UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘കാവാലം’ വെറുമൊരു സ്ഥലസൂചിക മാത്രമല്ല

Avatar

രാകേഷ് സനല്‍

പമ്പയാറിന്റെ ഓളങ്ങള്‍ വീണുടയുന്ന കരയോട് ചേര്‍ന്നാണ് ‘ശ്രീഹരി’ എന്ന വീടിരിക്കുന്നത്. കാവാലം നാരായണപ്പണിക്കരെ സംബന്ധിച്ച് ഈ വീട് മറ്റൊരു കരയായിരുന്നു; ദൂരദേശങ്ങളില്‍ നിന്ന് ഓടിവന്നിരിക്കാനുള്ള കര. 

ഒരിക്കല്‍ ഒരോണക്കാലത്ത് കാവാലം തന്റെ ജീവതാളത്തെക്കുറിച്ച് പറഞ്ഞു തുടങ്ങിയതും ആ കരയിലിരുന്നായിരുന്നു. തുടര്‍ന്നദ്ദേഹം ഒരു കവിത ചൊല്ലിക്കേള്‍പ്പിച്ചു. അതെഴുതിയിട്ട് അധികമായിരുന്നില്ലായിരുന്നു. ‘മുക്കാവാലം എന്നാണ് ഞാനിതിന് പേരിട്ടത്’, കാവാലം ചൊല്ലല്‍ തുടങ്ങുന്നതിനു മുമ്പ് പറഞ്ഞു;

”എന്നില്‍ കുടികൊള്ളുന്നത് മുക്കാവാലം
മുമ്മിഴികളിലൂടെ കൂടെക്കൂടെ മുനിഞ്ഞെത്തും കാവാലം
ആദ്യം ദൈവം കനിഞ്ഞ പാര്‍ത്ഥിവ സമ്മാനം
പിന്നെ വിരഹത്തില്‍ വിതുമ്പി വിദൂരത്തിന്‍ സ്മൃതിയില്‍
പുകമറ തീര്‍ത്ത സമയാതീത സ്വപ്നം
കാവില്‍ അളം തീര്‍ത്തത് കാവാലം
അളത്തില്‍ കാവ് വളര്‍ത്തിയ കാവാലം
ഇവിടെ പമ്പാതീരത്തില്‍ ഇരുന്ന് മനോരാജ്യം കാണുമ്പോള്‍
ഇവിടം കൈയാല്‍ മഹാസംസ്‌കൃതി
വിരിയുമെന്‍ മുന്നില്‍
ആ വിസ്മൃതസൗന്ദര്യ സരിത്തില്‍
പതയായ് നുരയായ് നാളേയ്‌ക്കൊഴുകാന്‍
ദൂര പടഹമടിക്കും സത്യത്തിന്‍
സിരകളില്‍ അലിയാന്‍ ഹൃദയം ദാഹം കൊള്ളുന്നു’

ഒരു നാട് എത്രത്തോളം ഒരാളില്‍ സ്വാധീനം ചെലുത്തുന്നു എന്നതിന്റെ ഏറ്റവും മനോഹരമായ ഉദ്ദാഹരണം തന്നെയായിരുന്നു കാവാലം. കുട്ടനാടിന്റെ ചൂരായിരുന്നു കാവാലം നാരായണ പണിക്കര്‍. വളരെ ആവേശത്തോടെയായിരുന്നു കാവാലം എന്നും തന്റെ നാടിനെക്കുറിച്ച് പറഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ കുട്ടനാടിന്റെ രണ്ടു മുഖങ്ങള്‍ വരച്ചിടുന്നതു നോക്കുക; 

കുട്ടനാട്ടിലെ വെള്ളപ്പൊക്കങ്ങള്‍ പ്രശസ്തമാണല്ലോ! അന്നാട്ടുകാരില്‍ മാത്രമല്ല, പുറമേക്കുള്ളവരിലും ആ ഓര്‍മ്മകള്‍ ഇന്നും കരകവിയാറുണ്ട്. ഞാന്‍ കണ്ടിട്ടുള്ളത് നൂറ്റിപ്പതിനാലിലെ വെള്ളപ്പൊക്കമാണ്. വെള്ളം കേറാത്തയിടങ്ങളില്‍ വെള്ളം കേറുന്നു (വെള്ളമില്ലാത്തിടത്ത് വെള്ളം കേറുന്നതുപോലെ തന്നെ വെള്ളമുള്ളിടം കരയാക്കുന്നതും കുട്ടാനാടിന്റെ മാത്രം പ്രത്യേകത). വീടിനകത്തൊക്കെ വെള്ളമായിരിക്കും. വലിയ ചെമ്പിനകത്ത് കയറി തുഴയെറിഞ്ഞ് കളിക്കുന്നതിന്റെ ഉത്സാഹമായിരുന്നു ഞങ്ങള്‍ കുട്ടികള്‍ക്ക്. തറവാട്ടിലെ കാരണവന്മാര്‍ക്കും നാട്ടിലെ പഴമക്കാര്‍ക്കും ഭൂതകാലത്തെ ദുരന്തസ്മരണകള്‍ ഉള്ളതുകൊണ്ട് അവര്‍ ഞങ്ങളെ ഉപദേശിക്കും. കന്നുകാലികളേയും മനുഷ്യരേയും കൊന്നൊടുക്കിയ കാലക്കെടുതിയുടെ പിന്മുറക്കാരനെ അത്രകണ്ട് സ്‌നേഹിക്കണ്ടാന്നാണ് അവരുടെ നിലപാട്. 

വെള്ളപ്പൊക്കം പോലെയാണ് ഓണപ്പൊക്കവും. വെള്ളപ്പാച്ചിലുപോലെ വരുന്ന ഉത്രാടപ്പാച്ചില്‍; അത് പ്രതീക്ഷയുടേയും സുഭിക്ഷതയുടേയും വരവാണ്. കാച്ചില്‍ , ചേമ്പ്, ചേന, നെല്ല്; മണ്ണ് തരുന്ന വിഭവങ്ങളുടെ സമൃദ്ധി കൂടിയാണ് ഓണം. കര്‍ക്കിടകം കഴിഞ്ഞാണ് ഓണം. കര്‍ക്കിടകം ഇല്ലായ്മകളുടേയും വല്ലായ്മകളുടേയും മാസമാണ്. സൂര്യനെ കാണാത്ത മാസം. കാര്‍മേഘങ്ങള്‍ക്കിടയിലായിട്ട് സൂര്യന് ശക്തി കുറഞ്ഞുപോകുന്നു. പ്രകൃതിയും മനുഷ്യനും ഒരുപോലെ ദുര്‍ബലമാകുന്ന കര്‍ക്കിടകം കടന്നെത്തുന്ന ഓണക്കാലം കേരളീയര്‍ക്ക് മാത്രം പ്രകൃതി കനിഞ്ഞരുളിയൊരു വിശേഷമാകുന്നതും അതുകൊണ്ടാണ്.

കുട്ടിക്കാലത്തെ ഓണം പലതരം കളികളുടേതുകൂടിയായിരുന്നു. ഔതാമാപ്പിളയെന്നൊരാളുണ്ടായിരുന്നു. അദ്ദേഹം ഉണങ്ങിയ വാഴയില ചുരുട്ടി നാരുകൊണ്ട് കെട്ടിയ പന്തുണ്ടാക്കിത്തരും. ആ പന്ത് കൊണ്ടാണ് തലപ്പന്ത് കളി. പിന്നെ കിളിമാസ്, ഒറ്റ, ഇണ്ടന്‍, കുടുകുടു, സാറ്റ്… അങ്ങനെ പലതരം കളികള്‍. തറവാട്ടിലെ കുട്ടികളും നാട്ടിലെ സമപ്രായക്കാരായ മറ്റ് കുട്ടികളുമൊക്കെയാണ് കളിക്കൂട്ടുകാര്‍. പാടത്ത് പണിയെടുക്കുന്നവരുടെ മക്കളും ഞങ്ങള്‍ തറവാട്ടിലുള്ള കുട്ടികളുമൊക്കെ ഒരുമിച്ച് കളിക്കുന്നതിന് ആരും തടസം നിന്നിരുന്നില്ല. ജാതി, മതം ഒന്നും ഞങ്ങളുടെ കുട്ടനാട്ടില്‍ വില്ലത്തരം കാണിച്ചിരുന്നില്ല. 



കാവാലത്തിന്റെ പാട്ടുകള്‍ അദ്ദേഹത്തിന്റെതു മാത്രമായിരുന്നില്ല. ഈ മണ്ണില്‍ നിന്നും കിട്ടിയതിന് തന്റെതായൊരു ചമത്കാരം കൂടി നല്‍കുക മാത്രമായിരുന്നു ചെയ്തിരുന്നതെന്ന് അ്‌ദ്ദേഹം തന്നെ വ്യക്തമാക്കുന്നുണ്ട്; 

”ഓരമ്പന്‍ വമ്പന്‍ തുമ്പി
താരമ്പനെ ഉണ്ടോകണ്ടോ
കണ്ടേ കണ്ടേ..പൂഞ്ചോലക്കാട്ടില്‍ വച്ച്”

അമ്മയൊക്കെ പാടികേട്ടിട്ടുള്ള പാട്ടാണ്. ഇതുപോലെ ഒരുപാട് ഉണ്ട്. പലതും മറന്നു. ഈ പാട്ടിന് ബാക്കി ഞാന്‍ എഴുതിയിട്ടുണ്ട്. അതിങ്ങനെയാണ്- ‘പൂമുണ്ടും തോളത്തിട്ട്
പൂക്കച്ചകെട്ടുംകെട്ടി
താരമ്പന്‍ എങ്ങനെയാണെന്നറിയാമോ കൊച്ചു തുമ്പി
ചന്ദനക്കുറിയുമിട്ട് സിന്ദൂരപ്പൊട്ടും തൊട്ട്…”

ഇങ്ങനെ പോകുന്നു.. പാരമ്പര്യത്തില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് എഴുതുന്നത് ഒരു ലഹരിയാണ്. ഭാസ്‌കരനൊക്കെ ഇങ്ങനെ വാമൊഴിയായി പടര്‍ന്ന പാട്ടുകള്‍ക്ക് തന്റേതായ പിന്‍വരികള്‍ രചിച്ചിട്ടുണ്ട്. ‘നാഴൂരി പാലുകൊണ്ട് നാടാകെ കല്യാണം’- ഇത് ഉള്ളതാണ്. പിന്നെയാണ് ഭാസ്‌കരന്റെ മനോഹരമായ സംഭാവന വരുന്നത്- നാലഞ്ച് തുമ്പകൊണ്ട് മാനത്തൊരു പൊന്നോണം..” എന്റെ കവിതകളിലും ഞാന്‍ ഈ നാടിന്റെ സംഭാവനകളെ സ്വീകരിച്ചിട്ടുണ്ട്.

അനുകരിക്കാന്‍ പ്രേരിപ്പിക്കുന്നൊരു താളമായിരുന്നു കാവാലമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മണ്ണിന്റെയും മനുഷ്യരുടെയും ജീവതാളത്തില്‍ ലയിച്ചാണ് കവാലം നടന്നിരുന്നത്.

ഈ മണ്ണിന് ഒരു താളമുണ്ട്- തിത്തന്നം തെയ്യനം തകൃത് തിന്തിന്നം തായോ… അതീ കുട്ടനാടിന്റെ താളമാണ്. ചക്രം ചവിട്ടുമ്പോഴും മടകാത്ത് ഉറക്കമൊളയ്ക്കുമ്പോഴുമൊക്കെ ഇവിടുള്ളവര്‍ പാടിയ താളമാണതെല്ലാം. ജനിച്ച മണ്ണിന്റെ താളമാണത്, ഒഴുകുന്ന പുഴയുടെ താളമാണത്. വല്ലാത്ത ഉര്‍ജ്ജമാണ് ആ പാട്ടുകള്‍ക്ക്. മണ്ണിന്റെ പശിമയുള്ള ആ പാട്ടുകള്‍ എന്റെ മനസ്സില്‍ ഒട്ടിച്ചേരുകയായിരുന്നു. ഭാഷയ്ക്കും അതീതമായ ഭാവത്തിന്റെ സൗന്ദര്യമായിരുന്നു എന്നെ ആ പാട്ടുകളോട് അടുപ്പിച്ചത്. ഭാഷയെപ്പോലും നിയന്ത്രിക്കുന്നത് ഭാവമാണെന്ന് തെളിയിക്കുന്നതായിരുന്നു ചേറില്‍ പണിയെടുക്കുന്നവന്‍ പാടിത്തളിയച്ചത്. എന്ത് വിദ്യാഭ്യാസമുണ്ടായിട്ടാണ് അവന്‍ പാടിയത്? അവന് ഭാഷ തെറ്റിയാലും ഭാവം തെറ്റില്ലായിരുന്നു. വ്യാകരണമില്ലായിരിക്കാം, ഘടനാക്രമം തെറ്റായിരിക്കാം അക്ഷരപ്പിശക് ഉണ്ടായിരിക്കാം; പക്ഷെ അവന്റെ ഉള്ളില്‍ നിന്ന് ഭവിച്ച വികാരങ്ങള്‍ അതിനെല്ലാം മുകളിലായിരുന്നു. അതുകൊണ്ട് തന്നെയാണല്ലോ ഇന്നും അവയൊക്കെ നിലനില്‍ക്കുന്നത്. അതൊന്നും വരമൊഴികളായി രേഖപ്പെടുത്തിയവയല്ല, ഒരു വായില്‍ നിന്ന് മറ്റൊരു വായിലൂടെ പതിര് പാറുന്നപോലെ പാടിപ്പാടി വ്യാപിച്ചതാണ്; കാവാലം തന്നില്‍ വന്നുചേര്‍ന്ന താളത്തെക്കുറിച്ച് സ്മരിച്ചത് ഇപ്രകാരമായിരുന്നു.

മണ്ണും മനുഷ്യരും തന്നെയായിരുന്നു കാവാലത്തിന്റെ ഗുരുക്കന്മാര്‍. അത് കാവാലം തന്നെ സമ്മതിക്കുന്ന കാര്യമാണ്;

ഇവിടെയുള്ള കര്‍ഷകരാണ് എന്റെ ഗുരുക്കന്മാര്‍. പാട്ടുകള്‍ പഠിപ്പിച്ചതും. പങ്കായം പിടിക്കാനും തുഴയാനും പഠിപ്പിച്ചതുമെല്ലാം അവരാണ്. അവരുടെ താളവും ഭാവവും കൂടെ നടന്ന് പഠിക്കാന്‍ കഴിഞ്ഞു. അറയ്ക്കല്‍ കറിയാ മാപ്പിളയാണ് എന്നെ പങ്കായം പിടിപ്പിക്കുന്നതും തുഴയാന്‍ പഠിപ്പിച്ചതും. ഞങ്ങള്‍ക്കൊരു ഓടി വള്ളമുണ്ടായിരുന്നു. അതില്‍ ചമ്പക്കുളം വള്ളം കളികാണാന്‍ കറിയാമാപ്പിളയ്‌ക്കൊപ്പം പോകും. 

”കെല്‍പ്പോടെല്ലാ ജനങ്ങള്‍ക്കും
തെയ്യ് തെയ്യ് തക തെയ്യ് തെയ്യ് തോ
ആ…കെല്‍പ്പോടെല്ലാ ജനങ്ങള്‍ക്കും
കേടുതീരത്തക്കവണ്ണം
തെയ്യ് തെയ്യ് തെയ്യ് തോ തകൃതി തകൃത…”

ഒറ്റക്കല്ലിങ്ങോടി വന്നു
തെയ്യ് തെയ്യ് തക തെയ് തെയ്‌തോ
ഒറ്റക്കല്ലിങ്ങോടി വന്നു/ മുഖമണ്ഡപേ പതിച്ചു…

ഇതുപോലെ ഇനിയുമുണ്ട് വള്ളപ്പാട്ടുകള്‍. ഇതൊക്കെ കറിയാമാപ്പിളയെപ്പോലുള്ളവര്‍ പാടിയതുകേട്ടാണ് ഞാന്‍ പഠിച്ചത്. ഞങ്ങളുടെ പാടത്ത് പണിയെടുത്തിരുന്ന കുഞ്ഞന്‍ പുലയന്‍, കറിയാമാപ്പിള, അതുപോലെ പിന്നെയും എത്രയോ പേര്‍…അവരുടെ പാട്ടുകള്‍ അവരെന്നെ പഠിപ്പിക്കുകയായിരുന്നു. ഭാഷയെപോലും നിയന്ത്രിക്കുന്നത് ഭാവം ആണെന്ന് തെളിയിക്കുന്നതായിരുന്നു ചേറില്‍ പണിയെടുക്കുന്നവന്‍ പാടി തെളിയിച്ചത്  ഇന്നോര്‍ക്കുമ്പോള്‍ അതെല്ലാം എത്രവലിയ അവസരമായിരുന്നു; അസുലഭമായ അവസരം.

സമ്പത്തോ സവര്‍ണതയോ തടസം നില്‍ക്കാതെ എനിക്ക് അവര്‍ക്കൊപ്പം വളരാന്‍ കഴിഞ്ഞു. ഞങ്ങളുടെ തറവാട്ടില്‍ (ചാലിയില്‍) ഉള്ളവര്‍ കര്‍ഷകര്‍ക്കൊപ്പമായിരുന്നു. കുട്ടനാട്ടില്‍ ആദ്യം കായല്‍ കുത്തുന്നത് ചാലിയില്‍കാരാണ്. പിന്നെയാണ് മുരിക്കനൊക്കെ കായല്‍ രാജാവ് ആകുന്നത്. തിരുവിതാംകൂറില്‍ കടുത്തക്ഷാമം നേരിട്ടപ്പോള്‍ കൂടുതല്‍ കൃഷിസ്ഥലം കിട്ടാനായിട്ട് കുട്ടനാട്ടിലേക്കാണ് തിരിഞ്ഞത്. ഞങ്ങളുടെ തറവാട്ടിലാണ് ആവശ്യം അറിയച്ചത്. അതിന്‍ പ്രകാരം വല്യമ്മാവന്‍ നേതൃത്വം നല്‍കിയാണ് കായല്‍ നികത്തി കരഭൂമിയാക്കി കൃഷി ആരംഭിച്ചത്. രാജാ രാമപുരം, വേണാട് കാട്, ആറ്റ് മുട്ട്…ഇതൊക്കെ അങ്ങനെ കായല്‍ കുത്തിയെടുത്ത കരകളാണ്.

സ്വാതന്ത്ര്യസമരകാലമാണത്. വല്യമ്മാവന്‍ (സര്‍ദാര്‍ കെ എം പണിക്കര്‍) ആ സമയത്ത് മൂലം തിരുന്നാളിന് ഒരു ഉപകാരം ചെയ്തുകൊടുത്തു. കേണല്‍ സായിപ്പ് വിളിച്ച് ചേര്‍ത്ത നാട്ടുരാജാക്കന്‍മാരുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയ മൂലം തിരുന്നാളിന് ഒരു ദിവസം മുമ്പ് തിരിച്ചു പോരണം. അതിന് സായിപ്പിനെ കണ്ട് കാര്യം പറയാന്‍ മഹാരാജാവിന് അനുവാദം വാങ്ങിക്കൊടുത്തും ദ്വിഭാഷിയായി ഒപ്പം പോയതും അമ്മാവനാണ്. അതിന്റെ പ്രത്യുപകരമായി കൊല്ലം പേഷ്‌കാറെ തറവാട്ടിലേക്ക് അയച്ചു (അന്ന് കുട്ടനാട് കൊല്ലത്തിന്റെ ഭാഗമാണ്). ആവശ്യമുള്ള നിലം കായല് കുത്തിയെടുത്തോളാനുള്ള അവകാശം ഏല്‍പ്പിക്കാനാണ് അദ്ദേഹം എത്തിയത്. അമ്മാവന്‍ അത് നിരസിച്ചെങ്കിലും രാജ നിര്‍ദ്ദേശമായതുകൊണ്ട് സ്വീകരിച്ചു. ഇനി കായല് കുത്ത് മതി എന്ന തീരുമാനത്തോടെ കുത്തിയെടുത്തതാണ് മതികായല്‍. അതോടെ കായല്‍ കുത്ത് ഞങ്ങള്‍ നിര്‍ത്തി. ഇതിലെല്ലാം അന്നാട്ടിലെ കര്‍ഷകരുടെ പങ്ക് വലുതാണ്. കൃഷി ഭൂമി ഉണ്ടാക്കി കൊടുത്തതിന്റെ നന്ദി എന്നും അവര്‍ക്ക് ഇങ്ങോട്ട് ഉണ്ടായിരുന്നു.

നാരായണ പണിക്കര്‍ എന്ന പേരിനു മുമ്പ് കാവാലം വെറുമൊരു സ്ഥലസൂചിക മാത്രമായിരുന്നില്ല എന്നത് അദ്ദേഹത്തിന്റെ ജീവനതാളം ശ്രദ്ധിച്ചിട്ടുള്ളവര്‍ക്കൊക്കെ മനസിലാകും. ഇഴചേര്‍ന്നൊഴുകുന്ന ഇരുപുഴകളായിരുന്നു കാവാലമെന്ന നാടും നാരായണ പണിക്കരെന്ന മനുഷ്യനും. അതിലൊന്നിന്റെ താളമാണ് ഇന്നലെ നിലച്ചത്.

അന്നത്തെ കൂടിക്കാഴ്ചയില്‍ അദ്ദേഹം പറഞ്ഞിരുന്നു;

ഈ പമ്പയുടെ തീരത്തിരിക്കുമ്പോള്‍ മൂന്ന് കാവാലങ്ങള്‍ എന്റെ ഓര്‍മ്മയില്‍ വരുകയാണ്. വളരെ ലൗകീകമായും ദൈവം എനിക്ക് കനിഞ്ഞ് തന്നതുമായ കാവാലമാണ് ഒന്നാമത്തേത്. ഇവിടം വിട്ട് പോയിട്ടും സമയമോ കാലമോ സ്ഥലമോ നോക്കാതെ സ്വപ്നം കാണുന്ന മറ്റൊരു കാവാലം. അതെന്നില്‍ ഗൃഹാതുരത ചുരത്തുന്ന കാവാലമാണ്. പിന്നെ കാവില്‍ അളം (വെള്ളം) തീര്‍ത്തതോ അതോ അളത്തില്‍ കാവ് തീര്‍ത്തതോ എന്നറിയാത്ത കാവാലം മറ്റൊന്ന്. എന്റെ മുന്നില്‍ വിരിയുന്ന ഈ മഹാസംസ്‌കൃതിയുടെ വിസ്മൃതസൗന്ദര്യസരിത്തില്‍ പതയായി നുരയായി ഒഴുകി അങ്ങ് ദൂരെയുള്ള കടലില്‍ അലിയണം. അതാണ് ഞാന്‍ കാംക്ഷിക്കുന്ന മോക്ഷം…. 

അതല്ലാതെ മറ്റെന്ത് മോക്ഷമാണ് കവിക്ക് ഈശ്വരനോട് അര്‍ത്ഥിക്കാന്‍ കഴിയുക…? കാവാലം നാരായണ പണിക്കരുടെ മനസും കാവാലത്തിന്റെ മണ്ണും ആറ്റോളവും ആറ്റോരവും പോലെയല്ലേ… ഓരം പിരിഞ്ഞ് ഓളമുണ്ടോ?

(2012 ല്‍ കാവാലത്തുള്ള ശ്രീഹരിയെന്ന വീട്ടില്‍വച്ച് കാവാലം നാരായണ പണിക്കരുമായി നടത്തിയ സംഭാഷണത്തിന്റെ ഓര്‍മ്മയില്‍ നിന്നും എടുത്തെഴുതിയത്)

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍