UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കതിരൂര്‍ വിക്രമന്‍മാരുടെയും മനോജന്‍മാരുടെയും നാട് മാത്രമല്ല; അതൊരു ചരിത്രമാണ്

Avatar

ജി വി രാകേശ്

തികച്ചും അപ്രതീക്ഷിതമായ രാഷ്ട്രീയ നീക്കത്തിലൂടെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് കതിരൂരിലെ കുണ്ടനിടവഴിയിലൂടെ സെപ്തംബര്‍ ഒന്നിന് കൊലചെയ്യപ്പെട്ട ആര്‍ എസ് എസ് നേതാവ് കെ ടി മനോജിന്‍റെ വീട്ടിലെത്തിയതോടെ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കടുത്ത ചെറിയ പ്രദേശമായ കതിരൂരിന്‍റെ കുപ്രസിദ്ധി ഇന്ത്യ ഒട്ടാകെ പടരുകയായിരുന്നു. ബംഗാളിലെ നന്ദിഗ്രാമിനെയും സിംഗൂറിനെയുമൊക്കെ അടയാളപ്പെടുത്തുന്നതുപോലെ കൊലപാതക രാഷ്ട്രീയത്തിന്റെ മറ്റൊരു ഭൂപട ബിന്ദുവായി കതിരൂരും ഘോഷിക്കപ്പെടും എന്നു തീര്‍ച്ച. സി പി ഐ എമ്മും, ആര്‍ എസ് എസും കോണ്‍ഗ്രസും ഇപ്പോള്‍ പോപുലര്‍ ഫ്രണ്ടുമൊക്കെ അടങ്ങുന്ന കണ്ണൂരിലെ രാഷ്ട്രീയ യുദ്ധക്കളത്തില്‍ കേള്‍ക്കുമ്പോള്‍ തന്നെ പേടി തോന്നുന്ന ഉക്കാസ് മൊട്ടയും ഡയമണ്ട് മുക്കുമൊക്കെ അടങ്ങുന്ന കതിരൂര്‍ യഥാര്‍ഥത്തില്‍ കൊലയാളികളുടെ സ്വന്തം നാട് മാത്രമാണോ?  വിക്രമന്‍മാരുടെയും മനോജന്‍മാരുടെയും നാട്..? 

വടക്കന്‍ പാട്ടിന്റെ ഭൂമികയാണ് പുരാവൃത്ത കുതുകികള്‍ക്ക് കതിരൂര്‍. കതിരൂര്‍ ഗുരുക്കളും തച്ചോളി ഒതേനനും ഒതേനനെ ചതിയില്‍ പെടുത്തിയ മായന്‍ പക്കിയുമെല്ലാം നടന്നുപോയ നാട്. തെയ്യവും തിറയും കാവുകളും സൂര്യഭഗവാനെ ആരാധിക്കുന്ന അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നായ സൂര്യനാരായണ ക്ഷേത്രവും എണ്ണിയാലൊടുങ്ങാത്ത പുരാവൃത്തങ്ങള്‍ കെട്ടുപിണഞ്ഞു കിടക്കുന്ന ഒട്ടനവധി മുസ്ലിം പള്ളികളുമുള്ള കതിരൂരിന് സമ്പന്നമായ സാംസ്കാരിക പാരമ്പര്യവും ചലനാത്മകമായ ഒരു വര്‍ത്തമാന കാലവുമുണ്ട്.

വി വി കെ എന്ന കവി, അദ്ധ്യാപകന്‍
അദ്ധ്യാപകനെന്നനിലയില്‍ സ്വന്തം കവിതകള്‍ സ്‌കൂള്‍ പാഠഭാഗമായി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ ഭാഗ്യം സിദ്ധിച്ച കവിയാണ് വലിയ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ എന്ന വി വി കെ. ദീര്‍ഘകാലം കതിരൂര്‍ സ്‌കൂളില്‍ അധ്യാപകനായിരുന്നു വി വി കെ. ‘മനുഷ്യഹൃദയത്തിന്റെ ചക്രവാളത്തില്‍ ബഹുദൂരം ചമല്‍ക്കാരാതിശയത്തെ പ്രസരിപ്പിച്ചുകൊണ്ട് സഞ്ചരിക്കാനുള്ള ശക്തിയും വേഗമുള്ള കവി’ എന്നാണ് വി വി കെയെ ജി ശങ്കരക്കുറുപ്പ് ‘സുവര്‍ണ്ണമേഖല’ എന്ന കവിതാസമാഹാരത്തിന്റെ അവതാരികയില്‍ വിശേഷിപ്പിച്ചത്. അര നൂറ്റാണ്ട് മുന്‍പ് (1962 മാര്‍ച്ച് 16)  ഈ ലോകത്തോട് വിടപറഞ്ഞ വി വി കെ എന്ന മഹാനായ കവി പുതുതലമുറയ്ക്ക് തീര്‍ത്തും അപരിചിതനാണ്.

‘കലര്‍പ്പില്ലാത്ത മനുഷ്യസ്‌നേഹത്തിന്റെ തിരുവെഴുത്തുകളുടെ’ കവി എന്നാണ് സുകുമാര്‍ അഴീക്കോട് വി വി കെയെ വിശേഷിപ്പിച്ചത്. എന്‍ വി കൃഷ്ണവാര്യര്‍ വി വി കെയുടെ കവിതകളെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: ‘വി വി കെയുടെ കവിതയെപ്പറ്റി ഓര്‍ക്കുമ്പോഴൊക്കെ ഓടക്കുഴലിനെപ്പറ്റി ഓര്‍മ്മിച്ചു പോവുകയാണ്. പിയാനോവിന്റെ ഗാംഭീര്യവും, വൈവിധ്യവും ഓടക്കുഴലിനില്ലായിരിക്കാം. എന്നാല്‍ ഓടക്കുഴലിന്റെ സൗകുമാര്യവും ലാളിത്യവും പിയാനോവിനില്ല. സൗകുമാര്യത്തിന്റെയും ലാളിത്യത്തിന്റെയും സൗന്ദര്യമാണ് ഞാന്‍ വി വി കെ കവിതകളില്‍ കാണുന്നത്.’  വി.വി.കെ.എഴുതിയ കവിതകള്‍ ‘സുഗന്ധവും, മകരന്ദവും, സൗന്ദര്യവും ഒത്തുചേര്‍ന്ന കൊച്ചു കുസുമങ്ങളാണ്’ -എന്നാണ് എസ്.കെ.പൊറ്റക്കാട് വിശേഷിപ്പിച്ചത്. ഭാവശൃംഖല,സുവര്‍ണ്ണമേഖല, ഹൃദയഗായകന്‍, വല്ലകി, മണ്ണിന്റെ കവിത, എന്റെ കവിത എന്നിവയാണ് വി വി കെയുടെ കവിതാ സമാഹാരങ്ങള്‍

ഗാന്ധിജിക്ക് പത്രം വായിച്ചുകൊടുത്ത എം പി രാമചന്ദ്രന്‍
ഗാന്ധിജിയെ അടുത്തു നിന്ന് കാണുമെന്ന് വാതുവെച്ച് പിന്നെ ഗാന്ധിജിയോടൊപ്പം ജീവിക്കാന്‍ സൗഭാഗ്യം ലഭിച്ച തലശ്ശേരിക്കാരനായ എം പി രാമചന്ദ്രന്‍ കതിരൂര്‍ സ്‌കൂളില്‍ അധ്യാപകനായിരുന്നു. ഗാന്ധിജി നവഖാലിയില്‍ പദയാത്ര നടത്തുന്ന കാലത്താണ് രാമചന്ദ്രന്‍ ഗാന്ധിജിയോടൊപ്പം ചേരുന്നത്. അന്ന് ഗാന്ധിജിയോടൊപ്പം പ്രധാന സഹായികളായിട്ടുണ്ടായിരുന്നത് കല്‍ക്കത്ത സര്‍വ്വകലാശാലയിലെ നരവംശശാസ്ത്ര വിഭാഗം തലവനായിരുന്ന നിര്‍മ്മല്‍കുമാര്‍ ബോസും മലയാളിയായ പരശുറാമുമാണ്. ഇഷ്ട ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാനും, കുളിക്കാനുള്ള വെള്ളം ചൂടാക്കാനും ഗാന്ധിജി ഏല്‍പിച്ചതും രാമചന്ദ്രനെയാണ്. ചില ദിവസങ്ങളില്‍ പത്രം വായിച്ചു കൊടുത്തതും രാമചന്ദ്രനായിരുന്നു.

ചിത്രകാരന്മാരുടെ ഗ്രാമം
‘കതിരൂര്‍’ ഇന്ന് വരകളുടെയും,വര്‍ണ്ണങ്ങളുടെയും സംഗമ ഭൂമിയായ ‘ചിത്രകലാഗ്രാമ’മാണ്.  കേരളത്തിനകത്തുംപുറത്തും അറിയപ്പെടുന്ന ചിത്രകാരന്മാരുള്‍പ്പടെ അമ്പതില്‍പരം ചിത്ര–ശില്‍പകാരന്മാരാണ് ഇവിടെയുള്ളത്. ഭൂരിപക്ഷം പേരും ചിത്രകലയില്‍ അക്കാദമിക്ക് വിദ്യാഭ്യാസം നേടിയവര്‍. കെ എം ശിവകൃഷ്ണന്‍, രവീന്ദ്രന്‍ പുല്ല്യോട്, കെ ശശികുമാര്‍, പ്രൊഫ. ദാസന്‍ പുത്തലത്ത്, ക്യാമലിന്‍ പുരസ്‌കാരം ആദ്യമായി തെക്കേ ഇന്ത്യയില്‍ എത്തിച്ച ചിത്രകാരന്‍ കെ കെ സനില്‍ കുമാര്‍, ടി ദീപേഷ്  പൊന്ന്യം ചന്ദ്രന്‍,  ഭാസ്‌കരന്‍, എം പി ഗോപാലന്‍, ജീവന്‍ചി ,  പ്രേമന്‍ പൊന്ന്യം,  പൊന്ന്യം സുനില്‍, റോഷിഭ, നീനു പ്രസൂനന്‍, ലീനാറാണി തെരൂര്‍, അതിരഥ്, കെ സി രമ്യ, രഹന മോഹനന്‍,ജെ സി നവനീത്,ഷൈജു  ഇങ്ങനെ നീളുന്നു കതിരൂരിലെ  ചിത്രകാരന്മാരുടെ പേരുകള്‍  പ്രശസ്ത ചിത്രകാരനായ കെ കെ മാരാര്‍ക്ക് കതിരൂരുമായുള്ള ബന്ധം ഭാര്യ വീടുവഴിയാണ്. ശില്‍പി വത്സന്‍ കൊല്ലേരി പാട്യം പഞ്ചായത്തുകാരനാണെങ്കിലും കതിരൂരുമായി അടുത്ത ബന്ധമുള്ളയാള്‍ തന്നെ. ചിത്രകലയോടൊപ്പം കെ ശശികുമാര്‍ ശിലയിലും, വിജയന്‍ മാസ്റ്റര്‍ ദാരുവിലും, ടി വി ചന്ദ്രശേഖരന്‍ കോണ്‍ക്രീറ്റിലും, അഡ്വ. പ്രശാന്ത് കതിരൂര്‍ ഇഷ്ടികയിലും ശില്‍പങ്ങള്‍ നിര്‍മ്മിച്ച് തങ്ങളുടെതായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മുഹമ്മദ് ഫവാസ് സീഷെല്‍ വര്‍ക്കിലൂടെയും, എന്‍ ടി അനില്‍ കുമാര്‍ ചുമര്‍ ചിത്രകലയിലൂടെയും, ഇ ജാസിം അറബി അക്ഷരങ്ങള്‍  ഉപയോഗിച്ച് ചിത്രം വരക്കുന്ന രീതിയിലുമാണ് ഇടം നേടിയത്. ശിശുദിനത്തോടനുബന്ധിച്ച് 1995ല്‍ കതിരൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന ലീനാറാണി തെരൂര്‍ വരച്ച ശിശുദിന സ്റ്റാമ്പ് 55 ലക്ഷമാണ് അന്ന് സര്‍ക്കാര്‍ അച്ചടിച്ച് വിതരണം ചെയ്തത്. 

ആദ്യത്തെ ഗ്രാമീണ ആര്‍ട്ട് ഗാലറി
ജനകീയ കൂട്ടായ്മയിലൂടെ പൂര്‍ത്തീകരിച്ച ഗ്രാമീണ ആര്‍ട്ട് ഗാലറി 2003 ഡിസംബര്‍ 13 ന് തുറന്നതോടെയാണ് ചിത്രകലാരംഗത്ത് ഇന്ത്യയിലെ മറ്റ് ഗ്രാമപഞ്ചായത്തുകള്‍ക്ക് കതിരൂര്‍ ഗ്രാമപഞ്ചായത്ത് മാതൃകയായത്. 93 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ ദേശീയ നിലവാരമുള്ള ആദ്യത്തെ ഗ്രാമീണ ആര്‍ട്ട് ഗാലറിയും ഇതുതന്നെയാണ്.  കേരളത്തിനകത്തും പുറത്തുമുള്ള 50 ലധികം ചിത്രകാരന്മാരുടെ ചിത്രങ്ങള്‍ ഗാലറിക്ക് സ്വന്തമാണ്.

കെ എം ശിവകൃഷ്ണന്‍ മാസ്റ്റരുടെ സുനാമി കളമെഴുത്ത്
സുനാമി ദുരന്തത്തിന്റെ ഒരു വര്‍ഷം തികയുന്ന 2005 ഡിസംബര്‍ 26 ന് ദുരന്തത്തില്‍പ്പെട്ടവര്‍ക്കായി കതിരൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ചിത്രകലാ അധ്യാപകനും ദേശീയ അധ്യാപക അവാര്‍ഡ് ജേതാവുമായ കെ എം ശിവകൃഷ്ണന്‍ മാസ്റ്റര്‍ സമര്‍പ്പിച്ചത് കൂറ്റന്‍ കളമെഴുത്ത് ചിത്രമായിരുന്നു. മനുഷ്യകുലം രക്ഷപ്പെടണം എന്ന ആശയം മുന്‍നിര്‍ത്തി സുനാമി വിഷയമാക്കിയാണ് ശിവകൃഷ്ണനും,എം പി സച്ചിനും ചേര്‍ന്ന് 32 അടി നീളവും, 10 അടി വീതിയുമുള്ള കളമെഴുത്ത് ചിത്രം ഒരുക്കിയത്. ക്ഷേത്രങ്ങളില്‍ മാത്രം വരച്ചിരുന്ന കളമെഴുത്ത് ശബ്ദ-രൂപ-വര്‍ണ്ണ പ്രകാശ സമ്മേളനമായ ഇന്‍സ്റ്റലേഷന്‍ കളമെഴുത്തിലൂടെ പുതുമയാര്‍ന്ന രീതിയില്‍ പൊതുജനമദ്ധ്യത്തിലേക്ക് അവതരിപ്പിക്കുകയാണ് ചെയ്തത്.

കെ ശങ്കരനാരാണ മാരാര്‍ 1200ലധികം പുസ്തകങ്ങള്‍ക്ക് പുറം ചട്ടയൊരുക്കിയ കലാകാരന്‍
1200ല്‍ അധികം പുസ്തകങ്ങള്‍ക്ക് പുറംചട്ടയൊരുക്കിയ ചിത്രകാരനാണ് രണ്ട് വര്‍ഷം മുന്നെ അന്തരിച്ച കെ ശങ്കരനാരായണ മാരാര്‍. പുസ്തകത്തിലെ ഉള്ളടക്കത്തിന്റെ നേര്‍കാഴ്ചയായാണ് ആദ്യകാലങ്ങളില്‍ പലരും പുറംചട്ടയൊരുക്കിയത്. അതില്‍ നിന്നും വ്യത്യസ്തമായി പെയിന്റിങ്ങിന് പ്രാധാന്യം നല്‍കിയാണ് മാരാര്‍ പുറംചട്ട തീര്‍ത്തത്. മാരാരൊരുക്കിയ പുറം ചട്ടകളില്‍ അദ്ദേഹം തന്നെ എഴുതിച്ചേര്‍ത്ത പേരുകളില്‍ സാഹിത്യത്തിലെ തറവാട്ട് അച്ഛന്മാര്‍ തൊട്ട് തുടക്കക്കാര്‍ വരെ പെടും. ഒ ചന്തുമേനോന്‍, കേശവദേവ്, ചെറുശ്ശേരി,കുമാരനാശാന്‍, വള്ളത്തോള്‍, കുഞ്ചന്‍നമ്പ്യാര്‍, എസ് കെ പൊറ്റക്കട്, സി വി രാമന്‍പിള്ള, കെ ടി മുഹമ്മദ്, നാലപ്പാട്ട്, ടാഗോര്‍, എം ടി വാസുദേവന്‍ നായര്‍, എം മുകുന്ദന്‍, മാടമ്പ് ഇങ്ങനെ നീളുന്നു ആ പട്ടിക.

പുസ്തക പുറം ചട്ടകള്‍ക്ക് അത്ര പ്രാധാന്യമൊന്നുമില്ലായിരുന്നു ആദ്യകാലത്ത്. 1975 ഓടെ ഈ രീതി പാടെമാറി. അമൂര്‍ത്തമായ ചിത്രങ്ങള്‍ പുറംചട്ടകളായി. ചുരുങ്ങിയ വരകളിലൂടെയും കാഠിന്ന്യം കുറഞ്ഞ നിറങ്ങളിലൂടെയും ഈ കാലേയളവില്‍ പരീക്ഷണങ്ങള്‍ നടന്നു. ഇതിനു മുമ്പന്തിയില്‍ നിന്നതും മാരാര്‍ തന്നെ. ഓരോ പുസ്തകക്കവറും ഓരോ പെയിന്റിങ്ങാക്കി മാറ്റണമെന്നായിരുന്നു മാരാരുടെ സമീപനം. മാരാര്‍ പുറംചട്ടയൊരുക്കിയ മുഴുവന്‍ പുസ്തകങ്ങളുടെയും ശേഖരം അദ്ദേഹത്തിന്റെ വീട്ടില്‍ ഒരുക്കിയിട്ടുണ്ട്. 

കെ ചന്ദ്രമോഹന്‍ എന്ന മാര്‍ക്കേസ് വിവര്‍ത്തകന്‍
ഗബ്രിയേല്‍ മാര്‍ക്കേസിന്റെ ‘Tuesday Siesta’ എന്ന കഥ ‘ഉച്ചമയക്കം’ എന്ന പേരില്‍ വിവര്‍ത്തനം ചെയ്ത് ഗാബോ സാഹിത്യം മലയാളത്തിന് ആദ്യമായി തുറന്നു കൊടുത്തത് കതിരൂര്‍കാരനായ കെ.ചന്ദ്രമോഹനനാണ്. 1970കളില്‍ ചില ലേഖനങ്ങള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലേക്ക് കൊടുത്തപ്പോള്‍ അന്നത്തെ പത്രാധിപരായ എന്‍. വി. കൃഷ്ണവാര്യര്‍ ചന്ദ്രമോഹനനോട് പറഞ്ഞത് ഇങ്ങനെയാണ് :’താന്‍ എഴുതിയ രണ്ട് പേരഗ്രാഫ് വികസിപ്പിച്ചാല്‍ ഒരു ലക്കത്തിന് ധാരാളം. അതേ സാധാരണക്കാരന് മനസ്സിലാവൂ’. നേരൂദയുടെ തിരഞ്ഞെടുത്ത കഥകള്‍ മാതൃഭൂമിയാണ് പ്രസിദ്ധീകരിച്ചത്. അവതാരികയെഴുതിതാവട്ടെ എം. പി. ശങ്കുണ്ണി നായരും. 

‘സമാഹൃതരചനകള്‍’ എന്നൊരു പുസ്തകം വര്‍ഷങ്ങള്‍ക്ക് മുന്നെ കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാഫ്കയുടെ ‘കാസില്‍’ (The Castle)  ജര്‍മ്മന്‍ ഭാഷയില്‍ നിന്നും നേരിട്ട് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്ന തിരക്കിലാണ് ചന്ദ്രമോഹന്‍. കാഫ്കയുടെ കൈയ്യെഴുത്ത്പ്രതി നേരിട്ട് ജര്‍മ്മന്‍ ഭാഷയില്‍ അച്ചടിച്ചതിന്റെ കോപ്പി ഉപയോഗിച്ചാണ് വിവര്‍ത്തനം ചെയ്യുന്നത്. 

മമ്പള്ളി അനന്തന്‍ എന്ന ക്രിക്കറ്റര്‍
ക്രിക്കറ്റിന് ഇന്നു കാണുന്ന ഗ്ലാമറും പണക്കൊഴുപ്പും ഉണ്ടാവുന്നതിനുമുമ്പ് കളിയോടുള്ള സ്‌നേഹം കൊണ്ടുമാത്രം ബാറ്റും ബോളും കൈയിലെടുത്ത ഒരു തലമുറയുടെ നായകനായിരുന്നു മമ്പള്ളി അനന്തന്‍ എന്ന ആള്‍ റൗണ്ടര്‍. അദ്ദേഹം ജീവിതത്തിന്റെ അവസാന കാലം കഴിച്ചു കൂട്ടിയതും, അന്ത്യ വിശ്രമം കൊള്ളുന്നതും കതിരൂരില്‍ തന്നെ. കേരളത്തിലെ ആദ്യ രഞ്ജി ട്രോഫി ടീം ക്യാപ്ടനും മികച്ച ബൌളറുമായിരുന്ന മമ്പള്ളി പൊന്നമ്പത്ത് അനന്തന്‍ 2003 നവംബര്‍ 30നാണ് ജീവിതത്തില്‍ നിന്ന് റിട്ടയര്‍ ചെയ്തത്. രഞ്ജി ക്രിക്കറ്റില്‍ തിരു കൊച്ചി ടീമിലൂടെ കേരളം നേടിയ ആദ്യവിജയം 1953 നവംബര്‍ 30നായിരുന്നു. അനന്തന്‍ അഞ്ച് വിക്കറ്റെടുത്ത് മികച്ച ബൌളിംഗ് നടത്തിയ മത്സരമായിരുന്നു അത്. ആ ചരിത്ര വിജയത്തിന്റെ അമ്പതാം വാര്‍ഷിക ദിനത്തില്‍ തന്നെയാണ് ഒരുപാട് ഓര്‍മ്മകള്‍ ബാക്കിയാക്കി അനന്തന്‍ യാത്രയായത്.

എ കെ ജി പേരിട്ട ജതീന്ദ്രനാഥ് ദാസ് 
കതിരൂര്‍ ഹൈസ്‌കൂളിന്റെ വടക്കുഭാഗത്തുണ്ടായിരുന്ന പൂവത്തിന്‍ കീഴില്‍ കള്ള് ഷാപ്പ് എ കെ ജിയുടെ നേതൃത്വത്തില്‍ പിക്കറ്റിങ്ങ് നടത്തിയ ആദ്യ ബാച്ചില്‍ യോഗിമഠത്തില്‍ ആയ്യത്താന്‍ ചാത്തുക്കുട്ടി മാസ്‌റററുമുണ്ടായിരുന്നു. പിക്കറ്റിങ്ങിനിടെയാണ് ബംഗാളിലെ സ്വാതന്ത്ര്യ സമര പോരാളി ജതീന്ദ്രനാഥ് ദാസിനെ തൂക്കിലേറ്റിയ വിവരം സമരക്കാര്‍ക്കിടയിലെത്തുന്നത്. അതേസമയം തന്നെയാണ്  ചാത്തുക്കുട്ടി മാസ്‌റററുടെ ഭാര്യ ആണ്‍കുട്ടിയെ പ്രസവിച്ച വിവരവും വന്നത്. ഉടന്‍ തന്നെ എ കെ ജി മാസ്റ്ററെ വിളിച്ചു പറഞ്ഞു. നിങ്ങളുടെ മകന്റെ പേര് ജതീന്ദ്രനാഥ് ദാസ്. അത് മാസ്റ്ററും അംഗീകരിച്ചു. കതിരൂര്‍ ഹൈസ്‌കൂളില്‍ വിദ്യാഭ്യാസം നേടുകയും അവിടെത്തന്നെ ദീര്‍ഘകാലം അധ്യാപകനും, ഇപ്പോള്‍ റിട്ട.എ.ഇ.ഒ.ആയി കതിരൂരില്‍ വിശ്രമ ജീവിതം നയിക്കുകയാണ് ജതീന്ദ്രനാഥ് ദാസ്.

സി ആര്‍ രാമക്കുറുപ്പ്, കെ എന്‍ ചാത്തുക്കുട്ടി നായര്‍, മടപ്പള്ളി കൃഷ്ണന്‍ മാസ്റ്റര്‍, കാരായി കൃഷ്ണന്‍, കെ ചാത്തുക്കുട്ടി നായര്‍, വടവതി ഭരതന്‍ മാസ്റ്റര്‍ എന്നിവര്‍ കതിരൂരിലെ സ്വാതന്ത്ര്യ സമര നായകന്മാരില്‍ പ്രധാനികളാണ്. സി.പി.ഐ.നേതാവായിരുന്ന എന്‍ ഇ ബാലറാം ദീര്‍ഘകാലം കതിരൂരിലെ സ്ഥിരതാമസക്കാരനായിരുന്നു.

സാഹിത്യകാരന്മാരായ തായാട്ട് ശങ്കരന്‍, കെ പി ബി പാട്യം, കെ തായാട്ട്, കെ പാനൂര്‍, കെ പൊന്ന്യം, സര്‍വ്വോദയസംഘം പ്രവര്‍ത്തകന്‍ തായാട്ട് ബാലന്‍, മുന്‍ എം പിമാരായ പാട്യം ഗോപാലന്‍, പാട്യം രാജന്‍, അഡ്വ. പി സതീദേവി, മുന്‍ എം എല്‍ എ പി ജയരാജന്‍, ശാസ്ത്രജ്ഞന്മാരായ വി അച്യുതന്‍, എം എ ജയേന്ദ്രന്‍, കെ പി പ്രഭാകരന്‍ നമ്പ്യാര്‍, കെ. പ്രദീപ് കുമാര്‍,ചലചിത്ര താരം ശ്രീനിവാസന്‍ ഇങ്ങനെ നീളുന്നു  കതിരൂര്‍ സ്‌കൂളില്‍ നിന്ന് പഠിച്ചിറങ്ങിപ്പോയ വിദ്യാര്‍ഥികളുടെ പട്ടിക.

ചരിത്രവും പുരാവൃത്തങ്ങളും കേട്ടറിവുകളും ചികഞ്ഞാല്‍ ഇനിയുമേറെപ്പേരുണ്ട് പരാമര്‍ശ യോഗ്യരായവര്‍. അതിന്‍റെ തുടര്‍ച്ച ഇന്നും പ്രകടിപ്പിക്കുന്ന ഒട്ടനവധി വായനശാലകളും സാംസ്കാരിക കൂട്ടായ്മകളും കതിരൂരിലുണ്ട്. ഇങ്ങനെയൊരു ദേശത്തിന്റെ സമ്പന്നമായ പൈതൃകത്തെയും സജീവമായ വര്‍ത്തമാന കാലത്തെയും കൊലയാളി ഗ്രാമമെന്ന ചോരപ്പൊട്ടില്‍ ഒതുക്കാന്‍ കഴിയുമോ എന്നതാണ് പ്രസക്തമായ ചോദ്യം.

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍