൃതിയുടെയും നിലനില്‍പ്പിന് അതിനെല്ലാം ഉത്തരം കിട്ടിയേ മതിയാകൂ. അതിനായി കാതികൂടം വീണ്ടും വിളിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍