UPDATES

സിനിമ

എനിക്ക് മധുരപ്പതിനേഴായി – കാവ്യമാധവന്‍ / അഭിമുഖം

Avatar

കാവ്യ മാധവന്‍ / അരുണ

മലയാളികളുടെ സൗന്ദര്യ സങ്കല്പത്തിന്റെ പേര് തന്നെയായിരുന്നു കാവ്യാ മാധവന്‍. ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’ എന്ന സിനിമയിലൂടെ നായികയായി വന്ന കാവ്യ വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ടവളായി. ഗ്രാമീണ സൗന്ദര്യം തുളുമ്പി നില്‍ക്കുന്ന കഥാപാത്രങ്ങളായിരുന്നു കാവ്യയുടേതായി നമുക്ക് കിട്ടിയിട്ടുള്ളത്. അന്യഭാഷകളിലേക്ക് കാവ്യ ഒരിക്കലും കൂടുമാറിയില്ല. അഭിനേത്രി എന്ന നിലയില്‍ അവരിലെ പ്രതിഭയെ വളരെ കുറച്ചു മാത്രമേ ഇതുവരെയും നമ്മള്‍ പ്രയോജനപ്പെടുത്തിയിട്ടുള്ളൂ എന്നതാണ് വാസ്തവം. 17 വര്‍ഷം തികയുന്നു നായികയായി മലയാള സിനിമയില്‍ കാവ്യ സജീവമായിട്ട്.

അരുണ: മധുര പതിനേഴിലാണ്?

കാവ്യ: അതേ; മധുരപ്പതിനേഴ്. ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’ ഇറങ്ങിയിട്ട് 17 വര്‍ഷം തികയുന്നു. എത്ര കഥാപാത്രങ്ങള്‍, സിനിമകള്‍, സൗഹൃദങ്ങള്‍, എത്ര എത്ര ഓര്‍മകളാണ്. പക്ഷേ പ്രായം പതിനേഴ്. അന്നു ഞാന്‍ അനുഭവിച്ച പരിഭ്രമം ഇന്നും ഉണ്ട്. എനിക്ക് എന്നും ഏറ്റവും പ്രിയപ്പെട്ടത് സിനിമയാണ്. കൂടുതല്‍ കൂടുതല്‍ സജീവമാകാന്‍ പ്രേരിപ്പിച്ചു കൊണ്ട് സിനിമ എന്നില്‍ ആഴ്ന്നു നില്‍ക്കുന്നു. ഓരോ സിനിമയ്ക്ക് വേണ്ടിയും പുതുമുഖമായി ഞാന്‍ തീരുന്നു.

: ചെയ്യുന്ന സിനിമകളുടെ എണ്ണം ഇപ്പോള്‍ കുറവാണ്, മടുപ്പ് തോന്നിയിട്ടാണോ?

കാ: ഒരിക്കലുമല്ല. സിനിമയ്ക്കപ്പുറം എനിക്ക് ഒന്നും ഇല്ല. എല്ലാം സിനിമ തന്നതാണ്. സിനിമയോടുള്ള അടങ്ങാത്ത സ്‌നേഹം കൊണ്ട് തന്നെയാണ് സിനിമ ചെയ്യുന്നത് കുറയ്ക്കുന്നതും. ധാരാളം കഥകള്‍ കേള്‍ക്കുന്നു. ഒരു അഭിനേത്രി എന്ന നിലയില്‍ തൃപ്തി തന്ന വളരെ കുറച്ചു സിനിമകള്‍ മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. പലതും നാടന്‍ കഥാപാത്രങ്ങളുടെ ആവര്‍ത്തനമായിരുന്നു. എന്റെ മുഖത്തിന് അതേ പറ്റൂ എന്ന് എനിക്കും തോന്നിയിരുന്നു. പക്ഷേ ഒരു കലാകാരിയുടെ മനസ്സ് തീവ്രമായി ആഗ്രഹിക്കും വെല്ലുവിളി ഉയര്‍ത്തുന്ന കഥപാത്രങ്ങള്‍ക്കായി. നല്ല കഥാപാത്രങ്ങള്‍ മാത്രം മതി ഇനി എന്ന് തീരുമാനിച്ചതും അതുകൊണ്ടാണ്.

: ഗ്രാമീണ ഭംഗിയുടെയൊക്കെ ഉദാഹരണമായിരുന്നു കാവ്യ?

കാ: എത്രമാത്രം ഇഷ്ടങ്ങള്‍ ഞാന്‍ അനുഭവിച്ചിട്ടുണ്ട്. എന്നിലെ നടിക്ക് കിട്ടിയ ഊര്‍ജ്ജം തന്നെയാണ് അത്. ഞാന്‍ ജനിച്ചതും വളര്‍ന്നതും ഒക്കെ ഗ്രാമത്തിലാണ്. എന്റെ രൂപം മാത്രമല്ല, മനസ്സുകൊണ്ടും ഞാന്‍ അങ്ങനെയാണ്. കണ്‍മഷി എഴുതിയ കണ്ണും നീണ്ട മുടിയുമുള്ള എല്ലാ പെണ്‍കുട്ടികളേയും മലയാളികള്‍ക്ക് ഇഷ്ടമല്ലേ… മീശ മാധവനിലെ രുഗ്മിണിയാണ് എനിക്ക് ഏറ്റവും സ്‌നേഹം നേടിത്തന്നത്. ഞാന്‍ ഒരിക്കലും സൗന്ദര്യത്തിനു വില കല്‍പ്പിക്കുന്നില്ല. ഒരാള്‍ക്ക് കിട്ടുന്ന ആദ്യ നോട്ടത്തിന് ഭംഗി കാരണമാവാം. പക്ഷേ, വ്യക്തിത്വം തന്നെയാണ് പ്രധാനം.

: ധാരാളം നായികമാര്‍ വരുന്നു; പോകുന്നു. 17 വര്‍ഷമായി നായികയാണ്. എന്താണ് കാരണം?

കാ: ഞാനതിനെ ഭാഗ്യം എന്ന് വിളിക്കും. ചിലര്‍ വലിയ ഹിറ്റ് സിനിമകളില്‍ ഉണ്ടാവും; പക്ഷേ പിന്നെ കാണില്ല. സങ്കടകരമാണത്. കഴിവും സൗന്ദര്യവും ഉണ്ടായിട്ടും രക്ഷപ്പെടാന്‍ കഴിയാത്തത്. എത്ര പേര്‍ക്കാണ് ഇവിടെ സ്വന്തമായി ഒരിടം കിട്ടുന്നത്. ഇത്രയും വര്‍ഷങ്ങളായിട്ടും സിനിമ എന്നെ ഉപേക്ഷിച്ചില്ല. എത്ര വലിയ ഭാഗ്യമാണ്.

 

: വര്‍ഷങ്ങളായി സിനിമയില്‍, സിനിമയുടെ പല മാറ്റങ്ങളിലൂടെയും കടന്നു പോയി. സ്വന്തം കരിയറിനെ എങ്ങനെ കാണുന്നു?

കാ: ബാലതാരമായി സിനിമയില്‍ വന്നതാണ് ഞാന്‍. 25 വര്‍ഷങ്ങള്‍ കഴിഞ്ഞു, നായികയായിട്ട് 17 വര്‍ഷങ്ങള്‍. ഇത്ര കാലം സിനിമയില്‍ നിന്നു എന്നതു തന്നെയാണ് എന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടം. എല്ലാത്തരം സിനിമയിലും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും വാണിജ്യ സിനിമയിലും സമാന്തരസിനിമകളിലും. അങ്ങനെ വേര്‍തിരിച്ചു സിനിമയെ കാണണ്ട എന്നാണ് എന്റെ അഭിപ്രായം. ഞാന്‍ ചെയ്ത എല്ലാ സിനിമകളും എനിക്ക് പൂര്‍ണ്ണ തൃപ്തി നല്കിയ സിനിമകളാണ്. ‘ശീലാബതി’ പരിസ്ഥിതി പ്രമേയമായ സിനിമയാണ്. മലയാള സിനിമയെ ലോകസിനിമയുടെ നിലവാരത്തിലേക്ക് ഉയര്‍ത്തിയ അടൂര്‍ സാറിന്റെ രണ്ടു സിനിമകളില്‍ ഞാന്‍ അഭിനയിച്ചു; ‘നാലു പെണ്ണുങ്ങളി’ലും, ‘പിന്നെയും’. കാവ്യാ മാധവന്‍ എന്ന നടിയുടെ കരിയറില്‍ ഏറ്റവും ഭാഗ്യമായി ഞാനതിനെ കാണുന്നു. എത്ര ആര്‍ട്ടിസ്റ്റുകള്‍ ആഗ്രഹിക്കുന്നതാണ് ആ അവസരം. പേര് എടുത്ത് പറയാന്‍ കഴിയില്ല എത്രയോ നല്ല കഥാപാത്രങ്ങള്‍ ഞാന്‍ ചെയ്തു. പെരുമഴക്കാലവും ഗദ്ദാമയും വെള്ളരിപ്രാവിന്റെ ചങ്ങാതിയും മിഴി രണ്ടിലും ഒക്കെ എനിക്ക് ധാരാളം അംഗീകാരങ്ങള്‍ നേടിത്തന്നപ്പോള്‍, മീശ മാധവനും ക്ലാസ്സ്മേറ്റ്സും അനന്തഭദ്രവും പാപ്പി അപ്പച്ചായുമൊക്കെ പ്രേക്ഷക സ്നേഹം നേടിത്തന്ന സിനിമകളാണ്. അങ്ങനെ എന്റെ കരിയറിനെ സമ്പന്നമാക്കിയ എത്ര എത്ര സിനിമകളും കഥാപാത്രങ്ങളും..

അ: ഒരു സിനിമയില്‍ നിന്ന് മറ്റൊന്നിലേക്കുള്ള ഇടവേളയില്‍ വല്ലാതെ പിന്‍തുടരുന്ന കഥാപാത്രം ഉണ്ടായിട്ടുണ്ടോ?

കാ: ഉറപ്പായും അങ്ങനെ ഉണ്ടാവും. ചില കഥാപാത്രങ്ങള്‍ നമ്മെ വിട്ടു പോകാറില്ല. ഗദ്ദാമയിലെ അശ്വതി എന്നോടൊപ്പം കുറേക്കാലം ഉണ്ടായിരുന്ന കഥാപാത്രമാണ്. ഷോട്ടിനു ശേഷവും കഥാപാത്രമായി തുടരുന്ന ഒരാളൊന്നുമല്ല ഞാന്‍. എന്നാലും ചിലര്‍ നമ്മോട് വല്ലാതെ ചേര്‍ന്നു നില്‍ക്കും. ചക്കരമുത്തിലെ അനിതയും മീശ മാധവനിലെ രുഗ്മിണിയും പെരുമഴക്കാലത്തിലെ ഗംഗയും ക്ലാസ്സ്‌മേറ്റ്‌സിലെ താരാ കറുപ്പും… അങ്ങനെ ചിലര്‍ എത്ര കുടഞ്ഞാലും പോകാതെ എന്നോട് ഒട്ടി നിന്നിട്ടുണ്ട്.

: ഒരു കഥാപാത്രം എങ്ങനെയാണ് കാവ്യയോട് ഇടപെടുക?

കാ: അത് വളരെ രസകരമായ രീതിയില്‍ ആയിരിക്കും. സത്യത്തില്‍ റിയാലിറ്റിയും ഫാന്റസിയും ഇടകലര്‍ന്ന ഒരു ജീവിതമാണ് എന്റേത്. ഓരോ കഥാപാത്രവും എനിക്ക് ഓരോ അറിവാണ്. ചിലര്‍ വരും ഒരാളെയും കൊണ്ട്, ഒരു പേരൊക്കെയിട്ട്, ഒരു ജീവിതമൊക്കെ ഉണ്ടാക്കി. കഥ പറഞ്ഞ് തുടങ്ങും; കുറേ കഴിയുമ്പോള്‍ അവള്‍ക്ക് എന്റെ മുഖമാകും, എന്റെ ജീവിതമാകും. ഷൂട്ട് തുടങ്ങി കുറേ ദിവസങ്ങള്‍ ഇതിങ്ങനെ തുടരും. ഇടയ്ക്ക് എവിടെയെങ്കിലും വെച്ച് ഞാന്‍ അതിനെ പിടികൂടും. ശരിക്കും അതൊരു രസകരമായ പ്രക്രിയയാണ്. ഷൂട്ട് കഴിഞ്ഞ് പാക്ക് അപ്പ് പറയുമ്പോള്‍ ഒഴിവാക്കാന്‍ പറ്റാതെ അവള്‍ എന്റെ ആരോ ആയിക്കഴിഞ്ഞിട്ടുണ്ടാവും. ആദ്യമൊക്കെ എനിക്ക് പ്രയാസമായിരുന്നു. വെറും കഥാപാത്രം മാത്രമായി കാണാന്‍ കഴിയാതെ ഞാന്‍ കരഞ്ഞിട്ടുണ്ട്. നമ്മളിലെ സര്‍വ ചോദനകളിലേക്ക് ഒരാളെ ആവേശിച്ചിട്ട് വേഗത്തില്‍ ഇറക്കി വിടാന്‍ കഴിയില്ലല്ലോ… സിനിമാ അഭിനയം ഇത്തരത്തില്‍ വൈകാരികമായ ഒരിടപെടല്‍ കൂടിയാണ്.

അ: ആരാധകര്‍ കുറഞ്ഞു എന്ന് തോന്നിയിട്ടുണ്ടോ?

കാ: ഒരിക്കലുമില്ല. എന്നേ സ്‌നേഹിക്കുന്നവര്‍ ഇന്നും എന്നോട് ഒപ്പമുണ്ട്. ഞാന്‍ സിനിമയില്‍ നായികയാകുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഇത്രയും സജീവമല്ല. കത്തുകളുടെ പ്രളയം തന്നെയായിരുന്നു എന്നും വീട്ടില്‍; കെട്ടു കണക്കിന് കത്തുകള്‍. ഇപ്പോള്‍ ധാരാളം മെയിലുകള്‍ വരുന്നു. ഫോണ്‍ കോളുകള്‍ വരുന്നു. ഇപ്പോള്‍ ഇഷ്ടത്തിന്റെ രീതി മാറി. ഇപ്പോള്‍ പഴയ പോലെ പ്രണയ ലേഖനങ്ങള്‍ മാത്രമല്ല. പതിനഞ്ചാമത്തെ വയസ്സില്‍ നായികയായ എനിക്ക് അന്നുണ്ടായിരുന്ന ആരാധകര്‍ എല്ലാം അതേ ആവേശത്തില്‍ ഇന്നും ഉണ്ടാകണം എന്നു പറയാന്‍ പറ്റില്ല. ഇനിയും ഒരു വലിയ വിജയം ഉണ്ടാകുമ്പോള്‍ ചിതറി പോയ സ്‌നേഹങ്ങള്‍ എന്നെ തേടി വരും.

അ: ഒരു അഭിനേത്രിക്ക് ഏറ്റവും ആവശ്യം എക്‌സ്പീരിയന്‍സ് ആയിരിക്കും? 

കാ: അനുഭവങ്ങളാണ് ഒരു ആര്‍ട്ടിസ്റ്റിന്റെ ഊര്‍ജ്ജം. പെരുമഴക്കാലത്തില്‍ എനിക്ക് വളരെ കുറച്ച് ഡയലോഗുകള്‍ മാത്രമേയുള്ളൂ. എന്നിട്ടും എന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു, അവാര്‍ഡ് കിട്ടി. അത് എക്‌സ്പീരിയന്‍സു കൊണ്ടാണന്ന് പറയാന്‍ പറ്റില്ല. അത് സംഭവിക്കുന്നതാണ്; ആ അന്തരീക്ഷം, ഒപ്പം അഭിനയിക്കുന്നവര്‍, ആ കഥാപാത്രത്തോടുള്ള എന്റെ അടുപ്പം ഒക്കെ കൊണ്ട് ഞാനങ്ങനെ പെരുമാറുന്നു. എനിക്ക് കഥ കേള്‍ക്കുമ്പോഴാണ് എക്‌സ്പീരിയന്‍സ് സഹായിക്കുക. ഇപ്പോള്‍ ഒരാള്‍ കഥ പറയാന്‍ വരുന്നു എന്ന് പറയുമ്പോള്‍, ആ സംസാരത്തില്‍ എനിക്ക് മനസിലാക്കാന്‍ പറ്റും ഏറ്റവും മോശം കഥ കേള്‍ക്കാന്‍ ഞാന്‍ തയ്യാറാവണം എന്ന്. നമ്മുടെ ദിവസം ഒക്കെ ചിലപ്പോള്‍ നാശമാകും. എന്നാലും അവരെ വേദനിപ്പിക്കാതെ ഒഴിവാക്കും. ആളുകളുടെ സംസാരത്തില്‍ അറിയാന്‍ പറ്റും അവര്‍ക്ക് അതിനോടുള്ള സ്‌നേഹം. എന്തിനും എക്‌സ്പീരിയന്‍സ് നല്ലതാണ്. ചെയ്യുന്ന കാര്യത്തിന് തെളിച്ചമുണ്ടാകും. എങ്ങനെ അതിനെ സമീപിക്കണം എന്ന് ബോധം ഉണ്ടാകും.

അ: സ്ത്രീ മുന്നേറ്റത്തെ കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നു. സ്ത്രീപക്ഷ സിനിമകള്‍ ധാരാളം ഉണ്ടാകുന്നുണ്ട്. സിനിമ പക്ഷേ ആണ്‍കോയ്മയുടെ ഇടമാണോ? 

കാ: ‘സ്ത്രീപക്ഷ സിനിമ’ എന്നത് ഇന്ന് നല്ലൊരു വാണിജ്യ തന്ത്രമാണ്. സിനിമ ജീവിതമാണ്, കലയാണ് എന്നൊക്കെ പറയുമ്പോഴും ഇതൊരു ബിസിനസുമാണ്. പലരും അത് നായക കേന്ദ്രീകൃതമായി കാണുന്നു. ജോലി തുല്യമായാലും മുന്‍ നിരയിലെ പേര് നായകന്റെത് ആവും. എനിക്കതില്‍ എതിരഭിപ്രായമില്ല. പണം സിനിമയില്‍ ഒരു വലിയ ഘടകം തന്നെയാണ്. പഴയ കാലത്ത് എത്ര നായികാ പ്രാധാന്യമുള്ള സിനിമകള്‍ ഇറങ്ങി. സിനിമയുടെ ചരിത്രത്തില്‍ ശാരദ, ഷീല, ജയഭാരതി, സീമ ഒക്കെ ഒരിക്കലും മായിക്കാന്‍ കഴിയാത്ത പേരുകളാണ്. ഇവരുടെ കഥാപാത്രങ്ങള്‍ ഇന്നും നമ്മള്‍ സൂക്ഷിക്കുന്നു. കഥാപാത്രം ചെറുതാണെങ്കിലും അഭിനയിക്കാന്‍ നടന്‍മാര്‍ തയ്യാറായിരുന്നു. അന്ന് കഥയായിരുന്നു നായകന്‍. ഇപ്പോള്‍ അത് മാറി. സ്ത്രീ പ്രാധാന്യമുള്ള സിനിമ ചെയ്യാന്‍ എല്ലാവരും തയ്യാറല്ല. അവര്‍ക്ക് എന്ത് ചെയ്യാനുണ്ട് എന്നാണ് നോക്കുന്നത്. ഇപ്പോള്‍ മികച്ച സിനിമകള്‍ ധാരാളം ഉണ്ടാകുന്നു എന്നാല്‍, എത്ര നായികാ കഥാപാത്രങ്ങള്‍ സൂക്ഷിക്കപ്പെടുന്നു? ആ ചിന്ത മാറണം. നല്ല സിനിമകള്‍ ഉണ്ടാവണം.

അ: പല നടികള്‍ക്കും സിനിമ ഒരു ഇടത്താവളമാണ്, വിവാഹത്തോടെ ഒഴിവാക്കുന്നു? 

കാ: അങ്ങനെ അല്ലല്ലോ. ഇന്ന് എത്രയോ പേര്‍ വിവാഹത്തിനു ശേഷവും സിനിമ ചെയ്യുന്നു. ഇതൊരു നല്ല തൊഴിലായി കാണാന്‍ കഴിയുന്നു. അങ്ങനെ തന്നെയാണ് വേണ്ടതും. കുടുംബം, അത് ഓരോരുത്തരുടേയും കാഴ്ചപ്പാടാണ്. ചൊവ്വയില്‍ പോകാന്‍ വരെ പെണ്‍കുട്ടികള്‍ തയ്യാറാകുന്നു. എവിടെ നിന്നും സ്ത്രീയെ ഒഴിവാക്കാന്‍ കഴിയില്ല. അവള്‍ക്ക് മാത്രം കഴിയുന്നതാണ്; ജോലിയും കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളും ഒരുമിച്ച് കൊണ്ടു പോകാന്‍. എനിക്ക് കുടുംബം തണലാണ്. അച്ഛനും അമ്മയും ഇല്ലാതെ എനിക്കൊന്നും കഴിയില്ല.

: സുഹൃത്തുക്കള്‍ സ്വാധീനിക്കാറില്ലേ? 

കാ: നല്ല സുഹൃത്തുക്കള്‍ അനുഗ്രഹമാണ്. എനിക്ക് ഒരു പാട് സുഹൃത്തുക്കള്‍ ഇല്ല. ഞാന്‍ വേഗത്തില്‍ സൗഹൃദങ്ങള്‍ ഉണ്ടാക്കുന്ന ഒരാളല്ല. ഉള്ള സുഹൃത്തുക്കള്‍ എന്നും എന്റെ ഒപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. വളരെ ആഴത്തിലുള്ള ഒരു പാട് ബന്ധങ്ങള്‍ എനിക്കുണ്ട്. അത് സിനിമയില്‍ മാത്രമല്ല. ഒപ്പം പഠിച്ചവര്‍, അല്ലാത്തവര്‍ ഒക്കെ. എനിക്കു വേണ്ടി സമയം കരുതി വെയ്ക്കുന്ന നല്ല കൂട്ടുകാര്‍ എനിക്കുണ്ട്. അവര്‍ക്കിടയില്‍ ഇരിക്കുമ്പോള്‍ അവരോട് സംസാരിക്കുമ്പോള്‍ ഒരു പ്രശ്‌നവും എനിക്ക് വലുതല്ല.

: ജീവിതം കാവ്യയെ എന്തു പഠിപ്പിച്ചു? 

കാ: വളരെ രസകരമല്ലേ ജീവിതം! എപ്പോഴും ടെന്‍ഷന്‍സ്, പ്രതീക്ഷകള്‍, ആശയക്കുഴപ്പങ്ങള്‍, ആഗ്രഹങ്ങള്‍, സന്തോഷം, സങ്കടം, തീര്‍ത്തും അപരിചിതമായ ഒരു ഇടം; നമ്മള്‍ നമ്മുടേതാക്കുന്നു. ജീവിക്കാന്‍ വേണ്ടി ഓടുന്നു. എന്റെ ജീവിതം ഇപ്പോള്‍ എന്നോട് പറയുന്നത് സന്തോഷത്തോടെ ഇരിക്കാനാണ്. പ്രശ്‌നങ്ങള്‍ വരും. നേരിടണം; കുറേക്കാലം കഴിയുമ്പോള്‍ നമുക്ക് തോന്നില്ലേ നാം പിന്നിട്ട പ്രശ്‌നങ്ങള്‍ എത്ര നിസ്സാരമാണെന്ന്. അടുത്ത സുഹൃത്തിനേപ്പോലെ കൈകാര്യം ചെയ്താല്‍ ജീവിതം നല്ല രസമാണ്.

അ: സന്തോഷത്തോടെ ഇരിക്കാന്‍ എന്താണ് ചെയ്യുന്നത്?

കാ: ഇഷ്ടമുള്ളത് മാത്രം ചെയ്യും. ധാരാളം കഥകള്‍ കേള്‍ക്കും, ചിലപ്പോള്‍ ചിത്രം വരക്കും, ചിലപ്പോള്‍ ഭക്ഷണം ഉണ്ടാക്കും, എഴുതും അങ്ങനെ ഓരോ സമയം ഓരോന്നാവും. കുടുംബത്തോടൊപ്പം ഇരിക്കാന്‍ ഇഷ്ടമാണ്. അവിടെ നമ്മള്‍ കുഞ്ഞാണല്ലോ. ചേട്ടന്റെ വാവയാണ് ഇപ്പോഴത്തെ എന്റെ കൂട്ട്. എപ്പോഴും സന്തോഷത്തോടെ ഇരിക്കണം. ഇഷ്ടമുള്ള കാര്യങ്ങള്‍ കൂടുതല്‍ സന്തോഷത്തോടെ ചെയ്യാന്‍ കഴിയണം. എന്റെ ദിവസങ്ങള്‍ നിറയെ സ്‌നേഹത്തോടെ എന്നെ നോക്കി ചിരിക്കണം.

(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയാണ് അരുണ)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍