UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കതിരൂര്‍ മനോജ് വധം: ജയരാജനെ തല്‍ക്കാലത്തേക്ക് സിബിഐയ്ക്ക് കിട്ടില്ല

അഴിമുഖം പ്രതിനിധി

ആര്‍ എസ് എസ് നേതാവ് കതിരൂര്‍ മനോജ് വധിക്കപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ തല്‍ക്കാലം ചോദ്യം ചെയ്യാനായി സിബിഐ കസ്റ്റഡിയില്‍ ലഭിക്കില്ല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം മറ്റെന്നാളത്തേയ്ക്ക് സെഷന്‍സ് കോടതി മാറ്റി വച്ചു.

ജയരാജന് അതിഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അദ്ദേഹത്തിനെ സിബിഐ കസ്റ്റഡിയില്‍ വിട്ടു കൊടുക്കുന്നത് ശരിയാകില്ലെന്നുമുള്ള അഭിഭാഷകന്റെ വാദത്തിനൊപ്പം പരിയാരം മെഡിക്കല്‍ കോളെജില്‍ ലഭിച്ച പ്രാഥമിക ചികിത്സാ റിപ്പോര്‍ട്ടിന്റേയും കൂടി വെളിച്ചത്തിലാണ് കോടതിയുടെ തീരുമാനം. ജയരാജന്‍ കേസില്‍ പ്രതിയാണെന്നും ഇദ്ദേഹത്തിനെ ഇതുവരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടു കിട്ടിയിട്ടില്ലെന്നുമാണ് സിബിഐയുടെ അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചത്.

അതേസമയം ജയരാജന് വേണമെങ്കില്‍ ഏതു സമയത്തും ആശുപത്രിയില്‍ വച്ച് സിബിഐയ്ക്ക് ചോദ്യം ചെയ്യാം എന്ന എതിര്‍ വാദമാണ് ജയരാജന്റെ അഭിഭാഷകന്‍ കോടതി മുമ്പാകെ വച്ചത്. ഇതിനിടെ സിബിഐ നേരത്തേ ആവശ്യപ്പെട്ടത് അനുസരിച്ച് പരിയാരം മെഡിക്കല്‍ കോളെജിലെ ഹൃദ്രോഗ വിദഗ്ദ്ധന്‍ എസ് എം അഷ്‌റഫ് നല്‍കിയ റിപ്പോര്‍ട്ട് ജയരാജനെ വേണമെങ്കില്‍ ഒരു മെഡിക്കല്‍ ബോര്‍ഡിന് മുമ്പില്‍ ഹാജരാക്കാം എന്നതാണ്. ജയരാജനെ സത്യത്തില്‍ അസുഖം ഒന്നുമില്ലെന്നും സിബിഐ കസ്റ്റഡി ഒഴിവാക്കി കിട്ടാനുള്ള നീക്കങ്ങളാണ് നടക്കുന്നത് എന്നുമുള്ള ആരോപണങ്ങള്‍ക്കിടയിലാണ് ഇന്ന് സംഭവവികാസങ്ങള്‍.

രാവിലെ തന്നെ ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. റിമാന്റ് പ്രതിക്ക് 24 മണിക്കൂറിലേറെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കാന്‍ ആകില്ലെന്ന ജയില്‍ നിയമം അനുസരിച്ചാണ് ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റാന്‍ നേരത്തെ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് നിര്‍ദ്ദേശിച്ചിരുന്നത്.

ജയരാജന്‍ കേസ് എത്രമാത്രം രാഷ്ട്രീയ വല്‍ക്കരിക്കാന്‍ പറ്റുമെന്നാണ് ഇപ്പോള്‍ സിപിഐഎമ്മും ബിജെപിയും ശ്രമിക്കുന്നത്. ഇതിനിടയില്‍ പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസും സിപിഐഎമ്മും ഒരുമിക്കുന്നു എന്ന വാര്‍ത്തകളുടെ പേരില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇരുവിഭാഗവും ശ്രമം നടത്തുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍