UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

അപര്‍ണ്ണ

സിനിമ

കാവാലം അമര്‍ത്തി ചവിട്ടി നിന്ന പാട്ടെഴുത്തിന്റെ ഇടം

അപര്‍ണ്ണ

നാരായണപ്പണിക്കരുടെ പേരില്‍ അറിയപ്പെട്ട ദേശം ആണ് കാവാലം. സമൃദ്ധമായ ജീവിതത്തിനു ശേഷം അദ്ദേഹം പിരിഞ്ഞു പോകുമ്പോള്‍ എല്ലാവരും അദ്ദേഹം നാടകത്തിനും കവിതക്കും നാടന്‍ പാട്ടിനും എല്ലാം നല്‍കിയ സംഭാവനകള്‍ ഓര്‍ത്തെടുക്കുന്നു. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ സിനിമാ പാട്ടുകള്‍ മറ്റിടങ്ങളിലെ സമൃദ്ധിയില്‍ മുങ്ങിപ്പോയിരിക്കുന്നു.

35 കൊല്ലത്തില്‍ ഏറെയായി സിനിമാപ്പാട്ടുകള്‍ എഴുതുന്നുണ്ട് കാവാലം. 1978 ലാണ് കാവാലം ചലച്ചിത്രഗാനരംഗത്തേക്കു കടന്നുവരുന്നത്. ആ കൊല്ലം തമ്പ്, വാടകയ്‌ക്കൊരു ഹൃദയം, രതി നിര്‍വേദം, ആരവം എന്നീ ചിത്രങ്ങള്‍ക്കുവേണ്ടി ഗാനങ്ങളെഴുതി. വാടകക്ക് ഒരു ഹൃദയത്തിനു വേണ്ടി എഴുതിയ ‘പൂവാംകുഴലി പെണ്ണിനുണ്ടൊരു’ എന്നു തുടങ്ങുന്ന തനതു കാവാലം ശൈലിയില്‍ ഉള്ള യേശുദാസ് പാടിയ പാട്ട് പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. ജി ദേവരാജന്‍ ആയിരുന്നു സംഗീത സംവിധായകന്‍. കാവാലം ഗാനരചയിതാവ് എന്ന നിലയില്‍ സഹകരിച്ച ആദ്യസിനിമകള്‍ ഓരോ ഭാവങ്ങളാല്‍ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. അരവിന്ദന്റെ കുമ്മാട്ടിക്കു വേണ്ടിയാണ് ‘കറു കറെ കാര്‍മുകില്‍’ എന്ന എക്കാലത്തെയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട പാട്ട് എഴുതിയത്.

‘മാനത്തൊരു മയിലാട്ടം
പീലിത്തിരുമുടിയാട്ടം
ഇളകുന്നൂ, നിറയുന്നൂ,
ഇടഞ്ഞിടഞ്ഞങ്ങൊഴിഞ്ഞു നീങ്ങുന്നു’

എന്നു കേള്‍ക്കുമ്പോള്‍ കര്‍ക്കിടക മഴ മുന്നില്‍ കാണും പോലെ തോന്നും. ഇത്ര ലളിതവും ഭാവന സമ്പന്നവും ആയി ആരും കേരളത്തിലെ കാലാവസ്ഥയെയും ഭൂമിയെയും പറ്റി ഓര്‍മിപ്പിച്ചിട്ടുണ്ടാവില്ല. ‘ഝികി തക്കം തെയ് തെയ്’  എന്ന താളത്തില്‍ മഴ പെയ്യും പോലെ തോന്നും ആ പാട്ട് കേള്‍ക്കുമ്പോള്‍ …

ലെനിന്‍ രാജേന്ദ്രന്റെ കള്‍ട്ട് ക്ലാസിക് ആണ് 1981ല്‍ പുറത്തിറങ്ങിയ വേനല്‍. ജലജയുടെ ഭൂതകാലത്തെ ഓര്‍ക്കുന്ന ‘കാന്ത മൃദുല സ്‌മേര മധുമയ ലഹരികളില്‍’ എന്ന പാട്ടിന് വല്ലാത്ത സ്ത്രൈണതയുണ്ട്. ജാനകി പാട്ടിയ ഏറ്റവും മനോഹരമായ പാട്ടുകളില്‍ ഒന്നാണത്. ‘വിട പറയും മുന്‍പേ’, ‘പടയോട്ടം’, ‘മര്‍മ്മരം’ തുടങ്ങീ പല കാരണങ്ങളാല്‍ പ്രേക്ഷകര്‍ക്കു പ്രിയപ്പെട്ട സിനിമകളിലെ പാട്ടുകളെഴുതിയത് കാവാലമാണ്.

ആലോലത്തിലൂടെയാണ് ‘ആലായാല്‍ തറ വേണം’ എന്ന പാട്ട് സിനിമാപ്രേമികള്‍ ആദ്യമായി കേട്ടത്. നമ്മുടെ നാട്, നാട്ടുകഥകള്‍, ഐതിഹ്യങ്ങള്‍, തത്വശാസ്ത്രം ഇവയൊക്കെ ലളിതമായി കൂട്ടിച്ചേര്‍ത്ത പാട്ടാണിത്.

‘പാലിയത്തച്ചനുപായം നല്ലൂ
പാറാതിരിപ്പാന്‍ ചില പദവി നല്ലൂ ‘

എന്നൊക്കെ നെടുമുടി വേണു പാടുന്ന രംഗമാണ് ആലോലത്തിലെ രസമുള്ള കാഴ്ച്ചകളിലൊന്ന്. ഈ സിനിമയുടെ തീം സോങ്ങ് എന്നു പറയാവുന്ന ഒന്നാണ് ‘അമ്പത്തൊന്‍പതു പെണ്‍പക്ഷി, അതിന്റെ കൂടെയൊരാണ്‍പക്ഷി’

‘കാറ്റത്തെ കിളിക്കൂട് ‘ സിനിമയോടൊപ്പം തന്നെ ഓര്‍മ വരും ‘ഗോപികേ നിന്‍ വിരല്‍ തുമ്പുരുമ്മി വിതുമ്പീ’ എന്ന പാട്ട്. ജാനകി, ജോണ്‍സണ്‍, ശ്രീവിദ്യ തുടങ്ങീ ഒരുപാടു കാരണങ്ങളുണ്ടെങ്കിലും കാവാലത്തിന്റെ വരികള്‍ക്ക് വല്ലാത്ത ആര്‍ദ്രതയുണ്ട്.

‘എന്‍ മനം പൂര്‍ണമാം പാനഭാജനമായ്
തുമ്പി നീ ചുറ്റിനും തുള്ളിയിളകുമ്പോള്‍
കാതില്‍ നി ലോലമായ് മൂളും മന്ത്രം പോലെ
നിത്യമാം നീലിമ മനസിന്‍
രതിയുടെ മേഘങ്ങള്‍ സ്വപ്നങ്ങള്‍”

എന്നു പെണ്‍മയെ പെണ്‍പ്രണയത്തെ വരച്ചാണ് ആ പാട്ട് കാവാലം അവസാനിപ്പിക്കുന്നത്. ‘കൂവരം കിളിക്കൂട്, കഥ കഥ കഥ കിളിക്കൂട്’ എന്നൊരു തീം സോങ് ഈ സിനിമക്കും ഉണ്ട്. 

ജീവിതത്തെ, മരണത്തെ, പ്രണയത്തെ, പ്രണയനിരാസത്തെ, ചതിയെ, ഉന്മാദത്തെ ഒക്കെ ഉള്‍ക്കൊണ്ട പാട്ടായിരുന്നു സര്‍വകലാശാലയിലെ ‘അതിരു കാക്കും മല’. അതിലെ ജീവ താളവും മരണ താളവും. ചെന്താമര കുളിരിന്റെ പേറ്റുനോവില്‍ തുടങ്ങി നീരാളി ചതിയിലൂടെ ഒഴുകി വള്ളികുരുക്കില്‍ ജീവന്‍ ഞെരങ്ങുന്നതില്‍ ആണ് ആ പാട്ട് തീരുന്നത്. തീവണ്ടി കിതപ്പില്‍ ആ പാട്ടു തീരുന്നത് ഒരിക്കലെങ്കിലും ആ സിനിമ കണ്ടവര്‍ക്ക് മറക്കാന്‍ പറ്റില്ല.

ഉത്സവപ്പിറ്റേന്നിനു വേണ്ടിയാണ് പുലരിത്തൂമഞ്ഞു തുള്ളി എഴുതുന്നത്. 

‘കത്തി തീര്‍ന്ന പകലിന്റെ 
പൊട്ടും പൊടിയും ചാര്‍ത്തി
ദു:ഖ സ്മൃതികളില്‍ നിന്നല്ലോ
പുലരി പിറക്കുന്നു വീണ്ടും’

എന്നു കാവാലം അവസാനിപ്പിക്കുന്നിടത്ത് നിന്നാണ് ആ സിനിമ തുടങ്ങുന്നത്. അഹത്തിലെ ‘നിറങ്ങളെ പാടൂ…’ എന്ന ഗാനം ആ സിനിമയിലെ പ്രണയവും ഉന്മാദവും അതു പോലെ വരച്ചു കാട്ടുന്നു. ആയിരപ്പറയിലെ ‘യാത്രയായ് വെയിലൊളി നിഴലിനെ’ വിരഹത്തെ വ്യത്യസ്തമായി അടയാളപ്പെടുത്തിയ പാട്ടാണ്. ‘നിന്നിലേക്കെത്തുവാന്‍ ദൂരമില്ലാതെയായ്’ എന്നു കാവാലം എഴുതി ഒരു ദശാബ്ദം എങ്കിലും കഴിഞ്ഞാണ് കിം കി ഡുക് ത്രീ അയണ്‍ എന്ന സിനിമയെ പറ്റി ചിന്തിക്കുന്നത് പോലും. കണ്ണെഴുതി പൊട്ടും തൊട്ടിലെ ‘ഹരിചന്ദന മലരിലെ മധുവായ്’ രതിയെ ഭംഗിയായി ആവിഷ്‌കരിച്ച പാട്ടുകളില്‍ ഒന്നാണ്. ജനനി, ശേഷം, മഞ്ചാടിക്കുരു തുടങ്ങി ശ്രദ്ധിക്കപ്പെട്ടതും അല്ലാത്തതുമായ എത്രയോ സിനിമകള്‍ക്കു വേണ്ടി കേള്‍ക്കാന്‍ സൗന്ദര്യമുള്ള വരികള്‍ അദ്ദേഹം എഴുതി കൊണ്ടേ ഇരുന്നു. മകരമഞ്ഞിലെ ”തേന്തെന്നലേ” ഇവന്‍ മേഘരൂപനിലെ പാട്ടുകള്‍ ഒക്കെ അപാര സാഹിത്യഭംഗിയും ലാളിത്യവും ഒരേ സമയം നിറഞ്ഞവ ആയിരുന്നു.

ആമേന്‍ കാല്പനിക ഭംഗി ഉള്ള സ്വപ്നം പോലൊരു സിനിമയാണ്. മിസ്റ്റിക് അന്തരീക്ഷം ആ സിനിമയില്‍ ഉടനീളം ഉണ്ട്. ആ അന്തരീക്ഷത്തോട് വല്ലാതെ ചേര്‍ന്നു പോവുന്നുണ്ട് അതിലെ പാട്ടുകളും. ആ സിനിമയിലെ മിക്ക ഗാനങ്ങളും കാവാലം എഴുതിയതാണ്. കുമരങ്കിരിയും പള്ളിയും പുഴയും രാത്രിയും എല്ലാം നിറഞ്ഞ പാട്ടുകള്‍ കൂടി ചേര്‍ന്നാലേ ആ സിനിമ പൂര്‍ത്തിയാവൂ. ആത്മാവില്‍ തിങ്കള്‍ കുളിര്‍, വട്ടോളിയച്ചന്റെ പാട്ട്, സ്പിറിറ്റ് ഓഫ് ആമേന്‍ തുടങ്ങിയ പാട്ടുകള്‍ ഇല്ലാത്ത ആമേന്‍ സങ്കല്‍പ്പിക്കാന്‍ വയ്യ. കാവാലത്തിന്റെ അവസാനത്തെ ഹിറ്റ് ആയിരുന്നു ആമേന്‍. തുടര്‍ന്നു അഞ്ചു സുന്ദരികള്‍, രസം തുടങ്ങീ ചെറുതും വലുതുമായ സിനിമകള്‍. എന്റെ സത്യാന്വേഷണ പരീക്ഷകള്‍ക്ക് വേണ്ടിയാണ് അവസാനം പാട്ടെഴുതിയത്.

അമ്പതിലേറെ സിനിമകള്‍ക്കു വേണ്ടി കാവാലം പാട്ടുകള്‍ എഴുതിയിട്ടുണ്ട്. ദേവരാജന്‍, എം ബി ശ്രീനിവാസ്, ജോണ്‍സണ്‍, വിദ്യാധരന്‍, രവീന്ദ്രന്‍, ഔസേപ്പച്ചന്‍, എം ജയചന്ദ്രന്‍, രമേശ് നാരായണന്‍, എം ജി ശ്രീകുമാര്‍ തുടങ്ങീ ജോബ് കുര്യന്‍ വരെ ഉള്ള സംഗീത സംവിധായകര്‍ക്ക് വേണ്ടി പാട്ടുകള്‍ എഴുതി. ഏറ്റവും കൂടുതല്‍ പാട്ടുകള്‍ എഴുതിയത് എം ജി രാധാകൃഷ്ണന് വേണ്ടി. യേശുദാസ്, ജാനകി, മാധുരി, എം ജി ശ്രീകുമാര്‍, സുജാത, ചിത്ര തുടങ്ങീ നിരവധി ഗായകര്‍ അദ്ദേഹത്തിന്റെ വരികള്‍ പാടി. പ്രകൃതി, പ്രണയം, ദുഃഖം, രതി, വിഷാദം, ആഹ്ളാദം എല്ലാം നിറഞ്ഞു നില്‍കുന്നു അദ്ദേഹത്തിന്റെ പാട്ടുകളില്‍. പുരാണങ്ങളില്‍ നിന്നും പ്രകൃതിയില്‍ നിന്നും ഭംഗിയുള്ള ബിംബങ്ങളെ അദ്ദേഹം വരികളില്‍ ലയിപ്പിക്കുന്നു.

വാടകക്കൊരു ഹൃദയത്തില്‍ നിന്നും സത്യാന്വേഷണ പരീക്ഷണങ്ങളില്‍ എത്തുമ്പോഴേക്കും മലയാള സിനിമ പാട്ടുകള്‍ക്ക്, ആസ്വാദകര്‍ക്ക്, ഗായകര്‍ക്ക്, പശ്ചാത്തലത്തിനു ഒക്കെ വന്ന മാറ്റങ്ങള്‍ നിരവധിയാണ്. മൂന്നു ദശാബ്ദത്തില്‍ ഏറെക്കാലത്തെ വികാസങ്ങളും സങ്കോചങ്ങളും മലയാള ചലച്ചിത്ര ഗാനങ്ങളെ അടി മുടി പുതിയ ഒരിടമാക്കി. ആ ഇടത്തില്‍ അമര്‍ത്തി ചവിട്ടി നിന്നു കാവാലം, കൂടെ വലിയ ഒരാള്‍ക്കൂട്ടം ഇന്നും ഉറക്കെ പാടുന്നു, നമ്മള്‍ അത് കേട്ട് അത്ഭുതത്തോടെ നില്‍ക്കുന്നു. കര്‍ക്കിടക കാറ്റു കൊണ്ടു വന്ന മഴ അമര്‍ന്നു പെയ്യുന്നു, 

‘കര്‍ക്കിടക തേവരെ, തുടം തുടം 
കുടം കുടം നീ വാര്‍ത്തെ 
മനസ്സാകെ നനഞ്ഞല്ലോ
തീ കാഞ്ഞു കിടന്നല്ലോ
ഒഴിയുന്നു വഴിയുന്നു
അടിഞ്ഞു ഞങ്ങള്‍
തളര്‍ന്നുറങ്ങുന്നു’

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍