UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാവാലത്തില്‍ തുടങ്ങി കാവാലത്തില്‍ തീരുമോ തനതു നാടകപ്രസ്ഥാനം?

Avatar

ടി.സി രാജേഷ്

കാവാലം നാരായണപ്പണിക്കര്‍ വിടവാങ്ങി. ഇന്ത്യന്‍ നാടകത്തില്‍ തനതു നാടകപ്രസ്ഥാനത്തിന് തിരശ്ശീല വീഴുകയാണെന്ന് പറയേണ്ടിയിരിക്കുന്നു. കാവാലം നാരായണപ്പണിക്കര്‍ എന്ന ഇതിഹാസത്തിനപ്പുറത്തേക്ക് കേരളത്തിന്റെ സംഭാവനയായ തനതു നാടകവേദി ഉണ്ടാകില്ല. അങ്ങനെ വളരാന്‍ തനതു നാടകവേദിക്കാകില്ലെന്നതാണ് വസ്തുത. അവശേഷിക്കുന്നതൊക്കെ അദ്ദേഹം ചൊല്ലിപ്പഠിപ്പിച്ച രംഗപാഠങ്ങളുടെ വികലമായ അനുകരണങ്ങൾ മാത്രമായിരിക്കും. കാളിദാസന്റെയും ഭാസന്റെയും മറ്റും ഇതിഹാസസമാനമായ നാടകങ്ങൾക്ക് അർഥവത്തായ രംഗരൂപം നൽകി ലോകമൊട്ടാകെ സഞ്ചരിച്ച നാടകപ്രതിഭയേയാണ് കാവാലത്തിന്റെ മരണത്തോടെ നമുക്കു നഷ്ടമാകുന്നത്. ഓട്ടൻതുള്ളൽ പ്രസ്ഥാനം കുഞ്ചൻ നമ്പ്യാരിൽ മാത്രം ഒതുങ്ങുന്നതുപോലെ തനതു നാടകപ്രസ്ഥാനം കാവാലം നാരായണപ്പണിക്കരിൽ തുടങ്ങി കാവാലം നാരായണപ്പണിക്കരിൽ അവസാനിക്കുന്നു.

രണ്ടുവര്‍ഷം മുന്‍പാണ് അവസാനമായി അദ്ദേഹവുമായി സംസാരിച്ചത്. കൊച്ചുമകള്‍ കല്യാണിയുടെ വിവാഹത്തിന് എന്നെ ക്ഷണിക്കാന്‍ ഫോണില്‍ വിളിച്ചതായിരുന്നു അത്. ഒരു ഓണാവധിക്കായിരുന്നു വിവാഹം. തിരുവനന്തപുരത്തുണ്ടായിരുന്നില്ലെന്നതിനാല്‍ എനിക്ക് പങ്കെടുക്കാനും സാധിച്ചില്ല. മരിക്കുന്നതിനുമുന്‍പ് പോയി കാണണമെന്നുമുണ്ടായിരുന്നു, അതും നടന്നില്ല.

ഇടുക്കിയില്‍ നിന്ന് തിരുവനന്തപുരത്തേക്കു വന്ന സമയത്ത് വൈലോപ്പിള്ളി സംസ്‍കൃതിഭവനില്‍ വച്ചായിരുന്നു ഞാന്‍ ആദ്യമായി കാവാലത്തിന്റെ ഒരു നാടകം കാണുന്നത്- കല്ലുരുട്ടി. അതിനു മുന്‍പ് ഇന്ത്യാ ടുഡേയുടെ വാര്‍ഷിക പതിപ്പുകളില്‍ അദ്ദേഹത്തിന്റെ നാടകങ്ങള്‍ വായിച്ചിരുന്നു. മുന്‍ഷിയില്‍ അഭിനയിക്കുന്ന ശ്രീകുമാറേട്ടനും അയ്യപ്പണ്ണനും മറ്റും കാവാലം കളരിയില്‍ നിന്നു വന്നവരാണ്. അവരുമായുള്ള പരിചയമാണ് എന്നെയും കാവാലത്തിന്റെ സന്നിധിയിലെത്തിച്ചത്. കഴിഞ്ഞ മുപ്പത്തഞ്ചു വര്‍ഷത്തോളമായി കാവാലം നാടകങ്ങളിലെ സ്ഥിരം അഭിനേതാവായ ഗിരീഷേട്ടനുള്‍പ്പെടെ അടുത്ത സുഹൃത്തുക്കളായി മാറിയതും അങ്ങിനെയാണ്. കേരള കൗമുദിയില്‍ ജോലി ചെയ്യുന്ന കാലത്ത് കാവാലത്തിന്റെ എണ്‍പതാം പിറന്നാളാഘോഷം തീരുമാനിച്ച സമയം മുതല്‍ ഞാന്‍ അതിനൊപ്പമുണ്ടായിരുന്നു. പല തവണ റിഹേഴ്സല്‍ ക്യാംപില്‍പോയി, കാവാലത്തിന്റെ സംവിധാന ശൈലി നേരിട്ടുകണ്ടു. അവനവന്‍ കടമ്പയും തെയ്യത്തെയ്യവും ഒറ്റയാനും മറ്റും കണ്ടത് കനകക്കുന്നിലെ മരച്ചുവട്ടില്‍‍ പുല്‍ത്തകിടിയില്‍ ചമ്രം പടിഞ്ഞിരുന്നാണ്. നെടുമുടി വേണുവും ജഗന്നാഥനും അവനവന്‍ കടമ്പയില്‍ വേഷമിട്ടപ്പോള്‍ ഒറ്റയാനിലെ ചാക്യാരായി വന്നത് മലയാളസിനിമയുടെ ഉത്തരേന്ത്യന്‍ വില്ലനായ ആശിഷ് വിദ്യാര്‍ഥി ആയിരുന്നു.

ആ പിറന്നാള്‍ കാലത്താണ് കലാകൗമുദിക്കുവേണ്ടി അദ്ദേഹവുമായി ദീര്‍ഘമായി സംസാരിച്ചത്. പല തവണ തൃക്കണ്ണാപുരത്തെ വീട്ടില്‍പോയി. കളരിയിലിരുന്നും വീടിന്റെ സ്വീകരണമുറിയിലിരുന്നും അദ്ദേഹത്തിന്റെ സഹധര്‍മണിയെ ആയുര്‍വേദ ചികില്‍സക്കായി കൊണ്ടുപോയ ചികില്‍സാലയത്തിലെ സ്വീകരണമുറിയിലും ഒക്കെയിരുന്ന് പലതവണയായി സംസാരിച്ചാണ് അദ്ദേഹത്തിന്റെ ജീവിതരേഖ തയ്യാറാക്കിയത്.

പിന്നീട് വൈകിപ്പഠിക്കാനിറങ്ങിയ എംഎക്കാലത്ത് ദൈവത്താര്‍ പഠിക്കാനുണ്ടായിരുന്നു. കാവാലത്തിന്റെ നാടകങ്ങള്‍ വായിച്ചു പഠിക്കാനാകില്ലെന്നും കണ്ടുപഠിക്കേണ്ടതാണെന്നും തിരിച്ചറിഞ്ഞത് അന്നാണ്. ഇന്നും കാവാലത്തിന്റെ നാടകങ്ങള്‍ വായിച്ചുമനസ്സിലാക്കാന്‍ എനിക്കായിട്ടില്ല. അവയിലെ താളവും ഛന്ദസ്സും കണ്ടും കേട്ടും അറിയേണ്ടതാണ്. അഭിനേതാക്കളെ അദ്ദേഹം അത് ഉരുവിട്ടുപഠിപ്പിക്കുന്നത് ഞാനെത്രയോ തവണ കണ്ടിരിക്കുന്നു. ഒരേസമയം സംസ്കൃതത്തിലും ഹിന്ദിയിലും മലയാളത്തിലുമൊക്കെ ഭാഷാപരമായി കൂടുമാറ്റം നടത്താന്‍ അദ്ദേഹത്തിന്റെ ശിഷ്യര്‍ക്കേ സാധിക്കൂ. തന്റെ കവിതകളിലും സിനിമാപ്പാട്ടുകളിലും സംസ്കൃതത്തിന്റെ കാഠിന്യവും മലയാളത്തിന്റെ ലാളിത്യവും ഒരുപോലെ ലയിപ്പിച്ചെടുക്കുകയായിരുന്നു കാവാലം ചെയ്തത്.

വായിച്ചു പഠിക്കാനോ മനസ്സിലാക്കാനോ സാധിക്കുന്ന ശൈലിയല്ല കാവാലം നാടകങ്ങളുടേത്. കഥാപാത്രങ്ങളുടെ സംഭാഷണങ്ങളത്രയും പദ്യരൂപത്തിലായിരിക്കും. ഗദ്യം വന്നാൽപോലും അതിന് നീട്ടലും കുറുക്കലുമുണ്ടാകും. അഭിനേതാക്കൾ ഓരോരുത്തരായി അത് ചൊല്ലിപ്പഠിക്കണം. അവർക്കു പിന്തുണയുമായി പിന്നണിപ്പാട്ടുകാരുമുണ്ടാകും. കഥകളിയും മോഹിനിയാട്ടവും കളരിപ്പയറ്റുമെല്ലാം കാവാലം നാടകക്കളരിയിലെത്തുന്നവർ അഭ്യസിക്കണമെന്നു നിർബന്ധമായിരുന്നു. അത്രമാത്രം മെയ്‌വഴക്കവും ആ കഥാപാത്രങ്ങൾ ആവശ്യപ്പെട്ടിരുന്നുവെന്നതാണ് വസ്തുത. ദിവസങ്ങളോളം കാണാപ്പാഠം പഠിച്ച് ചൊല്ലിയാട്ടം നടത്തേണ്ടിവരുന്ന കാവാലത്തിന്റെ റിഹേഴ്‌സൽ ക്യാംപുകൾപോലും വലിയൊരു പാഠശാലയായിരുന്നു.

മൂന്നു പതിറ്റാണ്ടിലേറെയായി കാവാലത്തോടൊപ്പം നാടകക്കളരിയിൽ ഒപ്പം നിൽക്കുന്ന അഭിനേതാക്കളുണ്ട്. ഗിരീഷ് സോപാനമാണ് അതിൽ പ്രധാനി. കർണഭാരം മോഹൻലാലിനെ അഭ്യസിപ്പിച്ചപ്പോൾ കർണവേഷം പകർന്നാടാൻ സഹായിച്ചത് ഗിരീഷായിരുന്നു. ഇപ്പോൾ മഞ്ജുവാര്യർക്കൊപ്പം ദുഷ്യന്തവേഷം അണിയുന്നതും ഗിരീഷാണ്. എസ്.എൽ സജിയും മണികണ്ഠനും മോഹിനി വിനയനും സരിതയുമെല്ലാം കാവാലം പരിശീലിപ്പിച്ചെടുത്ത അതുല്യ പ്രതിഭകളാണ്. കൃഷ്ണന്‍കുട്ടിനായരുടെ മകനും പിന്നീട് കാവാലത്തോടൊപ്പമെത്തി, അച്ഛന്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്ക് നാടകത്തില്‍ പുനരാവിഷ്കാരം നല്‍കി.

മലയാളം മാത്രം അറിയാവുന്ന അഭിനേതാക്കളെ മറ്റു ഭാഷകളിലേക്ക് ചൊല്ലിയാട്ടം നടത്തിക്കാനുള്ള കാവാലത്തിന്റെ കഴിവ് ഒന്നുവേറേതന്നെയായിരുന്നു. മുഴുനീള സംസ്‌കൃതനാടകങ്ങളിൽ വേഷമിട്ടിരുന്ന ആ അഭിനേതാക്കളിലാർക്കും സംസ്‌കൃതഭാഷ അറിയാമായിരുന്നില്ല. മാസങ്ങളോളം ഓരോരോ സംഭാഷണങ്ങളായി തനതുതാളത്തിൽ ചൊല്ലിപ്പഠിപ്പിച്ചും പരിശീലിപ്പിച്ചുമാണ് അദ്ദേഹം അതിനായി തയ്യാറെടുപ്പിച്ചിരുന്നത്. ഇടക്കാലത്ത് ‘കലിവേഷം’ വീണ്ടും അരങ്ങിലെത്തിച്ചപ്പോൾ സൂത്രധാരന് സംഭാഷണങ്ങൾ നൽകിയത് ഹിന്ദിയിലായിരുന്നു. മറ്റു കഥാപാത്രങ്ങൾക്ക് മലയാളത്തിലും. അന്ന് ആ വേഷം ചെയ്ത ഗിരീഷ് ഇതേ കഥാപാത്രത്തെ മലയാളത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. കാണാപ്പാഠം പഠിത്തത്തെ ഇന്നും ഭയക്കുന്ന ഞാന്‍ കലിവേഷം കണ്ടുകഴിഞ്ഞ് ഇതേപ്പറ്റി ഗിരീഷേട്ടനോടു ചോദിച്ചിരുന്നു. അരങ്ങിലെത്തുമ്പോൾ ഭാഷ മാറിപ്പോകാതിരിക്കാൻ എത്രമാത്രം ബുദ്ധിമുട്ടുന്നുവെന്നതിനെപ്പറ്റി അദ്ദേഹം പറഞ്ഞു. സൂത്രധാരന്റെ മാത്രം സംഭാഷണത്തിനേ ഭാഷാമാറ്റമുള്ളു. ഒരു നിമിഷാര്‍ധംമതി ചൊല്ലിപ്പഠിച്ച മറ്റൊരു ഭാഷയിലെ സംഭാഷണം നടനെ അപഹരിക്കാന്‍. നാടകത്തിന്റെ മൊത്തം താളംതെറ്റിപ്പോകാനും അതുമതി. ഉത്തരേന്ത്യയിൽ സംസ്‌കൃതനാടകം കളിക്കുമ്പോൾ കാണികൾക്ക് അഭിനേതാക്കളേക്കാൾ ഭാഷ അറിയാമായിരിക്കും. സംസ്‌കൃതപണ്ഡിതന്മാർവരെ സദസ്സിലുണ്ടാകും. ചെറിയൊരു പിഴവു വന്നാൽപോലും അവരത് ശ്രദ്ധിക്കും. മൂന്നും നാലും നാടകങ്ങൾ തുടർച്ചയായി ചെയ്യുമ്പോൾ അത്തരത്തിലൊരു പിഴവുപോലും ഉണ്ടാകാതെ അഭിനേതാക്കളെ പരിശീലിപ്പിച്ചെടുക്കാൻ കാവാലത്തിനു സാധിച്ചിരുന്നു.

നാടകംപോലെതന്നെ മോഹിനിയാട്ടത്തേയും കാവാലം സ്‌നേഹിച്ചിരുന്നു. കവിതകളും ചലച്ചിത്ര ഗാനങ്ങളും രചിക്കുന്നതിനൊപ്പം മോഹിനിയാട്ടത്തെപ്പറ്റി പഠനം നടത്താനും അദ്ദേഹം സമയം കണ്ടെത്തി. മോഹിനിയാട്ടത്തിലും തനതു ചിട്ടക്കുവേണ്ടി വാദിച്ചിരുന്നു കാവാലം. മേതില്‍ ദേവികയും മറ്റും മോഹിനിയാട്ടത്തില്‍ കാവാലം സ്കൂളിന്‍റെ വക്താക്കളാണ്. തന്റെ നാടകങ്ങളിലെ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരെ മോഹിനിയാട്ടം പരിശീലിപ്പിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. സരിതയെപ്പോലുള്ള നടിമാർക്ക് മോഹിനിയാട്ടപഠനത്തിന് സ്‌കോളർഷിപ്പ് വാങ്ങിക്കൊടുക്കാനും അദ്ദേഹം മറന്നില്ല.

കര്‍ണഭാരവും സ്വപ്നവാസവദത്തവും ഉള്‍പ്പെടെയുള്ള സംസ്കൃത നാടകങ്ങളും ഭഗവദ്ജ്ജുകത്തിന്റെ മലയാളാവിഷ്കാരവും കാവാലത്തിന്റെതന്നെ ഒരുപിടി പ്രശസ്തനാടകങ്ങളും കാണാനായി എന്നത് ഇപ്പോഴും ഒരു നാടകാസ്വാദകനെന്ന നിലയില്‍ എന്നെ സന്തോഷിപ്പിക്കുന്ന കാര്യമാണ്. സോപാനത്തിന്റെ കളരിയില്‍ വച്ച് സുഹൃത്തായി മാറിയ ഷാജിയും ഷാജിയുടെ ഭാര്യയും ഒരോണക്കാലത്താണ് സ്വയം അവസാനിപ്പിച്ചത്. അതിന്റെ ആഘാതം അദ്ദേഹത്തേയും കുടുംബത്തേയും ബാധിച്ചിരുന്നു. തൊട്ടുപിന്നാലെ, സോപാനത്തിന്റെ നടത്തിപ്പുകാരനായ, പണിക്കര്‍ സാറിന്റെ മൂത്തമകന്‍ ഹരിയേട്ടനും പോയി. അതും അദ്ദേഹത്തെ വല്ലാതെ തളര്‍ത്തി. പക്ഷേ, അത്ഭുതകരമായി ആ തളര്‍ച്ചകളെ തകര്‍ത്ത് സാര്‍ തിരിച്ചുവന്നിരുന്നു.

മധ്യപ്രദേശില്‍ അദ്ദേഹത്തിന്റെ നാടകങ്ങളുടെ മേള സംഘടിപ്പിക്കുകയും അവിടുത്തെ സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിക്കുകയും ചെയ്തപ്പോള്‍ അതിന്റെ വാര്‍ത്തകള്‍ തയ്യാറാക്കിക്കൊടുക്കാന്‍ സുഹൃത്തായ മുന്‍ഷി ശ്രീകുമാറേട്ടന്‍ വഴി അദ്ദേഹം എന്നെയാണ് ഏല്‍പിച്ചത്. ഹരിയേട്ടന്റെ രണ്ടാമത്തെ മകള്‍ കല്യാണിയായിരുന്നു അന്ന് സോപാനത്തിന്റെ ചുമതലക്കാരി. ആ ജോലി തരക്കേടില്ലാതെ നിറവേറ്റിക്കൊടുക്കാന്‍ സാധിച്ചതിന്റെ ചാരിതാര്‍ഥ്യമുണ്ട്.

എന്തായാലും മണ്ണിന്റെ മണവും ഗുണവുമുള്ള, പാരമ്പര്യത്തിന്റെ താളമുള്ള, നാടകം ജീവശ്വാസമായിരുന്ന ആ ഇതിഹാസം അസ്തമിക്കുകയാണ്. വിട.

“ചുടലയിളകുന്നോരഗ്നിനാവൊന്നടക്കി-
ത്തടിയിതിനെയശേഷംതിന്നൊടുക്കിക്കഴിഞ്ഞു.
പൊടിയൊരു പിടിയായിക്കര്‍മ്മകാണ്ഡം മുടിഞ്ഞി-
ട്ടുടനിവിടെയുയിര്‍ക്കൊള്ളുന്നു പുത്തന്‍ പ്രകാണ്ഡം.”

(കാലനെത്തീനിയുടെ ഭരതവാക്യം)

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍