UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കതിരൂര്‍ മനോജ് വധം: പി ജയരാജന് മുന്‍കൂര്‍ ജാമ്യമില്ല

അഴിമുഖം പ്രതിനിധി

ആര്‍എസ് എസ് നേതാവ് കതിരൂര്‍ മനോജിനെ കൊന്ന കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് മുന്‍കൂര്‍ ജാമ്യമില്ല. കേസില്‍ 25-ാം പ്രതിയായ ജയരാജന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തലശേരി സെഷന്‍സ് കോടതി തള്ളി. ഹൈക്കോടതിയെ സമീപിക്കാനാണ് സിപിഐഎം തീരുമാനം. ഇത് മൂന്നാം തവണയാണ് ജയരാജന്റെ ജാമ്യാപേക്ഷ തള്ളുന്നത്. ജയരാജന് എതിരെ യുഎപിഎ അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ജാമ്യ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ സിബിഐയ്ക്ക് ജയരാജനെ ഏത് സമയത്തും അറസ്റ്റ് ചെയ്യാം. നിലവില്‍ ജയരാജന്‍ കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു പക്ഷേ അറസ്റ്റിന് മുമ്പായി തങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഒരു വിദഗ്ദ്ധ മെഡിക്കല്‍ സംഘത്തെ കൊണ്ട് സിബിഐ ജയരാജന്റെ ആരോഗ്യ നില പരിശോധിച്ചു കൂടായ്കയില്ല. ഇത്തരം ഒരു സാഹചര്യം സിപിഐഎമ്മും തള്ളിക്കളയുന്നില്ല. ജയരാജനെ പരിശോധിക്കുക തന്നെ വേണമെന്നാണ് ആക്ടിങ് സെക്രട്ടറി എം വി ജയരാജന്റെ നിലപാട്. പരിശോധിക്കുന്ന പക്ഷം അദ്ദേഹം ഇപ്പോള്‍ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ സിബിഐയ്ക്കും വ്യക്തമാകുമെന്നാണ് എം വി ജയരാജന്റെ വാദം. എന്നാല്‍ ഇതിനെ വാദത്തിനുവേണ്ടിയുള്ള വാദമായി മാത്രമേ കാണേണ്ടതുള്ളൂ. പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചില്‍ ജില്ലയിലെ മുഴുവന്‍ സ്വീകരണ കേന്ദ്രങ്ങളിലും പി ജയരാജന്റെ സജീവ സാന്നിദ്ധ്യമുണ്ടായിരുന്നു. ഇങ്ങനെയൊരാള്‍ പെട്ടെന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ പറഞ്ഞ് ആശുപത്രിയില്‍ കഴിയുന്നത് അറസ്റ്റ് ഒഴിവാക്കാനാണെന്ന വാദം ശക്തമാണ്. 2014 സെപ്തംബര്‍ ഒന്നിനാണ് കതിരൂരിലെ ഇളംതോട്ടത്തില്‍ മനോജ് എന്ന ആര്‍ എസ് എസ് നേതാവ് വധിക്കപ്പെട്ടത്. മനോജ് സഞ്ചരിച്ചിരുന്ന കാറിന് നേരെ ബോംബ് എറിഞ്ഞശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നേരത്തെ പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് കൊല്ലപ്പെട്ട മനോജ്. മനോജിന്റെ വധത്തെ ബിജെപി കേന്ദ്ര നേതൃത്വം വളരെ ഗൗരവമായാണ് കണ്ടത് എന്നതിന്റെ സൂചനയാണ് കേസ് അന്വേഷണം പെട്ടെന്ന് തന്നെ സിബിഐയ്ക്ക് കൈമാറിയത്. ജയരാജന് എതിരെ ചുമത്തിയിട്ടുള്ളത് കള്ളക്കേസാണെന്നും ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതിന്റെ കേരള സന്ദര്‍ശനത്തിന് ഇതുമായി ബന്ധമുണ്ടെന്നും സിപിഐഎം ആരോപിക്കുന്നതും അതുകൊണ്ട് തന്നെയാണ്.

കണ്ണൂര്‍ ജില്ലയില്‍ അടുത്ത കാലത്ത് ബിജെപിയില്‍ നിന്നും സിപിഐഎമ്മിലേക്ക് പലരും ചേക്കേറിയിരുന്നു. സ്ഥിരം കലാപ ബാധിത പ്രദേശമായ പാനൂരില്‍ നിന്നായിരുന്നു കൂടുതല്‍ പേരും സിപിഐഎമ്മിലേക്ക് എത്തിയത്. ഇക്കൂട്ടത്തില്‍ ബിജെപിയുടെ മുന്‍ ജില്ലാ പ്രസിഡന്റ് ഒ കെ വാസുവും പാനൂരിലെ തന്നെ മറ്റൊരു പ്രബലനേതാവായ എ അശോകനും ഉള്‍പ്പെടുന്നു. ഇവരുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞു പോക്ക് പാനൂര്‍ മേഖലയില്‍ ബിജെപിക്കും ആര്‍ എസ് എസിനും കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയത്. ബിജെപി, ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ മനംമാറ്റത്തിന് കളംഒരുക്കിയ ആളെന്ന നിലയില്‍ പി ജയരാജന്‍ ബിജെപി-ആര്‍എസ് എസ് നേതൃത്വത്തിന്റെ മുഖ്യശത്രുവാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍