UPDATES

സൗമ്യ വധക്കേസ്: ജസ്റ്റിസ് കട്ജു ഇന്ന് സുപ്രീം കോടതിയില്‍ ഹാജരാകും

അഴിമുഖം പ്രതിനിധി

സൗമ്യവധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയെ കൊലക്കുറ്റത്തില്‍ നിന്ന് ഒഴിവാക്കുകയും വധശിക്ഷ റദ്ദാക്കുകയും ചെയ്ത വിധിക്കെതിരെ സുപ്രീം കോടതിയിലെ മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു ഇന്ന് സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരായി നിലപാട് വ്യക്തമാക്കും. കോടതിയുടെ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തിലാണ് ഇത്. ഗോവിന്ദച്ചാമിയെ കൊലയാളിയായി കണക്കാക്കി വധശിക്ഷ പുനസ്ഥാപിക്കണമെന്നാണ് തന്‌റെ നിലപാടെന്നും ഇത് കോടതിയെ അറിയിക്കുമെന്നും ജസ്റ്റിസ് കട്ജു ഫേസ്ബുക് പോസ്റ്റില്‍ വ്യക്തമാക്കി.

ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മ സുമതി ഗണേശും നല്‍കിയ പുനപരിശോധനാ ഹര്‍ജികളില്‍ കഴിഞ്ഞ മാസം 17ന് വാദം പൂര്‍ത്തിയായിരുന്നു. കേസില്‍ സുപ്രീംകോടതി വിധി തെറ്റാണെന്ന് കട്ജു അഭിപ്രായപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് കോടതിയില്‍ നേരിട്ട് ഹാജരായി ഇക്കാര്യം വിശദീകരിക്കാന്‍ കട്ജുവിനോട് ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, പ്രഫുല്ലചന്ദ്ര പാന്ത്, യു.യു.ലളിത് എന്നിവരുടെ മൂന്നംഗ ബെഞ്ച് അഭ്യര്‍ത്ഥിച്ചത്. സുപ്രീം കോടതിയുടെ ചരിത്രത്തിലെ തികച്ചും അസാധാരണ നടപടിയായാണ് ഇത് വിശേഷിപ്പിക്കപ്പെട്ടത്. ജസ്റ്റിസ് കട്ജുവിന്റെ വിഷയം പരിഹരിക്കാന്‍ ബാക്കി നില്‍ക്കുന്നതിനാല്‍ വാദം പൂര്‍ത്തിയായ ഹര്‍ജികളില്‍ നിലപാട് പറയുന്നില്ലെന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു.

സൗമ്യ വധക്കേസില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 15ന്‌റെ വിധി പുനപരിശോധിക്കണമെന്നും പരസ്യവാദം വേണമെന്നുമുള്ള കട്ജുവിന്റെ ഫേസ്ബുക് പോസ്റ്റ് പുനപരിശോധനാ ഹര്‍ജിയാക്കി മാറ്റാന്‍ കോടതി സ്വമേധയാ തീരുമാനിക്കുകയായിരുന്നു. കോടതിയുടെ ഉത്തരവ് വന്നയുടന്‍ നടത്തിയ പ്രതികരണത്തില്‍, താന്‍ ഹാജരാകില്ലെന്നാണ് ജസ്റ്റിസ് കട്ജു നിലപാടെടുത്തത്.

താന്‍ കോടതിയെ നിരന്തരം വിമര്‍ശിക്കുന്നതില്‍ വികാരംകൊണ്ടാവാം ഇത്തരമൊരു ഉത്തരവു നല്‍കിയതെന്നും സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിമാര്‍ കോടതിയില്‍ ഹാജരാകേണ്ട കാര്യമില്ലെന്നും ഭരണഘടനയുടെ 124 (7) വകുപ്പ് ചൂണ്ടിക്കാട്ടി ജസ്റ്റിസ് കട്ജു പറഞ്ഞിരുന്നു. തന്നെ അപമാനിക്കാനുള്ള ശ്രമമാണെന്ന വിലയിരുത്തലിലാണ് ഇങ്ങനെ നിലപാട് സ്വീകരിച്ചതെന്ന് കട്ജു പറഞ്ഞിരുന്നു. എന്നാല്‍, പിന്നീട് കട്ജു നിലപാട് മാറ്റി. കോടതിയില്‍ നിന്ന് തനിക്കു ലഭിച്ച നോട്ടീസില്‍, ഹാജരാവാന്‍ തന്നോട് ഉത്തരവിടുകയല്ല, അഭ്യര്‍ത്ഥിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും, വിധി പുനപരിശോധിക്കാന്‍ ജഡ്ജിമാര്‍ക്ക് ആത്മാര്‍ഥമായ താല്‍പര്യമുണ്ടെന്നും കട്ജു അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍