UPDATES

സിനിമ

ഗാനരചന; കാവാലം

Avatar

അഴിമുഖം പ്രതിനിധി

കാവാലവും എം ജി രാധാകൃഷ്ണനും ചേര്‍ന്ന് മലയാളിക്ക് നല്‍കിയത് മണം ചോരാത്ത ഒരുപിടി ലളിതഗാനങ്ങളാണ്. ഘനശ്യാമ സന്ധ്യാഹൃദയം, ഓടക്കുഴല്‍ വിളി, അന്നത്തോണി പൂന്തോണി…എന്നിങ്ങനെ…

മലയാള ചലച്ചിത്ര ഗാനരംഗത്തേക്ക് കാവാലം കടന്നെത്തുന്നതിനു കാരണമായതും ലളിതഗാനങ്ങള്‍ തന്നെയായിരുന്നു. ലളിതഗാനത്തില്‍ നിന്നുള്ള എക്സ്റ്റന്‍ഷന്‍ ആയിരുന്നു സിനിമാ ഗാനങ്ങള്‍.

കാവാലം പാട്ടുകളുടെ ആസ്വാദകനായിരുന്ന അരവിന്ദനാണ് അദ്ദേഹത്തെ സിനിമയുടെ പാട്ടുവഴിയിലേക്ക് വിളിക്കുന്നത്. തമ്പ് ആയിരുന്നു ആദ്യ ചിത്രം. സംഗീതസംവിധായകനായി എം ജി രാധാകൃഷ്ണനെ കാവാലം നിര്‍ദ്ദേശിച്ചു. രാധാകൃഷ്ണ സങ്കല്‍പ്പങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ‘ഓടക്കുഴല്‍ വിളി’ എന്ന ഗാനത്തിന്റെ മൂഡിലുള്ള പാട്ടായിരുന്നു അരവിന്ദന്‍ ആഗ്രഹിച്ചത്. ‘ഒരു യമുനാനദി’ എന്ന ഗാനം പിറക്കുന്നത് അങ്ങനെയാണ്. തമ്പിലെ ശ്രദ്ധേയമായ ഗാനം ‘കാനകപെണ്ണ് ചെമ്മരത്തി…’ ആയിരുന്നു. ഈ പാട്ടുപാടുന്നവരില്‍ മിക്കവരും കാനനപെണ്ണ് എന്നു തെറ്റായാണ് ഉച്ചരിക്കുന്നത്. കാനകം എന്നാല്‍ സ്വര്‍ണം, കാനകപെണ്ണെന്നാല്‍ സ്വര്‍ണത്തിന്റെ മാറ്റുള്ള പെണ്ണ്; കാവാലം തന്നെ പലവുരു വിശദീകരിച്ച കാര്യം. അതേപോലെ ചെമ്മരത്തി എന്ന പ്രയോഗവും. കതിവനൂര്‍ വീരന്‍ ഐതിഹ്യത്തില്‍ നിന്നാണ് ചെമ്മരത്തി എന്ന പദം കാവാലം അടര്‍ത്തിയെടുത്തത്.

ഗാനം: കാനകപെണ്ണ് ചെമ്മരത്തി
ചിത്രം- തമ്പ്

സംവിധാനം: അരവിന്ദന്‍
സംഗീതം: എം ജി രാധാകൃഷ്ണന്‍
രചന: കാവാലം
ആലാപനം: ഉഷ രവി

കാവാലത്തിന്റെ പാട്ടില്‍ പ്രയോഗിക്കുന്ന പല വാക്കുകള്‍ക്കും അര്‍ത്ഥം കാണണമെന്നില്ല. വാടകയ്‌ക്കൊരു ഹൃദയം എന്ന ചിത്രത്തില്‍ ‘ഒഴിഞ്ഞ വീടിന്‍ ഉമ്മറക്കോടിക്ക് ഓടോടി മൈന ചിലച്ചു’ എന്നദ്ദേഹം എഴുതി. ഓടോടി മൈന എന്നത് അദ്ദേഹത്തിന്റെതായ വാക്കായിരുന്നു. ഓടോടിമൈന എന്നാല്‍ ഓടിയോടി തളര്‍ന്ന മൈന. അതുപോലെയാണ് ഉമ്മറക്കോടി എന്ന പ്രയോഗവും. കോടി എന്നാല്‍ കോണ്‍, ഉമ്മറക്കോണാണ് അദ്ദഹം ഉമ്മറക്കോടിയെന്ന് മാറ്റിയത്. ‘ഓടക്കുഴല്‍ വിളി ഒഴുകിവരും…’എന്ന ഗാനത്തില്‍ അനുരാഗിലം എന്നു പ്രയോഗിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് കൈതപ്രത്തിന്റെ പാട്ടുകളിലും ഇത്തരത്തിലുള്ള വാക്പ്രയോഗങ്ങള്‍ കാണാം. കാവാലം കളരിയില്‍ നിന്നുവന്നൊരാളായിരുന്നല്ലോ കൈതപ്രവും. ആദ്യ സിനിമയായ എന്നെന്നും കണ്ണേട്ടനിലെ ‘തൂവട്ടക തട്ടിചിന്നി’ എന്ന പാട്ടില്‍ തന്നെ കാവാലം ടച്ച് മനസിലാകും.

ഗാനം: ഒഴിഞ്ഞ വീടിന്‍ ഉമ്മറക്കോടിക്ക്…
ചിത്രം: വാടകയ്‌ക്കൊരു ഹൃദയം
സംവിധാനം: ഐ വി ശശി
സംഗീതം: ജി ദേവരാജന്‍
രചന: കാവാലം
ആലാപനം:യേശുദാസ്

സിനിമയുടെ വഴികളുമായി പെട്ടെന്നു യോജിക്കാന്‍ കാവാലത്തിനു കഴിഞ്ഞിരുന്നു. ട്യൂണിനനുസരിച്ചും അല്ലാതെയും വരികളെഴുതാന്‍ അദ്ദേഹം ഒരുപോലെ മിടുക്കു കാണിച്ചു. ജോണ്‍സന്റെ ട്യൂണില്‍ ‘ഗോപികേ നിന്‍വിരല്‍..’ എന്ന പാട്ടും ദേവരാജന്റെ സംഗീതത്തില്‍ ‘പുലരിത്തൂമഞ്ഞു തുള്ളിയില്‍…’ എന്നീ ഗാനങ്ങളൊക്കെ ട്യൂണിന് അനുസരിച്ച് എഴുതിയവയാണ്.


ഗാനം: ഗോപികേ നിന്‍വിരല്‍
ചിത്രം- കാറ്റത്തെ കിളിക്കൂട്
സംവിധാനം: ഭരതന്‍
സംഗീതം: ജോണ്‍സണ്‍
രചന: കാവാലം
ആലാപനം: എസ്. ജാനകി

ഒരേസമയം ബുദ്ധിമുട്ടുമായിരുന്നു കാവാലത്തിന്റെ വരികള്‍ക്ക് സംഗീതം നല്‍കുന്നത്. ആദ്യത്തെ വരി ചെറുതാണെങ്കില്‍ രണ്ടാമത്തേത് ദീര്‍ഘമേറിയതും തൊട്ടുപിന്നാലെ വരുന്നത് ചുരുങ്ങുകയും ചെയ്യുന്നതരത്തിലൊക്കെയായിരുന്നു കാവാലം എഴുതിയിരുന്നത്. കാവാലത്തിന് അദ്ദേഹത്തിന്റെതായൊരു വികടതാളമുണ്ടായിരുന്നു. അതു മനസിലാക്കുന്നവര്‍ക്കായിരുന്നു അദ്ദേഹവുമായി ചേര്‍ന്ന് ഹിറ്റുകള്‍ സൃഷ്ടിക്കാന്‍ സാധിച്ചിരുന്നത്. ദേവരാജനൊക്കെ ആദ്യം കാവാലത്തിന്റെ ഉള്ളിലെ താളം മനസിലാക്കിയെടുക്കും, അതിനു ചേര്‍ന്ന ട്യൂണ്‍ ഒരുക്കും. എം ജി രാധാകൃഷ്ണന്‍ തൊട്ട് പ്രശാന്ത് പിള്ള വരെയുള്ള സംഗീതസംവിധായകര്‍ ആ താളം തിരിച്ചറിഞ്ഞു പാട്ടുകളൊരുക്കിയവരാണ്. ആമേനിലെ ഗാനവും അതുപോലെ ഇവന്‍ മേഘരൂപനിലെ ശരത് സംഗീതം ചെയ്ത ‘ആണ്ടലോണ്ടേ നേരെ കണ്ണിലേ… ‘എന്ന ഗാനവുമൊക്കെ ട്യൂണിനനുസരിച്ച് കാവാലം എഴുതിയവയാണ്. ഒരേ സമയം താളവും സാഹിത്യവും കാവാലത്തിന് വഴങ്ങിയിരുന്നു. അഹം എന്ന ചിത്രത്തിലെ ‘നിറങ്ങളെ പാടൂ…’എന്ന ഗാനവും ആയിരപ്പറയിലെ ‘നാട്ടുപച്ചക്കിളി പെണ്ണേയും’ കാവാലം പാട്ടുകളുടെ രണ്ടു തരത്തിലുള്ള ഭാവങ്ങളാണ്. 
ഗാനം: പമ്പര പാ പാ..
ചിത്രം- ആമേന്‍
സംവിധാനം: ലിജോ ജോസ് പല്ലിശേരി
സംഗീതം: പ്രശാന്ത് പിള്ള
രചന: കാവാലം
ആലാപനം: നിതിന്‍ രാജ്, രമ്യാനമ്പീശന്‍, സോപാനം അനില്‍,സോപാനം സതീഷ്

കാവാലത്തിന്റെ മനസില്‍ അന്തര്‍ലീനമായി കിടക്കുന്ന നാടന്‍ താളമുണ്ട്. ആ താളത്തിലായിരുന്നു അദ്ദേഹം എഴുതിയതെല്ലാം…

കാവാലം ക്ഷോഭിച്ചിരുന്ന സാഹചര്യങ്ങളുമുണ്ട്. അദ്ദേഹത്തിന്റെ വരികള്‍ മാറ്റിയെഴുതണമെന്ന് ആരെങ്കിലും പറയുമ്പോഴായിരുന്നു ആ ക്ഷോഭം. വരികളില്‍ തിരുത്തുവന്നാല്‍ മൊത്തം താളം പിഴയ്ക്കുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. കാവാലം താളനിബദ്ധമായൊരു ജീവിതമായിരുന്നു. മലയാള സിനിമയിലെ ഗാനരചയിതാക്കളില്‍ കാവാലം നാരായണപ്പണിക്കരെ വ്യത്യസ്തനാക്കിയതും അതേ താളം തന്നെയായിരുന്നു… 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍