UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കതിരൂര്‍ മനോജ് വധത്തിന് പിന്നിലെ ബുദ്ധി കേന്ദ്രം പി ജയരാജന്‍: സിബിഐ

അഴിമുഖം പ്രതിനിധി

കതിരൂര്‍ മനോജ് വധത്തിന് പിന്നിലെ ബുദ്ധി കേന്ദ്രം പി ജയരാജനാണെന്ന് ചൂണ്ടിക്കാണിച്ച് സിബിഐ ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ് മൂലം സമര്‍പ്പിച്ചു. പല മൃഗീയ കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലും പി ജയരാജന് പങ്കുണ്ടെന്നും സിപിഐഎമ്മിനെ ഉപയോഗിച്ച് അന്വേഷണ ഏജന്‍സികളെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ജയരാജന്റെ രീതിയെന്നും സിബിഐ സത്യവാങ് മൂലത്തില്‍ പറയുന്നു.

മനോജ് വധക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പി ജയരാജന്‍ സമര്‍പ്പിച്ച അപേക്ഷയ്‌ക്കെതിരെയാണ് സിബിഐ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

നിയമത്തെ മറികടക്കാനും അന്വേഷണം അട്ടിമറിക്കാനും ശ്രമിക്കുന്ന ജയരാജനെ അറസ്റ്റ് ചെയ്യേണ്ടത് കതിരൂര്‍ മനോജ് വധക്കേസിന്റെ തുടരന്വേഷണത്തിന് അത്യാവശ്യമാണെന്ന് സിബിഐ പറയുന്നു.

അതേസമയം സിബിഐ അസംബന്ധങ്ങളുടെ ഘോഷയാത്ര നടത്തുന്ന അന്വേഷണ ഏജന്‍സിയാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. സിബിഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ് മൂലത്തിലെ വാദങ്ങളോട് പ്രതികരിക്കുകയായിരുന്നു പിണറായി.

നേരത്തെ കോണ്‍ഗ്രസിന്റെ താല്‍പര്യം സംരക്ഷിച്ചിരുന്ന സിബിഐ ഇപ്പോള്‍ ബിജെപിയുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നതെന്നും ഒരു നേതാവിനെ ജയിലിലടച്ച് പാര്‍ട്ടിയെ തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. നീതിനിഷേധമാണ് ഇവിടത്തെ പ്രശ്‌നം. അത് ജനങ്ങള്‍ മനസ്സിലാക്കുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

അതിനിടെ മനോജ് വധക്കേസില്‍ സിബിഐയുടെ ശക്തമായ ഇടപെടല്‍ ആവശ്യപ്പെട്ടു കൊണ്ട് ആര്‍ എസ് എസ് സംസ്ഥാന നേതൃത്വം ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്ക് അയച്ച കത്ത് മാതൃഭൂമി ന്യൂസ് പുറത്തുവിട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍